???? ???? ?????

വളര്‍ത്തച്ഛന്‍ പയ്യന്‍സ്

നമ്മുടെ വാവ സുരേഷിനെപ്പോലൊരു പാമ്പ് പിടിത്തക്കാരന്‍ ഗള്‍ഫിലുമുണ്ട്.  ഈജിപ്ഷ്യന്‍ വംശജനും സൗദി സ്വദേശിയുമായ കരീം അല്‍ തമീമി. പാമ്പുപിടിത്തവും തെരുവ് സര്‍ക്കസും ഒക്കെ വശമുള്ള കരീം ആളൊരു ‘പുലി’യാണ്. സാക്ഷാല്‍ പുലിയെയും സിംഹത്തെയും ഒക്കെ വളര്‍ത്തുന്ന 19 വയസ്സ് മാത്രമുള്ള പയ്യന്‍സിന്‍െറ ജീവിതം അറിയാം. ഖത്തര്‍ തലസ്ഥാനത്തു നിന്നും 40തോളം കി.മീറ്റര്‍ അകലെയുള്ള ഷഹാനിയാ ‘അല്‍ ദോസരി’ പാര്‍ക്കില്‍വെച്ചാണ് ആ കൗമാര പ്രായക്കാരനെ കണ്ടത്. അവന്‍െറ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന ഒരു കുരങ്ങുമുണ്ടായിരുന്നു. ആള്‍ത്തിരക്കുകളെ പേടിച്ച് അത് മുഖമൊളിപ്പിച്ചിരിക്കുന്നു. ഫോട്ടോയെടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ പയ്യന്‍ സമ്മതിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പാര്‍ക്കില്‍ അനൗണ്‍സ്മെന്‍റ്. സൗദി സ്വദേശി പാമ്പിനെ വിഴുങ്ങാന്‍ പോകുന്ന അത്യപൂര്‍വ കാഴ്ചക്ക് സാക്ഷിയാകാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന്. പാര്‍ക്കിലെ എക്സിബിഷന്‍ ഹാളിലേക്ക് അതുകേട്ട് ജനം കുതിച്ചു. ഖത്തറികളും മലയാളികളും മറ്റ് വിദേശീയരുമൊക്കെ ഉണ്ടായിരുന്നു സദസ്സില്‍. മഞ്ഞയും കറുപ്പുമുള്ള ഒരു ചെറുമൂര്‍ഖനെ കൈകളില്‍ എടുത്തു കൊണ്ട് ഒരാള്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. അത് നേരത്തെ കുരങ്ങിനെ താലോലിച്ചു കൊണ്ടിരുന്ന ‘ന്യൂ ജനറേഷന്‍ കക്ഷി’യായിരുന്നു. അയാളുടെ കൈകളിലുണ്ടായിരുന്ന കുരങ്ങ് അല്‍പമകലെ അനുസരണയോടെ ഇരിപ്പുണ്ട്. അത് യജമാനത്തെന്നെ നോക്കുകയാണ്.

അഭ്യാസം തുടങ്ങി. നമ്മുടെ നാട്ടിലെ പ്രധാന പാമ്പു പിടിത്തക്കാരനായ ‘വാവ സുരേഷ്’ പാമ്പിനെ കളിപ്പിക്കുന്നത് എങ്ങനെ അതു പോലെയാണ് ഇയാളുടെയും പ്രകടനം. ചിരിക്കുകയോ വര്‍ത്തമാനം പറയുകയോ ചെയ്യാതെ പാമ്പിനെ കളിപ്പിക്കുന്നതിനിടക്ക് നാടകീയമായി പാര്‍ക്കിലെ അധികൃതരില്‍നിന്നും ‘ഇനിയുള്ള പ്രകടനം നാളെ’യെന്ന പ്രഖ്യാപനം വന്നു. ശേഷം വെള്ളിത്തിരയില്‍ എന്നുള്ള പ്രഖ്യാപനം പോലെ നിരാശപ്പെടുത്തുന്നതായിരുന്നു സദസ്സിനത്. ഫോട്ടോയെടുക്കാനും പരിചയപ്പെടുന്നതിനുമായി ഞങ്ങള്‍ അടുത്തേക്ക് ചെന്നപ്പോള്‍ ഇനി നാളെ വൈകീട്ട് മൂന്നുമണിക്കെന്ന് പറഞ്ഞ് പയ്യന്‍ കുരങ്ങിനെയുമെടുത്ത് എങ്ങോട്ടോ പോവുകയും ചെയ്തു. അടുത്ത ദിവസം ഞാന്‍ കൃത്യസമയത്തു തന്നെ ചെന്നു. അപ്പോഴും അയാളെത്തിയിട്ടില്ല. പാര്‍ക്കിലെ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ നാലു മണിക്ക് എത്തുമെന്നറിഞ്ഞു. എങ്കിലും അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആളെത്തി. തിരക്ക് തുടങ്ങിയിരുന്നില്ല. പരിചയപ്പെടാന്‍ ചെന്നപ്പോള്‍ ആള്‍ സൗഹൃദത്തോടെ ഇരുന്നുതന്നു. പേര് കരീം അല്‍ തമീമി. പ്രായം 19. ഈജിപ്ഷ്യന്‍ വംശജനാണങ്കിലും ജനിച്ചത് സൗദിയിലെ ഹയിലില്‍. കരീം കഥ പറയാന്‍ തുടങ്ങി.

ദോഹയിലെ ഷഹാനിയാ ‘അല്‍ ദോസരി’ പാര്‍ക്കില്‍ കരീമിന്‍െറ പ്രകടനം
 


തുടക്കം
കരീമിന്‍െറ പിതാവ് കാര്‍ഷിക എന്‍ജിനീയറാണ്, കരീമിന്‍െറ ഒരു സഹോദരന്‍ ഡോക്ടറും. സാമ്പത്തികവും സ്റ്റാറ്റസുമൊക്കെയുള്ള കുടുംബം. ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ച് നില്‍ക്കുന്ന കരീമിന് മൃഗഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം. അതിനുകാരണം ജന്തുമൃഗാദികളോടുള്ള സ്നേഹംതന്നെ. അതിന് കാരണമായത് 12ാം വയസുമുതലാണ്. മരുഭൂമിയിലെ പാമ്പുകളെ കുട്ടിക്കാലത്ത് കാണുമ്പോള്‍ത്തന്നെ കൗതുകം തോന്നുമായിരുന്നു. മറ്റ് കുട്ടികള്‍ പാമ്പിനെ കാണുമ്പോള്‍ ഓടിയൊളിക്കും. എന്നാല്‍, കരീം അതിന്‍െറ പിന്നാലെയോടും. മണല്‍ച്ചുഴികളില്‍ തലയൊളിപ്പിച്ച് കിടക്കുന്ന നാഗങ്ങളെ അവന്‍ കൈകളിലെടുക്കാന്‍ തുടങ്ങിയപ്പോള്‍ സഹപാഠികള്‍ നിലവിളിച്ചു. അധ്യാപകരും വീട്ടുകാരും വഴക്കുപറഞ്ഞു. ഇനി അങ്ങനെ ചെയ്യരുതെന്നും അത് കടിച്ചാല്‍ വിഷമിറങ്ങി കടിയേല്‍ക്കുന്നയാള്‍ മരിച്ചു പോകുമെന്നും അവരെല്ലാം മുന്നറിയിപ്പ് നല്‍കി.

പക്ഷേ, തന്നെ ഒരു പാമ്പും ഇതുവരെയും കടിച്ചിട്ടില്ലല്ലോ എന്നായിരുന്നു കരീമിന്‍െറ മറുപടി. മാത്രമല്ല, പാമ്പുകള്‍ സാധു ജീവികളാണെന്ന അവന്‍െറ വാദവും അവരൊന്നും മുഖവിലക്കെടുത്തില്ല. പക്ഷേ, അവരില്‍ ചിലരുടെ വീടുകളില്‍ പാമ്പ് കയറിയപ്പോള്‍ അവര്‍ കുട്ടിയായ കരീമിനെ അന്വേഷിച്ചുചെന്നു. അവന്‍ വീടുകളില്‍ ചെന്ന് നിഷ്പ്രയാസം പാമ്പിനെ പിടികൂടി മടങ്ങി. അങ്ങനെ കുട്ടിയായ പാമ്പു പിടിത്തക്കാരന്‍െറ സഹായംതേടി ആളുകളെത്തി തുടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് സഹായമുള്ള കാര്യമല്ലെ എന്നു വിചാരിച്ച് വീട്ടുകാരും സമ്മതിച്ച് കൊടുത്തു. പിന്നെയാണ് മനുഷ്യന്‍ ക്ഷുദ്രജീവികളായി കണക്കാക്കുന്ന ജീവികളെ അവന്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. പഴുതാര, തേള്‍ എന്നിവയൊക്കെ അവന്‍ കൈകളിലെടുത്ത് നടന്നു, അവയുടെ പ്രിയ സ്നേഹിതനായി. പാമ്പുകളുമായുള്ള ഇടപഴകലുകള്‍ കണ്ട് ചിലര്‍ ആ പ്രകടനം പൊതുസ്ഥലങ്ങളില്‍വെച്ച് നടത്താന്‍ അഭ്യര്‍ഥിച്ചു.

സിംഹക്കുഞ്ഞുമായി കരീം
 


ഫെസ്റ്റിവെലുകളിലൊക്കെ കരീം താരമായത് അങ്ങനെയാണ്. അതിനൊപ്പം തന്‍െറ വീട്ടിലെ ഒരു മുറിയില്‍ പാമ്പുകള്‍ക്കും തേളുകള്‍ക്കുമൊക്കെ പ്രത്യേകം കൂടുകളുണ്ടാക്കി. പച്ചിലപ്പാമ്പുകള്‍ വീട്ടില്‍ 100 എണ്ണമുണ്ടെന്ന് കരീം പറഞ്ഞു. ഇത് 100 റിയാല്‍ നല്‍കിയാണ് വാങ്ങിയതെന്നും പറയുന്നു. ഇത് സൗദിയിലെ തായിഫില്‍നിന്നായിരുന്നു. പാമ്പുകള്‍ക്കു വേണ്ടി എലികളെ വളര്‍ത്താന്‍ തുടങ്ങി. അവയും ഇപ്പോള്‍ പെറ്റ് പെരുകിയിട്ടുണ്ട്. പാമ്പിന് കൊടുക്കാന്‍ കീടങ്ങളെയും പുഴുക്കളെയും വളര്‍ത്തുന്നുണ്ട്. തേളുകളെ വാങ്ങിയത് ഒന്നിന് എട്ട് റിയാല്‍ കൊടുത്താണ്. സൗദിയില്‍ ഇതുവരെ 50ഓളം പ്രദര്‍ശനങ്ങള്‍ നടത്തി. 1000 റിയാലൊക്കെ പ്രതിഫലം കിട്ടാറുണ്ട്. പക്ഷേ, പ്രതിഫലമൊന്നും ഉദ്ദേശിച്ചല്ല ഇതെല്ലാം. ജന്തുമൃഗാദികളോടുള്ള സ്നേഹമാണ് എല്ലാത്തിനും അടിസ്ഥാനം. അവക്കുള്ള ഭക്ഷണത്തിനു തന്നെ നല്ലൊരു തുക വേണം.

സിംഹത്തിന്‍െറയും ചീറ്റപ്പുലിയുടെയും വളര്‍ത്തച്ഛന്‍
പാമ്പുകളുടെയും തേളുകളുടെയും മാത്രം വളര്‍ത്തച്ഛനല്ല കരീം. ഇപ്പോള്‍ അവന്‍െറ വീട്ടില്‍ ഒരു സിംഹക്കുട്ടിയും ചീറ്റപ്പുലിയുമുണ്ട്. റിയാദില്‍നിന്ന് 30,000 റിയാല്‍ കൊടുത്താണ് സിംഹത്തെ വാങ്ങിയത്. 20,000 റിയാല്‍ കൊടുത്താണ് ചീറ്റപ്പുലിയെ വാങ്ങിയത്. വന്യമൃഗങ്ങളെ സൗദിയില്‍ വളര്‍ത്തണമെങ്കില്‍ ഗവണ്‍മെന്‍റിന്‍െറ പ്രത്യേക അനുമതിവേണം. അത് വാങ്ങിയിട്ടാണ് ഇവയെ വീട്ടിലെത്തിച്ചതും. സിംഹവും പുലിയുമുള്ള വീടെന്ന് കേള്‍ക്കുമ്പോള്‍തന്നെ പലര്‍ക്കും ഭയമാണ്. എന്നാല്‍, ഇവയെ കാണാനായി നിരവധി ആളുകള്‍ വരാറുമുണ്ട്. ഇവയുമായി നല്ല ഇണക്കത്തിലാണ് താനും വീട്ടുകാരുമെന്ന് കരീം പറയുന്നു. സിംഹക്കുട്ടി വീട്ടിലുള്ളവര്‍ക്കൊപ്പം കളിക്കുകയൊക്കെ ചെയ്യാറുണ്ട്. ഇതുമാത്രമല്ല, കരീമിന്‍െറ വീട് ഒരു ചെറിയ മൃഗശാല തന്നെയാണ്. 15 കുരങ്ങന്മാരും വീട്ടിലുണ്ട്. ഒരു ഹിമപ്പട്ടി, നായകള്‍, ആമകള്‍ അങ്ങനെ വിവിധ ജന്തുക്കള്‍ വീട്ടിലെ ഓമനമൃഗങ്ങളായി വളരുന്നു.

ദോഹയിലെ ഷഹാനിയാ ‘അല്‍ ദോസരി’ പാര്‍ക്കില്‍ കരീമിന്‍െറ പ്രകടനം
 


തെരുവ് സര്‍ക്കസുകാരന്‍െറ വേഷവും
വര്‍ത്തമാനവും അവസാനിപ്പിച്ച് കരീം അല്‍ദോസരി പാര്‍ക്കിലെ മൈതാനത്തേക്ക് നടന്നു. അവിടെ ഒരറബി കരീമിന്‍െറ വരവ് അറിയിച്ചു കൊണ്ടുള്ള അനൗണ്‍സ്മെന്‍റ് നടത്തുകയാണ്. തെരുവ് സര്‍ക്കസുകാരുടെ കഥ പറയുന്ന  ‘വിഷ്ണുലോകം’ സിനിമയിലെ ജഗദീഷിന്‍െറ കഥാപാത്രം നടത്തുന്ന അനൗണ്‍സ്മെന്‍റ് ഓര്‍മവന്നു. ഒരു ബാന്‍ഡ് ട്രൂപ്പും കടന്നുവന്നു. അറബി കൈയടിക്കാന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയാണ്. ആകാംക്ഷയോടെ നില്‍ക്കുന്നവരെല്ലാം കൈയടിച്ചു. ജനക്കൂട്ടത്തിന്‍െറ മുന്നിലേക്ക് കരീം നിശ്ശബ്ദമായി കടന്നുവന്നു. അവന്‍െറ കൈയില്‍ പാമ്പും തേളുമൊക്കെ ഉണ്ടായിരുന്നു.

ആ പ്രകടനങ്ങള്‍ക്കു ശേഷം അവന്‍ അവയെ തന്‍െറ വായക്കുള്ളിലാക്കി. നിമിഷങ്ങള്‍ക്കകം പുറത്തെടുത്തു. ഒരുകാലത്ത് നമ്മുടെ നാട്ടിന്‍പ്പുറങ്ങളില്‍ കാണുന്നതും ഇപ്പോള്‍ കാണാനില്ലാത്തതുമായ പ്രകടനങ്ങളായിരുന്നു അവയെല്ലാം. മൈതാനത്ത് കൂടി നില്‍ക്കുന്ന വിവിധ രാജ്യക്കാര്‍ കൈയടിച്ചു കൊണ്ടിരുന്നു. ഡീസല്‍ വായിലേക്കെടുത്ത ശേഷം തീപ്പന്തത്തിലേക്ക് തുപ്പി ആകാശ ഗോളങ്ങളെ സൃഷ്ടിക്കുന്ന കാഴ്ചയും. എല്ലാം കഴിഞ്ഞശേഷം കരീം തന്‍െറ പാമ്പുകളെയും കുരങ്ങിനെയുമെടുത്ത് എങ്ങോട്ടോ പോയി. അപ്പോള്‍ പാര്‍ക്കില്‍നിന്നും അനൗണ്‍സ്മെന്‍റ് മുഴങ്ങി. ‘കരീമിന്‍െറ പ്രകടനം ഇനി  നാളെ കൂടി മാത്രം. നാളെ വൈകീട്ട് മൂന്നുമണിക്ക്. വരുവിന്‍ ആസ്വദിക്കുവിന്‍’.

Tags:    
News Summary - Karim Al Tamimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.