??????? ????????????

ഏഷ്യയിലും യൂറോപ്പിലുമായി 125 ശാഖകളുള്ള, അടുത്ത വര്‍ഷം 300 ഷോറൂമുകളായി ഉയരാനൊരുങ്ങുന്ന സ്വര്‍ണ-വജ്രാഭരണ ജ്വല്ലറി ശൃംഖലയുടെ സ്ഥാപകനും മേധാവിയുമാണ് ഫിറോസ് മര്‍ച്ചന്‍റ്. വന്‍കിട ഹോട്ടലുകളുടെയും ലോകോത്തര ബ്രാന്‍റുകളുടെയും ഉടമ. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഫോബ്സ് മാഗസിന്‍ എണ്ണിയ ആളാണ്.  തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നേടിയതുള്‍പ്പെടെ ഇനിയുമുണ്ട് ആസ്തിയുടെയും കച്ചവട സ്ഥാപനങ്ങളുടെയും വ്യാപാര നേട്ടത്തിന്‍െറ പട്ടികകള്‍. പക്ഷേ, ഈ മുഖപേജില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തെ യോഗ്യനാക്കുന്നത് അതൊന്നുമല്ല, മറിച്ച് അയ്യായിരത്തോളം മനുഷ്യരുടെ മുഖങ്ങളില്‍ തെളിഞ്ഞ ഏതു രത്നത്തെയും മറികടക്കുന്ന തിളക്കമാണ്. അവരുടെ അമ്മമാരുടെ, മക്കളുടെ, ഭാര്യയുടെ ആശ്വാസ നിശ്വാസങ്ങളാണ്.

അത്രമാത്രം ആഹ്ലാദകരമായിരുന്നു ഇക്കടന്നുപോയ  ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തലേന്ന് ഫിറോസ് മര്‍ച്ചന്‍റ് നടത്തിയ കടം വീട്ടല്‍-ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കടബാധ്യത തീര്‍ക്കാനാവാതെ അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കുടുങ്ങിക്കിടന്ന  മുമ്പൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഇനി കാണാനിടയില്ലാത്ത പല ദേശങ്ങളില്‍ നിന്നുള്ള, പല ഭാഷ സംസാരിക്കുന്ന 132 മനുഷ്യരുടെ. അവര്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും സിറിയയിലെയും ഉസ്ബകിസ്താനിലെയും ഘാനയിലെയും വീടുകളിലേക്ക് ആശ്വാസപൂര്‍വം മടങ്ങിയതിനു പിറ്റേനാള്‍ കണ്ടപ്പോള്‍ ഫിറോസ് മര്‍ച്ചന്‍റ് പറഞ്ഞു- ഞാന്‍ വീട്ടിയത് അവരുടെതല്ല, എന്‍െറ തന്നെ കടമാണ്, ഈ ഭൂമിയില്‍ അവസരം ലഭിച്ചതിനുള്ള, ഈ ദേശത്ത് വന്നുപെട്ടതിനുള്ള, ഇത്ര കാലം സ്വാതന്ത്ര്യവും സ്നേഹവും അനുഭവിച്ചതിനുള്ള തീര്‍ത്താല്‍ തീരാത്ത കടം. ഇതാദ്യമായല്ല ഒരു മോചന ദൗത്യം. ഇതിനകം 4500 പേരെയാണ് ഇത്തരത്തില്‍ കടംതീര്‍ത്ത് അകലങ്ങളില്‍ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പം ചേരാന്‍ പറത്തിവിട്ടത്. തുറുങ്കിനുള്ളില്‍ വല്ലപ്പോഴും കിട്ടുന്ന ഇത്തിരി ഉറക്കത്തിനിടയില്‍ ഇനിയും ഒരുപാട് പേര്‍ ഈ മനുഷ്യന്‍ വന്ന് കൈ കൊടുക്കുന്നത് സ്വപ്നം കാണുന്നു.

ഫിറോസ് മര്‍ച്ചന്‍റ് കുടുംബത്തോടൊപ്പം
 


ഒറ്റമുറി വീട്ടിലെ പാഠങ്ങള്‍

നന്നായി പഠിക്കുന്ന കുട്ടിക്ക് സ്കൂളില്‍നിന്ന് സമ്മാനമായി കിട്ടിയ ഈഗിള്‍ ഫ്ലാസ്കുമായി വന്നപ്പോള്‍ വെക്കാന്‍ ഇടമില്ലായിരുന്നു മാതാപിതാക്കളും ഒമ്പതു മക്കളും താമസിക്കുന്ന മുംബൈയിലെ ഒറ്റമുറി വീട്ടില്‍. ഒരുപക്ഷേ, മിടുക്കന്‍ ഫിറോസിനു കിട്ടിയ സമ്മാനപ്പൊതികള്‍ കൊണ്ടു നിറഞ്ഞേനെ ആ മുറി, മൂന്നാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയില്ലായിരുന്നെങ്കില്‍. വലുതാകുമ്പോള്‍ വലിയൊരു ബിസിനസുകാരനാവണമെന്ന് മോഹിച്ച മകനെ പഠിപ്പിക്കാന്‍ നിവൃത്തിയില്ലാഞ്ഞതിനാല്‍ പിതാവ് ഗുലാം ഹുസൈന്‍ ബിണ്ഡി ബസാറിലെ റിയല്‍ എസ്റ്റേറ്റ് ഓഫിസില്‍ സഹായിയായി കൂട്ടി. മുംബൈ നഗരം കുതിച്ചുപായുന്നതും അവിടെ വ്യവസായങ്ങള്‍ വളരുകയും തളരുകയും ചെയ്യുന്നതും നേരില്‍നിന്ന് കണ്ടു. വന്‍കിട ഇടപാടുകള്‍ക്ക് സാക്ഷിയായി. കൈയൂക്കിന്‍െറയും നെറികേടിന്‍െറയും ബലത്തില്‍ നേരമിരുട്ടിവെളുക്കെ പലരും വന്‍ വ്യവസായ സാമ്രാജ്യങ്ങള്‍ക്ക് അധിപരായി.

കഷ്ടപ്പാടുകള്‍ക്കിടയിലും കച്ചവടത്തില്‍ വെട്ടിപ്പു നടത്താന്‍ തയാറായില്ല ഗുലാം ഹുസൈന്‍. വീട്ടില്‍ പലപ്പോഴും എല്ലാവര്‍ക്കും ഭക്ഷണം തികയാത്ത അവസ്ഥയായി. ഞങ്ങള്‍ നേരത്തേ കഴിച്ചെന്ന് പൊയ്പറഞ്ഞ് ഉമ്മ മലക് ബീവിയും മൂത്തസഹോദരങ്ങളും ഉള്ള ഭക്ഷണം ഇളയവര്‍ക്ക് വിളമ്പിക്കൊടുത്തു. അവശേഷിച്ച റൊട്ടി കഴിക്കാനിരിക്കും നേരം അഗതികള്‍ വല്ലവരും വന്നാല്‍ അവര്‍ക്ക് നല്‍കി വെള്ളം കുടിച്ച് വിശപ്പടക്കിയ ഉമ്മയും ദുര്‍ഘടമായ ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്ത് കുറുക്കുവഴികളില്ലാതെ മുന്നേറാന്‍ പ്രേരിപ്പിച്ച അബ്ബയുമാണ് ഏറ്റവും വലിയ ഗുരുനാഥര്‍. ഒരു നിമിഷം പോലും പാഴാക്കാതെ പല ജോലികള്‍ ചെയ്തു. അത്യാവശ്യം വസ്തുക്കച്ചവടങ്ങള്‍ ഒറ്റക്കു ചെയ്യാമെന്നായി. കുട്ടികള്‍ മുതിര്‍ന്ന് വിവിധ ജോലികളിലേര്‍പ്പെട്ടതോടെ വീട്ടിലെ അവസ്ഥക്ക് കുറെയേറെ മാറ്റം വന്നു. ഒറ്റമുറിയില്‍നിന്ന് ബാന്ദ്രയിലെ വലുപ്പമുള്ളൊരു വീട്ടിലായി താമസം. അക്കാലത്ത് ‘റോസിന’യോട് പ്രണയം തോന്നിയതും മധുവിധുയാത്രയുമാണ് ജീവിതത്തിന്‍െറ പുതിയ അധ്യായങ്ങളുടെ ആമുഖം.

ഫിറോസ് മര്‍ച്ചന്‍റ് എന്‍.ഡി.ടി.വിയുടെ ചടങ്ങില്‍
 


മധുവിധു കാലത്തെ പ്രണയം

മുംബൈയിലെ തിരക്കുപിടിച്ച ജീവിതത്തില്‍നിന്ന് അവധിയെടുത്ത് രണ്ടാഴ്ചത്തെ വിദേശ വിനോദസഞ്ചാരം, ഇത്രയേ നിനച്ചുള്ളൂ മണവാട്ടിയെയും കൂട്ടി എണ്‍പതുകളില്‍ ദുബൈയില്‍ വന്നിറങ്ങിയപ്പോള്‍. കറക്കത്തിനിടയില്‍ ഗോള്‍ഡ്സൂക്കില്‍ എത്തിപ്പെട്ടതോടെ മനസാകെ മാറി. തന്നെ കാത്തിരിക്കുന്ന ഇടം ഇതു തന്നെയെന്ന് ഉള്‍വിളി. ദുബൈയും ഗോള്‍ഡ്സൂക്കും അത്രമാത്രം ആകര്‍ഷിച്ചു. സംസാരം മുഴുവന്‍ അതേക്കുറിച്ചായപ്പോള്‍ കച്ചവടം നടത്താനല്ല, കല്യാണം കൊണ്ടാടാന്‍ വന്നതാണെന്ന് റോസിന ഇടക്കിടെ ഓര്‍മിപ്പിച്ചു. നാട്ടിലേക്ക് മടങ്ങിയെങ്കിലും മനസ്സ് ഗോള്‍ഡ്സൂക്കില്‍ തങ്ങി. സ്വര്‍ണക്കച്ചവടത്തോട് പ്രണയവുമായി. മുംബൈയിലെ വസ്തു ഇടപാട് വിട്ട് ദുബൈയില്‍ സ്വര്‍ണവ്യാപാരം പയറ്റിയാലോ എന്നു ചോദിച്ചപ്പോള്‍ പിതാവ് ആദ്യം അനുകൂലിച്ചില്ല.

കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ മാതാപിതാക്കളും സഹോദരങ്ങളും സമ്മതിച്ചു. അങ്ങനെ വീണ്ടുമത്തെി ദുബൈയില്‍.  മുടക്കാന്‍ കൈയില്‍ പണമില്ലായിരുന്നു. സ്വര്‍ണ മൊത്തവ്യാപാരികളില്‍നിന്ന് അഞ്ചു ദിര്‍ഹം കമീഷനില്‍ ചെറുകടക്കാര്‍ക്ക് സ്വര്‍ണക്കട്ടികള്‍ എത്തിച്ചുനല്‍കി. സ്വര്‍ണക്കടയില്‍ ജോലിചെയ്യുന്ന കൂട്ടുകാരന്‍ ചില വ്യാപാരികളെ പരിചയപ്പെടുത്തിക്കൊടുത്തു. ബാങ്ക് അക്കൗണ്ട് ആരംഭിച്ചതോടെ ചെക്ക് ഗാരണ്ടിയായി നല്‍കി കൂടുതല്‍ വലിയ കച്ചവടങ്ങള്‍ ചെയ്തു. കഠിനാധ്വാനം ഫലം കണ്ടു. 1991ല്‍ ദുബൈ നാഇഫില്‍ സ്വര്‍ണ വ്യാപാര ഏജന്‍സി ഓഫിസ് തുറന്നു. ഭാര്യയെയും മക്കളായ കരീമിനെയും അമ്രീനെയും ദുബൈയിലേക്ക് കൊണ്ടുവന്നു. ഏഴുവര്‍ഷം കഴിഞ്ഞ് പ്യുവര്‍ ഗോള്‍ഡ് എന്ന പേരില്‍ ആദ്യ സ്വര്‍ണക്കടയും. ഇപ്പോള്‍ ദുബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും മറ്റു ഭൂഖണ്ഡങ്ങളിലുമായി ഒട്ടനവധി സ്ഥാപനങ്ങള്‍. സ്വര്‍ണഭ്രമത്തിലെ ഒന്നാം സ്ഥാനക്കാരായ നമ്മുടെ സ്വന്തം മലയാള നാട്ടിലൊഴികെ!

മകന്‍ കരീം കമ്പനിയുടെ സി.ഇ.ഒ ആയും മകള്‍ അമ്രീന്‍ വജ്രവ്യാപാരങ്ങളുടെ മേധാവിയായും പ്രവര്‍ത്തിക്കുന്നു. ജാമാതാവ് ഇമ്രാന്‍ ഇഖ്ബാല്‍ ലാ മോഡാ സണ്‍ഗ്ലാസ് കമ്പനിയുടെ ഡയറക്ടറാണ്. കുടുംബവും സാമൂഹിക സേവനവും കച്ചവടവും കഴിഞ്ഞാല്‍ പിന്നെ താല്‍പര്യം ആരോഗ്യപരിരക്ഷയിലാണ്. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ മക്തൂം സമ്മാനിച്ച ഫറാറി, റുഡിയോസ് ചോയ്സ്, ദുബൈ ഐ എന്നീ കുതിരകളിന്‍മേല്‍ നടത്തുന്ന സവാരിയാണ് പ്രിയകരം.

ഫിറോസ് മര്‍ച്ചന്‍റ് (ഫോട്ടോ: ഹുമയൂണ്‍ കബീര്‍ മേപ്പാടി)
 


എന്‍െറ കടം, എന്‍െറ കടമ

2008ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിച്ച വ്യാപാര മാന്ദ്യകാലത്താണ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ജയിലിലാകുന്നവരെക്കുറിച്ചറിയുന്നത്. വ്യാപാരം പെട്ടെന്ന് പൊളിഞ്ഞും കമ്പനിയില്‍ ശമ്പളം മുടങ്ങിയും ചെക്ക് മടങ്ങി കുടുങ്ങിയവര്‍, മറ്റാരെങ്കിലും കാണിച്ച വിശ്വാസവഞ്ചനയുടെ പേരില്‍ പിഴയൊടുക്കേണ്ടി വന്നവര്‍, മക്കള്‍ക്ക് സ്കൂളില്‍ ഫീസടക്കാന്‍ പണം കടമെടുത്ത് തിരിച്ചുനല്‍കാന്‍ പറ്റാതെ പെട്ടുപോയവര്‍... അങ്ങനെ നൂറുകണക്കിനാളുകള്‍... കരുതിക്കൂട്ടി ആരെയെങ്കിലും വഞ്ചിക്കണമെന്നോര്‍ത്ത് കുറ്റം ചെയ്തവരല്ല അവരാരും, സഹായിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നില്ലെങ്കില്‍ കാലാകാലം ജയിലില്‍ തുടരേണ്ടി വരുമെന്ന, കുടുംബനാഥന്‍ ജീവിച്ചിരിക്കെ കുടുംബം അനാഥകളെപ്പോലെ കഴിയേണ്ട ദുരവസ്ഥ. അന്നേരം തന്‍െറ പഴയ ജീവിതം ഫിറോസ് മനസ്സിലോര്‍ത്തു. ഒന്നുമില്ലായ്മയില്‍നിന്നാണ് താന്‍ എല്ലാം കെട്ടിപ്പടുത്തത്. ദേരയിലെ ബെഡ്സ്പേസില്‍ വാടകക്ക് കഴിഞ്ഞ തനിക്കിന്ന് ദുബൈയുടെ കണ്ണായ സ്ഥലത്ത് മാളികയുണ്ട്, പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലെല്ലാം സ്ഥാപനങ്ങളുണ്ട്. ജീവിതപ്രയാണത്തിനിടയില്‍ ഇതുപോലൊന്ന് കാലിടറിപ്പോയിരുന്നെങ്കില്‍ ഇരുമ്പു കമ്പികള്‍ക്ക് പിറകില്‍ മുഖം പൊത്തിനില്‍ക്കേണ്ടി വന്നേനെ. ഉടനെ ആഭ്യന്തര വകുപ്പിലെ ഉന്നതരെയും ജയില്‍-പൊലീസ് മേധാവികളെയും ബന്ധപ്പെട്ട് ആശയം അവതരിപ്പിച്ചു. സമ്മതമെങ്കില്‍, രാജ്യത്തെ നിയമങ്ങള്‍ അനുവദിക്കുമെങ്കില്‍ കടബാധ്യതമൂലം ജയിലില്‍ തുടരുന്നവരുടെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് അനുകൂലമായ മറുപടിയാണ് ലഭിച്ചത്.

2011ലാണ് ഈ ഉദ്യമം ആരംഭിച്ചത്. ഇതിനകം 5500 പേരെ ബാധ്യത തീര്‍ത്ത് താന്താങ്ങളുടെ നാട്ടിലേക്കയക്കാനായി. ജയില്‍ മോചിതരാവുന്നവരുടെ നാട്ടിലേക്കുള്ള വണ്ടിക്കൂലിയും ഇദ്ദേഹം വഹിക്കും. മുപ്പത് ലക്ഷം ഡോളറാണ് ഇതിനായി ചെലവഴിച്ചത്. ഇനിയും കഴിയുന്നത്ര പേരെ കുരുക്കുകളില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് ജീവിതാഭിലാഷം. ഭീകര ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരെ മോചിപ്പിക്കുക എന്‍െറ ലക്ഷ്യമല്ല. വ്യക്തിപരമായ താല്‍പര്യമുള്ള ഏതെങ്കിലുമൊരാളെ തിരഞ്ഞുപിടിച്ച് മോചിപ്പിക്കുകയുമല്ല, ജയില്‍ അധികൃതര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് ഈ നടപടികളെല്ലാം. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ദാനവര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത 2017ല്‍ വിപുലമായ മോചന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ചെയ്യാത്ത തെറ്റുകളുടെ പേരില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ ജയിലുകളില്‍ നൂറുകണക്കിനു പേര്‍ ദുരിതപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് കേട്ടിട്ടേ ഇല്ല എന്നായിരുന്നു മറുപടി. മാസത്തില്‍ മൂന്നുവട്ടം സഹോദരങ്ങളെ കാണാന്‍ മുംബൈയില്‍ പോകുമെന്നല്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ വിഷയങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാറില്ല. എന്നിരിക്കിലും കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യത്തുക അടക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്ന ആളുകളെ സഹായിക്കാന്‍ പദ്ധതി തയാറാക്കുന്നുണ്ട്. കശ്മീരിലും തമിഴ്നാട്ടിലും പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിലും പുനര്‍നിര്‍മാണപ്രക്രിയകളില്‍ പങ്കുവഹിക്കുന്നുണ്ട്.

വ്യവസായികളുടെ സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്‍) പദ്ധതി പ്രകാരമാണോ ഈ സഹായങ്ങള്‍ എന്ന ചോദ്യത്തിന് ഷാര്‍ജയിലെ ജയിലില്‍ ഒരു മനുഷ്യനെക്കണ്ട കഥ പറഞ്ഞു: താങ്കളുടെ കടം വീട്ടിയിരിക്കുന്നു, നാട്ടിലേക്ക് പോകാം എന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കത് ഉള്‍ക്കൊള്ളാനായില്ല- എന്‍െറ വീട് ഇതാണെന്നും സഹതടവുകാരെ ചൂണ്ടി ഇവരാണ് കുടുംബക്കാരെന്നും പറഞ്ഞ് കരയാന്‍ തുടങ്ങി. തനിക്കൊരു നാടും വീടുമുണ്ടെന്നും അവിടേക്ക് എന്നെങ്കിലും മടങ്ങിപ്പോകാന്‍ സാധിച്ചേക്കുമെന്നും അയാള്‍ ചിന്തിച്ചിരുന്നുപോലുമില്ല.  അദ്ദേഹത്തിന്‍െറ വീട്ടില്‍ വിളിച്ച് മോചനകാര്യം  പറഞ്ഞപ്പോള്‍ കേട്ട ആഹ്ലാദമറുപടികള്‍ക്ക് തുല്യമാവില്ല ഞാനീ സമ്പാദിച്ച സ്വര്‍ണവും രത്നങ്ങളുമൊന്നും. അംബരചുംബികളായ കെട്ടിടങ്ങളും ആര്‍ഭാടങ്ങളുടെ നിറക്കൂട്ടുകളും മാത്രമല്ല, നിറം ചോര്‍ന്നുപോയ ജീവിതങ്ങളും ചേര്‍ന്നതാണ് നമ്മളീ കാണുന്ന തിളക്കുമുറ്റുന്ന പ്രവാസഭൂമിയെന്ന തിരിച്ചറിവില്‍ മനുഷ്യന്‍ എന്ന നിലയിലെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്.

ഫിറോസ് മര്‍ച്ചന്‍റ്, താങ്കള്‍ ആഭരണങ്ങളല്ല അതിലേറെ തിളക്കമുള്ള, മൂല്യമുള്ള ജീവിതങ്ങളെയാണ് വിളക്കിച്ചേര്‍ക്കുന്നത്- ഒളി മങ്ങാതിരിക്കട്ടെ.

Tags:    
News Summary - Indian businessman and Pure Gold Jewellers founder firoz merchant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.