???????? ?????

ജീവിതത്തിൻെറ ജംപിങ് പിറ്റിൽ

‘‘ചെയ്തതിെൻറ പേരിൽ മാത്രമല്ല, ചെയ്യാനിരിക്കുന്നതിനെക്കുറിച്ച് നൽകുന്ന വാഗ്ദാനത്തിൻെറ പേരിൽ കൂടിയാണ് മുഹമ്മദ് ഷാഹിനെ വിലയിരുത്തേണ്ടത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹൈജംപിൽ സംസ്ഥാന റെക്കോഡിട്ടിരിക്കുന്നു ഈ കുട്ടി. സംസ്ഥാന റെക്കോഡ് 184 മീറ്ററിലൂടെ സംസ്ഥാന മീറ്റിൽ തകർത്ത ഷാഹിൻ ജില്ലതല മീറ്റിൽ 190 മീറ്റർ ചാടിയിരുന്നതാണ്. മെച്ചപ്പെട്ട സൗകര്യം കിട്ടിയാൽ രണ്ട് മീറ്ററിലേറെ ചാടാൻ കഴിയുമെന്ന് ഷാഹിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് വെറുതെയാണെന്ന് കരുതേണ്ടതില്ല. ഈ പേര് ജംപിങ് പിറ്റിൽനിന്ന് വീണ്ടും കേൾക്കാൻ കഴിയുമെന്നുതന്നെ ഞാൻ വീണ്ടും കരുതുന്നു.’’ രഞ്ജിനിയും ഷാഹിനും പ്രതീക്ഷ തരുന്നു എന്ന പേരിൽ ‘ഓർമകളുടെ ട്രാക്കിൽ’ എന്ന പംക്തിയിൽ 1997 ഡിസംബർ ഏഴിന് ഷൈനി വിൽസൻ മലയാള മനോരമയിൽ എഴുതിയ ലേഖനമാണിത്. ചാവക്കാട് പാലയൂർ എന്ന ഗ്രാമത്തിൽ നിന്ന് കേരളത്തിെൻറ കായിക ചരിത്രത്തിലേക്ക് കുതിച്ചു ചാടിയ മുഹമ്മദ് ഷാഹിൻ എന്ന ബാലനെക്കുറിച്ച് ഇതിലും നല്ലൊരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

മുഹമ്മദ് ഷാഹിൻ (പഴയചിത്രം)
 


ഒരു കായികതാരത്തിൻെറ പിറവി
ചാവക്കാട് പാലയൂർ എന്ന ഗ്രാമത്തിൽ നിന്നായിരുന്നു മുഹമ്മദ് ഷാഹിനിെൻറ വരവ്. പണിക്കവീട്ടിൽ കാരക്കാട്  സൈനുദ്ദീൻ–സുബൈദ ദമ്പതികളുടെ മൂത്തമകൻ. സൈനുദ്ദീൻ ദുബൈയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഷാഹിന് രണ്ട് അനുജന്മാരും ഒരു അനുജത്തിയും. ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷാഹിെൻറ ജീവിതത്തിൽ വഴിത്തിരിവ് എന്ന് പറയാവുന്ന ഒരു സംഭവം ഉണ്ടാകുന്നത്. തെൻറ സുഹൃത്തും സംസ്ഥാന സ്കൂൾ ചാമ്പ്യനുമായ ഷരീഫിന്  പരിശീലനത്തിന് കൂട്ടുപോയതായിരുന്നു. പരിശീലനത്തിന് കാഴ്ചക്കാരായി എത്തിയവരും പോൾവാൾട്ട് പോലുള്ളവ പരീക്ഷിക്കുന്നത് കണ്ട് ഷാഹിനും ഒന്നുരണ്ടുതവണ ചാടിനോക്കി. ഇതാകട്ടെ കോച്ച് കബീർ ശ്രദ്ധിച്ചു. പയ്യൻെറ ചാട്ടം കണ്ട് എന്തോ പ്രത്യേകത തോന്നിയിട്ടാകണം അദ്ദേഹം അവനോട് താൽപര്യമുണ്ടെങ്കിൽ നാളെ പരിശീലനത്തിന് വരാൻ പറഞ്ഞു. കബീർ മുൻ സംസ്ഥാന ചാമ്പ്യനാണ്. 1988 മുതൽ സ്കൂളിന് ആദ്യമായി സംസ്ഥാന ജേതാവ് എന്ന നേട്ടം കൊണ്ടുവന്നതും കബീർ വഴിയായിരുന്നു. പിന്നീട് കബീറിെൻറ ശിക്ഷണത്തിലായി സ്കൂളിലെ പുതുപ്രതിഭകളുടെ അരങ്ങേറ്റം. കബീറിൻെറ നിർദേശമനുസരിച്ച് അടുത്ത ദിവസം  പരിശീലനത്തിന് എത്തിയ മുഹമ്മദ് ഷാഹിനിൻെറ പ്രകടനങ്ങൾ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘‘ഷാഹിനേ... നീ മെഡൽ വാങ്ങും ട്ടാ...’’  പിറ്റേദിവസം മുതൽ പരിശീലനം തുടങ്ങി. അതിരാവിലെ മുതൽ എം.ആർ.ആർ.എം സ്കൂൾ മുറ്റത്തെത്തി ജംപിങ് പിറ്റിലെ സ്പോഞ്ച് നിറച്ച ചാക്കുകൾക്ക് നടുവിലേക്ക് ചാടിക്കുതിച്ച് വീണ് മേല് നോവുമ്പോഴും, ക്രോസ് ബാറിൽ കാലുതട്ടി പരാജയം നുണയുമ്പോഴും കബീർ അതിനെ മറികടക്കാനുള്ള വിദ്യകൾ പഠിപ്പിച്ചു കൊടുത്തു കൊണ്ടേയിരുന്നു. മാത്രമല്ല, മഴയായാലും തണുപ്പായാലും ഒരുദിവസവും പരിശീലനം മുടക്കരുതെന്ന ചട്ടംകെട്ടലും.

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹൈജംപിൽ റെക്കോർഡിട്ട മുഹമ്മദ് ഷാഹിൻെറ പ്രകടനം
 


ഗുരുനാഥൻെറ വാക്ക് ഫലിച്ചു. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ  കായികമേളയിൽ പത്താംക്ലാസുകാരനായ ഷാഹിൻ ഹൈജംപ്, ലോങ്ജംപ് എന്നിവയിൽ ചാമ്പ്യനായി. അദ്ഭുതം വിരിയിച്ച ശിഷ്യനെ ചേർത്തുനിർത്തി കബീർ വീണ്ടും പറഞ്ഞു: ‘‘ചെക്കൻ തിളങ്ങാൻ ഇരിക്കുന്നേയുള്ളൂ ട്ടാ...’’ എം.ആർ.എം.എം സ്കൂളിൽ മണൽചാക്കുകളും മറ്റു പരിമിതമായ സൗകര്യങ്ങളുമായി ഷാഹിൻ കൃത്യമായ പരിശീലനം നടത്തിക്കൊണ്ടേയിരുന്നു. അവൻെറ ആഗ്രഹം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടം കൊണ്ടുവരുക എന്നതായിരുന്നു. അവന് കഴിയുമെന്നുതന്നെ ഏവരും ഉറപ്പിച്ചുപറഞ്ഞു. അത്രക്ക് സമർഥമായിരുന്നു ജംപിങ് പിറ്റിലെ അവെൻറ പ്രകടനം. അടുത്ത വർഷം, അതായത് 1997ലാണ് ഷാഹിെൻറ മിന്നുന്ന പ്രകടനം ഉണ്ടായത്. ജില്ലാതലത്തിൽതന്നെ 1.90 മീറ്റർ ചാടി സംസ്ഥാന റെക്കോഡ് തകർത്തു. പരിക്കുമൂലം സംസ്ഥാന മേളയിൽ 1.84 ചാടാനേ കഴിഞ്ഞുള്ളൂവെങ്കിലും റെക്കോഡ് തകർന്നുവീണു. നാലു വർഷം മുമ്പുള്ള റെക്കോഡായിരുന്നു അന്ന് ഇല്ലാതായത്. ഷാഹിൻ അന്ന് പ്ലസ്വൺകാരനായിരുന്നു. പിറ്റേ വർഷം, 1.87 മീറ്റർ ചാടിക്കൊണ്ട് വീണ്ടും റെക്കോഡ് നില ഉയർത്തി. കബീർ വീണ്ടും പറഞ്ഞു: ‘‘നമ്മുടെ ചെക്കൻ 2006ൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് പോകും. അവിടെ മെഡൽനേടും.’’ തുടർന്ന് അതായിരുന്നു ലക്ഷ്യം. അതിനായി മറ്റൊന്നും വേണ്ട, ഇപ്പോഴുള്ള ജാഗ്രതയും ഏകാഗ്രതയും കഠിനാധ്വാനവും തുടർന്നാൽ മതിയെന്നായി ഉപദേശം.
 

മുഹമ്മദ് ഷാഹിൻെറ പ്രകടനം
 



ജീവിതം വഴിമാറുന്നു
പ്ലസ് ടുവിനുശേഷം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ചേർന്നു. പ്രമുഖ കോച്ച് ജയകുമാറിൻെറ കീഴിലായി പരിശീലനം. അവിടെ പഠിച്ച മൂന്ന് വർഷങ്ങൾകൊണ്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാമ്പ്യൻ, സംസ്ഥാന അമച്വർ മീറ്റ്, സംസ്ഥാന കോളജ് ഗെയിംസ് ചാമ്പ്യൻ എന്നിങ്ങനെ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇതിനിടയിൽ ഷാഹിന് റെയിൽവേയിൽനിന്നും സൈന്യത്തിൽനിന്നും ജോലിക്കുള്ള ഓഫർ വന്നു. എന്നാൽ, അപ്പോൾ പരിശീലനത്തിലും കരിയറിലും കൂടുതൽ ശ്രദ്ധിക്കാനായിരുന്നു തീരുമാനം. ജോലിക്കു പോയി കുടുംബഭാരം നോക്കേണ്ടെന്നും ഖത്തറിലെ ഏഷ്യൻ ഗെയിംസിന് പോകണം എന്നുമായിരുന്നു  ബാപ്പയുടെ സ്നേഹത്തോടെയുള്ള നിർദേശം. എന്നാൽ, ഷാഹിൻെറ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില പൊളിച്ചെഴുത്തുകൾ ഉണ്ടായി. ബാപ്പ 2002ൽ ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അതിെൻറ നടുക്കവും 22ാമത്തെ വയസ്സിൽ കുടുംബഭാരം ഏറ്റെടുക്കേണ്ടിയും വന്ന അയാളുടെ മുന്നിൽ അപ്പോൾ സ്വപ്നങ്ങൾ മാറിമറിഞ്ഞു. കൂടപ്പിറപ്പുകളുടെയും കുടുംബത്തിൻെറയും ഭാവിയും അയാളുടെ ഉള്ളിലെ നീറ്റലായി. ജീവിതത്തിൽ വിധവയാകേണ്ടിവന്ന ഉമ്മയുടെ കണ്ണീരും.

കുടുംബത്തിൻെറ സാമ്പത്തികാവസ്ഥയും  സഹോദരങ്ങളുടെ രക്ഷാകർതൃസ്ഥാനവുമെല്ലാം കണക്കിലെടുത്ത് ഷാഹിൻ ജീവിതത്തിലെ ആ തീരുമാനമെടുത്തു. ഏഷ്യൻഗെയിംസ് എന്ന സ്വപ്നം മാറ്റിവെച്ച് കുടുംബത്തെ പോറ്റാൻ ദുബൈയിലേക്ക് പോകുക. അതറിഞ്ഞ് ഏവരും അദ്ഭുതപ്പെട്ടു. ഗുരുനാഥൻ കബീറും ജയകുമാറും ചാവക്കാട്ടെ സുഹൃത്തുക്കളും ആരാധകരും കേരളത്തിലെ സ്പോർട്സ് രംഗത്തുള്ള പരിചയക്കാരും എല്ലാം പോകരുതെന്ന് നിർബന്ധിച്ചു. പക്ഷേ, ഷാഹിന് പോകാതിരിക്കാനാകുമായിരുന്നില്ല. 2004ൽ 24ാം വയസ്സിൽ അയാൾ ദുബൈയിലേക്ക് പോയി.

ഷാഹിൻ ഖത്തറിലെ ‘സ്പോർട്സ് അസോസിയേഷൻ കേരള’ പ്രസിഡൻറ് ഷഹീർ, ഷമീർ എന്നിവർക്കൊപ്പം
 


ആദ്യമാദ്യം പൊരുത്തപ്പെടാൻ കഴിയാത്ത നാളുകളായിരുന്നു ഷാഹിന്. ജംപിങ്പിറ്റും പരിശീലനവും ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ കഴിയില്ലായിരുന്നു. 2006ൽ ഖത്തറിൽ ഏഷ്യൻ ഗെയിംസ് നടന്നപ്പോൾ തെൻറ ബാച്ചുകാർ പങ്കെടുത്തതും അതിൽ വിനോദ് എന്ന സുഹൃത്തിന് മെഡൽ കിട്ടിയതും ഷാഹിൻ ദുബൈയിലിരുന്ന് അറിഞ്ഞു. അന്ന് സഹപ്രവർത്തകർക്ക് മധുരം നൽകി. തൻെറ ജംപിങ് കരിയർ അപൂർണമായി അവസാനിച്ചെങ്കിലും കുടുംബത്തിൻെറ ഭാവി സുരക്ഷിതമാക്കാൻ ഷാഹിന് കഴിഞ്ഞു. ഒപ്പം തനിക്ക് നഷ്ടപ്പെട്ട ചില സ്വപ്നങ്ങൾ അനുജന്മാരാൽ യാഥാർഥ്യമാക്കാനും. അനുജന്മാരായ മുഹമ്മദ് ഷജീർ ബാൾ ബാഡ്മിൻറണിലെ ദേശീയ താരവും, ഷെബിൻ നിലവിലെ സംസ്ഥാന ഷട്ടിൽ ബാഡ്മിൻറൺ താരവുമാണ്. സഹോദരി ഷഹനയാകട്ടെ വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്നു. ഇതിനിടയിൽ ഷാഹിനും വിവാഹിതനായി. ഭാര്യ: ജംഷിത. മകൻ: സൈൻ മുഹമ്മദ്.

കായികലോകം തിരികെ വിളിക്കുന്നു
പ്രവാസഭൂമികയിലും അയാൾക്ക് തൻെറ കായികസ്വപ്നങ്ങളെ ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല. സംസ്ഥാന സ്കൂൾ മീറ്റുകൾ നടക്കുമ്പോൾ ലീവെടുത്ത് നാട്ടിലേക്ക് പോയി. ജംപിങ് പിറ്റിനടുത്ത്നിന്ന് പുതിയ പ്രതിഭകളുടെ മിന്നലാട്ടങ്ങൾ ആഹ്ലാദത്തോടെ കണ്ടു. പുതിയ കുട്ടികളുടെ നേട്ടങ്ങൾ ഷാഹിന് വലിയ സന്തോഷം നൽകി. അവർക്ക് ഉപദേശങ്ങളും സമ്മാനങ്ങളും നൽകിയാണ് ഗൾഫിലേക്ക് മടങ്ങുന്നത്.  ഷാഹിൻ നാട്ടിൽപോയാൽ പഴയ സ്കൂൾമുറ്റത്ത് പരിശീലനത്തിന് പോകും. ഗൾഫുകാരനെന്താണ് കുട്ടികളെപ്പോലെ ചാടാൻ വരുന്നത് എന്ന് പലരും ചോദിച്ചു. പക്ഷേ, ചിരിച്ചുകൊണ്ട് ലീവ് ദിവസങ്ങളിലെല്ലാം പരിശീലനം തുടർന്നു. ജംപിങ് പിറ്റിനെ അത്രക്ക് പ്രാണനാണ് എന്നത് മാത്രമാണ് അതിന് ഷാഹിെൻറ മറുപടി. ഇതിനിടെ മറക്കാനാകാത്ത ഒരനുഭവം ഉണ്ടായി. ഒരിക്കൽ പരിശീലനത്തിന് പോയപ്പോൾ ചാവക്കാട് സ്വദേശി ശ്രീനിത് മോഹനെ പരിചയപ്പെട്ടു. അവെൻറ പ്രകടനം കണ്ട ഷാഹിൻ തനിക്ക് കഴിയാത്തത് അവനിലൂടെ നേടാമെന്ന് മനസ്സിലുറപ്പിച്ചു. തുടർന്ന് നാട്ടിലുള്ള ദിനങ്ങളിൽ ഷാഹിൻ ശ്രീനിത്തിനെ പരിശീലിപ്പിച്ചു. ഗൾഫിലേക്ക് പോയപ്പോൾ പരിശീലനത്തിൻെറ കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ തുടരുകയുമുണ്ടായി. ശ്രീനിത് മോഹൻ ഇപ്പോൾ ഇന്ത്യയിലെ നമ്പർ വൺ താരമാണ്. ഷാഹിൻ ഉണ്ടാക്കിയ റെക്കോഡ് ഭേദിക്കുകയും 2.20 മീറ്റർ വരെ ചാടുകയും ചെയ്തു. എന്നാൽ, 2.35 വരെ ശ്രീനിത് മോഹൻ ചാടുമെന്നും അടുത്ത ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ ശ്രീനിത്തിലൂടെ ലഭിക്കുമെന്നുമാണ് ഷാഹിൻെറ നിലപാട്.

മുഹമ്മദ് ഷാഹിൻ പരിശീലനത്തിനിടെ
 


2006ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായി ഖത്തറിലെത്താൻ സ്വപ്നംകണ്ട ആ കായികപ്രതിഭക്ക് പ്രവാസിയായി 2014ൽ ഇവിടെ എത്തേണ്ടിവന്നു എന്നതായിരുന്നു വിധിയുടെ വൈപരീത്യം. ദുബൈയിലെ തൊഴിൽ നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു അത്. ഖത്തറിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് ഒരു കാലത്ത് ഷാഹിെൻറ പ്രകടനങ്ങൾ ഗാലറിയിലിരുന്ന് കണ്ട നാട്ടുകാരായ ഷഹീർ, ഷമീർ സഹോദരങ്ങളാണ്. ദോഹ മെട്രോ ഗ്രൂപ് ഓഫ് കമ്പനീസിെൻറ ഉടമകളായ ഇരുവരും ഷാഹിനോട് പറഞ്ഞത് ഖത്തറിലുള്ള പ്രവാസി കായികപ്രതിഭകൾക്ക് വേണ്ടി കൂട്ടായ്മ ഉണ്ടാക്കുകയും കഴിയുന്നതെല്ലാം ചെയ്യണം എന്നുമായിരുന്നു. അതും യാഥാർഥ്യമായി. ഖത്തറിൽ ‘സാക് ഖത്തർ’ എന്ന കായിക സംഘടന ഷാഹിൻെറ നേതൃത്വത്തിൽ രൂപംകൊണ്ടു. അതും സജീവമായി തുടരുന്നു. നൂറ്റമ്പതോളം പേരുണ്ട് ഈ കൂട്ടായ്മയിൽ. പ്രതിഭകൾ ഒതുങ്ങിക്കൂടരുതെന്നും പരിശീലിക്കണമെന്നുമാണ് ഷാഹിൻ പറയുന്നത്. സ്വന്തം നേട്ടങ്ങളുടെ നിലച്ചുപോയ ഗ്രാഫ് മാറ്റിവെച്ചിട്ട് മറ്റുള്ളവൻെറ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി കാണാൻ ഓടി നടക്കുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് ആ പാതയിലാണ്.

Tags:    
News Summary - high jumper mohammed shahin in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.