സ്വദേശമായ മയ്യില്‍നിന്ന് പുറപ്പെട്ട് മൈസൂരുവില്‍ സ്വപ്നപദ്ധതിയുമായി നങ്കൂരമിട്ടെങ്കിലും തെനശ്ശേരി വീട്ടില്‍ ഗോപിനാഥ് എന്ന ടി.വി. ഗോപിനാഥിന്‍െറ മനസ്സില്‍ മുംബൈ ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ തട്ടിയും തടഞ്ഞും മുന്നോട്ടുപോയ ജീവിതത്തിന്‍െറ പരുക്കന്‍ ഭാവങ്ങള്‍ ഇന്നും ബാക്കിയാവുന്നുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് മാത്തമാറ്റിക്സില്‍ നേടിയ ബിരുദവുമായി മുംബൈക്ക് വണ്ടി കയറുന്നത് 1958ല്‍. 200രൂപ ശമ്പളത്തിന് ജോലി ചെയ്ത കാലം. പിന്നീട് തൃശ്ശിനാപ്പള്ളിയില്‍ കുറെക്കാലം. തുടര്‍ന്ന് മൈസൂരുവില്‍. അവിടെ ഉഷ ഫാന്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ദീര്‍ഘകാലം സേവനം ചെയ്തു. 1980ല്‍ സ്വയം വിരമിച്ചു. പിന്നീട് സ്വന്തം നിലക്ക് വ്യവസായസ്ഥാപനങ്ങള്‍ നടത്തി. എല്ലാം ഇട്ടെറിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞിട്ട്  ഇരുപത് വര്‍ഷം. വ്യവസായംവിട്ട് കൃഷിയിലേക്ക് തിരിഞ്ഞത് ഗോപിനാഥിന്‍െറ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകളെ സംഘടിപ്പിച്ച് കര്‍ഷകരുടെ കൂട്ടായ്മ ഉണ്ടാക്കിയതോടെ ഗോപിനാഥ് ജീവിതത്തിന് അര്‍ഥവും ആഴവും കണ്ടെത്തി. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്‍െറ പിതാവ് എന്ന നിലയില്‍ അല്‍പം സെലിബ്രിറ്റിയായെങ്കിലും ഇപ്പോഴും സാധാരണക്കാരന്‍െറ മനസ്സാണ്. മകള്‍ക്ക് മകളുടെ വഴി എനിക്ക് എന്‍െറ വഴി എന്നാണ് മട്ട്. എന്നാല്‍, ഗീത ഗോപിനാഥിനെപ്പറ്റി പറയുമ്പോള്‍ വാക്കുകളില്‍ അഭിമാനവും അതിലേറെ സന്തോഷവും.

മൈസൂരു ജില്ലയില്‍ ഹുന്‍സൂര്‍ താലൂക്കില്‍ ബംഗിപുര വില്ലേജിലാണ് ഗോപിനാഥ് അമ്പതേക്കര്‍ സ്ഥലം വാങ്ങി തോട്ടം ഒരുക്കിയത്. തരിശായി കിടക്കുന്ന ഭൂമിയായിരുന്നു അത്. വെള്ളം കിട്ടുന്നതിനായി കിണര്‍ കുഴിക്കുകയാണ് ആദ്യം ചെയ്തത്. കുഴല്‍കിണര്‍ കുഴിച്ചതോടെ വെള്ളം യഥേഷ്ടം കിട്ടിത്തുടങ്ങി. വര്‍ഷത്തില്‍ ഭൂരിഭാഗവും വരള്‍ച്ച അനുഭവപ്പെടുന്ന കാലാവസ്ഥയോട് പൊരുതി നില്‍ക്കാന്‍ ഇത് സഹായിച്ചു. തെങ്ങ് കൃഷിയാണ് ആദ്യം തുടങ്ങിയത്. നാടന്‍ തെങ്ങിന്‍തൈ ഒന്നിന് 20 രൂപ എന്ന നിരക്കില്‍ വാങ്ങുകയായിരുന്നു. നാലുവര്‍ഷം കൊണ്ട് തെങ്ങ് കായ്ച്ചു. മാവിന്‍തൈകള്‍ നട്ടതോടെ സ്ഥലത്തിന് തോട്ടത്തിന്‍െറ രൂപഭാവങ്ങള്‍ കൈവന്നു. പേരക്കയും ചിക്കുവും കൃഷി ചെയ്തു. ഇടവിളയായി വാഴ നട്ടു. ഊഷരമായ മണ്ണില്‍ വാഴകൃഷി ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍, മണ്ണിനെ വരുതിയിലാക്കാനുള്ള ശ്രമം തുടര്‍ന്നു. തക്കാളി, വെണ്ട, വഴുതിന തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്തു. കുമ്പളം, വെള്ളരി, കാബേജ്, കാരറ്റ്  എന്നിവ ഇടകൃഷിയായി എത്തി. 15 പേര്‍ ജോലിക്കാരായുണ്ട്. ഒരു വിള കൊണ്ടുമാത്രം മുന്നോട്ടു പോകാനാവില്ലെന്ന് അനുഭവത്തിന്‍െറ വെളിച്ചത്തില്‍ ഗോപിനാഥ് പറയുന്നു. ഇടവിളകള്‍ കൃഷി ചെയ്യുമ്പോള്‍ മേല്‍മണ്ണ് ഇളകും. വൃക്ഷങ്ങളുടെ വേരുകള്‍ക്ക് അനായാസമായി സഞ്ചരിക്കാന്‍ കഴിയും.

സ്വന്തം കൃഷിയിടത്തില്‍ ലാഭമുണ്ടായപ്പോഴാണ് മൈസൂരുവിലെ കര്‍ഷകരെ സംഘടിപ്പിക്കാനുള്ള ആശയം മനസ്സിലുദിച്ചത്. അങ്ങനെയാണ് റൈത്ത് മിത്ര (കര്‍ഷകരുടെ സുഹൃത്ത്) എന്ന പ്രസ്ഥാനം ഉണ്ടാവുന്നത്. 1200ഓളം കര്‍ഷകര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. 500 ഓഹരിയുടമകളും 700 പേര്‍ അടങ്ങുന്ന കര്‍ഷക ഗ്രൂപ്പുകളും അടങ്ങുന്നതാണ് കമ്പനി. 15 മുതല്‍ 20 പേര്‍ വരെ അംഗങ്ങളാണ് കര്‍ഷക ഗ്രൂപ്പുകളില്‍ ഉള്ളത്. മൈസൂരു ഉള്‍പ്പെടെ എട്ടു ജില്ലകളില്‍ റൈത്ത് മിത്രയുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. അര ഏക്കര്‍ മുതല്‍ രണ്ട് ഏക്കര്‍ വരെ കൃഷിസ്ഥലമുള്ള കര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്. ആദ്യവര്‍ഷത്തില്‍ 68 ലക്ഷമായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 28,000 രൂപ ലാഭം കിട്ടി. ഇത്തവണ മൂന്നുകോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, വളം, കീടനാശിനി എന്നിവ കമ്പനി വിതരണം ചെയ്യും. നെല്ല് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ കമ്പനി സംഭരിക്കും. വിലയുടെ 75 ശതമാനം നല്‍കിയാണ് സംഭരണം. സര്‍ക്കാര്‍ വെയര്‍ഹൗസുകള്‍ വാടകക്കെടുത്താണ് നെല്ല് സംഭരണം. മൈസൂരില്‍ മാത്രം രണ്ട് ഡിപ്പോകളുണ്ട്. നാലെണ്ണം മറ്റു ജില്ലകളിലാണ്. കര്‍ഷകര്‍ക്ക് കനറാ ബാങ്ക് വഴി വായ്പ ലഭ്യമാക്കുന്നതും കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ്. നാല് ശതമാനം പലിശനിരക്കിലാണ് വായ്പ. സംഭരിക്കുന്ന നെല്ല് കൂടുതല്‍ വില കിട്ടുമ്പോള്‍ വില്‍പന നടത്തും. ഇതിന്‍െറ ലാഭം കര്‍ഷകര്‍ക്ക് വീതിച്ചുനല്‍കും. നെല്ലിന് പുറമെ കരിമ്പ്, തെങ്ങ്, വാഴ, പരിപ്പ്, ചെറുപയര്‍, പച്ചക്കറികള്‍ എന്നിവയും ഈ കൂട്ടായ്മയിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്നു. ഓരോ കര്‍ഷകരും ഓരോ വിള പ്രത്യേകമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ചിലര്‍ തെങ്ങുകൃഷി, ചിലര്‍ നെല്ല് എന്നിങ്ങനെ. കരിമ്പു കര്‍ഷകനായ ശാന്തകുമാര്‍ ആണ് സംഘത്തിന്‍െറ പ്രസിഡന്‍റ്. കൃഷി ലാഭകരമാണെന്ന് ഈ കര്‍ഷകര്‍ പറയുന്നു. ഇതിന് നേതൃത്വം നല്‍കുന്ന ഗോപിനാഥിനും മറിച്ചൊരു അഭിപ്രായമില്ല. കൃഷി ഒരു എളുപ്പപ്പണിയല്ല. അതൊരു ടഫ് ജോബ് തന്നെയാണ്. താല്‍പര്യമുള്ളവര്‍ ഈ രംഗത്തേക്ക് വന്നാല്‍ മതി. അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാവണം എന്നുമാത്രം. മലയാളിക്ക് എല്ലാം വേണം. എന്നാല്‍ നാട്ടില്‍ ജോലി ചെയ്യാന്‍ മടിയാണ്. മറുനാട്ടില്‍ എന്തു പണി ചെയ്യാനും മടിയില്ലതാനും. ഈ വര്‍ക്ക് കള്‍ചര്‍ മാറണം -ഗോപിനാഥ് പറയുന്നു.


ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാവുന്നത് കര്‍ഷകരാണ്. ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗവും അവര്‍ തന്നെ. അതുകൊണ്ടാണ് അവരെ സഹായിക്കുന്ന ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത്. കര്‍ഷകരെ കുറെയൊക്കെ സഹായിക്കാന്‍ കഴിഞ്ഞു എന്നാണ് തോന്നുന്നത്. റൈത്ത് മിത്രയുടെ നേതൃത്വത്തില്‍ മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കര്‍ഷകരെ പഠനയാത്രക്ക് കൊണ്ടുപോയിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, വെസ്റ്റ് ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലും കേരളത്തിലും പഠനയാത്രയുടെ ഭാഗമായി കര്‍ഷകരുടെ സംഘം സഞ്ചരിച്ചുകഴിഞ്ഞു. ജൈവകൃഷിയുടെ പാഠങ്ങള്‍ തേടിയും യാത്ര ഉണ്ടായിട്ടുണ്ട് -ഗോപിനാഥ് പറഞ്ഞു. സെന്‍ട്രല്‍ ഫുഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന ‘ചിയ’ എന്ന ധാന്യവിത്ത് വിതരണം ചെയ്യാനും കമ്പനിക്ക് സാധിച്ചു. കൂട്ടായ്മയിലെ അറുപത് കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിത്ത് നല്‍കിയത്. മുത്താറിയുടെ മാതൃകയിലുള്ള ധാന്യമാണ് ചിയ. സൗത്ത് അമേരിക്കയിലെ മെക്സികോയാണ് ചിയയുടെ ജന്മദേശം. അവിടെ വികസിപ്പിച്ചെടുത്തതാണ്. കടുകിനെക്കാള്‍ അല്‍പം വലുപ്പമുള്ള വിത്താണിത്.

കടുകുപോലെ ഉരുണ്ടുകളിക്കും. വരണ്ട മണ്ണിലും ചിയയുടെ കുഞ്ഞുതൈകള്‍ വളരും. തുളസി പോലെ കുറ്റിച്ചെടിയായാണ് വളരുക. മണ്ണ് വരണ്ടതാണെങ്കിലും ഡ്രിപ് ഇറിഗേഷനിലൂടെ വളര്‍ത്തിയെടുക്കാം. ആഴ്ചയില്‍ മൂന്നോ നാലോ നന മതി. പോളിത്തീന്‍ കവറുകളില്‍ മണ്ണിട്ട് അതില്‍ വിത്ത് പാകിയാണ് മുളപ്പിക്കുക. 21 ദിവസമായാല്‍ പറിച്ചുനടണം. പ്രോട്ടീനും ഫൈബറും അടങ്ങുന്ന ചിയ ഹെല്‍ത്ത് സപ്ലിമെന്‍റ് എന്ന നിലയില്‍ ഉപയോഗിക്കാവുന്നതാണ്. അരിയില്‍ അഞ്ചുമുതല്‍ ആറ് ശതമാനം വരെയാണ് പ്രോട്ടീന്‍ എങ്കില്‍ ചിയയില്‍ ഇത് 18 മുതല്‍ 22 ശതമാനമാണ്. രാവിലെയും വൈകുന്നേരവും 15 ഗ്രാം വീതം ചിയ കഴിച്ചാല്‍ ആരോഗ്യത്തിന് ഉത്തമമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വേവിക്കാതെ തന്നെ കഴിക്കാം എന്ന പ്രത്യേകതയും ചിയക്കുണ്ട്. വെള്ളത്തില്‍ കഴുകിയെടുത്ത ധാന്യം ചോറിന്‍െറയോ ഉപ്പുമാവിന്‍െറയോ മുകളില്‍ വിതറി കഴിക്കുകയേ വേണ്ടൂ. മധ്യപ്രദേശില്‍ ചിയ കൃഷി ചെയ്യുന്നുണ്ട്. മാര്‍ക്കറ്റില്‍ സ്ഥാനം നേടിവരുന്നതേയുള്ളൂ. വിദേശ മാര്‍ക്കറ്റ് ആണ് ലക്ഷ്യമിടുന്നത്.

ഗോപിനാഥിന്‍െറ കൃഷിത്തോട്ടത്തില്‍നിന്ന്
 


ജൈവകൃഷിയെ പറ്റി ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. രാസവളവും കീടനാശിനിയും ഉപയോഗിച്ചുള്ള കൃഷിരീതി ഉണ്ടാക്കുന്ന അപകടങ്ങളെപറ്റി ജനങ്ങള്‍ ബോധവാന്മാരാണ്. എന്നാല്‍, ജൈവകൃഷി വിചാരിക്കുന്നപോലെ എളുപ്പമല്ല എന്നാണ് ഗോപിനാഥിന്‍െറ പക്ഷം. ജൈവകൃഷിക്ക് ചാണകം ഒഴിച്ചു കൂടാനാവാത്തതാണ്. ചാണകം കിട്ടാന്‍ പശുവിനെ വളര്‍ത്തണം. അതിന് തൊഴുത്ത് വേണം. പരിപാലിക്കാന്‍ ആളുവേണം. ഇതിനൊക്കെ സമയവും സ്ഥലവും ആര്‍ക്കാണുള്ളത്. ഇന്ന് നമുക്ക് വെണ്ണീര്‍ കിട്ടാനില്ല. പണ്ടൊക്കെ അടുപ്പില്‍ കത്തിക്കുന്ന വിറക് വഴി വെണ്ണീര്‍ ഇഷ്ടം പോലെ കിട്ടിയിരുന്നു. ഇന്ന് ഗ്യാസ് അടുപ്പാണ് എങ്ങും. അതുകൊണ്ട് ഫോസ്ഫറസ് എന്ന് അറിയപ്പെടുന്ന വെണ്ണീര്‍ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ ജൈവകൃഷി എങ്ങനെ മുന്നോട്ട് പോകും? ജൈവകൃഷി നടത്താന്‍ കൂടുതല്‍ ചെലവ് വരും എന്ന് ചുരുക്കം. അതിന് പകരം മിതമായ തോതില്‍ രാസവളവും ഏറ്റവും കുറഞ്ഞ തോതില്‍ കീടനാശിനിയും ഉപയോഗിച്ചുള്ള പ്രകൃതിയോട് ഇണങ്ങുന്ന കൃഷിരീതിയാണ് അഭികാമ്യം എന്നു തോന്നുന്നു.

പൂകൃഷി നടത്തിയാണ് കൃഷിയുമായി ബന്ധപ്പെട്ട വ്യവസായത്തിലേക്ക് ഗോപിനാഥ് ചുവടുമാറിയത്. മടിക്കേരിയിലും കുടകിലും മറ്റും ആന്തൂറിയം കൃഷി ചെയ്തു. റോക്ക് വുഡ് ആന്തൂറിയം എന്ന പേരില്‍ വിപണിയിലിറക്കി. ഇന്നും ഗോപിനാഥിന്‍െറ വിസിറ്റിങ് കാര്‍ഡില്‍ ഫ്ലോറി കള്‍ചര്‍ കണ്‍സല്‍ട്ടന്‍റ് എന്നു കാണാം. പിന്നീടാണ് പൂകര്‍ഷകരെയും പച്ചക്കറി കര്‍ഷകരെയും സഹായിക്കുന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. ഇതിനിടയില്‍ കേരള കാര്‍ഷിക മന്ത്രാലയത്തിന്‍െറ ഉപദേഷ്ടാവാകാനും ഗോപിനാഥിന് നിയോഗമുണ്ടായി. കെ.ആര്‍. ഗൗരിയമ്മ കൃഷിമന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. നെല്ലിയാമ്പതിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ആന്തൂറിയം കൃഷി ചെയ്തത് ഗോപിനാഥിന്‍െറ മേല്‍നോട്ടത്തിലായിരുന്നു. ഗൗരിയമ്മയെ പറ്റി നല്ലതുമാത്രമെ ഗോപിനാഥിന് പറയാനുള്ളൂ. അവരുടെ ഒൗട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് അംഗീകരിക്കേണ്ടതാണ് -ഗോപിനാഥ് പറയുന്നു.

ഗീത ഗോപിനാഥിനും മൂത്തമകള്‍ അനിതക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചത് ചാരിതാര്‍ഥ്യത്തോടെ ഗോപിനാഥ് ഓര്‍ക്കുന്നു. അനിത ഡല്‍ഹിയില്‍ ഗാര്‍മെന്‍റ്സ് എക്സ്പോര്‍ട്ടിങ് കമ്പനി നടത്തുന്നു. ഭര്‍ത്താവ് മനീന്ദര്‍കുമാര്‍ സിങ് പഞ്ചാബ് സ്വദേശിയാണ്. ഗീത ഗോപിനാഥ് ഡല്‍ഹി ലേഡ് ശ്രീറാം കോളജില്‍നിന്നാണ് ബിരുദമെടുത്തത്. ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് ഓണേഴ്സ് പാസായി. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റിയില്‍നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഇപ്പോള്‍ ബോസ്റ്റണ്‍ ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ പ്രഫസറാണ്. ഭര്‍ത്താവ് ഇക്ബാല്‍ ധാലിവാല്‍ വരുന്നതും പഞ്ചാബില്‍നിന്നാണ്. അമര്‍ത്യ സെന്നിനു ശേഷം ഏഷ്യയില്‍നിന്ന് ഹാര്‍വഡില്‍ പ്രഫസര്‍ ആകുന്ന വ്യക്തി. ആദ്യത്തെ വനിതയും. മോദിയെ ഗീത അനുകൂലിച്ചിട്ടില്ല. നോട്ട് പിന്‍വലിച്ചത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് എന്നാണ് പറഞ്ഞത്. പ്രത്യേകിച്ചും ആയിരം രൂപയുടെ കാര്യത്തില്‍. മകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഗോപിനാഥ് ഇങ്ങനെ മറുപടി നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകുന്നതോടെ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് അവള്‍ പ്രതീക്ഷിക്കുന്നത്. അതുതന്നെയാണ് ഞാനും അവളോട് പറഞ്ഞത്.

മൈസൂരുവിലെ കുവെമ്പുനഗര്‍ ഡബ്ള്‍ലൈന്‍ റോഡിലെ സൃഷ്ടി എന്ന വസതിയില്‍ ഗോപിനാഥും ഭാര്യ വിജയലക്ഷ്മിയും തനിച്ചാണ്. വിജയലക്ഷ്മി വീടിന് സമീപം പ്ലേ സ്കൂള്‍ നടത്തുന്നു. ഞങ്ങളുടെ വീട്ടില്‍ ആരും വെറുതെയിരിക്കുന്നില്ല. ഗോപിനാഥ് പറഞ്ഞു. എണ്‍പതിലും ചുറുചുറുക്കോടെ ഗോപിനാഥ് കൃഷിയിലും സ്വന്തം സ്ഥാപനങ്ങളിലും ഓടിനടക്കുകയാണ്. വിശ്രമത്തിന് ഇനിയും സമയമുണ്ട് എന്ന വിശ്വാസത്തോടെ.

Tags:    
News Summary - farmer T.V Gopinath In mayyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.