‘‘സഹാറ മരുഭൂമിയില്‍ മണല്‍ക്കാറ്റ് വീശിയടിച്ച ഒരു രാത്രി. മണല്‍ക്കൂനകളൊരുക്കിയ താഴ്വാരത്തില്‍ തമ്പുകള്‍കെട്ടി സംഘത്തിലുള്ളവരെല്ലാം ഉറക്കത്തിലേക്ക് വീണിരിക്കുന്നു. രാവിലെ മുതലുള്ള ഫാല്‍ക്കണ്‍ പക്ഷിയോടൊപ്പമുള്ള സഞ്ചാരം നന്നേ തളര്‍ത്തിയിട്ടുണ്ട്. പുറത്ത് വെടിയൊച്ചയും ആക്രോശങ്ങളും കേട്ടാണ് ഉണരുന്നത്. പല ടെന്‍റുകളിലും വെളിച്ചം തെളിഞ്ഞിരിക്കുന്നു. സമയം രണ്ടുമണി കഴിഞ്ഞുകാണും. കൈകള്‍ മുകളിലേക്കുയര്‍ത്തിക്കൊണ്ട് സംഘത്തിലെ ഒരാള്‍ എന്‍െറ തമ്പില്‍ തട്ടിവിളിച്ചു. ‘‘അവര്‍ വന്നിട്ടുണ്ട്, എല്ലാവരോടും പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. ഇത്തവണ നമ്മളെ കൊല്ലും, ഉറപ്പാണ്...’’ കാറ്റ് കൂമ്പാരംതീര്‍ത്ത മണല്‍ത്തിട്ടയിലൂടെ കൈകളുയര്‍ത്തി വേച്ചുവേച്ച് മുന്നോട്ടുനടന്നു. കൂടെയുള്ളവരെല്ലാം തമ്പുകള്‍ക്ക് പുറത്ത് നിരന്നു നില്‍ക്കുന്നു. ചുറ്റും യന്ത്രത്തോക്കുകളുമായി മാലി മരുഭൂമിക്കൊള്ളക്കാര്‍. ആരെയും വകവെക്കാത്തവര്‍, ഭരണകൂടംപോലും ഭയക്കുന്നവര്‍, സഹാറയിലെ യാത്രികരുടെ പേടിസ്വപ്നം. ഒരു തോക്കിന്‍െറ കുഴല്‍ എന്‍െറ തലയിലും അമര്‍ന്നിരിക്കുന്നു. വാഹനങ്ങളുടെ താക്കോലുകളെവിടെ? ചോദ്യമെന്നോടാണ്. എന്‍െറ അവസാനമായെന്നുറപ്പിച്ച് മനസ്സില്‍ കുടുംബത്തോട് വിടപറഞ്ഞു. തോക്ക് ഫാല്‍ക്കണുകള്‍ക്കു നേരെ തിരിച്ച് അവരറിയിച്ചു ‘‘ആദ്യം ഇവയെക്കൊല്ലും, പിന്നീട് നിങ്ങളെ’’ എന്ന്. ഉടന്‍തന്നെ സൂപ്പര്‍വൈസര്‍ വാഹനങ്ങളുടെ താക്കോല്‍ മുന്നോട്ടുനീട്ടി. വാഹനങ്ങളുമായി മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ മരുഭൂമിയില്‍ മറഞ്ഞു. നിമിഷങ്ങള്‍കൊണ്ട് സഹാറയില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ക്കിപ്പുറം ഞങ്ങള്‍ ഒന്നുമില്ലാത്തവരായി.’’
ഇരുപത് വര്‍ഷം പല അറേബ്യന്‍ രാജ്യങ്ങളിലായി ഫാല്‍ക്കണ്‍ ചികിത്സരംഗത്ത് ജോലി ചെയ്ത നിത്യബാലന് അനുഭവകഥകള്‍ പറയാന്‍ നിരവധിയുണ്ട്. കേരള മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ലീവെടുത്തായിരുന്നു അറബ് രാജ്യത്തേക്കുള്ള യാത്ര. ആ നാട് സമ്മാനിച്ചത് ഒരായിരം അനുഭവങ്ങളും. ഫാല്‍ക്കണ്‍; അറബ് രാജ്യങ്ങളിലെ വലിയൊരു വിഭാഗം തങ്ങളുടെ ജീവനേക്കാള്‍ വിലവെക്കുന്ന വേട്ടപ്പക്ഷി. അവക്കായി എന്തു സൗകര്യവും ചെയ്തുകൊടുക്കാന്‍ തയാറുള്ള അറബികള്‍. 1994ല്‍ സൗദിയിലെത്തിയ നിത്യബാലന്‍െറ തുടക്കം രാജകുടുംബത്തിലെ ഒരംഗത്തിന്‍െറ ഫാമിലെ മൃഗങ്ങളുടെയും പക്ഷികളുടെയും പരിചരണവും ചികിത്സയുമായിരുന്നു. മാനുകളും പക്ഷികളും ഒട്ടകങ്ങളും ചെമ്മരിയാടുകളുമായിരുന്നു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമിലെ താമസക്കാര്‍. അധികം വൈകാതെതന്നെ തന്‍െറ തൊഴില്‍മേഖല നിത്യബാലന്‍ ഫാല്‍ക്കണുകളുടെ പരിചരണത്തിലേക്ക് മാറ്റി. അവയെക്കുറിച്ച് കൂടുതലറിഞ്ഞ് ഫാല്‍ക്കണുകള്‍ക്ക് മാത്രമായി ചികിത്സ കേന്ദ്രമൊരുക്കി അങ്ങോട്ടുമാറി. നിത്യബാലന്‍ പറയുന്നു, ഫാല്‍ക്കണുകളുടെ ലോകത്തെ തന്‍െറ അനുഭവകഥ.
ഫാല്‍ക്കണ്‍: ദ അറേബ്യന്‍ ഹണ്ടര്‍
ഫാല്‍ക്കണുകള്‍ അറബ് നാടുകളിലെ പ്രിയ പക്ഷിയായി മാറിയതിനുപിന്നില്‍ ഒരു കഥയുണ്ട്. നവീന കാലഘട്ടത്തിന്‍െറ ആരംഭം മുതല്‍ക്കുതന്നെ ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ യാത്രകളില്‍ ഒട്ടകത്തോടൊപ്പംതന്നെ സഹജീവികളായി വളര്‍ത്തിയിരുന്നവയാണ് ഫാല്‍ക്കണുകള്‍. ഭക്ഷ്യയോഗ്യമായ ധാന്യങ്ങളുടെ ദൗര്‍ലഭ്യ സമയത്ത് ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ച് വേട്ടയാടിക്കിട്ടിയിരുന്ന ജീവികളെയായിരുന്നു അവര്‍ ആഹാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇതിനായി ഫാല്‍ക്കണുകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ആ സംസ്കാരത്തിന്‍െറയും പൈതൃകത്തിന്‍െറയും ഭാഗമായാണ് ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള മത്സരങ്ങളും വേട്ടയും ഇന്ന് അറബ് രാജ്യങ്ങളില്‍ നടത്തിവരുന്നത്. ദേശീയതലത്തില്‍തന്നെ ഇവക്കുവേണ്ടി നിരവധി പദ്ധതികള്‍ രാജകുടുംബാംഗങ്ങളും ഭരണകൂടവും നടപ്പാക്കുന്നുണ്ട്. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫാല്‍ക്കണ്‍ സൊസൈറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയ പക്ഷികൂടിയാണ് ഫാല്‍ക്കണ്‍. തന്നെക്കാള്‍ പത്തിരട്ടി ഭാരമുള്ള ഇരകളെവരെ തൂക്കിയെടുത്ത് പറക്കാന്‍ കഴിവുണ്ട് ഇവക്ക്. വേട്ടയാടുന്ന അവസരങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍വരെ പറക്കും. ഇരകളെ റാഞ്ചാന്‍ ഭൂമിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ മണിക്കൂറില്‍ 360 കിലോമീറ്റര്‍വരെ വേഗത ഫാല്‍ക്കണിന് രേഖപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി തിരിക്കാന്‍കഴിയുന്ന കഴുത്തും ടെലിസ്കോപ്പിക് കണ്ണുകളുമാണ് മലയാളികള്‍ പ്രാപ്പിടിയനെന്നു വിളിക്കുന്ന വേട്ടക്കാരന്‍െറ മറ്റു സവിശേഷതകള്‍. കോടികള്‍ മുടക്കി പരിപാലിച്ച് അറബ് നാടുകളിലുള്ളവര്‍ എന്തുകൊണ്ട് ഫാല്‍ക്കണെ വേട്ടപ്പക്ഷിയെന്ന് വിളിക്കുന്നുവെന്നതിന് മറ്റൊരു വിശദീകരണത്തിന്‍െറ ആവശ്യമുണ്ടാകില്ല. ഒരു സീസണില്‍ ഒരു ഇണയോടു മാത്രം കൂട്ടുകൂടുന്ന ഇവക്ക് അറബ് നാട്ടില്‍ പക്ഷിലോകത്തെ ‘ജന്‍റില്‍മാന്‍’ എന്ന വിളിപ്പേരുകൂടിയുണ്ട്. രാജകുടുംബാംഗങ്ങളുടെ വീടുകളില്‍ ഇവക്ക് പ്രധാന സ്ഥാനമാണുള്ളത്. അവയെ പരിപാലിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയും. ഇവയെല്ലാം നേരിട്ടറിഞ്ഞതാണ് നിത്യബാലന്‍. രാജകുടുംബാംഗങ്ങളുടെ വിശ്വസ്തനായിരുന്നു വളരെക്കാലം അദ്ദേഹം.
ഫാല്‍ക്കണ്‍ വേഗമത്സരവും സൗന്ദര്യ മത്സരവുമെല്ലാം നടക്കുന്നത് മരുഭൂമിയില്‍വെച്ചുതന്നെ. വിവിധ രാജ്യങ്ങളിലെ ഫാല്‍ക്കണ്‍ ഉടമകള്‍ ഇതിനായത്തെും. കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഇവക്കുവേണ്ടി ഓരോതവണയും ഒരുക്കുന്നത്. എത്ര വേഗത്തില്‍ ഫാല്‍ക്കണ്‍ അതിന്‍െറ ലക്ഷ്യത്തിലെത്തും എന്ന് പരിശോധിക്കാനാണ് വേഗമത്സരം. സൗന്ദര്യ മത്സരത്തില്‍ ഫാല്‍ക്കണന്‍െറ നെഞ്ചളവും ചിറകിന്‍െറ വലുപ്പവും കൊക്കിന്‍െറ ഭംഗിയും കാലിന്‍െറ ദൃഢതയുമെല്ലാമാണ് പരിശോധിക്കുക. എല്ലാത്തിനും എഴുതിത്തയാറാക്കിയ നിയമാവലികളുമുണ്ടാകും. ഏതൊരു മത്സരത്തിനും ഫാല്‍ക്കന്‍െറ കൂടെ ആരോഗ്യ പരിചരണത്തിനായി വിദഗ്ധരുമുണ്ടാകും. ചിറകിനേല്‍ക്കുന്ന ചെറിയ പരിക്കുകള്‍പോലും ഫാല്‍ക്കണിന്‍െറ വേഗത്തെ ബാധിക്കും. ഫാല്‍ക്കണുകള്‍ ദൂരേക്ക് പറന്നുപോയാല്‍ കണ്ടുപിടിക്കുന്നതിനുവേണ്ടി കോളര്‍ ഐ.ഡി ഘടിപ്പിച്ചാണ് ഇവയെ ഉപയോഗിക്കുക. ഗിര്‍ ഫാല്‍ക്കണുകള്‍, പെരിഗ്രിന്‍, സേക്കര്‍ ഫാല്‍ക്കണ്‍ എന്നിവയാണ് സാധാരണയായി വേട്ടക്കായി ഉപയോഗിച്ചു വരുന്നത്. ഇവയുടെ സങ്കരയിനങ്ങളായ ഗിര്‍സേക്കര്‍, ഗിര്‍ പെരിഗ്രിനസ് എന്നിവയാണ് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പൊതുവെ ഉപയോഗിക്കുന്നത്.
സംഘങ്ങളായാണ് വേട്ടക്ക് ഫാല്‍ക്കണുകളുമായി ആളുകള്‍ മരുഭൂമിയിലേക്ക് പോകുന്നത്. ചിലത് ചെറിയ സംഘങ്ങളായി ദിവസങ്ങള്‍ മാത്രം നീളുന്ന യാത്രയായിരിക്കും, ചിലത് മാസങ്ങളെടുക്കും. സൗദി, യു.എ.ഇ, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പലതവണ രാജകുടുംബാംഗങ്ങള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നിത്യബാലന്‍ ഫാല്‍ക്കണുകളുമായി മരുഭൂമി കയറിയിട്ടുണ്ട്. എല്ലാം ഒരു മാസത്തിലധികം നീളുന്ന യാത്രകള്‍. മുപ്പതിലധികംപേര്‍ വരുന്ന സംഘമായായിരുന്നു ആ യാത്രകളെല്ലാം. ഇതിന് ആദ്യം സര്‍ക്കാറിന്‍െറ അംഗീകാരം കിട്ടണം. ഒരുമാസം കഴിയാനുള്ള വെള്ളവും ഭക്ഷണസാധനങ്ങളുമെല്ലാം വണ്ടികളില്‍ നിറച്ചാണ് യാത്ര. ചായയുണ്ടാക്കുന്നയാള്‍ മുതല്‍ സാറ്റലൈറ്റ് വിദഗ്ധര്‍ വരെ സംഘത്തിലുണ്ടാകും. ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളിലൂടെയാകും ഓരോ യാത്രയും. സൂര്യാസ്തമയം വരെ യാത്രചെയ്ത ശേഷം തമ്പടിച്ച് വിശ്രമം. രാവിലെ വീണ്ടും യാത്ര. ഫാല്‍ക്കണ്‍ ചികിത്സകര്‍ക്ക് യാത്രയിലുടനീളം പ്രത്യേക പരിഗണനതന്നെയുണ്ട്. ടെന്‍റുകളടിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും ചെന്നായ്ക്കളുടെയും കാട്ടുകുറുക്കന്മാരുടെയും ആക്രമണങ്ങള്‍ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നിത്യബാലന്‍ പറയുന്നു.
സഹാറയും മാലിയും
മൂന്ന് സീസണുകളിലായി ഫാല്‍ക്കണുകള്‍ക്കൊപ്പം സഹാറ മരുഭൂമിയിലൂടെ സഞ്ചരിച്ചിട്ടുണ്ട് നിത്യബാലന്‍. മാസങ്ങള്‍ ദൈര്‍ഘ്യമുള്ള യാത്രകള്‍. സഹാറ, സഞ്ചാരികള്‍ക്കു മുന്നില്‍ എന്നും നിഗൂഢതകള്‍ ഒളിപ്പിച്ചുവെക്കുന്ന മരുപ്പാതകള്‍. യാത്ര ഫാല്‍ക്കണിന്‍െറ വഴിയേ... ദുബൈയില്‍നിന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപളി വഴിയാണ് സഹാറയിലേക്കുള്ള യാത്ര. ആഫ്രിക്കന്‍ വന്‍കരയിലെ മാലിയിലൂടെ വേണം സഹാറയിലെത്താന്‍. മാലി; ലോകത്തിനുതന്നെ അപരിചിതമായ, ആധുനികതയുടെ വെളിച്ചം ഇനിയുമെത്താത്തയിടം. ചെറിയ സംഘങ്ങള്‍ക്ക് സഹാറയിലേക്ക് കടക്കല്‍ എളുപ്പമാവില്ല. ആദ്യം ഗവണ്‍മെന്‍റിന്‍െറ അനുമതി നേടണം. അതുമാത്രംപോര, മരുഭൂമിക്കൊള്ളക്കാരുടെ അധീനപ്രദേശങ്ങള്‍ പിന്നിട്ടുവേണം അവിടെയെത്താന്‍. ഓരോ നാട്ടുരാജ്യങ്ങള്‍കണക്കെയാണ് മാലിക്കാരുടെ ജീവിതം. ഓരോ നാടും ഭരിക്കുന്നത് ഓരോ രാജാക്കന്മാര്‍. ചെറിയ ചെറിയ ഗ്രാമങ്ങളിലായി ഒറ്റപ്പെട്ട ജീവിതമാണ് ഇവിടുത്തുകാര്‍ക്ക്. ജനവാസം നന്നേ കുറവ്. സ്ഥിരജോലികളില്ല. ആടുമേക്കലാണ് മിക്കവരുടെയും തൊഴില്‍. വെള്ളവും ഭക്ഷണവും കിട്ടുന്ന സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന ഇവര്‍ക്ക് സ്ഥിരമായുള്ള വാസസ്ഥലങ്ങളില്ല. വെള്ളം തോല്‍സഞ്ചികളിലാക്കി ഒട്ടകങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്നു. പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന ജനത.
ഓരോ മരുഭൂമിയാത്രയിലും ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ നിവാസികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും വസ്ത്രങ്ങളും ഡോക്ടറുടെ സേവനവും മരുന്നുകളുമെല്ലാം എത്തിക്കുന്നതും പതിവായിരുന്നു. അതിനുപുറമെ യുനിസെഫ്, റെഡ്ക്രോസ് ഏജന്‍സികള്‍ വഴിയുള്ള സാമ്പത്തിക സഹായവുമെത്തിക്കും. മണല്‍പ്പരപ്പില്‍ കുറ്റിക്കാടുകളും ചതുപ്പുനിലങ്ങളും നിറഞ്ഞതാണ് സഹാറയുടെ പല ഭാഗങ്ങളും. ഫാല്‍ക്കണിന്‍െറ പ്രധാന ഇരയായ ‘ഹൊബാറ’ എന്ന പക്ഷികള്‍ കൂടുതല്‍ കണ്ടുവരുന്ന സ്ഥലങ്ങളാണ് സഹാറയിലെ ചതുപ്പുകള്‍. ദേശാന്തരഗമനം നടത്തുന്ന ഇനത്തില്‍പെട്ടവയാണ് ഫാല്‍ക്കണും ഹൊബാറയും. ഒരു സീസണില്‍ 3000 മുതല്‍ 3500 കിലോമീറ്റര്‍വരെ ഫാല്‍ക്കണുകള്‍ സഞ്ചരിക്കുമെന്നാണ് കണക്ക്.
ഫാല്‍ക്കണുകളെ ഉപയോഗിച്ചുള്ള വേട്ടകള്‍ വ്യാപകമായതോടെ മരുഭൂമിയിലെ പല ചെറുജീവികളുടെയും എണ്ണം കുത്തനെ കുറഞ്ഞതായാണ് കണക്ക്. ഇക്കാരണം കൊണ്ട് പല സ്ഥലങ്ങളിലും വേട്ട നിരോധിച്ചുകഴിഞ്ഞു. വംശനാശം നേരിടുന്ന പല ജീവികളെയും വളര്‍ത്തുന്നതിനായി മിക്ക അറബ് രാജ്യങ്ങളിലും വിവിധ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. നിത്യബാലന്‍െറ ഓരോ യാത്രക്കും ധൈര്യമാകുന്നത് ഭാര്യ റീജയും മകള്‍ അഭിരാമിയുമാണ്. കേരള മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ഫീല്‍ഡ് ഓഫിസറായി ഈയിടെ വിരമിച്ച ഇദ്ദേഹം കോഴിക്കോട്ടു നിന്ന് വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്, ഫാല്‍ക്കണ്‍ ചികിത്സരംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കാന്‍, പുത്തന്‍ അനുഭവങ്ങള്‍ ശേഖരിക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.