മലപ്പുറം കോട്ടക്കല്‍ പറപ്പൂരിലെ പണിതീരാത്ത ഒരു വീട്ടിലെ കട്ടിലിനടിയിലെ പെട്ടിയില്‍ വീട്ടുകാരി സുബൈദ പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട് ഒരു അമൂല്യനിധി. ആ വീട്ടിലെ പ്രയാസം താണ്ടാന്‍ പ്രവാസപ്പെട്ട മനുഷ്യന്‍െറ അധ്വാനത്തിനും ആത്മാര്‍ഥതക്കും ലഭിച്ച അംഗീകാരത്തിന്‍െറ ഫലകങ്ങള്‍. പണ്ടേക്കുപണ്ടേ നാടുവിട്ട കോഴിക്കരമട്ടില്‍ മുഹമ്മദ് കുട്ടി എന്ന നാട്ടുകാരനെ പ്രദേശത്തെ പുതുതലമുറയിലെ പലര്‍ക്കും അറിയില്ല. പക്ഷേ, ദുബൈ നഗരത്തിന് ചിരപരിചിതന്‍. വ്യവസായ പ്രമുഖനോ ഉന്നതോദ്യോഗസ്ഥനോ അല്ല, ദുബൈ നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. പ്രമുഖരും പ്രബലരും അതിസമ്പന്നരുമായ ഉന്നതരടക്കം 45 ലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്ന രാജ്യത്ത് ഒരു ശുചീകരണ തൊഴിലാളി ഇത്രമാത്രം പ്രസിദ്ധനായത് എങ്ങനെയെന്നാണു ചോദ്യമെങ്കില്‍ അതാണ് മുഹമ്മദ് കുട്ടിയുടെ പ്രസക്തി, ദുബൈയുടെയും.
വൃത്തിക്ക് അതീവ പ്രാധാന്യം കല്‍പിക്കുന്ന നഗരമാണ് ദുബൈ. നിരത്തുകള്‍ മാലിന്യമുക്തമാക്കാനും ഭക്ഷണശാലകളിലും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലുമെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ ശുചീകരണം ഉറപ്പാക്കാനും പ്രതിജ്ഞയെടുത്ത നഗരം. ആ പ്രതിജ്ഞയെ സഫലീകരിക്കാന്‍ കാവല്‍ നില്‍ക്കുന്നത് മുഹമ്മദ് കുട്ടിയെപ്പോലുള്ള കുറെ മനുഷ്യരാണ്. കുപ്പയും മാലിന്യവും നീക്കുന്നവര്‍ എന്ന പേരില്‍. പക്ഷേ, ഈ രാജ്യവും ഇവിടത്തെ ജനങ്ങളും അവരെ മാറ്റി നിര്‍ത്താറില്ല, മറിച്ച് അവരുടെ സമര്‍പ്പണവും ത്യാഗവും അംഗീകരിക്കപ്പെടുന്നു.
ദുബൈ നഗരസഭയിലെ ഏറ്റവും മികച്ച ശുചീകരണ തൊഴിലാളിക്കുള്ള പുരസ്കാരം ആറുതവണയാണ് മുഹമ്മദ് കുട്ടിക്ക് ലഭിച്ചത്. നഗരത്തിലെ പ്രധാന കോണുകളിലൊന്നായ അബൂഹൈല്‍ സെന്‍ററിനടുത്താണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷിച്ച് ചെന്നപ്പോള്‍ അവിടെക്കണ്ട അറബ് യുവാവ് ആദരപൂര്‍വം പറഞ്ഞു: മുഹമ്മദ് കുട്ടി മലബാരി, നാട്ടുകാരായ ഞങ്ങളേക്കാളേറെ ഈ രാജ്യത്തെ സ്നേഹിക്കുന്നു, സേവിക്കുന്നു-അദ്ദേഹത്തോട് അത്ര തന്നെ സ്നേഹം ഞങ്ങള്‍ക്കുമുണ്ട്. രാവിലെ ആറുമണിക്ക് ആരംഭിച്ച ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് മുഹമ്മദ് കുട്ടി സംസാരിക്കാന്‍ കൂട്ടാക്കിയത്. പറപ്പൂര്‍ തെക്കേക്കുളത്തുകാരനായ ഇദ്ദേഹം ഏഴാം ക്ലാസ് പഠിത്തം കഴിഞ്ഞ് പടവുപണിക്ക് ഇറങ്ങിയതാണ്. ജീവിതം പടുക്കാന്‍ പറ്റാതെയായപ്പോള്‍ ഗള്‍ഫിലേക്ക് വണ്ടികയറി.
2002 മുതല്‍ നഗരസഭയുടെ സ്ഥിരം ജോലിക്കാരനാണ്. പ്രത്യേക ശ്രദ്ധവേണ്ട പ്രദേശമാണെന്നു പറഞ്ഞാണ് ഇവിടത്തെ ചുമതല നഗരസഭാ ഉദ്യോഗസ്ഥര്‍ ഏല്‍പിച്ചത്. 12 വര്‍ഷമായി ഇവിടെ തുടരുന്നു. ഒരുതവണപോലും പരാതിക്ക് ഇടനല്‍കിയിട്ടില്ല. ഏല്‍പിച്ച ജോലി ആത്മാര്‍ഥമായി ചെയ്യുന്നു. പരിസരം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ മനസ്സിനും സ്വഭാവത്തിനും ആ വൃത്തിയുണ്ടാകും. വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കാനുള്ള നിര്‍ബന്ധബുദ്ധി നാട്ടുകാരും അല്ലാത്തവരുമായ ദുബൈ ജനതയുടെ സ്വഭാവത്തിലേക്കും വ്യാപിക്കുന്നു -അതുതന്നെയാണ് ഈ നാടിന്‍െറ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയുന്നു മുഹമ്മദ് കുട്ടി. ആദ്യതവണ സമ്മാനമായി ഒരു സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്. പിന്നെ ഓരോ തവണയും 300 ദിര്‍ഹം വീതം ലഭിച്ചു. ഇക്കുറി മിഡില്‍ ഈസ്റ്റ് ക്ലീനിങ് ടെക്നോളജി വാരാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ ചടങ്ങില്‍വെച്ച് 1500 ദിര്‍ഹവും പ്രശസ്തിപത്രവും ലഭിച്ചു.
സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ മടിക്കുന്നവര്‍ ഗള്‍ഫില്‍ വന്ന് മാലിന്യം പെറുക്കാനും കഴുകാനും മടികാണിക്കാറില്ല എന്ന കേട്ടുപഴകിയ ആരോപണത്തെക്കുറിച്ച് ഇദ്ദേഹത്തോട് ചോദിച്ചു- മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരും മനുഷ്യരാണ് എന്ന തിരിച്ചറിവാണ് വിമര്‍ശിക്കുന്നവര്‍ക്ക് ആദ്യമുണ്ടാകേണ്ടത് എന്നായിരുന്നു മറുപടി. പാവപ്പെട്ട തൊഴിലാളികളെ വിഷമാലിന്യങ്ങള്‍ നിറഞ്ഞ കാനകളിലും കുഴികളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ, കൈയുറ പോലുമില്ലാതെ ഇറക്കിവിടുന്ന മനുഷ്യത്വരഹിതമായ രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഇവിടെ തൊഴിലാളി വെറുംകൈകൊണ്ട് ഒരു കടലാസുതുണ്ട് പോലും നീക്കേണ്ടതില്ല, ആരോഗ്യ പരിരക്ഷ, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നു.
നാട്ടിലാണ് ഞാനീ തൊഴിലെടുക്കുന്നതെങ്കില്‍ കാലം കഴിയുമ്പോള്‍ അടുത്ത തലമുറയും ഇതു തന്നെ ചെയ്യേണ്ടിവന്നേനെ. പക്ഷേ ഇപ്പോള്‍ നോക്കൂ, എന്‍െറ മകന്‍ ഇര്‍ഷാദ് സിവില്‍ എന്‍ജിനീയറിങ് ചെയ്യുന്നു, മകള്‍ മുഫീദയും മിടുക്കിയായി പഠിക്കുന്നു. അബൂഹൈല്‍ സെന്‍ററിലൂടെ നടന്നു പോകുന്നവരും ആഡംബര കാറുകളില്‍ വന്നിറങ്ങുന്ന കുടുംബങ്ങളുമെല്ലാം ഈ മനുഷ്യന് സലാം പറയുന്നു. സംസാരിച്ചുനില്‍ക്കവെ പൊടുന്നനെ മുഹമ്മദ് കുട്ടി അപ്രത്യക്ഷനായി. അല്‍പനേരം കഴിഞ്ഞ് തിരികെവന്നു. അടിച്ചു മിന്നിച്ചു പോയ കാറില്‍നിന്ന് എന്തോ റോഡിലേക്ക് പാറിവീണിരുന്നു, അത് നീക്കംചെയ്യാന്‍ പോയതാണ്. കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല- ഈ മനുഷ്യനെ എന്തുകൊണ്ട് ഈ നഗരം ഇത്രമാത്രം സ്നേഹിക്കുന്നുവെന്ന് അപ്പോഴേക്കും നേരില്‍ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.