???????? ???????

കഴിഞ്ഞ 35 വര്‍ഷമായി ഇന്ത്യ വിവിധ പഠന ആവശ്യങ്ങള്‍ക്ക് അന്‍റാര്‍ട്ടിക്കയിലേക്ക് ശാസ്ത്ര ഗവേഷണ സംഘങ്ങളെ അയക്കാറുണ്ട്. നിരവധി തവണ ഗവേഷണ സംഘത്തലവനായി അന്‍റാര്‍ട്ടിക്കയില്‍ ജോലി ചെയ്ത ധ്രുവസമുദ്രശാസ്ത്ര ഗവേഷകനും സീനിയര്‍ സയന്‍റിസ്റ്റുമായ ഡോ. തമ്പാന്‍ മേലത്ത് എന്ന കാസര്‍കോട്ടുകാരന്‍ തന്‍െറ അന്‍റാര്‍ട്ടിക്കന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

കേരളത്തിന്‍െറ ഒരറ്റത്തുനിന്ന് ഭൂമിയുടെ അറ്റത്തേക്ക്... എങ്ങനെ അന്‍റാര്‍ട്ടിക്കന്‍ യാത്ര സാധ്യമായി
ചിലപ്പോള്‍ എനിക്കുതന്നെ അദ്ഭുതമാണ്, കാസര്‍കോട്ടെ ഒരു കുഗ്രാമമായ കാറട്ക്കയില്‍നിന്ന് 20 കൊല്ലത്തിലേറെയായി പല നാടുകളും കറങ്ങി അവസാനം അധികമാരും പോകാന്‍ ശ്രമിക്കാത്ത ഏറ്റവും ഭ്രമാത്മകമായ ഒരു സ്ഥലത്ത് ചെന്നെത്തുക. അതുതന്നെ പ്രവര്‍ത്തന മേഖലയാക്കുക. ഒരുതരം മാജിക്കല്‍ റിയലിസമാണ് അത്. കഴിഞ്ഞ 35 വര്‍ഷമായി ഇന്ത്യ അന്‍റാര്‍ട്ടിക്കയിലേക്ക് ശാസ്ത്ര ഗവേഷണ സംഘങ്ങളെ അയക്കാറുണ്ട്.  ഇന്ത്യക്കവിടെ സ്വന്തമായി ഇപ്പോള്‍ രണ്ട് സ്ഥിരമായിട്ടുള്ള സ്റ്റേഷനുകളുണ്ട് -മൈത്രി, ഭാരതി. മൈത്രി 1989ലാണ് നിര്‍മിച്ചത്. ഭാരതി 2011ലും. ഇതിനുമുമ്പേ ഇന്ത്യക്ക് ദക്ഷിണ്‍ ഗംഗോത്രി എന്ന ഒരു സ്റ്റേഷന്‍ ഉണ്ടായിരുന്നു. 1983ല്‍ ആണിത് നിര്‍മിച്ചത്. പക്ഷേ, ഈ സ്റ്റേഷന്‍ 1990 ആയപ്പോഴേക്ക് മഞ്ഞുമൂടി ഉപയോഗശൂന്യമായി. ഞാന്‍ ജോലിചെയ്യുന്ന ഗോവയിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ അന്‍റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിനാണ് (NCAOR) ഇപ്പോഴുള്ള സ്റ്റേഷനുകളുടെ മേല്‍നോട്ടച്ചുമതല. കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ കീഴിലുള്ള ഭൂശാസ്ത്ര മന്ത്രാലയത്തിനു കീഴിലാണ് ഈ ഗവേഷണ സ്ഥാപനം. ശാസ്ത്ര ഗവേഷണങ്ങളുടെ ഭാഗമായി ഉത്തര-ദക്ഷിണ ധ്രുവങ്ങളിലേക്കും ഹിമാലയ സാനുക്കളിലേക്കും പോകേണ്ടി വരാറുണ്ട്.

ഗോവയില്‍ കഴിഞ്ഞ 24 വര്‍ഷമായി ധ്രുവസമുദ്ര ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷകനായിരിക്കെ പലതവണ അന്‍റാര്‍ട്ടിക്കയില്‍ പോയിട്ടുണ്ട്. എന്‍െറ ഗവേഷണ മേഖലതന്നെ അന്‍റാര്‍ട്ടിക്കയിലെ കാലാവസ്ഥ വ്യതിയാനത്തെയും അത് മഞ്ഞുപാളികളില്‍ എങ്ങനെ രേഖപ്പെടുത്തുന്നുണ്ടെന്നും മനസ്സിലാക്കാനാണ്. ഞാന്‍ നയിക്കുന്ന ഗവേഷക സംഘം അന്‍റാര്‍ട്ടിക്കയില്‍ പലതരം പഠനങ്ങള്‍ നടത്തുന്നുണ്ട്. അതിലൊന്ന്, ഹിമമേഖലയിലെ കാലാവസ്ഥ പുനഃസ്ഥാപനത്തെ കുറിച്ചുള്ളതാണ്. ഇതിനായി അന്‍റാര്‍ട്ടിക് ഹിമപാളികള്‍ ഒരു നിശ്ചിത ആഴത്തില്‍ ഖനനം ചെയ്തെടുക്കുന്നു.  ഇങ്ങനെ ഖനനം ചെയ്തെടുക്കുന്ന ഐസ് പ്രത്യേക കോള്‍ഡ് കണ്ടയ്നറുകളിലാക്കി ഇന്ത്യയിലെത്തിക്കുകയാണ് പതിവ്. ഗോവയില്‍ ഇതു പഠിക്കാന്‍ പ്രത്യേക ലബോറട്ടറി തന്നെയുണ്ട്. പല കാലങ്ങളുടെ കാലാവസ്ഥകളുടെ ചരിത്രരേഖകളുടെ കലവറയാണ് ഹിമപാളികള്‍. കാലാവസ്ഥ മാപിനികളില്ലാത്ത കാലത്തെ വ്യതിയാനങ്ങളുടെ അടയാളങ്ങളാണ് ഈ മഞ്ഞുപാളികളില്‍ ലിഖിതം ചെയ്തിരിക്കുന്നത്.  

അര്‍ധരാത്രിയില്‍ ഉദിച്ചുനില്‍ക്കുന്ന സൂര്യന്‍-അന്‍റാര്‍ട്ടിക്കയില്‍നിന്നുള്ള ദൃശ്യം
 


ഗവേഷക യാത്രയുടെ മുന്നൊരുക്കങ്ങള്‍, ഇത്തവണത്തെ യാത്രാസംഘത്തെക്കുറിച്ച്
ഇത്തവണത്തെ അന്‍റാര്‍ട്ടിക്കന്‍ പര്യടനം മാഡ്ഐസ് (MADICE) എന്ന ഇന്തോ നോര്‍വീജിയന്‍ പ്രോജക്ടിന്‍െറ ലീഡറായിട്ടായിരുന്നു. ഈ പ്രോജക്ടിന്‍െറ പ്രധാന ലക്ഷ്യം ഇവിടത്തെ ഹിമതീരങ്ങളും (Ice shelf) ഹിമമലകളും (Ice rise) എത്രമാത്രം സ്ഥായിയാണെന്നും, അവ വലിയ ഹിമപാളികളെ എങ്ങനെ പിടിച്ചു നിര്‍ത്തുന്നുവെന്നും പഠിക്കുകയാണ്. ഭൗമതാപനം കാരണം അന്‍റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ കുറേശ്ശെയായി അടര്‍ന്ന് കടലിലെത്തുന്നുണ്ട്. ഇത് കടല്‍നിരപ്പ് ഉയര്‍ത്താനും അതുവഴി ആഗോളമായ മാറ്റങ്ങള്‍ക്കും കാരണമാകും. ഹിമമലകളും ഹിമതീരങ്ങളുമാണ് വലിയ ഹിമപാളികളുടെ കടലിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അതിനെ ഗവേഷണ വിഷയമാക്കുന്നതും.

ഈ വര്‍ഷത്തെ പര്യടനത്തില്‍ 10 ഇന്ത്യക്കാരും നാല് നോര്‍വീജിയന്‍കാരുമാണ് ഉണ്ടായിരുന്നത്. കൊല്ലം സ്വദേശിയായ ഡോ. ലാലുരാജ്, ഹിമാചല്‍ സ്വദേശി ഡോ. ഭാനു പ്രതാപ്, തമിഴ്നാട് സ്വദേശി ഡോ. മഹാലിങ്കനാഥന്‍, ഗോവയില്‍നിന്നുള്ള പ്രശാന്ത് രേധ്കര്‍. കൂടാതെ ‘മൈത്രി’യില്‍നിന്ന് സാങ്കേതിക വിദഗ്ധരായ അഞ്ചുപേരും ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തലശ്ശേരി സ്വദേശി കെ.എം. വേണുഗോപാലനായിരുന്നു. ഇത്തവണത്തെ പ്രോജക്ട് രണ്ട് ഗവണ്‍മെന്‍റിന്‍െറയും സാമ്പത്തിക സഹായത്തോടെയുള്ള അന്താരാഷ്ട്ര സംരംഭമാണ്. നോര്‍വീജിയന്‍ ധ്രുവഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് ആയ ഡോ. കെന്നി മല്‍സുവോക ആണ് നോര്‍വീജിയന്‍ ടീം ലീഡര്‍. ജപ്പാന്‍ പൗരനാണ് കെന്നി. സ്വീഡനിലെ ഡോ. കാതറിന്‍ ലിന്‍ഡ്ബാക്ക്, യു.കെയിലെ ഹാര്‍വി ഗുഡ്വിന്‍, നോര്‍വേയിലെ തോമസ് ബേണ്‍സെന്‍ എന്നിവരാണ് നോര്‍വീജിയന്‍ ടീമംഗങ്ങള്‍. ഇവര്‍ ഓരോരുത്തരും വെവ്വേറെ രാജ്യക്കാരാണെന്നതാണ് ഒരുകാര്യം. മറ്റൊന്ന് ചെറിയ രാജ്യമായിട്ടും ആ രാജ്യങ്ങള്‍ സാങ്കേതിക വിദ്യയിലെല്ലാം എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കേണ്ട കാര്യമാണ്. പ്രോജക്ടിലെ പെണ്‍ സാന്നിധ്യമാണ് മറ്റൊന്ന്. ഹിമപഠനം (Glaciology) പോലെ ശാരീരികക്ഷമത ഏറെ വേണ്ട ജോലികളില്‍പോലും സ്ത്രീകള്‍ ഒട്ടും പിറകിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു സംഘത്തിലെ ഏക വനിത അംഗമായ കാതറിന്‍ ലിന്‍ഡ് ബാക്കിന്‍െറ കഴിവും കഠിനാധ്വാനവും.

അന്‍റാര്‍ട്ടിക്കന്‍ യാത്രക്ക് നിരവധി മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ആദ്യത്തേത് ടീം സെലക്ഷന്‍. അതുകഴിഞ്ഞാല്‍ പിന്നെ വിശദമായ വൈദ്യപരിശോധനയാണ്. സൈക്കോളജിക്കല്‍ ടെസ്റ്റുകളുമുണ്ട്. ചെറിയ പ്രശ്നങ്ങളുണ്ടെങ്കില്‍പോലും അണ്‍ഫിറ്റ് രേഖപ്പെടുത്തും. അന്‍റാര്‍ട്ടിക്കന്‍ സ്റ്റേഷനില്‍ ഡോക്ടറുണ്ടാവുമെങ്കിലും സര്‍ജറി പോലുള്ളവ സാധ്യമല്ല. മെഡിക്കല്‍ ടെസ്റ്റ് പാസായാല്‍ പിന്നെ ഹിമാലയത്തില്‍വെച്ചുള്ള പരിശീലനത്തിന്‍െറ കടമ്പയാണ്. അന്‍റാര്‍ട്ടിക്കയിലെ ഒരു പ്രശ്നം ഹിമക്കൊടുങ്കാറ്റാണ്. അതില്‍ ഒറ്റപ്പെട്ടു പോയാല്‍ ക്യാമ്പിലേക്ക് മടങ്ങിയെത്താനുള്ള പരിശീലനവും നേടണം.

ഇന്ത്യയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്കുള്ള യാത്രാമാര്‍ഗം? സ്പര്‍ശിച്ച അനുഭവങ്ങള്‍
ഇന്ത്യയില്‍നിന്ന് അന്‍റാര്‍ട്ടിക്കയിലേക്കുള്ള യാത്ര പണ്ട് കടല്‍മാര്‍ഗം മാത്രമേ സാധ്യമായിരുന്നുള്ളൂ. ഗോവയില്‍നിന്ന് കടല്‍മാര്‍ഗം അന്‍റാര്‍ട്ടിക്കയിലത്തൊന്‍ ഏതാണ്ട് ഒരുമാസമെടുക്കും. 2006ല്‍ ഞാന്‍ അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. സമയം ലാഭിക്കാനായി ഇപ്പോള്‍ ചില ചെറു സംഘങ്ങളായി വിമാനമാര്‍ഗം സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലേക്കും പിന്നെ അവിടെനിന്ന് കടല്‍മാര്‍ഗം എട്ടുദിവസം അതല്ലെങ്കില്‍ പ്രത്യേകം ചാര്‍ട്ടര്‍ചെയ്യുന്ന കാര്‍ഗോ ഫ്ലൈറ്റില്‍ എട്ടുമണിക്കൂര്‍ യാത്ര ചെയ്തും അന്‍റാര്‍ട്ടിക്കയില്‍ എത്താം. ഇത്തരം ഫ്ലൈറ്റുകള്‍ ലാന്‍ഡ് ചെയ്യാന്‍വേണ്ടി പല രാജ്യങ്ങളുംചേര്‍ന്ന് അവിടെ ഹിമ റണ്‍വേയും ഉണ്ടാക്കിയിട്ടുണ്ട്. ആദ്യമായി തെക്കന്‍ സമുദ്രത്തില്‍ യാത്ര ചെയ്തപ്പോള്‍  തൊട്ടുമുന്നില്‍ ഹിമാനികള്‍ കണ്ടതിന്‍െറ ആശ്ചര്യത്തിലായിരുന്നു ഞാന്‍. പക്ഷേ, അത് അധികം നീണ്ടുനിന്നില്ല. 55 ഡിഗ്രി സൗത്ത് കഴിഞ്ഞ ഉടനത്തെന്നെ കാലാവസ്ഥ മാറിമറിയാന്‍ തുടങ്ങി. കൊടുങ്കാറ്റില്‍പെട്ട് മഞ്ഞുപാളികള്‍ക്കടുത്ത് കപ്പല്‍ ഒരു കളിപ്പാട്ടംപോലെ ആടിയുലഞ്ഞു. അന്‍റാര്‍ട്ടിക്കന്‍ യാത്രികര്‍ക്ക് എന്നും പേടിസ്വപ്നം തന്നെയാണ് സോണ്‍ ഓഫ് ഫ്യൂരിയസ് ഫിഫ്റ്റീസ്. കാലാവസ്ഥ എങ്ങനെ മാറിമറിയുമെന്ന് പ്രവചിക്കാന്‍പോലും ആകാത്ത സ്ഥലം.

കപ്പല്‍ യാത്രക്കുശേഷമുള്ള പര്യടനം ചെറുവിമാനത്തിലായിരുന്നു. ഫ്ലൈറ്റ് ലാന്‍ഡ് ചെയ്ത് പുറത്തിറങ്ങി മഞ്ഞുപാളികളില്‍ കാലുകുത്തിയപ്പോള്‍ തോന്നിയത് ഒരുതരം സ്ഥലകാല വിഭ്രമമാണ്. മറ്റേതോ ഗ്രഹത്തില്‍ കാലുകുത്തിയതുപോലെ, ശരിക്കും ഒരു അദ്ഭുതലോകം. അന്തരീക്ഷ മലിനീകരണം തീരെ ഇല്ലാത്തതു കൊണ്ടുതന്നെ അന്തരീക്ഷത്തില്‍ മഞ്ഞുമൂടാത്ത സമയങ്ങളില്‍ ചിലപ്പോള്‍ 200, 300 കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥലങ്ങള്‍പോലും വ്യക്തമായി കാണാം. ഇന്ത്യയുടെ ആദ്യ ദക്ഷിണധ്രുവ പര്യടനത്തില്‍ ഞാനും അംഗമായിരുന്നു. ആകെ എട്ടുപേര്‍. നമ്മുടെ സ്റ്റേഷന്‍ അന്‍റാര്‍ട്ടിക്കയുടെ തുടക്കമാണെങ്കില്‍ ദക്ഷിണ ധ്രുവം ഭൂമിയുടെ ഏറ്റവും തെക്കേ അറ്റമാണ്. 2010ല്‍ ഏതാണ്ട് 21 ദിവസം നീണ്ടുനിന്ന 2000 കിലോമീറ്റര്‍ ഹിമ പര്യടനം. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കഠിനമായ തണുപ്പും കാറ്റും കാരണം പ്ലാന്‍ ചെയ്ത പോലെ ഒരുകാര്യവും നടന്നില്ല. മനുഷ്യന്‍െറ അടിസ്ഥാന ആവശ്യങ്ങള്‍ എത്രത്തോളം മഹത്തരമാണെന്ന് മനസ്സിലാക്കിത്തന്നത് ഒരുപക്ഷേ, ആ യാത്രയായിരിക്കാം. വെള്ളം, ഭക്ഷണം, വസ്ത്രം, താമസം എന്നിവയുടെ വില മനസ്സിലാക്കിയ ദിവസങ്ങള്‍. അന്‍റാര്‍ട്ടിക്കയില്‍ യാത്രചെയ്യാന്‍ പ്രധാനമായും വലിയ ട്രാക്ക് ഘടിപ്പിച്ച ഹിമവാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

അന്‍റാര്‍ട്ടിക്കയിലെ പകലും രാത്രിയും, ചൂടും തണുപ്പും
ദക്ഷിണ ധ്രുവത്തിനടുത്ത് കിടക്കുന്നതുകൊണ്ട് ഇവിടത്തെ രാത്രികളും പകലുകളും നമ്മുടേതുപോലെയല്ല. നമ്മുടെ ശരത്-ശിശിര കാലങ്ങളാണിവിടെ ഗ്രീഷ്മം. അന്‍റാര്‍ട്ടിക്കന്‍ വേനല്‍ക്കാലം എന്നും പകലുകളാണ്. സൂര്യനസ്തമിക്കാത്ത കാലം. ആറുമാസത്തോളം രാത്രി ഇല്ളെന്നുതന്നെ പറയാം. ആദ്യമായി അന്‍റാര്‍ട്ടിക്കയിലെത്തുന്നവരെ അദ്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതും ഈ സൂര്യന്‍െറ ഉറക്കമില്ലാത്ത പ്രകടനമാണ്. പലര്‍ക്കും ആദ്യദിനങ്ങള്‍ ഉറങ്ങാനും ബുദ്ധിമുട്ടുണ്ടാവും. അര്‍ധരാത്രിയിലെ സൂര്യന്‍ ഒരു അനുഭവംതന്നെയാണ്. ഓസോണ്‍ പാളികള്‍ക്കുള്ള വിള്ളലുകള്‍ കാരണം അന്‍റാര്‍ട്ടിക്കയില്‍ അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഏറ്റവും കൂടുതലാണ്. പെട്ടെന്ന് സൂര്യാതപവും സംഭവിക്കാം. അള്‍ട്രാ വയലറ്റ് പ്രൊട്ടക്ഷന്‍ ഉള്ള സണ്‍ഷേഡ് ധരിക്കാതെ പുറത്തിറങ്ങാനാവില്ല. അന്‍റാര്‍ട്ടിക്കയൊരു തണുത്ത മരുഭൂമിയാണ്. ചില സ്ഥലങ്ങളില്‍ തണുപ്പ് മൈനസ് 90 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ഹിമതീരത്തെ പകലുകള്‍ക്ക് ചൂടുകൂടി ഐസ് ഉരുകും. പലയിടത്തും അത് ചെറു അരുവികളായി മാറും. അതുകൊണ്ട് രാത്രികളിലാണ് കൂടുതലും ഞങ്ങള്‍ ഡ്രില്ലിങ് വര്‍ക്ക് ചെയ്യുന്നത്. ശരത്കാലങ്ങളിലെ വെളിച്ചമില്ലായ്മ ജീവിതഗതിയുടെ താളം തെറ്റിച്ചേക്കും. ചിലപ്പോഴത് ഡിപ്രഷന് വരെ കാരണമാകാം.  

ഇന്തോ-നോര്‍വീജിയന്‍ ഗവേഷക സംഘം മൈത്രി സ്റ്റേഷനു മുന്നില്‍
 


അന്‍റാര്‍ട്ടിക്കയിലെ ജീവിതം, ബുദ്ധിമുട്ടുകള്‍
ഇന്ത്യയുടെ നാലരയിരട്ടി വലുപ്പമുള്ള ഭൂഖണ്ഡമാണ് അന്‍റാര്‍ട്ടിക്ക. അതിന്‍െറ 98 ശതമാനവും മഞ്ഞുമാത്രം. ചില സ്ഥലങ്ങളില്‍ മഞ്ഞുപാളികളുടെ കട്ടി നാലു കിലോമീറ്ററിലധികം വരും. ആര്‍ട്ടിക് പ്രദേശത്തെപ്പോലെയല്ല അന്‍റാര്‍ട്ടിക്ക. ആര്‍ട്ടിക്കില്‍ അന്‍റാര്‍ട്ടിക്കയെക്കാള്‍ തണുപ്പ് കുറവാണ്. പിന്നെ യൂറോപ്പുമായി അടുത്തുകിടക്കുന്നതുകൊണ്ട് യാത്ര സൗകര്യങ്ങളും ഭേദപ്പെട്ടതാണ്. ആര്‍ട്ടിക് പ്രദേശങ്ങളില്‍ ‘ഇന്യൂട്ട്’ (eskimo) വിഭാഗത്തിലുള്ളവര്‍ താമസിച്ചു വരുന്നുണ്ട്. കൂടാതെ ധ്രുവക്കരടികളും മറ്റു ജീവികളും അധിവസിക്കുന്നുണ്ട്. എന്നാല്‍, അന്‍റാര്‍ട്ടിക്കയിലുള്ളത് പെന്‍ഗ്വിനുകളും പിന്നെ ഗവേഷണത്തിനായി തങ്ങുന്ന ഞങ്ങളെപ്പോലുള്ളവരും മാത്രമാണ്.

പ്രകൃതിയോട് ഒരിക്കലും ഏറ്റുമുട്ടാന്‍ നോക്കരുത് എന്നതാണ് ഇവിടത്തെ നിയമം. പ്രകൃതിയുടെ ഒരു ഭാഗമാകാന്‍ നോക്കണം. ഒരിക്കലും ഒറ്റക്ക് പുറത്തുപോകരുതെന്നതാണ് അന്‍റാര്‍ട്ടിക്കയിലെ എഴുതപ്പെടാത്ത നിയമം. ‘ബഡ്ഡി സിസ്റ്റം’ ആണ് അവിടെ. പുറത്തിറങ്ങുമ്പോള്‍ ഒരാളെങ്കിലും നമ്മുടെ കൂടെയുണ്ടാവണം. ആശയവിനിമയ സംവിധാനവും കൈയിലുണ്ടാകണം. അടിക്കടി മാറുന്ന കാലാവസ്ഥയാണ്  അന്‍റാര്‍ട്ടിക്കയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് എന്ന് മനസ്സിലാക്കണം. ഒരു കാറ്റടിച്ചാല്‍ മഞ്ഞുപടലങ്ങള്‍ പടരും, മരുഭൂമിയിലെ മണല്‍ക്കാറ്റുപോലെ. അഞ്ചുമീറ്റര്‍ അപ്പുറത്തുള്ളവരെപ്പോലും ചിലപ്പോള്‍ കാണാന്‍പറ്റാതാവും. ഞങ്ങളെപ്പോലുള്ള ജോലികള്‍ ചെയ്യുന്നവര്‍ നേരിടുന്ന മറ്റൊരു അപകടമുണ്ട് -‘ഹിമ വിള്ളലുകള്‍.’ വളരെ സുന്ദരമായി കിടക്കുന്ന ഹിമപാളികളില്‍ ഒരുപാട് ചതിക്കുഴികളുണ്ട്. മുകളില്‍നിന്ന് നോക്കുമ്പോള്‍ ഒന്നും കാണില്ല, വെറും പരന്നുകിടക്കുന്ന മഞ്ഞുമാത്രം. സൂക്ഷിച്ചില്ളെങ്കില്‍ വീഴുന്നത് ചിലപ്പോള്‍ തിരിച്ചുവരാന്‍ പറ്റാത്ത ആഴങ്ങളിലേക്കാകും.

പഠനം, ജോലി, നേട്ടങ്ങള്‍
നിലവില്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ അന്‍റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍ സീനിയര്‍ സയന്‍റിസ്റ്റ്  ആയി ജോലിചെയ്തുവരുകയാണ്. ഇന്ത്യയില്‍ ആദ്യമായി അന്‍റാര്‍ട്ടിക് ഐസ് കോര്‍ ഉപയോഗിച്ചുള്ള പഠനശാഖ ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. ഇതിലേക്കായി, 2002ല്‍, ഗോവയില്‍ ഇന്ത്യയിലെ ആദ്യത്തെ ഐസ് കോര്‍ ലബോറട്ടറിയും സ്ഥാപിക്കാനായി. 2016ല്‍ ഇന്ത്യയുടെ ഹൈ അള്‍ട്ടിറ്റ്യൂഡ് റിസര്‍ച് സ്റ്റേഷനായ ‘ഹിമാന്‍ഷ്’ ഹിമാലയത്തില്‍ സ്ഥാപിക്കാന്‍ നേതൃത്വം വഹിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. 13,500 അടി ഉയരത്തിലാണ് ഹിമാന്‍ഷ് സ്ഥാപിച്ചിരിക്കുന്നത്. കാസര്‍കോട് ഗവ. കോളജില്‍നിന്ന് ജിയോളജിയില്‍ ബിരുദമെടുത്ത ശേഷം കുസാറ്റില്‍നിന്ന് മറൈന്‍ ജിയോളജിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. യു.ജി.സിയുടെ CSIR നെറ്റ് സ്കോളര്‍ഷിപ്പോടെ ഗോവയില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയില്‍ പിഎച്ച്.ഡി ചെയ്തു. പിന്നെ ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഗവേഷണം. ജര്‍മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വിസ് ഫെലോഷിപ്, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്‍െറ യങ് സയന്‍റിസ്റ്റ് അവാര്‍ഡ്, ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സിന്‍െറ സ്റ്റാര്‍ട്ട് യങ് സയന്‍റിസ്റ്റ് അവാര്‍ഡ്, ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ നാഷനല്‍ ജിയോ സയന്‍സ് അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്. എന്നാലും നമ്മുടെ എല്ലാ നേട്ടങ്ങള്‍ക്കും കുറെ പങ്ക് കുടുംബത്തിനുള്ളതാണ്.                        

Tags:    
News Summary - Dr. Thamban Meloth, Scientist in Antarctica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.