????? ???

നിറങ്ങളെ പ്രണയിക്കുന്നവൻ

പ്രവാസഭൂമിയില്‍ ചിത്രകാരന് ലഭിക്കുന്ന അംഗീകാരമാണ് കോഴിക്കോട് വടകര സ്വദേശിയായ രജീഷ് രവിയെ ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലെ ആര്‍ട്ട് ഗാലറിയിലെത്തിച്ചത്. ഖത്തറിന്‍െറ സംസ്കാരവും പൈതൃകവും കാന്‍വാസിലേക്ക് ഒപ്പിയെടുക്കാനുള്ള ഭാഗ്യമാണ് രജീഷിനെ തേടിയെത്തിയത്. അന്നം നല്‍കുന്ന രാജ്യത്തിന്‍െറ സംസ്കാരവും സൗന്ദര്യവും  നിറക്കൂട്ടുകളില്‍ ചാലിച്ചെടുക്കാനായി സര്‍ക്കാറിന്‍െറ പിന്തുണ ലഭിക്കുന്നത് തനിക്കും ഒപ്പം മറ്റു പ്രവാസി കലാകാരന്മാര്‍ക്കുമുള്ള അംഗീകാരമായി രജീഷ് കാണുന്നു.

രജീഷ് രവിയുടെ ഒരു രചന
 


യാഥാര്‍ഥ്യത്തിന്‍െറ നേര്‍ക്കാഴ്ചകളാണ് രജീഷിന്‍െറ ഓരോ സൃഷ്ടിയും. ഖത്തറിന്‍െറ കല, സാഹിത്യം, സാംസ്കാരിക ചരിത്രം, പൗരാണികത, സിനിമ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഭൗതികലോകത്തെയും, ചിന്തകളും വികാരങ്ങളും അനുഭവങ്ങളുമെല്ലാം സമന്വയിപ്പിക്കുന്ന ആന്തരിക ലോകത്തെയും ബന്ധിപ്പിക്കുന്നതാണ് ഓരോ ചിത്രവും. പ്രവാസഭൂമിയുടെ പരിമിതികളില്ലാതെ ഒരു ചിത്രകാരന്‍െറ പൂര്‍ണസ്വാതന്ത്ര്യത്തോടെ രാജ്യത്തെ പഴയതും പുതിയതുമായ ഓരോ കാഴ്ചകളെയും ജീവിതമുഹൂര്‍ത്തങ്ങളെയും കാന്‍വാസില്‍ പകര്‍ത്തി വര്‍ണവിസ്മയം തീര്‍ക്കുകയാണ് രജീഷ്. ദേശവും നാടും മതവുമല്ല, അതിനുമൊക്കെ അപ്പുറം ഖത്തറിന്‍െറ കാഴ്ചകളെ നിറഭേദങ്ങളിലൂടെ വലിയ ഫ്രെയിമിലേക്ക് പകര്‍ത്തുന്നവരെന്ന അംഗീകാരമാണ് ആര്‍ട്സ് സെന്‍ററില്‍ രജീഷിനെപ്പോലുള്ള കലാകാരന്മാര്‍ക്ക് ലഭിക്കുന്നത്.

രജീഷ് രവിയുടെ ചിത്രങ്ങളിലൊന്ന്
 


കഴിഞ്ഞ 10 വര്‍ഷമായി വര്‍ണങ്ങളുടെ ലോകത്ത് സജീവ സാന്നിധ്യമായിരുന്നെങ്കിലും താനൊരു ചിത്രകാരനാണെന്ന് രജീഷ് സ്വയം അംഗീകരിച്ചത്  സൂഖ് വാഖിഫിലെത്തിയശേഷമാണ്. ഖത്തറി ഹോഷ് ആര്‍ട്സ് ഗാലറിയിലാണ് രജീഷെന്ന ചിത്രകാരന്‍െറ പ്രവാസജീവിതം തുടങ്ങുന്നത്. ഹോഷ് ആര്‍ട്സില്‍ ആര്‍ട്ട് കോഓഡിനേറ്ററായാണ് തുടക്കം. വിദേശ രാജ്യങ്ങളിലെ ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനത്തിന്‍െറ കോഓഡിനേറ്ററായിരുന്നു രജീഷ്. ഇതിനിടയില്‍ സമയം കിട്ടുമ്പോഴൊക്കെ ഓയില്‍ പെയിന്‍റിങ്, പെന്‍സില്‍ ഡ്രോയിങ് തുടങ്ങി കലാസംബന്ധമായ ക്ലാസുകളെടുക്കുകയും ചെയ്തിരുന്നു. ഒപ്പം നിരവധി പ്രദര്‍ശനത്തിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രവാസഭൂമിയില്‍ കലാകാരന് ലഭിക്കുന്ന അംഗീകാരം തിരിച്ചറിഞ്ഞതോടെയാണ് താന്‍ ചിത്രരചനയെ ഗൗരവമായി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് രജീഷ് പറയുന്നു. തന്‍െറ ചിത്രങ്ങള്‍ മറ്റുള്ളവരുടെ അംഗീകാരവും പ്രശംസയും പിടിച്ചുപറ്റിയതോടെയാണ് തന്നിലെ ചിത്രകാരനെ താന്‍തന്നെ അറിഞ്ഞുതുടങ്ങിയതെന്നും ഗാലറിയിലെത്തുന്ന സ്വദേശികളും വിദേശികളും ഒരു പ്രവാസി എന്നതിനേക്കാള്‍ സഹോദരനായി തന്നെ കാണുന്നത് താനൊരു ചിത്രകാരനായതു കൊണ്ടാണെന്നും രജീഷ് പറയുന്നു.

രജീഷ് രവിയുടെ ചിത്രം
 

പോര്‍ട്രേറ്റുകള്‍ വരക്കുന്നതിലാണ് രജീഷ് അഗ്രഗണ്യന്‍. ഇന്ത്യക്കാരനാണെങ്കിലും ഖത്തറിന്‍െറ സംസ്കാരം പൂര്‍ണമായും ഉള്‍ക്കൊണ്ട് അവക്ക് നിറം നല്‍കാന്‍ കഴിയുന്നുവെന്നതാണ് രജീഷിന്‍െറ പ്രത്യേകത. വര്‍ണങ്ങളില്‍ ചിത്രം ചാലിച്ചെടുക്കുന്ന കല ഖത്തരികള്‍ക്ക് പുതുമയായതിനാല്‍ ഈ ചിത്രങ്ങള്‍ പുതിയ അനുഭവമാകുന്നു. ഇത്തരത്തില്‍ പൂര്‍ണ പിന്തുണയാണ് ആര്‍ട്ട് ഗാലറി അധികൃതരും സ്വദേശികളും  തനിക്ക് നല്‍കുന്നതെന്ന് രജീഷ്. നിറങ്ങളില്‍ പരീക്ഷണം നടത്തുന്നതിലാണ് രജീഷിന് ഏറെ താല്‍പര്യം. രജീഷിന്‍െറ കലാശേഖരത്തിലെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ യൂറോപ്പില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലും ആര്‍ട്ട് ഗാലറിയില്‍ എത്തുന്നത്. മുന്നില്‍കൂടി കടന്നുപോകുന്ന എന്തും രജീഷിന് പ്രചോദനമാകുന്നുണ്ട്. ഒരു ആശയം ഏതിലാണ് കൂടുതല്‍ പ്രകടമാക്കാന്‍ കഴിയുന്നതെന്ന് മനസ്സിലാക്കിയ ശേഷമാണ് അതിന്‍െറ മാധ്യമം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റായാലും കളര്‍ ചിത്രമായാലും മനസ്സിലെ ആശയത്തിന് അല്ലെങ്കില്‍ കാഴ്ചക്ക് പൂര്‍ണതയും അര്‍ഥവും കൈവരുന്നത് ഏതു മാധ്യമത്തിലൂടെയാകുമെന്ന് സ്വയം വിലയിരുത്തിയ ശേഷമാകണം  ആശയം വരച്ചുകാട്ടാനെന്നാണ് രജീഷിന്‍െറ പക്ഷം.

രജീഷ് രവിയുടെ ചിത്രങ്ങളിലൊന്ന്
 

ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ഒരു ചിത്രത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് അമൂര്‍ത്തകല ജനിക്കുന്നത്. അമൂര്‍ത്ത കലയിലാണ് കൂടുതല്‍ പരീക്ഷണം നടത്താന്‍ കഴിയുന്നത്. ബോള്‍പെന്‍, ചാര്‍കോള്‍ പൗഡര്‍ ഉപയോഗിച്ചും പെന്‍സില്‍ തുടങ്ങി ഏതു മാധ്യമമായാലും അവക്ക് അതിന്‍േറതായ മനോഹാരിതയും വ്യത്യസ്തതയുമുണ്ടെന്ന് രജീഷ്. തന്‍െറ ഓരോ ചിത്രവും തനിക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ലവ് എന്ന ചിത്രമാണ് സ്വയമറിയാതെ വരച്ച് പൂര്‍ത്തിയാക്കിയതെന്നും രജീഷ് മനസ്സ് തുറക്കുന്നു. ഇന്‍സൈറ്റ്, തീര്‍ഥാടനം, അവശേഷിപ്പ്, സൂഖ് വാഖിഫ്, കോണ്‍വര്‍സേഷന്‍, പോയറ്റ്, മൊമെന്‍റ്സ്, ഹണ്ട്, ലവര്‍, ട്രഡീഷന്‍, വോയേജ് തുടങ്ങിയവ രജീഷിന്‍െറ ശേഖരത്തിലെ ചിലതാണ്. വര്‍ണവിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രകലയുടെ ലോകത്ത് കൂടുതല്‍ വ്യത്യസ്തവും മനോഹരവുമായ പരീക്ഷണങ്ങള്‍ തീര്‍ക്കാനുള്ള തയാറെടുപ്പിലാണ് രജീഷ്.

Tags:    
News Summary - Artist Rajeesh Ravi in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.