??. ???????????

നടന സാരഥി

കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാനതല അമച്വര്‍ നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മലപ്പുറം കൊളത്തൂര്‍ സ്വദേശി എം. പാര്‍ഥസാരഥിയാണ്. ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിച്ച ‘കാളഭൈരവന്‍’ എന്ന നാടകത്തിലെ അഭിനയത്തിനാണ് പാര്‍ഥസാരഥിയെ തേടി അംഗീകാരമെത്തിയത്. അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ രംഗവേദിയില്‍ രണ്ട് പതിറ്റാണ്ടായി സജീവമാണ് ഈ കലാകാരന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 35ഓളം നാടകങ്ങള്‍ ഒരുക്കി. അത്ര തന്നെ നാടകങ്ങളില്‍ നൂറുകണക്കിന് വേദികളില്‍ അദ്ദേഹത്തിന്‍െറ വേഷപ്പകര്‍ച്ച കണ്ടു.

ചെറുങ്ങോരന്‍, മറുമരുന്ന്, സുതാര്യ വിളയാട്ടം, കുന്താപ്പി ഗുലു-ഗുലു, ചോര്‍ച്ചവിളയാട്ടം, ക്ലാവര്‍ റാണി, ഡോക്ടര്‍ കചന്‍, മതിലുകള്‍ക്കപ്പുറം തുടങ്ങിയവ സംവിധാനം ചെയ്തവയില്‍പെടും. നഗരവധു, ഓരോരോ കാലത്തിലും, കൂട്ടുകൃഷി, വന്നന്ത്യേ കാണാം, നാലുകെട്ട്, ബോണ്‍സായ്, കാളഭൈരവന്‍ തുടങ്ങി 35ഓളം നാടകങ്ങളില്‍ വേഷമിട്ടു. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടക ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കി. ചെറുകാടിന്‍െറ ചെറുകഥയെ ആസ്പദമാക്കി ‘ഊണിന് 4 അണ മാത്രം’ എന്ന ഏകപാത്ര നാടകം ഇപ്പോഴും കളിച്ചുവരുന്നു. 2014ല്‍ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സുദേവന്‍െറ ‘ക്രൈം നമ്പര്‍ 89’ ല്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. പാര്‍ഥസാരഥി സംസാരിക്കുന്നു:

‘കാളഭൈരവന്‍’ നാടകസംഘം
 


അനുഭവങ്ങള്‍ തിയറ്റര്‍ ആകുംവിധം

സ്കൂള്‍കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുകയോ വേദിയില്‍ കയറുകയോ ചെയ്തിരുന്നില്ല. എന്നാല്‍, വളരെ യാദൃച്ഛികമായ തിയറ്റര്‍ അനുഭവങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. കുട്ടിക്കാലത്ത് നാട്ടിലെ ഉത്സവവും അയ്യപ്പന്‍ വിളക്കും കഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളുടെ വക സമാന്തര ഉത്സവം അരങ്ങേറും. ചെണ്ടക്ക് പകരം തകരപ്പെട്ടിയില്‍ കൊട്ടി മേളക്കാര്‍, വാളിന് പകരം മുരിക്കിന്‍ വടിയും പിടിച്ച് വെളിച്ചപ്പാട്... കൊട്ടും പാട്ടുമായി ഊടുവഴികളിലും നാട്ടിടവഴികളിലും കുട്ടികള്‍ സജീവമാകും. അവധിക്കാലത്ത് കളിവീടുകളും കച്ചവട മുറികളുമാകും പ്രധാന വിനോദം. മുരിക്കിലയും പ്ലാവിലയുമൊക്കെയാകും പച്ചക്കറിക്ക് പകരം വില്‍പനക്ക് വെച്ചിരിക്കുക. ഒരാള്‍ കച്ചവടക്കാരനാകുമ്പോള്‍ മറ്റുള്ളവര്‍ സാധനം വാങ്ങാനെത്തുന്നവരാകും. ഒരുപക്ഷേ, നമ്മളിലെ അഭിനേതാവിനെ രൂപപ്പെടുത്തുന്നത് ഈ അനുഭവങ്ങളാകും. വെളിച്ചപ്പാടായും പീടികക്കാരനുമൊക്കെയായുള്ള സ്വാഭാവിക വേഷപ്പകര്‍ച്ചകള്‍.

കലാവഴിയിലേക്ക്

പ്രീഡിഗ്രി കാലത്താണ് നാട്ടിലെ വായനശാലയുമായി ബന്ധപ്പെടുന്നത്. വെറുതെ കൗതുകത്തിന് ചെല്ലുന്നതാണ് അന്ന് വായനശാലയില്‍. വൈകാതെ വായനശാല പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അറിയാതെ പല ഉത്തരവാദിത്തങ്ങളും വന്നുചേര്‍ന്നു. കലാ, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഇടക്കാലത്ത് ഒഡേസയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 16 എം.എം പ്രൊജക്ടറും സിനിമയുമായി പല നാടുകള്‍ കറങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്തുമായും അടുത്ത് പ്രവര്‍ത്തിച്ചു. പരിഷത്തിന്‍െറ ബാലവേദിയുടെ ചുമതലകള്‍ വന്നുചേര്‍ന്നു. വിവിധ ക്യാമ്പുകള്‍ക്കും പരിശീലനങ്ങള്‍ക്കും നേതൃത്വം കൊടുത്തു.

പാര്‍ഥസാരഥി ‘കാളഭൈരവന്‍’ നാടകത്തില്‍
 


കുട്ടികളുടെ നാടകക്കളരിയില്‍

പരിഷത്ത് ബാലവേദിയിലൂടെയാണ് കുട്ടികള്‍ക്കിടയിലെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. നാട്ടിലെ സ്കൂളുകളില്‍ പ്രച്ഛന്ന വേഷ മത്സരത്തിന് കുട്ടികളെ ഒരുക്കേണ്ട ഉത്തരവാദിത്തം വന്നുചേര്‍ന്നു. ഇതിനിടയിലാണ് സുഹൃത്ത് നാരായണന്‍ നാട്ടിലെ സ്കൂളില്‍ കുട്ടികള്‍ക്ക് നാടകം ചെയ്യാന്‍ വരുന്നത്. നാടകപ്രവര്‍ത്തനത്തിന്‍െറ തുടക്കം അതായിരുന്നു എന്ന് പറയാം. അന്ന് ഒമ്പതാം ക്ളാസ് പാഠപുസ്തകത്തിലുണ്ടായിരുന്ന ‘വൈറ്റ് വാഷിങ് ദ ഫെന്‍സ്’ ആണ് നാടകമാക്കിയത്. ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു അത്. ഇതിനിടെ തെരുവ് നാടകങ്ങളൊക്കെ ചെയ്തിരുന്നു. പ്രത്യേകിച്ചും സാക്ഷരത പ്രചാരണ കാലത്ത്. നാരായണന്‍െറ ഭാര്യ ശ്രീജ എഴുതിയ ‘നഗരവധു’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ശേഷം പൊന്നാനി നാടകവേദിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകം കൊളത്തൂര്‍ കൊണ്ടുവന്ന് കളിപ്പിച്ചു. ഗംഭീര നാടകമായിരുന്നു അത്. അതിലെ പറങ്ങോടന്‍ നായര്‍ എന്ന കഥാപാത്രം ശരിക്കും സ്വാധീനിച്ചു. പറങ്ങോടന്‍ നായരെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചു.

ആഗ്രഹിച്ച പോലെ ഈ കഥാപാത്രം എന്നെ തേടിയെത്തി. നാടക ജീവിതത്തിലെ വഴിത്തിരിവ് ആയി മാറി അത്. കുറേ വേദികളില്‍ കളിച്ചു, ഏറെ പ്രശംസയും ലഭിച്ചു. പിന്നീടാണ് തൃശൂര്‍ നാടക സംഘത്തിന്‍െറ ‘ചക്ക’ എന്ന നാടകത്തിലേക്ക് വിളിക്കുന്നത്. ഇക്കാലത്ത് തന്നെ എടരിക്കോട് ക്ലാരി യു.പിയിലെ സുഹൃത്ത് ബിജു എന്നെ കുട്ടികള്‍ക്ക് നാടകം ചെയ്യാന്‍ വിളിച്ചു. കുഞ്ഞുണ്ണി മാഷിന്‍െറ ചെറുങ്ങോരന്‍ ആണ് കുട്ടികള്‍ക്കായി ഒരുക്കിയത്. 60ഓളം കുട്ടികള്‍ ഒരേസമയം വേഷമിട്ട നാടകമായിരുന്നു അത്. തുടര്‍ന്ന് ഇതേ കുട്ടികളെ ഉള്‍പ്പെടുത്തി നാടകക്കളരിക്ക് രൂപം നല്‍കി. എന്‍െറ വിവാഹ ചടങ്ങില്‍ ഈ കുട്ടികള്‍ വന്ന് നാടകം കളിക്കുകവരെയുണ്ടായി. പുതുമയുള്ള അനുഭവം ആയിരുന്നു അത് എല്ലാവര്‍ക്കും.

പാര്‍ഥസാരഥിക്ക് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം
 


അവര്‍ ഹൈസ്കൂളില്‍ എത്തിയപ്പോള്‍ തുപ്പേട്ടന്‍ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ രചനയില്‍ ‘ ‘കുന്താപ്പി ഗുലു- ഗുലു’ എന്ന നാടകം ചെയ്തു. സ്കൂള്‍ നാടകങ്ങളുടെ പതിവുരീതികളെ പൊളിക്കുന്ന ഒന്നായിരുന്നു അത്. ഈ നാടകവുമായി എടരിക്കോട് പി.കെ. എം.എം.എച്ച്.എസ്.എസ് 2003 ല്‍ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എത്തി. സംസ്ഥാന കലോത്സവത്തില്‍ മികച്ച നടനുള്ള രണ്ട് പുരസ്കാരമാണ് ഇതില്‍ അഭിനയിച്ച കുട്ടികള്‍ക്ക് കിട്ടിയത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷം എടരിക്കോട് സ്കൂള്‍ സംസ്ഥാന കലോത്സവത്തില്‍ എത്തി. 2008ല്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് വേണ്ടി ഒരുക്കിയ നാടകം ‘ക്ലാവര്‍ റാണി’ സംസ്ഥാന ഹയര്‍സെക്കന്‍ഡറി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി.

കലോത്സവത്തിൽ നിന്ന് നാടകോത്സവത്തിലേക്ക്

കലോത്സവത്തില്‍ തുടങ്ങി കലോത്സവത്തില്‍ അവസാനിക്കുന്നതായിരുന്നില്ല നാടക പ്രവര്‍ത്തനം. എടരിക്കോട് സ്കൂളിലെ ഈ കുട്ടികളെ ഉള്‍പ്പെടുത്തി വിവിധ നാടകങ്ങള്‍ സൂര്യ ഫെസ്റ്റിവല്‍, 2010ല്‍ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവം എന്നിവയടക്കം നൂറിലധികം വേദികളില്‍ കളിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.പി സ്കൂള്‍ വിദ്യാര്‍ഥികളായി നാടകക്കളരിയില്‍ എത്തിയ ആ കുട്ടികള്‍ ഇന്നും നാടക രംഗത്തുണ്ട്. ലിറ്റില്‍ എര്‍ത്ത് തിയറ്റര്‍ ഗ്രൂപ് എന്ന പേരില്‍ ആ നാടക സംഘം ഇപ്പോഴും സജീവമാണ്. ഇതിനിടെ അഭിനേതാവ് എന്ന നിലയില്‍ ആറങ്ങോട്ട്കര നാടക സംഘം, പൊന്നാനി നാടക വേദി തുടങ്ങിയവയുടെ നാടകങ്ങളിലെല്ലാം സജീവമായി. ആറങ്ങോട്ടുകര കലാപാഠശാലയിലാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്നത്. സംഗീത നാടക അക്കാദമി അമച്വര്‍ നാടക മത്സരത്തില്‍ മികച്ച നടന് പുറമെ, മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍, മികച്ച രണ്ടാമത്തെ നാടകം എന്നീ പുരസ്കാരങ്ങളും ഇത്തവണ കാളഭൈരവനെ തേടിയെത്തി. ആയുര്‍വേദ മെഡിക്കല്‍ റെപ്രസന്‍േററ്റീവ് ആണ് പാര്‍ഥസാരഥിയുടെ ഒൗദ്യോഗിക ജോലി. ഭാര്യ: അമ്പിളി. മക്കള്‍: അഘ്നിവേശ്, അംബരീഷ്.

Tags:    
News Summary - Artist Parthasarathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.