???????? ???. ???????

സാംസ്കാരിക മുന്നേറ്റത്തിൻെറയും  സ്വാതന്ത്ര്യപ്പോരാട്ടത്തിൻെറയും പ്രഭവകേന്ദ്രമായിരുന്ന ഉത്തർപ്രദേശിലെ അഅ്സംഗഢിനെ ആതംഗഢ് (ഭീകരകേന്ദ്രം) എന്ന മുദ്രകുത്തി  റിക്ഷാവലിക്കാരെയും വിദ്യാർഥികളെയും പ്രഫഷനലുകളെയും കൽത്തുറുങ്കിൽ പൂട്ടുന്നതും വെടിയുണ്ട തറച്ച് കൊല്ലുന്നതും ഇന്ത്യയിൽ ദേശീയത വിനോദമായി കത്തിപ്പടർന്ന രണ്ടായിരമാണ്ടിൻെറ ആദ്യ ദശകത്തിലാണ്  അതേ അഅ്സംഗഢിൻെറ സന്തതിയായ ഷാ ഫഖ്റുൽ ഇസ്ലാം എന്ന ഫ്രാങ്ക് എഫ്. ഇസ്ലാം ‘ഭീകരതക്കെതിരായ യുദ്ധ’ത്തിൻെറ പ്രധാന ആയുധപ്പുരയെന്ന് വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സ്വീകരണമുറികളിൽ ആദരിക്കപ്പെട്ടത്. അഅ്സംഗഢിലെ അതി പിന്നാക്ക മേഖലയായ കൗനറാ ഗനി ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും നേടിയ ഫഖ്റുവിനെ അധ്യാപകരിലൊരാൾ നിർബന്ധിച്ച് പറഞ്ഞയച്ചതാണ് അമേരിക്കയിൽ ഉപരിപഠനത്തിന്.

കോളറാഡോ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദമെടുത്ത അദ്ദേഹം അന്നാട്ടിലെ എക്കാലത്തെയും മികച്ച സംരംഭകരിൽ ഒരാളായി. 1994ൽ 500 ഡോളറുമായി താൻ തന്നെ ഉടമയും ജീവനക്കാരനുമായി ആരംഭിച്ച ക്യൂ.എസ്.എസ് എന്ന ഐ.ടി വ്യവസായ കമ്പനി 2007 ആയപ്പോഴേക്കും ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിനോക്കുന്ന ബഹുകോടികൾ വരുമാനമുള്ള കമ്പനിയായി. സ്ഥാപനത്തിെൻറ ദുരിതകാലങ്ങളിൽ നിലനിൽപ്പിനു പണം കണ്ടെത്താൻ കിടപ്പാടം പണയപ്പെടുത്തിയ ഫ്രാങ്ക് വർഷങ്ങൾക്കിപ്പുറം വാഷിങ്ടണിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട വീടുകളിലൊന്നിനുടമയായി. വൻലാഭത്തിൽ ക്യൂ.എസ്.എസ് വിറ്റൊഴിച്ച് നവസംരംഭങ്ങൾക്കായി ഫ്രാങ്ക് ഇസ്ലാം ഇൻവെസ്റ്റ് ഗ്രൂപ്പിന് തുടക്കമിട്ടു.

ഫ്രാങ്ക് എഫ്. ഇസ്ലാം ഒബാമയോടൊപ്പം
 


ജോൺ എഫ്. കെന്നഡി സെൻറർ ഫോർ പെർഫോമിങ് ആർട്ടിൻെറയും യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൻെറയുമുൾപ്പെടെ ഒട്ടേറെ സാംസ്കാരിക സ്ഥാപനങ്ങളുടെ മുൻനിരക്കാരനായി. ജീവകാരുണ്യ കൂട്ടായ്മകളിൽ സജീവമായി. മാർട്ടിൻ ലൂതർ കിങ് ജൂനിയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടി. ബറാക് ഒബാമ പ്രസിഡൻറായിരിക്കെ സാമൂഹികക്ഷേമ പദ്ധതികളിൽ നിർണായക സ്വാധീനം ചെലുത്താൻ ശേഷിയുണ്ടായിരുന്ന ഇദ്ദേഹം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ക്ലിൻറൻെറ പ്രചാരണത്തിലും ധനസമാഹരണത്തിലും മികച്ച പങ്കുവഹിച്ചു. കണക്കുകൂട്ടലുകളെല്ലാം തകിടംമറിച്ച് അധികാരമേറിയ ഡോണൾഡ് ട്രംപ് യാത്രാ നിരോധനം ഉൾപ്പെടെ വെറിപൂണ്ട നിയമനിർമാണങ്ങളും സമചിത്തതയില്ലാത്ത നയപ്രഖ്യാപനങ്ങളുമായി നീങ്ങുന്നതിനിടെ വംശവെറിയുടെ വെടിയുണ്ടകൾ ശ്രീനിവാസ് കുച്ചിബോട് ലെ എന്ന ഇന്ത്യൻ ചെറുപ്പക്കാരൻെറ ജീവനെടുത്തതിൻ പിറ്റേനാൾ ഫ്രാങ്കുമായി മുഖാമുഖം കണ്ടു.  സംഭാഷണത്തിൽനിന്ന്:

  • ഹിലരി വിജയിക്കുമെന്ന് ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു താങ്കൾ, ഇപ്പോൾ നിരാശനാണോ?

നിരാശ എന്നൊന്ന് എൻെറ ജീവിതത്തിലില്ല. എത്രവലിയ പ്രതിസന്ധികളെയും പ്രത്യാശയോടെ ധൈര്യപൂർവം തരണം ചെയ്താണ് ഇക്കാലമത്രയും ജീവിച്ചതും പ്രവർത്തിച്ചതും. ഹിലരി പരാജയപ്പെടരുതായിരുന്നു. പക്ഷേ, അതു സംഭവിച്ചു. റഷ്യൻ ഹാക്കർമാരുടെ ചെറുതല്ലാത്ത പങ്ക് ഈ ജനവിധിക്കു പിന്നിലുണ്ട്, പിന്നെ എഫ്.ബി.ഐ ഡയറക്ടർ ജയിംസ് ബി. കോമി നടത്തിയ തികച്ചും അന്യായമായ ഇടപെടലുകൾ... പക്ഷേ, അതിലെല്ലാമുപരി വംശീയതയിലൂന്നി ട്രംപ് മുന്നോട്ടുവെച്ചൊരു സങ്കൽപത്തിന് വോട്ടർമാരിൽ സ്വീകാര്യത ചെലുത്താനായി. അമേരിക്കയിൽ സാധാരണഗതിയിൽ അതു സംഭവിക്കാറില്ലാത്തതാണ്.
 

ഹാമിദ് അൻസാരിക്കൊപ്പം പുസ്തക പ്രകാശനച്ചടങ്ങിൽ
 
  • രണ്ടുവർഷം മുമ്പ് ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ നടന്നതിനു സമാനമല്ലേ ട്രംപിെൻറ വിജയവും?

ഇപ്പോൾ ഇന്ത്യൻ പൗരത്വമില്ലാത്തതിനാൽ അതേക്കുറിച്ച് പ്രതികരിക്കുന്നില്ല. പക്ഷേ, വംശീയതയും വൈരവും ഉയർത്തിപ്പിടിച്ചുള്ള തെരഞ്ഞെടുപ്പ് വിജയം എവിടെയായാലും അത് താൽക്കാലികം മാത്രമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലെ ഏറ്റവുംവലിയ സമാനത ഭരണഘടനകളുടെ ശക്തിയും അവ ഉറപ്പുനൽകുന്ന വിശ്വാസ അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ഹിലരി ജയിച്ചാൽ ഇന്ത്യ–അമേരിക്ക സൗഹൃദവും വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ അനുബന്ധ വികസനവും സാധ്യമാകുമെന്ന് ഇന്ത്യൻസമൂഹം ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നു.  ഒബാമയുടെ കാലത്ത് മികച്ച വാണിജ്യ മുന്നേറ്റമാണ് ഇരുരാജ്യങ്ങളും കൈവരിച്ചത്. ഇന്ന് അമേരിക്കയിൽ പ്രത്യേക രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് പ്രവേശനം നിഷേധിക്കുക, വിശ്വാസത്തിൻെറയും തൊലിനിറത്തിൻെറയും പേരിൽ കൊല്ലപ്പെടുക... ഇതൊക്കെയാണ് നടക്കുന്നത്. ഇതെല്ലാം ദൗർഭാഗ്യകരവും അമേരിക്കൻ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്.

പ്രസിഡൻറിൻെറയും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെയും നയമായിരിക്കാം ഇത്, പക്ഷേ ഞങ്ങളുടെ രാജ്യത്തിൻെറയോ ജനതയുടെയോ നയമല്ല. തെരഞ്ഞെടുപ്പ് ജയമെന്നത് തന്നിഷ്ടം പ്രവർത്തിക്കാനുള്ള അനുമതിയുമല്ല. അഭയാർഥികളെയും കുടിയേറ്റക്കാരെയും തടയുക എന്നാൽ, ചരിത്രത്തെ മുറിവേൽപിക്കലാണ്. നിരോധനം കോടതിയിൽ ഉടനടി ചോദ്യം ചെയ്യപ്പെട്ടു. ഭരണഘടനയുടെയും മാനവികതയുടെയും മൂല്യങ്ങളിലൂന്നിയ യുക്തിപൂർവമായ ഇടപെടലാണ് കോടതിയിൽനിന്നുണ്ടായത്. പൗരാവകാശസമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നതും ഓർക്കുക. നിരോധനം പ്രഖ്യാപിക്കപ്പെട്ടതോടെ ആശങ്കയിലായ മനുഷ്യർക്ക് പിന്തുണയുമായി എത്രയധികം അഭിഭാഷകരാണ് സ്വമേധയാ മുന്നോട്ടുവന്നത്. വിമാനത്താവളങ്ങളിൽനിന്നു തന്നെ അവർ നിയമപരിരക്ഷ വാഗ്ദാനം ചെയ്തു, സൗജന്യമായി കോടതികളിൽ പ്രതിനിധാനംചെയ്തു.

ബിൽ ക്ലിൻറനും ഹിലരി ക്ലിൻറനുമൊപ്പം
 


ഈ മുന്നേറ്റങ്ങൾക്ക് പൊതുസമൂഹത്തിൻെറ പിന്തുണയുണ്ടോ? മുസ്ലിംകൾ അപരവത്കരിക്കപ്പെടുന്നതിനെ  ഇത്തരത്തിൽ ചെറുക്കാനാകുമോ?
മുസ്ലിം എന്ന നിലയിലോ ഇന്ത്യയിൽനിന്നു വന്നവൻ എന്നതിനാലോ അമേരിക്കയിൽ ഒരുതരത്തിലുള്ള വിവേചനവും നേരിടാത്ത ഒരാളാണ് ഞാൻ. വ്യവസായിയും പൊതുകാര്യ പ്രസക്തനുമായ ശേഷമല്ല വിദ്യാർഥി ആയിരിക്കെ തന്നെ എല്ലാവിധ തുല്യാവകാശങ്ങളും അനുഭവിച്ചിരുന്നു. സംരംഭങ്ങളിൽ ഹൃദ്യമായ പിന്തുണ ലഭിച്ചുപോന്നു. അമേരിക്കയിലെത്തിയതു കൊണ്ടുമാത്രമാവും എനിക്കു സ്വപ്നങ്ങളെല്ലാം സാധ്യമാക്കാനായത്. ഈ രാജ്യത്തിെൻറ ദയാവായ്പും ഹൃദയവിശാലതയുമെല്ലാം ലഭിച്ചു. ഉൾക്കൊള്ളാനുള്ള സന്നദ്ധതയാണ് അമേരിക്കൻ വിജയങ്ങൾക്കെല്ലാം കാരണം. എൻെറ ഷാ ഫഖ്റുൽ ഇസ്ലാം എന്ന ഉത്തരേന്ത്യൻ പേര് ഉച്ചരിക്കാൻ ഇവിടെ പലരും പ്രയാസപ്പെട്ടപ്പോൾ അതു പരിഷ്കരിച്ചു, പക്ഷേ ഇസ്ലം ഒഴിവാക്കിയില്ല. അതിനു നിർബന്ധിതമാകുന്ന സാഹചര്യങ്ങളൊന്നുമുണ്ടായില്ല. ഫ്രാങ്ക് എന്ന വ്യക്തി മാത്രമല്ല, മുസ്ലിംകൾ മറ്റു മിക്ക രാജ്യങ്ങളേക്കാളേറെ ഇവിടെ സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും ഉദ്ഗ്രഥിക്കപ്പെട്ടിട്ടുണ്ട്.

മുസ്ലിം വിരോധം തെറ്റിദ്ധാരണകളിൽനിന്ന് ഉടലെടുക്കുന്നുണ്ട്. ഇസ്ലാമിൻെറ അധ്യാപനങ്ങൾക്ക് എല്ലാ അർഥത്തിലും എതിരായ ഐ.എസ് പോലുള്ള മനുഷ്യവിരുദ്ധ സംഘങ്ങൾ മുസ്ലിം ചമയാൻ ശ്രമിക്കുന്നത് ഇതിനൊരു കാരണമാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പോലും ഈ തെറ്റിദ്ധാരണക്ക് പക്ഷേ , ഐ.എസ് ഇസ്ലാമിനെയല്ല പ്രതിനിധാനംചെയ്യുന്നത് എന്ന തിരിച്ചറിവ് ജനങ്ങൾക്കിടയിൽ ശക്തമാവുന്നുണ്ട്. തീവ്രചിന്ത മുസ്ലിം സമൂഹത്തിനിടയിൽ പ്രചരിക്കുന്നുവെങ്കിൽ അവർ തന്നെ അതിനെ ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങണം. ഇസ്ലാമിൻെറ പേരിൽ ആരോ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങളുടെ ബാധ്യത മുസ്ലിംകൾ പേറേണ്ടതില്ല, പക്ഷേ അതല്ല നമ്മുടെ മാർഗമെന്ന് ലോകത്തിനു പറഞ്ഞുകൊടുക്കേണ്ടത് നാം തന്നെയാണ്.

ഫ്രാങ്ക് ഇസ്ലാം അലീഗഢ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കൊപ്പം
 


ഇന്ത്യൻ ഓർമകൾ, അലീഗഢ്...

അമേരിക്കയിലേക്ക് വഴിനടത്തിയത് ജന്മദേശമായ അഅ്സംഗഢും പ്രിയ കലാലയമായ അലീഗഢ് മുസ്ലിം സർവകലാശാലയുമാണ്. അഅ്സംഗഢ്  കൈഫി ആസ്മിയെപ്പോലെ അസംഖ്യം സാംസ്കാരികനായകരുടെ മണ്ണാണ്. പക്ഷേ, ദുരിതം നിറഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥ. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നങ്ങളുടെ കാരണം. ഞങ്ങളുടെ നാടിനുമേൽ ചാർത്തപ്പെട്ട തീവ്രവാദമുദ്ര ദൗർഭാഗ്യകരമാണ്.  വിവേചനവും ദാരിദ്യ്രവും പട്ടിണിയുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന സമ്മർദം യുവജനങ്ങളെ കടുത്ത നിരാശയിലാഴ്ത്തുന്നുണ്ട്. ഭീകരവാദത്തിെൻറ സുപ്രധാന ചേരുവയാണ് ആശയറ്റ യുവത. നൈപുണ്യ വികസനത്തിലൂന്നിയ വിദ്യാഭ്യാസം നൽകി ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ വേണം. ഒരു ചെറു ക്ലിനിക്കും സ്കൂളും തുറന്നുകൊടുത്തിട്ടുണ്ട്. ഇനിയും എന്തെങ്കിലുമേറെ ചെയ്യണമെന്നുണ്ട്. അലീഗഢ് ആവേശകരമായ ഓർമയും തലമുറകളുടെ പ്രചോദനവുമാണ്. ഇന്ത്യയിൽ വരുമ്പോഴെല്ലാം അവിടം സന്ദർശിക്കാറുണ്ട്. എൻെറയും പത്നിയുടെയും പേരിൽ എ.എം.യുവിൽ ആരംഭിക്കുന്ന ഫ്രാങ്ക് ആൻഡ് ദെബ്ബി ഇസ്ലാം സ്കൂൾ ഓഫ് മാനേജ്മെൻറിന് 20 ലക്ഷം ഡോളർ നീക്കിവെച്ചിട്ടുണ്ട്. ഇതിനെ ദാനമായല്ല, നിക്ഷേപമായാണ് കാണുന്നത്. മികച്ച വിദ്യാഭ്യാസവും ലക്ഷ്യബോധവുമുള്ള  യുവതയെക്കാൾ നല്ല സമ്പാദ്യമെന്തുണ്ട്. 

ഫ്രാങ്ക് പത്നിയോടൊപ്പം
 


ഒരു ഇന്ത്യൻ യുവാവ് കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പിൽ അമേരിക്കൻ യുവാവ് നടത്തിയ രക്ഷാ പ്രവർത്തനത്തെക്കുറിച്ച് വാചാലനായ അദ്ദേഹം ഈ പ്രതിസന്ധിയെ അതിജയിക്കുമെന്നും അമേരിക്ക തന്നെ സ്നേഹിച്ച അതേ അർഥത്തിൽ ഓരോ മനുഷ്യനെയും സ്നേഹിക്കുമെന്നും ഇന്ത്യ ബഹുകാതം മുന്നേറുമെന്നും പ്രത്യാശ പറഞ്ഞാണ് അദ്ദേഹം സംഭാഷണം നിർത്തിയത്. അതു കടലാസിലേക്ക് പകർത്തവെ ഹർനിഷ് പട്ടേൽ എന്ന മറ്റൊരു ഇന്ത്യക്കാരൻ യു.എസിൽ വംശീയാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത കാതിലെത്തുന്നു. അലീഗഢ് സർവകലാശാലയുടെ അസ്ഥിവാരമിളക്കണമെന്നു വാദിക്കുന്ന ആതിദ്യനാഥ് ഉത്തർപ്രദേശിെൻറ അമരത്തേക്ക് കയറുന്നു. ഫ്രാങ്ക്, വിശ്വാസം താങ്കളെ രക്ഷിക്കട്ടെ, അഹങ്കാരികളായ ഭരണാധിപന്മാരിൽനിന്നു ലോകത്തെയും .

കടപ്പാട്: ഷാജഹാൻ മാടമ്പാട്ട്, ആസിഫ് ഇസ്മയിൽ (എഡിറ്റർ, അമേരിക്കൻ ബസാർ), എം.സി.എ. നാസർ

Tags:    
News Summary - american Industrialist and indian frank f islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.