??????????????? ??.???.?? ??????? ??????????????? ??????????? ????? ??????????

കര്‍ഷകരും തൊഴിലാളികളും കുടിയേറ്റക്കാരുമുള്ള  ഒരു മലയോര ഗ്രാമത്തില്‍നിന്ന് സര്‍ക്കാര്‍ ജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് നടന്നുകയറിയ  ഒരുകൂട്ടം യുവാക്കളുടെ വിജയകഥയാണിത്. കഠിനാധ്വാനവും  കൂട്ടായ്മയും ഒരു നാടിന്‍െറ ജീവിതരേഖ  എങ്ങനെ മാറ്റിത്തീര്‍ക്കുമെന്നത് ഈ കഥയുടെ ഗുണപാഠം. കഥാഭൂമിക മലപ്പുറം ജില്ലയിലെ കരുവാരകുണ്ടാണ്. നാട്ടിലെ ഏതാനും ചെറുപ്പക്കാര്‍ സ്വന്തമായി പി.എസ്.സി പരീക്ഷാപരിശീലനം തുടങ്ങുന്നു. അതിന്‍െറ തുടര്‍ച്ചയില്‍ അവരെല്ലാം സര്‍ക്കാര്‍ ജീവനക്കാരാകുന്നു. നിരവധി കുടുംബങ്ങളില്‍ സന്തോഷവും വെളിച്ചവും നിറയുന്നു. വലിയ ഫീസ് നല്‍കി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി പരിശീലനം നടത്തുന്ന കേരളത്തിലാണ് അധ്യാപകരോ ഫീസോ ഇല്ലാതെ പഠിച്ച് ചെറിയൊരു ഗ്രാമത്തില്‍നിന്ന് മുപ്പതിലധികം പേര്‍ സര്‍ക്കാര്‍ ജോലി നേടിയെടുത്തത് എന്നുകൂടി അറിയുക. അപ്പോഴാണ് ഈ വിജയകഥയുടെ മധുരം ഇരട്ടിക്കുന്നത്. എന്നാലോ ഈ കഥ ഇവിടെവെച്ച് അവസാനിക്കുന്നുമില്ല.

ഒരു കൂട്ടായ്മയുടെ തുടക്കം

കരുവാരകുണ്ട് പഞ്ചായത്തില്‍ ക്ലര്‍ക്കായി എത്തിയ ബൈജുവാണ് ഒരുനാള്‍ പി.എസ്.സി പരിശീലനം എന്ന ആശയത്തിലേക്ക് ഈ ഗ്രാമത്തെ വിളിച്ചുണര്‍ത്തുന്നത്. അതുവരെയും കൂലിപ്പണിയെടുത്തും ചെറിയ കച്ചവടങ്ങള്‍ നടത്തിയും വിദേശങ്ങളിലേക്ക് പറന്നും കുടുംബങ്ങള്‍ പുലര്‍ന്നുണര്‍ന്ന നാട്ടില്‍ അതൊരു പുതിയ തുടക്കമാവുകയായിരുന്നു. പതിവു പോലെ പഞ്ചായത്തിലെ ജോലി കഴിഞ്ഞ് ചായപ്പീടികയിലേക്ക് ചായ കുടിക്കാനെത്തിയ ബൈജു അവിടെവെച്ച് വായനശാല പ്രവര്‍ത്തകരില്‍ ഒരാളായ സക്കീര്‍ ഹുസൈന്‍ എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. അതൊരു സൗഹൃദമാകുന്നു. സക്കീര്‍ ഹുസൈന്‍ അന്ന് പെയിന്‍റിങ് തൊഴിലാളിയാണ്. പി.എസ്.സി കോച്ചിങ് നല്‍കി പരിചയമുള്ള ബൈജു ഒരു വൈകുന്നേര കൂടിക്കാഴ്ചയില്‍ സ്വന്തമായൊരു സര്‍ക്കാര്‍ ജോലി എന്ന ആശയത്തിലേക്ക് സക്കീര്‍ ഹുസൈനെ ക്ഷണിക്കുന്നു. ചങ്ങാതിമാരായ മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് ശിബിലിയും സക്കീര്‍ ഹുസൈനൊപ്പം ചേരുന്നു. ഇര്‍ഫാനും പെയിന്‍റിങ്ങായിരുന്നു ജോലി. ഒരു അനാഥാലയത്തില്‍ വാര്‍ഡനായി ജോലി നോക്കുകയായിരുന്നു ശിബിലി. ജോലി കഴിഞ്ഞാല്‍ മൂവരും ബൈജു താമസിക്കുന്ന മുറിയിലെത്തും. ബൈജു അവര്‍ക്ക് ക്ലാസെടുക്കും. ദിവസം 10 മുതല്‍ 50 വരെ ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കും. ഏറെക്കഴിയാതെ കൂട്ടായ്മയില്‍ അബ്ദുല്‍ മന്‍സൂര്‍, നൗഫല്‍, റിയാസ്, സജ്ജാദ്, പ്രവീണ്‍, ഇബ്രാഹിം എന്നിവരും വന്നുചേര്‍ന്നു.

ബൈജു
 


ഇതിനിടെയാണ് ബൈജുവിന് സ്ഥലം മാറ്റമായത്. അതോടെ പഠനമെങ്ങനെ തുടരാമെന്ന ആലോചനയായി. ബൈജുതന്നെ പോംവഴി പറഞ്ഞുകൊടുത്തു -ഒരു മുറി വാടകക്കെടുക്കുക. പഠനം അവിടെവെച്ചാക്കുക. അങ്ങനെയാണ് മരുതിങ്ങലില്‍ മാസവാടകക്ക് മുറിയെടുത്ത് ഈ ചങ്ങാതിക്കൂട്ടം ഒത്തുകൂടല്‍ അങ്ങോട്ട് മാറ്റിയത്. 2006 ആഗസ്റ്റ് 24നായിരുന്നു അത്. ജോലി കഴിഞ്ഞെത്തിയാല്‍ മുറിയില്‍ സുഹൃത്തുക്കളെല്ലാം ഒരുമിച്ചുകൂടും. പി.എസ്.സി പരിശീലന പ്രസിദ്ധീകരണങ്ങള്‍ വായിക്കും. ചര്‍ച്ചചെയ്യും. പത്രവാര്‍ത്തകളും പ്രധാനസംഭവങ്ങളും ഓര്‍ത്തുവെക്കും. ‘കരുവാരകുണ്ട് പഞ്ചായത്തില്‍ തദ്ദേശീയരായ സര്‍ക്കാര്‍ ജോലിക്കാര്‍ വളരെ കുറവായിരുന്നു. ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് ജോലി തേടിപ്പോവുകയോ കച്ചവടമോ മറ്റു കൂലിപ്പണിയോ തെരഞ്ഞെടുക്കുന്ന കാലം. അതിനാല്‍തന്നെ ഞങ്ങളുടെ ഒത്തുകൂടലും പഠനവും കണ്ടപ്പോള്‍  പരിഹസിച്ചവരുണ്ട്. നിങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ജോലി കിട്ടില്ല, അതെല്ലാം തെക്കന്‍ ജില്ലയിലുള്ളവരുടെ കുത്തകയാണ്. ഇതായിരുന്നു അവര്‍ പറഞ്ഞിരുന്നത്” -സക്കീര്‍ ഹുസൈന്‍ കൂട്ടായ്മക്കാലത്തെ കുറിച്ച് പറഞ്ഞു. അതൊന്നും ഇവരെ പഠനത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. ആയിടക്ക് വന്ന പി.എസ്.സി പരീക്ഷകളെല്ലാം എഴുതി. അത് എന്തെല്ലാം പഠിക്കണമെന്നും എങ്ങനെ പരീക്ഷക്ക്  തയാറാകണമെന്നുമുള്ള ധാരണയുണ്ടാകാന്‍ സഹായകമായി.  

ജോലിയില്ല, പഠനം മാത്രം

മാസങ്ങള്‍ കഴിഞ്ഞതോടെ മുഴുവന്‍ സമയവും പഠനത്തിനായി നീക്കിവെച്ചു. ആറുമാസം ജോലിക്ക് പോയതേ ഇല്ല. രാവിലെ എട്ടു മുതല്‍ റൂമില്‍ ഒത്തുചേരും. പി.എസ്.സി പഠനസഹായികള്‍ വായിച്ച് ചര്‍ച്ചചെയ്യും. ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവെക്കും. ദിവസവും പത്രങ്ങളിലെ പ്രധാന സംഭവങ്ങളും സംസാരത്തില്‍ കടന്നുവരും. ലോകവിവരങ്ങളും നാട്ടുവാര്‍ത്തകളും കുറിച്ചുവെക്കും. ചില പ്രത്യേക വിവരങ്ങളുടെ ചാര്‍ട്ടുണ്ടാക്കി ചുവരില്‍ ഒട്ടിക്കും. ഇങ്ങനെ രാത്രി ഒമ്പതുവരെ നീളുന്ന പഠനം. വീട്ടിലത്തെിയാലും പാതിരാവരെ ഓരോരുത്തരും അറിവിന്‍െറ ലോകത്തുതന്നെ. എന്നാല്‍, ജോലി ഉപേക്ഷിച്ചുള്ള പഠനം ചില പ്രതിസന്ധികളുണ്ടാക്കി. കരുവാരകുണ്ടിലെ മിക്ക വീടുകളിലെയും പോലെ കുടുംബത്തിന്‍െറ വരുമാനമാര്‍ഗം ഇവരുടെ അധ്വാനമായിരുന്നു. അത്  ഇല്ലാതായതോടെ വീട്ടുചെലവിന് പ്രയാസമായി. ഭാര്യയുടെയും സഹോദരിമാരുടെയും ആഭരണങ്ങള്‍ പണയം വെക്കേണ്ടിവന്നു. ആ സങ്കടങ്ങള്‍ക്കിടയിലും പുതിയൊരു ഭാവിതന്നെയായിരുന്നു എല്ലാവരും സ്വപ്നം കണ്ടത്. 2007ല്‍ നടന്ന പി.എസ്.സി വില്ലേജ്മാന്‍, എല്‍.ജി.എസ്, എല്‍.ഡി ക്ലര്‍ക് പരീക്ഷകളില്‍ എല്ലാവരും ജോലിക്ക് യോഗ്യത നേടി. സക്കീര്‍ ഹുസൈനാണ് ആദ്യമായി നിയമനം ലഭിച്ചത്. 2008ല്‍ എടപ്പറ്റ വില്ലേജ് ഓഫിസില്‍ വില്ലേജ്മാനായി ജോലിയില്‍ പ്രവേശിച്ചു. 2009ഓടെ മറ്റുള്ളവര്‍ക്കും നിയമനമായി. ഇര്‍ഫാന്‍, ശിബിലി, കെ. നൗഫല്‍, പ്രകാശ്, അബ്ദുല്‍ മന്‍സൂര്‍ തുടങ്ങി എല്ലാവരും വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ സര്‍വിസില്‍ പ്രവേശിച്ചു.

വിജയം തുടരുന്നു

വിജയഗാഥ പരന്നതോടെ കൂട്ടായ്മയിലേക്ക് പിന്നെയും ചെറുപ്പക്കാര്‍ വന്നുതുടങ്ങി. വാടകമുറിയുടെ നാലു ചുവരിന്‍െറ ചെറിയ സൗകര്യങ്ങളില്‍ അവരെല്ലാം  പുതിയൊരു ഭാവി സ്വപ്നം കണ്ട് പഠനത്തില്‍ മുഴുകി. പരീക്ഷകള്‍ എഴുതി. കെ. ഇബ്രാഹിം, ഐ.ടി. ഷംസീര്‍, കെ. ജമാലുദ്ദീന്‍, പി. സാനിര്‍, ജോര്‍ജ്, പ്രവീണ്‍, മുഹമ്മദ് സജാദ്, ഐ.ടി. ഷബീര്‍, എം. നൗഷാദ്, ഇ.കെ. റിയാസ് എന്നിവരായിരുന്നു രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ജോലി നേടിയവര്‍. ഈ പി.എസ്.സി കൂട്ടായ്മ വഴി ഇപ്പോള്‍ 28 പേര്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. രഘു,  സതീഷ് കെ, പി. ജംഷാദ്, മുനീര്‍, എ. മുഹമ്മദ് നസീം, കെ. മുജീബ്, പി.കെ. നൗഫല്‍, ടി. ജമാലുദ്ദീന്‍, കെ. അഷറഫലി, എം. ഉസ്മാന്‍, കെ. അമാനുല്ല, പി.സി. തൗഫീഖ് എന്നിവരില്‍ എത്തിനില്‍ക്കുന്നു ഈ വിജയകഥ. കൂടാതെ ഇവരുടെ കുടുംബാംഗങ്ങളും ജോലി നേടിയിട്ടുണ്ട്. അതെല്ലാം കൂടെ ചേരുമ്പോള്‍ 33 പേര്‍ ഈ കൂട്ടായ്മയിലൂടെ സര്‍ക്കാര്‍ ജോലിക്കാരായി. ഷംസീര്‍ പി, നജീബ്, ഷിജു, രതീഷ്, നവാഫ്, അനീസ്, സുഹൈല്‍, ഫാസില്‍, ഷുക്കൂര്‍ തുടങ്ങിയവര്‍ വിവിധ പി.എസ്.സി ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

പി.എസ്.സി പരീക്ഷാ കൂട്ടായ്മയുടെ തുടക്കക്കാരായ മുഹമ്മദ് ഇര്‍ഫാന്‍, സക്കീര്‍ ഹുസൈന്‍, ഷിബിലി
 


ഒരു നിയമനം കിട്ടിയതോടെ പഠനം ഒരാളും നിര്‍ത്തിയിട്ടില്ല. ഇപ്പോഴും പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു. മുനീര്‍ 18 മെയിന്‍ ലിസ്റ്റില്‍ ഇടംനേടി. ഒമ്പതെണ്ണത്തില്‍ നിയമന ഉത്തരവും ലഭിച്ചു. മലപ്പുറത്ത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ക്ലര്‍ക്കാണ് മുനീര്‍ ഇപ്പോള്‍.  സക്കീര്‍ ഹുസൈന്‍ ഒമ്പത് മെയിന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. അതില്‍ ആറ് നിയമനവും ലഭിച്ചു. പാണ്ടിക്കാട് പഞ്ചായത്തില്‍ സീനിയര്‍ ക്ലര്‍ക്കാണ് സക്കീര്‍ ഹുസൈനിപ്പോള്‍. ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നതും സക്കീര്‍ ഹുസൈനാണ്. ആദ്യമായി നിയമനം ലഭിച്ച എടപ്പറ്റയില്‍ സക്കീര്‍ ഹുസൈന്‍െറ നേതൃത്വത്തില്‍ സൗജന്യപരിശീലനം കൊടുത്തിരുന്നു. അങ്ങനെ പരിശീലനം നേടിയ മൂന്നുപേര്‍ ഇന്ന് സര്‍ക്കാര്‍ ജീവനക്കാരാണ്. ഒരിക്കല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഇന്‍റര്‍വ്യൂവിനായി സാനിര്‍ തിരുവനന്തപുരത്ത് പോയിരുന്നു. ഇപ്പോള്‍ എന്തു ജോലി ചെയ്യുന്നുവെന്ന് ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍െറ ചോദ്യം. ഓട്ടോ ഓടിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വാസം വരാത്തപോലെ. തങ്ങളെ കളിയാക്കുകയാണോ എന്നും സംശയം! മലപ്പുറത്ത് ഓട്ടോ ഓടിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ പി.എസ്.സി ലിസ്റ്റില്‍ വന്നത് അന്നവര്‍ക്ക് അദ്ഭുതമായിരുന്നു.

തുടര്‍ച്ച കുടുംബങ്ങളിലും

പി.എസ്.സി വിജയത്തിന്‍െറ തുടര്‍ച്ച ഈ കൂട്ടുകാരുടെ വീടുകളിലുമുണ്ട്. ഇര്‍ഫാന് ജോലി ലഭിച്ച പ്രചോദനത്താല്‍ സഹോദരിമാരായ നസീമ, സമീറ, ആബിദ എന്നിവരും പരിശീലനം തുടങ്ങി. തുടര്‍ന്ന് പരീക്ഷ എഴുതിയ മൂന്നുപേരും ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. സക്കീര്‍ ഹുസൈന്‍െറ അനിയത്തി നസീറയക്കും സ്കൂള്‍ അധ്യാപികയായി നിയമനം കിട്ടി. ശിബിലിയുടെ സഹോദരന്‍ ഉസ്മാനും ജമാലിന്‍െറ സഹോദരന്‍ അമാനും ഇന്ന് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നു. അബ്ദുല്‍ മന്‍സൂറിന്‍െറ ഭാര്യ സുമയ്യക്ക് നിയമനം കഴിഞ്ഞ ആഴ്ചയായിരുന്നു. ജോലി നേടിയതില്‍ മാത്രം തീരുന്നില്ല ഈ  കഥ. കുടുംബങ്ങളൊന്നാകാനും ഈ ഒത്തുകൂടല്‍ നിമിത്തമായി. ഇര്‍ഫാനും അശ്റഫും വിവാഹം കഴിച്ചത് ഒരേ കുടുംബത്തില്‍നിന്നാണ്. ശംസിയ ഇര്‍ഫാന്‍െറയും സുനേന അശ്റഫിന്‍െറയും ജീവിതസഖികളായി. ജംഷാദും സാനിറും ജീവിതപങ്കാളികളായി തെരഞ്ഞെടുത്തത് ഇരട്ട സഹോദരിമാരായ  ലദീദയെയും ലാസിമയെയുമാണ്. ‘നിരന്തരമായ പഠനമാണ് പി.എസ്.സി പരീക്ഷ നേടാന്‍ ആവശ്യം. ക്വാളിഫിക്കേഷന്‍ രണ്ടാമതേ വരുന്നുള്ളൂ. അതാണ് ഞങ്ങളുടെ അനുഭവം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കില്‍ ഉയര്‍ന്ന ജോലി നേടാം എന്ന ഗുണമുണ്ടെന്ന് മാത്രം’ -സക്കീര്‍ ഹുസൈന്‍ പറയുന്നു.

കനിവിന്‍െറ അദൃശ്യകരങ്ങള്‍

ജീവകാരുണ്യരംഗത്തും ഈ കൂട്ടായ്മയുടെ സാന്നിധ്യമുണ്ട്. അത് പക്ഷേ ഇവര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. കനിവ് എന്നൊരു സംഘടനയുണ്ട് ഈ കൂട്ടുകാര്‍ക്കിപ്പോള്‍. ഓരോ അംഗവും മാസ ശമ്പളത്തില്‍നിന്ന് നിശ്ചിത തുക ഇതിലേക്ക് നീക്കിവെക്കുന്നു. അത് നാട്ടിലെ അര്‍ഹരെ കണ്ടെത്തി അവര്‍ക്ക് കൈമാറുന്നു. സഹായം ലഭിക്കുന്ന കുടുംബമല്ലാതെ മറ്റാരും ഇക്കാര്യം അറിയാറില്ല. ഇത് പരസ്യമാക്കാനും പി.എസ്.സി ടീം ഉദ്ദേശിക്കുന്നില്ല.  ഇപ്പോള്‍ കരുവാരകുണ്ടില്‍ വേറെയും  പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. തരിശ്, പുന്നക്കാട്, കേരള എസ്റ്റേറ്റ് ഭാഗങ്ങളിലെ യുവാക്കള്‍ ഇവര്‍ വെട്ടിയ പാതയിലൂടെ നടന്നു തുടങ്ങിയിരിക്കുന്നു. അങ്ങനെ  ഒരു ഗ്രാമത്തിലെ യുവത്വം മുഴുവന്‍ സര്‍ക്കാര്‍ ജോലി നേടാനായി തയാറെടുക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.