???????? ??????

പിതാവിനൊപ്പം തുഴപിടിക്കാനായി ഏഴാം വയസ്സില്‍ നിളയുടെ പരപ്പിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ അബ്ദുല്‍ ഖാദറിന്‍െറ കുഞ്ഞുമനസ്സ് ഒരിക്കലും കരുതിയിരിക്കില്ല, സാംസ്കാരികപ്പെരുമ ഏറെയുള്ള നദിയുമായി ഇഴപിരിക്കാനാകാത്ത ബന്ധമായി അതു മാറുമെന്ന്. 17ാം വയസ്സില്‍ പിതാവിന്‍െറ പാത പിന്തുടര്‍ന്ന് മുഴുവന്‍സമയ തോണിക്കാരനായ ദേശമംഗലം കുരുവട്ടൂര്‍ കൊള്ളിപറമ്പില്‍ അബ്ദുല്‍ ഖാദര്‍ പിന്നീട് ഒറ്റ ദിവസം പോലും പുഴയിലെത്താതിരുന്നിട്ടില്ല. അബ്ദുല്‍ ഖാദറിന് നിള പ്രാണവായുവാണ്. ദേശമംഗലം കുടപ്പാറ കടവില്‍ തോണിയിലിരുന്ന് ഇനിയെത്ര കാലം കടത്തുകാരനായി തുടരാന്‍ കഴിയും എന്ന് ആശങ്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്‍െറ മിഴികള്‍ ഈറനണിയുന്നു. വര്‍ഷത്തില്‍ പത്ത് മാസക്കാലവും കടത്തുണ്ടായിരുന്ന ഒരു പൂര്‍വകാലം ഭാരതപ്പുഴക്കുണ്ടായിരുന്നു. പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍നിന്ന് പൊന്നാനി വരെ തോണി യാത്രയുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മത്തോണിയിലേറുന്നു. ചരക്കുതോണിയാണ് പ്രധാനമായും ഇങ്ങനെ യാത്ര നടത്തിയിരുന്നത്.

പുഴക്ക് കുറുകെ പാലങ്ങള്‍ അപൂര്‍വമായിരുന്നപ്പോള്‍ ഇരു കരകളിലുമുള്ളവര്‍ക്ക് പ്രധാന സഞ്ചാരമാര്‍ഗമായിരുന്നു തോണികള്‍. ഇരുകരകളിലേക്ക് പോകുന്നതിന് പുറമേ താഴേക്കും മുകളിലേക്കുമുള്ള ദൂരസ്ഥലങ്ങളിലേക്കും തോണിയാത്ര നടത്തിയിരുന്നു. കാലത്തിന്‍െറ കുത്തൊഴുക്കില്‍ താഴേക്കും മുകളിലേക്കുമുള്ള യാത്ര ആദ്യം ഇല്ലാതായി. എന്നിരുന്നാലും ഇരുകരകളിലേക്കുമുള്ള കടത്ത് തുടര്‍ന്നു. ഒരു കിലോമീറ്ററിനുള്ളില്‍ രണ്ട് തോണിക്കടവ് വരെയുണ്ടായിരുന്നു. കൂടുതല്‍ യാത്രക്കാരുള്ള പ്രധാന കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍ പാലങ്ങള്‍ വന്നതോടെ ഭൂരിഭാഗം സ്ഥലത്തും തോണിയാത്ര ഗൃഹാതുര സ്മരണയിലൊതുങ്ങി. പുഴയില്‍ തോണിയിറക്കാനുള്ള നീരൊഴുക്കുകള്‍ ക്രമേണ കുറഞ്ഞുവന്നത് പിന്നെയും തോണിയാത്രയെ ചുരുക്കി തുടങ്ങി. അബ്ദുല്‍ ഖാദര്‍ തോണി തുഴയുന്ന കുടപ്പാറ കടവ്  തൃശൂര്‍ ദേശമംഗലം പഞ്ചായത്തില്‍പ്പെടുന്ന കുടപ്പാറയെയും പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാടിനെയും ബന്ധിപ്പിക്കുന്നതാണ്. ഇരുകരകളിലുമുള്ളവര്‍ക്ക് മറുകരയത്തൊന്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ 20 കിലോമീറ്ററിലധികം ചുറ്റിയത്തെണം. ഇപ്പോള്‍ ഇതു മാത്രമാണ് ഇവിടത്തെ തോണിയെ നിലനിര്‍ത്തുന്ന ഘടകം.

തോണിതുഴഞ്ഞു തുടങ്ങിയ ആദ്യകാലത്തേ അബ്ദുല്‍ ഖാദറിന് ഒരു കാര്യം വ്യക്തമായിരുന്നു, നിളയുടെ വിരിമാറിലെത്താതെ തനിക്ക് ഒരു ദിവസംപോലും മുന്നോട്ടു നീക്കാനാകില്ല. വരുമാനമില്ലാതെ തോണി വില്‍ക്കേണ്ടി വന്നപ്പോഴും വേനല്‍കാലത്ത് നിള വറ്റിയപ്പോഴുമൊക്കെ അതദ്ദേഹം കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞു. ഇടയില്‍ അബ്ദുല്‍ഖാദര്‍ കടത്ത് നിര്‍ത്തിയപ്പോള്‍ പതിറ്റാണ്ടുകളായി അദ്ദേഹത്തിന്‍െറ തോണിയില്‍ ഇരു കരയും താണ്ടിയിരുന്ന സ്ഥിര യാത്രക്കാരാണ് ഒറ്റക്കും കൂട്ടായും തങ്ങളുടെ പ്രിയപ്പെട്ട കടത്തുകാരനെ തോണിയിലേക്ക് മടക്കി കൊണ്ടുവന്നത്. കടത്തുകൂലി ഇരട്ടിയാക്കിയതായും അവര്‍ സ്വയം പ്രഖ്യാപിച്ചു. പുഴയുമായുള്ള ബന്ധം മുറിഞ്ഞു പോകുന്നതിന്‍െറ വിങ്ങലുമായി നടക്കുന്ന അദ്ദേഹം പിന്നെ മടിച്ചില്ല. 50,000 രൂപ കൊടുത്ത് പഴയൊരു തോണി വാങ്ങി വീണ്ടും കടവിലേക്കിറങ്ങി.
 

ഭാരതപ്പുഴയിലൂടെ അബ്ദുൽ ഖാദർ തോഴി തുഴയുന്നു
 

മൂന്നര പതിറ്റാണ്ടിലധികമായി തുഴയുന്ന ഇദ്ദേഹത്തിന്‍െറ തോണി ഇതുവരെ അപകടത്തില്‍പെട്ടിട്ടില്ല. കനത്ത മഴയില്‍ ഇരുകരയും കൂട്ടി ആര്‍ത്തലച്ച വെള്ളം വരുന്ന പേടിപ്പിക്കുന്ന അവസ്ഥയിലും ഭയമേതുമില്ലാതെയാണ് തോണി തുഴയുക. പുഴ തന്നെ ചതിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഇതിനടിസ്ഥാനം. തന്‍െറ തോണി ഇതുവരെ അപകടത്തില്‍പെട്ടിട്ടില്ളെന്നു മാത്രമല്ല തോണി തുഴച്ചിലിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന പത്തു പേരുടെ ജീവന്‍ രക്ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്തുള്ള എന്‍ജിനീയറിങ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രക്ഷിച്ചത് 2014 സെപ്റ്റംബറിലാണ്. പുഴയിലൂടെ ഒഴുകി വരുന്ന നിരവധി മൃതദേഹങ്ങള്‍ കരക്കത്തെിക്കാന്‍ ബന്ധപ്പെട്ടവര്‍ ആശ്രയിക്കുന്നതും ഖാദറിനെതന്നെ. പുഴയെ പറ്റി പഠിക്കാനെത്തുന്നവര്‍ക്കും സഹായം ഇദ്ദേഹമാണ്.

പരാധീനതകളുടെയും ആശങ്കകളുടെയും ഇടയിലും പുഴയിലെ ജീവിതം ഏറെ രസകരവും അഭിമാനം തോന്നുന്നതുമായ സംഭവങ്ങളും ഖാദറിന് നല്‍കിയിട്ടുണ്ട്. തോണിയാത്രക്കാര്‍ തമ്മിലുള്ള കൂട്ടായ്മയാണ് അതിലൊന്ന്. തോണിയാത്രക്കിടയില്‍ ജീവിതപങ്കാളിയെ കണ്ടെത്തിയ സംഭവങ്ങളും നിരവധി. ‘തുഴ’യെറിയുന്നതിനിടെ ചിലരുടെ ‘കണ്ണെറിയല്‍’ കണ്ടാല്‍ ഉപദേശിച്ച് നേര്‍വഴിക്കാക്കാറുണ്ട്. കാര്യമായ പ്രണയമാണെന്ന് കണ്ടാല്‍ പിന്നീട് ഗൗനിക്കാറുമില്ല. മുമ്പൊക്കെ വിവാഹം കഴിഞ്ഞ് ആദ്യമായി ഒരുമിച്ചുള്ള യാത്ര തോണിയിലായിരിക്കും. തോണി മറുകരയെത്തുന്നതുവരെ വധു തലകുനിച്ചിരിക്കുന്ന കാഴ്ച ഇന്നു കാണാനേയില്ല. ഒരു വീട്ടുകാരനെപ്പോലെയാണ് യാത്രക്കാര്‍ക്ക് ഇദ്ദേഹം. വീട്ടിലെ ചെറിയ വിശേഷങ്ങള്‍പോലും പരസ്പരം അറിയിക്കുകയും പങ്കെടുക്കുകയും ചെയ്യും. ഉത്സവപ്പിറ്റേന്ന്, കമലദളം, ഈ പുഴയും കടന്ന്, യുഗപുരുഷന്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ക്കു വേണ്ടിയും തോണിക്കാരനായത് അഭിമാനാര്‍ഹമായ സംഭവമായി ഇദ്ദേഹം കാണുന്നു. പലപ്പോഴും മലയാള സിനിമയിലെ പ്രഗൽഭരായ സംവിധായകര്‍പോലും അബ്ദുല്‍ ഖാദറിന്‍െറ തോണിക്കായി കാത്തുനിന്നിരുന്നു. ശ്രീനാരായണ ഗുരുവിന്‍െറ ജീവിതം വരച്ചുകാട്ടിയ യുഗപുരുഷനില്‍ മുഖം കാണിക്കാനായത് വലിയ കാര്യമായി അദ്ദേഹം എടുത്തുപറയുന്നു.

ഭര്‍ത്താവിന് പുഴയോടുള്ള ആത്മബന്ധമറിയുന്ന ഭാര്യ ഫാത്തിമയും മക്കളായ ഫൈസലും ഫസീലയും അടങ്ങുന്ന കുടുംബം എല്ലാറ്റിനും ഒപ്പമുണ്ട്. പുഴയിലെ ജീവിതത്തിനിടയിലുണ്ടായ സംഭവങ്ങള്‍ കഥകള്‍പോലെ ഹൃദയത്താളുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹത്തിന് പുഴയെ മാറ്റിനിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. അതിനാല്‍ കഴിയുന്നത്രയും കാലം കടത്തുകാരനായി തുടരാനാണ് ആഗ്രഹം. ഭാരതപ്പുഴയിലെ തോണിയാത്ര ഗൃഹാതുരമായ ഓര്‍മപ്പെടുത്തല്‍ മാത്രമായി കാലയവനികക്കുള്ളിലേക്ക് പിന്‍വലിയുന്ന നാള്‍ വിദൂരമല്ളെന്ന് ബോധ്യമുള്ളപ്പോള്‍ തന്നെ  പുതുതലമുറയില്‍പെട്ടവര്‍ക്ക് തോണിയാത്രയുടെ ആനന്ദം പകര്‍ന്നു നല്‍കാനും ഇദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നു. കുടപ്പാറ കടവില്‍ രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെയും എത്തുന്നവര്‍ക്ക് ഇദ്ദേഹത്തോടൊപ്പം പുഴയുടെ സൗന്ദര്യം നുകര്‍ന്ന് നല്ലൊരു തോണിയാത്രയാകാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.