‘ശില സന്തോഷ്’

‘ശില സന്തോഷ്’ എന്ന പേരില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട് അപൂര്‍വതയുടെ തൂവല്‍സ്പര്‍ശം. സ്വന്തം വീടിന്‍െറ മട്ടുപ്പാവില്‍ കാലത്തിന്‍െറ കരുതല്‍ ശേഖരത്തിലെ അമൂല്യ വസ്തുക്കള്‍ നിറയുന്ന ചരിത്ര മ്യൂസിയം ഒരുക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. അടൂർ തുവയൂര്‍ തെക്ക് മാഞ്ഞാലില്‍ വിളയില്‍ പുത്തന്‍വീട്ടിലാണ് 'ശില' എന്നു പേരിട്ട വീട്ടു മ്യൂസിയം മുപ്പതുകാരനായ സന്തോഷ് കാത്തുസൂക്ഷിക്കുന്നത്. മ്യൂസിയം കാണാന്‍ സന്തോഷിന്‍െറ ഫേസ്ബുക് സുഹൃത്തുക്കളായ ജര്‍മന്‍ ദമ്പതികള്‍ കൂടി എത്തിയതോടെ പെരുമ പതിന്മടങ്ങായി. തോമസ്, വിനീസെ എന്നിവര്‍ കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് ഗ്രാമപ്രദേശത്തെ ഒഴിഞ്ഞ കോണിലെ സന്തോഷിന്‍െറ വീടു തേടിപ്പിടിച്ചെത്തിയത്.

ശിലാ മ്യൂസിയം കാണാനെത്തിയ ജര്‍മന്‍ ദമ്പതികളായ തോമസും വിനീസെയും സന്തോഷിനൊപ്പം
 


നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പഴയ ഓട്ടുപാത്രങ്ങളുടെയും മറ്റു പുരാവസ്തുക്കളുടെയും ശേഖരമുണ്ട് ഇവിടെ. ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്‍റുമാരുടെയും ജനനത്തീയതികള്‍ ഒരേ സീരിയല്‍ നമ്പറിലുള്ള കറന്‍സികളില്‍ കാട്ടിത്തരുന്ന സന്തോഷ് പുതുമകള്‍ തേടുന്ന അപൂര്‍വം ചിലരിലൊരാളാണ്. രാമായണം, മഹാഭാരതം, വാസ്തു ശാസ്ത്രം, മരുന്നുകള്‍, മന്ത്രങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ താളിയോലകള്‍, ചെറിയനാണയം എണ്ണുന്ന എണ്ണല്‍ പലക, അപൂര്‍വമായ ചവിട്ട് ഹാര്‍മോണിയം, ആദ്യത്തെ പിയാനോ, തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചല്‍ കാര്‍ഡ്, 1915ലെ ബൈനോക്കുലര്‍ തുടങ്ങിയവ ഭദ്രമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഇരുതലയും മൂര്‍ച്ചയുള്ള കായംകുളം വാള്‍, പല്ലവാള്‍, എസ് കത്തി, ഇരുമ്പില്‍ നിര്‍മിച്ച ആദ്യത്തെ ആയുധം, ചുരിക, വാരിക്കുന്തം തുടങ്ങി 180തരം ആയുധങ്ങള്‍, വിവിധതരം മണ്ണെണ്ണ വിളക്കുകള്‍ എന്നിവയും ശില മ്യൂസിയത്തിലുണ്ട്. ഡിസൈന്‍ ആര്‍ച്ചുകള്‍, ഗാര്‍ഡന്‍ വര്‍ക്കുകള്‍, ജിപ്സം ബോര്‍ഡ്, മനോഹരമായ കിണര്‍ ഉരുളി, കിണര്‍ മരം, കിണര്‍ കൊട്ട, റൂഫ് വര്‍ക്കുകള്‍, ചുവര്‍ചിത്രങ്ങള്‍, ഓയില്‍ പെയ്ന്‍റിങ്, ഫാബ്രിക്കേഷന്‍, സി.സി കാമറ മുതലായവയും ഗ്രന്ഥങ്ങളുടെയും വന്‍ശേഖരവും ഒരുക്കിയിരിക്കുന്നു. മട്ടുപ്പാവില്‍ ശേഷിക്കുന്ന സ്ഥലത്ത് ആധുനിക രീതിയില്‍ പഴം, പച്ചക്കറി കൃഷിയും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ‘കതിര്’ എന്നാണ് പേരിട്ടിരിക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.