പട്ടിണിയുടെ ലോകത്തു നിന്ന് മാതാപിതാക്കള്‍ക്കൊപ്പം വയറുനിറയെ ഉണ്ണാമെന്ന പ്രതീക്ഷയോടെ അതിര്‍ത്തി കടന്നുവന്ന കുഞ്ഞുങ്ങളുടെ കൂട്ടുകാരനാണിന്ന് കുട്ടന്‍. വയറുനിറയെ ഉണ്ടപ്പോള്‍ ഇനി രണ്ടക്ഷരം കൂടി പഠിച്ച് മനസ്സും നിറക്കാമെന്നും പറഞ്ഞ് സ്കൂളിലേക്ക് കുട്ടന്‍ എന്ന ചന്ദ്രശേഖരന്‍നായര്‍ കൂട്ടിക്കൊണ്ടു വന്നത് 43 ഇതര സംസ്ഥാന കുട്ടികളെയാണ്. കേരളത്തില്‍ ജോലിതേടിയെത്തുന്ന ബംഗാളിയുടെയും ആസാമിയുടെയും മക്കള്‍ക്കെങ്കിലും വിദ്യയുടെ ലോകം അന്യമായി പോകരുതെന്ന തോന്നലില്‍നിന്ന് കുട്ടന്‍ ഇറങ്ങിത്തിരിക്കുന്നത് ആറു വര്‍ഷം മുമ്പാണ്. ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കുട്ടന്‍ മുന്‍കൈയെടുത്ത് ആദ്യമായി സ്കൂളില്‍ ചേര്‍ത്തു. ഇന്ന് അങ്ങനെ ജില്ലയില്‍നിന്ന് മാത്രം 43 കുട്ടികളാണ് സ്കൂളിലെത്തിയത്. ഏറ്റുമാനൂര്‍ വടക്കേനട ഗീതാസില്‍ പി.കെ. ചന്ദ്രശേഖരന്‍ (56) എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായിറങ്ങിയത് വളരെ അവിചാരിതമായായിരുന്നു.
ആദ്യം ലഹരി, ശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണവും കരാറുകാരില്‍നിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു മുന്തിയ പരിഗണന. ഇതിനൊപ്പം തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുപ്പിച്ചു. ഇപ്പോള്‍ സി.പി.ഐയുടെ നേതൃത്വത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളി യൂനിയന്‍െറ ജില്ലാ വര്‍ക്കിങ് പ്രസിഡന്‍റാണ് ചന്ദ്രശേഖരന്‍ നായര്‍. ഇതിനിടെയാണ് കേരളത്തില്‍ ജോലിക്കെത്തുന്ന തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. നാട്ടിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങാതെയാണ് തൊഴിലാളികള്‍ കുടുംബത്തോടൊപ്പം കേരളത്തിലേക്കെത്തുന്നത്. ചിലര്‍ ഒരിക്കല്‍പോലും സ്കൂളില്‍ പോയിട്ടില്ല. ഇവരൊക്കെ കേരളത്തിലെത്തി കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്കൊപ്പം ജോലിസ്ഥലത്തും മറ്റും അലഞ്ഞു തിരിയാനായിരുന്നു കുട്ടികളുടെ വിധി. പതിയെ ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുകയും മറ്റ് ക്രിമിനല്‍ പശ്ചാത്തലത്തിലേക്കു മാറുകയും ചെയ്യുന്നു. ഇതിനുകൂടി തടയിടാനാണ് സ്കൂളിലേക്ക് വഴികാട്ടിയത്.
പുസ്തകങ്ങള്‍, യൂനിഫോം, ഫീസ് തുടങ്ങിയവ ഉള്‍പ്പെടെ വിദ്യാഭ്യാസത്തിനുള്ള സകല ചെലവുകളും ഇദ്ദേഹമാണ് വഹിക്കുന്നത്. അടിക്കടി സ്കൂളിലെത്തി അധ്യാപകരുമായി കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതികള്‍ വിലയിരുത്തുകയും ചെയ്യും. കഴിഞ്ഞവര്‍ഷം മാതാപിതാക്കളോടൊപ്പം പണിസ്ഥലത്ത് കണ്ടെത്തിയ അഞ്ച് കുട്ടികളെ ഒന്നിച്ചാണ് ഈവര്‍ഷം സ്കൂളില്‍ ചേര്‍ത്തത്. ജയ്പൂര്‍ സ്വദേശികളായ കലാം- അക്ത്തരി ദമ്പതികളുടെ മൂന്ന് കുട്ടികള്‍ പഠനം അവസാനിപ്പിച്ചാണ് ഇവരോടൊപ്പം കേരളത്തില്‍ എത്തിയത്. ഇവര്‍ ജയ്പൂരില്‍ പഠിച്ചിരുന്ന സ്കൂളില്‍നിന്ന് ചന്ദ്രശേഖരന്‍ നായര്‍ തന്നെ മുന്‍കൈയെടുത്ത് ടി.സി വാങ്ങി. ഇവരുടെ ഇളയ കുട്ടികളായ രണ്ടുപേരെ സ്കൂളില്‍ ചേര്‍ക്കുവാന്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. അതിനായി ഇവര്‍ ജനിച്ച ആശുപത്രിയില്‍നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചതും ഇദ്ദേഹം തന്നെ.
രേഖകളെല്ലാം ശരിയാക്കിയ ഇവരില്‍ ഒരാളെ ഏറ്റുമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നാലുപേരെ ടീച്ചേഴ്സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്നുള്ള ഗവ. ബി.ടി.എസിലും ചേര്‍ത്തു. രണ്ടുപേര്‍ ഒന്നിലാണ് പഠിക്കുന്നത്. കല്ലറ, കാണക്കാരി, ഏറ്റുമാനൂര്‍, കോതനല്ലൂര്‍, ചങ്ങനാശേരി, പായിപ്പാട് എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഇപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത്. ഇക്കൊല്ലം മൂന്ന് കുട്ടികളെ കൂടി ചേര്‍ക്കുവാന്‍ അവരുടെ രേഖകല്‍ തയാറാക്കുന്ന തിരക്കിലാണ് ചന്ദ്രശേഖരന്‍ നായര്‍. മൂന്ന് സ്വന്തം മക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ആകെ 46 മക്കളാണ് തനിക്കുള്ളതെന്ന് പറയുമ്പോള്‍ കുട്ടന്‍െറ മുഖത്ത് സന്തോഷം വിരിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.