ഇവിടെയുണ്ട് ഒരു കാല്‍പന്തുകളിക്കാരി

തിരുവനന്തപുരം: ഒരുപാട് വനിതാദിനങ്ങള്‍ ആഘോഷിച്ചിട്ടും രാജ്യം അറിയാതെപോയി ഈ ലോകകപ്പ് വനിതാ ഫുട്ബാള്‍ താരത്തെ. 1981ല്‍ ചൈനയിലെ തായ്പേയില്‍ നടന്ന വനിതാ ലോകകപ്പ് ഫുട്ബാള്‍ മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ജഴ്സി അണിഞ്ഞ മുട്ടത്തറ സ്വദേശിനി എസ്. ലളിതയാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്നത്. കേരള ഫുട്ബാള്‍ അസോസിയേഷന്‍ തയാറാക്കുന്ന ഫുട്ബാള്‍ ചരിത്രത്തില്‍ വനിതാഫുട്ബാളിനെക്കുറിച്ച് ചരിത്രം എഴുതുന്ന തിരക്കിലാണ് ലളിത. വൈകിയത്തെിയ അംഗീകാരമായാണ് ഇതിനെ അവര്‍ കാണുന്നത്.

തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഭവനിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായ ഇവര്‍ കെ.എസ്.ആര്‍.ടി.സിക്ക് ഫുട്ബാള്‍ ടീം ഉണ്ടാക്കണമെന്ന ആശയം മുന്നോട്ടുവെച്ച് വിശദമായി പഠിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് റിപ്പോര്‍ട്ടും നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മേയ് 31ന് സര്‍വിസില്‍നിന്ന് വിരമിക്കുന്ന ഇവര്‍ അതിന് മുമ്പ് കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി ഫുട്ബാള്‍ ടീം യാഥാര്‍ഥ്യമായികാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

വളര്‍ന്നുവരുന്ന വനിതാഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രചോദനമേകാന്‍ അധികൃതര്‍ മടിക്കുകയാണെന്നും ഇവരെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ ഇനിയും ഫുട്ബാള്‍ രംഗത്ത് സജീവമാകുമെന്നും ലളിത പറയുന്നു. ലയണല്‍ മെസിയെയും നെയ്മറെയും ഇഷ്ടപ്പെടുന്ന ഈ താരത്തിന്‍െറ മനസ്സില്‍ 1981ലെ വനിതാ ലോകകപ്പ് ഫുട്ബാളിന്‍െറ ആരവം ഇന്നുമുണ്ട്. കരുത്തരായ അര്‍ജന്‍റീനയുടെ വനിതാ ടീമിന് എതിരെയാണ് ലളിത ലോകകപ്പ് ജഴ്സി അണിഞ്ഞത്. ടീമിന്‍െറ റൈറ്റ് വിങ്ങായിരുന്ന ലളിത നല്‍കിയ പാസിലൂടെ ശാന്തി മല്ലിക് ഹെഡ് ചെയ്ത് അര്‍ജന്‍റീനയുടെ വലകുലുക്കിയ അവിസ്മരണീയനിമിഷം ഇന്നും ഇവര്‍ ഓര്‍ക്കുന്നു.

എന്നാല്‍, കേരളം ആ സ്നേഹം മടക്കിയില്ളെന്ന് ഇവര്‍ക്ക് പരിഭവമുണ്ട്. വനിതാഫുട്ബാള്‍ രംഗത്ത് കേരളത്തില്‍ മികച്ച താരങ്ങളുണ്ടെന്നും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ അധികൃതര്‍ തയാറാകണമെന്നും അവര്‍ പറയുന്നു. വലിയതുറ കടപ്പുറത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബാള്‍ കളിച്ചാണ് ലളിത രാജ്യത്തിന്‍െറ താരമായത്. ആറ്റുകാല്‍ കൊഞ്ചിറവിളയില്‍ ഭര്‍ത്താവ് ലോഹിതദാസന്‍, മക്കളായ ലിയ, ശ്രുതി എന്നിവര്‍ക്കൊപ്പമാണ് താമസം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.