??????? ???????????? ?????? ????????? ?????????? ?????????

അസ്റഖ് അഭയാര്‍ഥി ക്യാമ്പ്, ജോര്‍ഡന്‍: കടുത്ത് ചുവന്ന്  പരന്നുകിടക്കുന്ന ജോര്‍ഡന്‍ മരുഭൂമിയുടെ ഒരു ഭാഗം, ചൊവ്വാഴ്ച പത്തുമണി. മൈസൂന്‍ അല്‍ മലീഹാന് കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിക്കാന്‍ നേരമില്ലായിരുന്നു. അവള്‍ ഇനിവരാനുള്ളതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അവള്‍ ഇംഗ്ലീഷ് കോഴ്സും കമ്പ്യൂട്ടര്‍ കോഴ്സും ചെയ്യുന്നുണ്ട്. കുറച്ചുനാള്‍ കഴിഞ്ഞാണ് ഇനി ക്ലാസ്. എങ്കിലും, വരും വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതിയും പുസ്തകങ്ങളും നേരത്തേതന്നെ കിട്ടണമെന്നവള്‍ കൊതിച്ചു.

സയന്‍സാണ് മൈസൂനിന്‍റെ ഇഷ്ടവിഷയം. ‘നാം സയന്‍സ് പഠിക്കുകയെന്നത് നമുക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പഠിക്കുകയെന്നതാണ്’. ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. അതിരറ്റ ജീവിതാവേശവും ജീവിതലക്ഷ്യവുമുള്ള ഒരു 16കാരിയെ കണ്ടുമുട്ടുകയെന്നത് തീര്‍ത്തും അസാധാരണം. അതും സിറിയാതിര്‍ത്തിയിൽ നിന്നും 62 മൈലകലെയുള്ള ഒരഭയാര്‍ഥി ക്യാമ്പില്‍! 2013ലെ സിറിയന്‍ ആഭ്യന്തരയുദ്ധം ധാരായിലെ അവരുടെ ഗ്രാമത്തിനടുത്തെത്തിയപ്പോഴാണ് മൈസൂനും കുടുംബവും ജോര്‍ഡനിലേക്കു പോകുന്നത്. ജനനിബിഢവും അലങ്കോലവുമായ സാദരിയിലെ (Zaatari) കാമ്പുകളില്‍ രണ്ടുവര്‍ഷം താമസിച്ചശേഷം മസൗണും കുടുംബവും അസ്റഖിലെ (Azraq) നല്ല സജ്ജീകൃത കാമ്പുകളിലേക്ക് മാറിത്താമസിച്ചു.

ഇന്ന് മൈസൂനും കുടുംബവും അസ്റഖില്‍ 250 ച.അടി വിസ്താരമുള്ള ഉരുക്ക് ടെന്‍റിലാണ്. ഇവിടേക്ക് ദിനംപ്രതി അറുപതോളം അഭയാര്‍ഥികളാണ് അണഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷേ, ഇതൊന്നുമല്ല ഇന്ന്  മൈസൂനിനെ അലട്ടുന്ന പ്രശ്നം. അസ്റഖിലെ സ്കൂളിലെ ക്ലാസ് മുറിയില്‍ ചടഞ്ഞുകൂടുന്ന മൈസൂനിന്‍റെ ചിന്ത അടുത്തവര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ തന്‍െറ കൂടെ എത്ര കൂട്ടുകാര്‍ പഠിക്കാനുണ്ടാകുമെന്നാണ്.

മൈസൂന്‍ അല്‍മലീഹാന്‍ അഭയാര്‍ഥി ക്യാമ്പിലെ കുട്ടിയുമായി
ഇക്കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സിറിയന്‍ അഭയാര്‍ഥികളില്‍ ശൈശവ വിവാഹം വര്‍ധിക്കുകയാണ് ചെയ്തത്. യൂനിസെഫിന്‍റെ കണക്കുപ്രകാരം 2014 മുതല്‍ ലോകത്ത് നടക്കുന്ന ഓരോ വിവാഹത്തിലും മൂന്നിലൊന്ന് സിറിയന്‍ അഭയാര്‍ഥിയായിരിക്കുമെന്നാണ്. 2012ല്‍ ഇത് 18 ശതമാനത്തില്‍ താഴെയായിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷവും മൃഗീയവുമായി തുടര്‍ന്നു കൊണ്ടിരുന്നു. കുടിയൊഴിഞ്ഞുപോയ സിറിയക്കാരില്‍ ഭൂരിഭാഗവും ശൈശവ വിവാഹം സ്വീകരിക്കുന്നത് തങ്ങളുടെ മക്കള്‍ക്കുള്ള സാമ്പത്തികവും സാമൂഹികവുമായ ഭാവി ഭദ്രതക്കായാണ്.

‘നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കില്‍ നിങ്ങളും നിങ്ങളുടെ കുട്ടിയെ സാമ്പത്തികമായി സുരക്ഷിതമാക്കാനൊരു അവസരം കണ്ടെത്തും പ്രയാസകരമായ ഒരു കാര്യമാണത്’. യൂനിസെഫ് (UNICEF) ഫീല്‍ഡ് ഓഫിസര്‍ സ്റ്റീന്‍ അലെന്‍ പറഞ്ഞു. സാധാരണ നാമൊക്കെ തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗമില്ലെങ്കിലും ചില രക്ഷിതാക്കള്‍ക്കൊക്കെ ആ മാര്‍ഗമാണ് തെരഞ്ഞെടുക്കേണ്ടി വരുന്നത്.

അഭയാര്‍ഥികളുടെ മലാല
അവരൊക്കെ  ഒരു വലിയ അബദ്ധമാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ്  മൈസൂന്‍ ചിന്തിക്കുന്നത്. അഭയാര്‍ഥി ക്യാമ്പിലെ ഓരോ കൂര വാതിലിലും മൈസൂന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. മാതാപിതാക്കളോട് മക്കളെ ചെറുപ്രായത്തില്‍ തന്നെ കെട്ടിച്ചയക്കുന്നതിനു പകരം സ്കൂളില്‍തന്നെ നിലനിര്‍ത്താന്‍ പറയും. വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെപ്പറ്റി തെര്യപ്പെടുത്തും.

മൈസൂന്‍ അല്‍മലീഹാന്‍, മലാല യൂസഫ് സായിക്കൊപ്പം

‘മിക്ക കുടുംബവും ചിന്തിക്കുന്നത് യുവത്വത്തിലേക്കു കടക്കാനിരിക്കുന്ന അവരുടെ മകളെക്കുറിച്ചാണ്. അവളെ ആര് സംരക്ഷിക്കും? ഇത്ര ചെറുപ്പത്തിലേ വിവാഹം കഴിക്കുകയെന്നത് വിഡ്ഢിത്തമാണ്. ആ ദാമ്പത്യം തകര്‍ന്നാല്‍ പിന്നെയവളെ എന്തിനുപറ്റും?’ ‘വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവന്‍ സംരക്ഷിക്കാനുള്ള കവചമാണത്. നമ്മുടെ പ്രശ്ന പരിഹാരത്തിനുള്ള ഉപാധിയാണ്. നമുക്ക് വിദ്യാഭ്യാസമില്ലെങ്കില്‍ നമുക്ക് നമ്മെത്തന്നെ പ്രതിരോധിക്കാനാവില്ല’ -മൈസൂന്‍ പറഞ്ഞു.

2012ല്‍ താലിബാന്‍റെ വെടിയുണ്ടയെ അതിജീവിച്ച പാകിസ്താന്‍റെ കൗമാര സ്ത്രൈണതയുടെ പ്രതീകം മലാല യൂസുഫ് സായിയെ പോലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പടപൊരുതുന്ന മൈസൂന്‍ സിറിയയുടെ മലാല എന്നാണറിയപ്പെടുന്നത്. 2014 ഫെബ്രുവരിയില്‍ മൈസൂനിനെ കാണാന്‍ മലാല സദാരിയിലെത്തിയിരുന്നു. ഓസ്ലോയില്‍ മലാല യൂസുഫ് സായ് സമാധാന നൊബേല്‍ സ്വീകരിക്കുന്ന ചടങ്ങിലേക്ക് മസൗണുമെത്തി.

ലോക പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള സ്നേഹബന്ധം വിവരിക്കുമ്പോള്‍ മൈസൂനിന്‍റെ കണ്ണുകള്‍ തിളങ്ങുകയായിരുന്നു. ‘സിറിയയുടെ മലാല’ എന്ന് വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിതയാണ്. മലാല യൂസുഫ് സായ് സമര്‍പ്പിതയായിരുന്നു. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതിന്‍റെ പേരില്‍ എനിക്കു ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. അതിനെയൊക്കെ ഞാന്‍ ധൈര്യപൂര്‍വം നേരിട്ടു. എനിക്കും അവളാണ് വലിയ പ്രചോദനം’ -മൈസൂന്‍ പറഞ്ഞു.

മലാല മൈസൂനിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ‘അവളെ ക്യാമ്പില്‍വെച്ച് കണ്ടുമുട്ടാനായത് വലിയൊരു ഭാഗ്യമാണ്. രാജ്യത്തിനു വേണ്ടി അവള്‍ക്ക് വലിയ സ്വപ്നമുണ്ട്. അവള്‍ക്കവളുടെ രാജ്യം സമാധാനഭരിതമാവേണ്ടതുണ്ട്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ശാന്തി കളിയാടണമെന്നവള്‍ ആശിക്കുന്നു’ -ഒരു യൂട്യൂബ് അഭിമുഖത്തില്‍ മലാല വിശദീകരിച്ചു.

അതിദയനീയാവസ്ഥ
കഴിഞ്ഞ നാലുവര്‍ഷംവരെ 1.4 മില്യണ്‍ സിറിയക്കാര്‍ക്ക് അഭയം നല്‍കിയതായി ജോര്‍ഡന്‍ അവകാശപ്പെടുന്നു. യു.എന്‍ അഭയാര്‍ഥി ഏജന്‍സി രേഖപ്പെടുത്തിയ 6,30,000ത്തിനെക്കാള്‍ എത്രയോ വലിയ കണക്കാണിത്. വിദ്യാഭ്യാസമാണ് ഇവര്‍ നേരിടുന്ന പല പ്രശ്നങ്ങളില്‍ ഒന്ന്. ദൈനംദിനം സിറിയന്‍ അഭയാര്‍ഥികളുടെ സ്ഥിതി വളരെ വഷളാവുന്നുവെന്നാണ് ലോകവീക്ഷണം. 1.9 ബില്യണില്‍ 12 ശതമാനത്തിലധികം അഭയാര്‍ഥികളെ ജോര്‍ഡന്‍ സ്വീകരിച്ചു കഴിഞ്ഞു. ലോക സമൂഹത്തിനു പോലും ഈ വിഷയത്തില്‍  ജോര്‍ഡനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ജോര്‍ഡന്‍ പ്രധാനമന്ത്രി ഇമാദ് ഫക്കൗറി പറഞ്ഞു. ‘പക്ഷേ, ഞങ്ങള്‍ക്കൊറ്റക്ക് ഈ ഉദ്യമത്തില്‍ മുന്നോട്ടു പോകാനാവണമെന്നില്ല’. ഈ വര്‍ഷാരംഭത്തില്‍ ബജറ്റുതുകയുടെ കുറവുമൂലം ജോര്‍ഡനു പുറത്തു കഴിയുന്ന അഭയാര്‍ഥികളുടെ ഭക്ഷണ സഹായം 80 ശതമാനം വരെ കുറച്ചു. അത്യാവശ്യത്തിന് സഹായ ഫണ്ടുണ്ടെങ്കിലും ലോകമൊന്നടങ്കം അരയും വയറും മുറുക്കിയിറങ്ങണമെന്നാണ് യൂനിസെഫ് മുന്നറിയിപ്പു നല്‍കുന്നത്.

മൈസൂന്‍ അല്‍മലീഹാന്‍ അസ്റഖ് അഭയാര്‍ഥി ക്യാമ്പിലെ സ്കൂളില്‍

‘അവസാന വര്‍ഷത്തേക്കാള്‍ ദയനീയമാണ് ക്യാമ്പിലെ ഇപ്പോഴത്തെ സ്ഥിതി. ഞങ്ങള്‍ കഴിവിന്‍റെ പരമാവധി സേവനം ചെയ്തിട്ടും പ്രാഥമികാവശ്യ നിര്‍വഹണ ശ്രോതസ്സുകള്‍ പോലും തകരാറിലാണ്’. സ്റ്റീഫെന്‍ അലെന്‍റ് പറയുന്നു. ‘നാലുവര്‍ഷമായി അഭയാര്‍ഥികളിവിടെ ഏറ്റവും മോശപ്പെട്ട നിലയിലാണ്. അവരുടെ സ്വത്തുക്കളും സാധനങ്ങളും അപരസഹായങ്ങളും തീര്‍ന്നു പോയിരിക്കുന്നു’.

അഭയസ്ഥലം
അസ്റഖില്‍ കഴിയുന്ന 14,000 ത്തില്‍ 55 ശതമാനവും കുട്ടികളാണ്. അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കുമെന്നാണ്. ഊഞ്ഞാലാടിയും ബാസ്കറ്റ്ബാള്‍ കളിച്ചും കിണര്‍വട്ടം ചുറ്റിക്കളിച്ചുമാണവര്‍ ദിനങ്ങള്‍ തള്ളുന്നത്. ഈ ‘മക്കാനി’ അഥവാ സ്കൂള്‍ മടുപ്പിക്കുന്ന ക്യാമ്പ് ജീവിതത്തില്‍നിന്നും കുട്ടികള്‍ക്കുള്ള ഒരാശ്വാസ കേന്ദ്രമാണ്. അസ്റഖിലെ അന്താരാഷ്ട്ര മെഡിക്കല്‍ കോര്‍പ്സ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് അബൂലവി പറഞ്ഞു. ‘ഈ കുട്ടികള്‍ ഒരുപാട് വേദന അനുഭവിക്കുന്നു. അവരില്‍ പടര്‍ന്നുപിടിച്ച മാരകമായ പകര്‍ച്ചവ്യാധിമൂലം അവര്‍ക്കവരുടെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും നഷ്ടമായി. അവരൊറ്റപ്പെട്ട് കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു’.

‘ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനും അവരുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് കാലം കെട്ടിനിന്ന കുരുന്നു വികാരങ്ങളും അനുഭവങ്ങളും ഒഴുക്കിവിടാനുള്ള ഒരിടമാകണമിതെന്നും ഞങ്ങളുദ്ദേശിക്കുന്നു’. ഫൈസല്‍,  ക്യാമ്പിലെ ആയിരക്കണക്കിനു കുട്ടികളിലൊരുത്തന്‍. ശരീരം മെലിഞ്ഞ്, ഏകദേശം 12 വയസ്സ്. അവനും ധാരയില്‍നിന്നാണ് വന്നിട്ടുള്ളത്. ‘സിറിയയില്‍ വെച്ച്  എനിക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. എന്‍െറ നീന്തല്‍ സൗകര്യം നഷ്ടപ്പെട്ടതില്‍ വളരെ സങ്കടമുണ്ട്’ -അവന്‍ പറഞ്ഞു. മക്കാനിയിലെ (Makkani) കുട്ടികളുടെ കളിയാരവങ്ങള്‍ക്കിടയില്‍ മറ്റൊരുകുട്ടി, കറുത്ത് അഴുകിയ ബേസ്ബോള്‍ തൊപ്പിയും ധരിച്ച് നിശ്ശബ്ദനായി പുസ്തകം വായിച്ചിരിക്കുന്നു. ‘ ഇതൊരെലിയുടെ കഥയാണ്. വലിയൊരു കണ്ടന്‍പൂച്ച പിടിച്ച കുടുംബത്തെയും അന്വേഷിച്ചിറങ്ങിയ ഒരു കുഞ്ഞനെലിയുടെ കഥ’. 15കാരന്‍ ഫൈസല്‍ പറഞ്ഞു. ആറുമാസമായി ഫൈസല്‍ അസ്റഖിലെത്തീട്ട്. ഡമസ്കസ് നഗരപ്രാന്തത്തിലുള്ള ഗൗദയായിരുന്നു ഫൈസലിന്‍റെ നാട്. 2013ല്‍  ഗൗദയിലുണ്ടായ സിറിയന്‍ ഗ്യാസ് ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു.അവരില്‍ കുട്ടികളായിരുന്നു കൂടുതല്‍.

മൈസൂന്‍ അല്‍മലീഹാന്‍, മലാല യൂസഫ് സായിക്കൊപ്പം

‘എനിക്കേറ്റവും നഷ്ടം എന്‍െറ ഗ്രാമമാണ്. എന്‍െറ വീടും എന്‍റെ കൂട്ടുകാരും അവിടെയാണ്’-ഫൈസല്‍ പറയുന്നു. ക്യാമ്പിലെ ഒൗപചാരിക പാഠശാലകളില്‍ പോലും ഫൈസല്‍ പോകുന്നില്ല. പകരം മക്കാനിയിലെ അനൗപചാരിക പാഠങ്ങളാണ് അവന്‍ പഠിക്കുന്നത്. ഒരിംഗ്ലീഷ് അധ്യാപകനാവണമെന്നാണ് അവന്‍റെയാഗ്രഹം.

കഠിനമായ മരുഭൂമിയുടെ തുണ്ട്
2,20,000 കുട്ടികളെയാണ് UNHCR രജിസ്റ്റര്‍ ചെയ്തത്. 13,000ത്തില്‍പരം കുട്ടികളെ ഒൗപചാരിക വിദ്യാഭ്യാസത്തിനുവേണ്ടി പേരുചേര്‍ത്തിട്ടുണ്ട്. എന്നാലും 90,000ത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസമില്ല. ഇതില്‍പ്പെട്ട ഒരു കുട്ടിയുടെയടുത്തേക്ക് മൈസൂന്‍ ഞങ്ങളെ കൊണ്ടുപോയി. ഷാറൂഖ്-15 വയസ്സ്. ഒരു വര്‍ഷമായി അവിടത്തെ കളിസ്ഥലത്തിനടുത്ത് ഒരു വെള്ള ഹൗസിങ് കണ്ടെയ്നറില്‍ രണ്ടു സഹോദരങ്ങള്‍ക്കും ഉമ്മക്കുമൊപ്പം താമസിക്കുന്നു. അവന്‍െറ ഉപ്പ സിറിയയില്‍ തന്നെയാണുള്ളത്. ‘അദ്ദേഹത്തെ മാസത്തിലൊരുതവണ വിളിക്കാനുള്ള പൈസയേ എന്‍റെയടുത്തുണ്ടാകാറുള്ളു’. ഷാറൂഖിന്‍റെ ഉമ്മ മനാഹെല്‍ പറഞ്ഞു.

ഷാറൂഖിന്‍റെ സഹോദരനാണ് അബ്ദുല്ല. 13 വയസ്സ്. അവന്‍െറ ചേല് ബാപ്പയെപ്പോലത്തെന്നെ. അവന്‍ സ്കൂളില്‍ പോകുന്നില്ല. അവനെ സ്കൂളില്‍ പോകുന്നത് വിലക്കിയിരിക്കുകയാണ്. അവന്‍ സ്കൂളില്‍ പോകാതെ വീട്ടില്‍ തന്നെയിരിക്കുന്നത് ഷാറൂഖിന് നല്ലഗുണമായി. അവനിഷ്ടം പോലെ കളിച്ചുനടക്കാം. എന്നാലിപ്പോള്‍ കുട്ടികളോട് സ്കൂളില്‍ പോകാനാവശ്യപ്പെടുന്നുണ്ട്. മനാഹെല്‍ പറയുന്നു. സ്വപ്നങ്ങളൊക്കെ പുലര്‍ന്നുകാണാന്‍ പ്രയാസമാണെങ്കിലും അവര്‍ക്ക് സുന്ദരമായൊരു ഭാവിജീവിതം നയിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ‘അസ്റക്ക്’ കഠിനമായ മരുഭൂമിയുടെ ഒരു തുണ്ടാണ്. ഇവിടെ ഒന്നും സാധ്യമല്ല. ഭൂമുഖത്തെവിടെയും  ഇങ്ങനെയൊരു സ്ഥലത്ത് ആരും ജീവിച്ചിട്ടുണ്ടാവില്ല.

മൈസൂന്‍ അല്‍മലീഹാന്‍
ഈയിടെ മൈസൂന്‍ ഈ കുടുംബത്തെ സന്ദര്‍ശിച്ചു. ഷാറൂഖിനെയും സഹോദരനെയും പഠനത്തെക്കുറിച്ച് ബോധവാന്മാരാക്കി. അടുത്ത് സ്കൂള്‍ തുറക്കുമ്പോള്‍ ഒരുമിച്ച് പോവാമെന്ന് പറഞ്ഞു. ‘നമ്മുടെ ഭാവിക്ക് വിദ്യാഭ്യാസം എത്രമാത്രം അത്യാവശ്യമാണെന്ന് മൈസൂന്‍ ഞങ്ങളെ ഉണര്‍ത്തി’. ‘അവള്‍ എന്നെ ബോധ്യപ്പെടുത്തും മുമ്പേ വിദ്യാഭ്യാസത്തെക്കുറിച്ച് എനിക്കറിയാമായിരുന്നു’. ഷാറൂഖ് ശാന്തമായി പറഞ്ഞു.

ഭാവിയിലേക്ക് കണ്ണുംനട്ട്
ഇക്കഴിഞ്ഞ ലോക അഭയാര്‍ഥി ദിനത്തില്‍ UNHCR  മേധാവി അന്‍േറാണിയോ ഗട്ടെറസ് 2014 ല്‍ 60 മില്യണിനടുത്ത് ജനങ്ങള്‍ പലായനം ചെയ്തത് ലോക റെക്കോഡാണെന്ന് പ്രഖ്യാപിച്ചു. ആ ഭീകരവാര്‍ത്തക്കുമുമ്പിലും മൈസൂന്‍ നിസ്സങ്കോചം ആത്മവിശ്വാസത്തിന്‍റെ സ്വരംമീട്ടിക്കൊണ്ടിരുന്നു. ‘ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്നാര്‍ക്കുമറിയില്ല. പക്ഷേ, ഭാവിയെക്കുറിച്ചെനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഞാനെപ്പോഴും ഒരു ശുഭാപ്തി വിശ്വാസക്കാരിയാണ്. ഭാവിജീവിതം എനിക്കനുസൃതമായി മാറ്റാന്‍വേണ്ടിയാണ് ഞാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതെനിക്ക് കഴിയുകതന്നെ ചെയ്യും’.

ഭാവിയില്‍ എന്താകാനാണ് മോഹം? ഞങ്ങള്‍ മൈസൂനിനോട് ചോദിച്ചു. ‘എനിക്കൊരു മാധ്യമപ്രവര്‍ത്തകയാകണം. എന്‍െറയഭിപ്രായത്തില്‍ മികച്ചൊരു ജോലിയാണത്’ -മൈസൂന്‍ പുഞ്ചിരിതൂകി. അപ്പോഴും അവളില്‍ പ്രയാസത്തിന്‍റെ കനല്‍ക്കട്ടകള്‍ക്കിടയിലൂടെ ആത്മവിശ്വാസത്തിന്‍റെ അഗ്നിജ്വാല തിളങ്ങിനിന്നു.           

നിക്ക്തോംപ്സണ്‍, ജൊനാഥന്‍ ഹോക്കിങ്സ്
വിവര്‍ത്തനം: സല്‍മാനുല്‍ ഫാരിസ്. എ.പി. നിലമ്പൂര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.