വളര്‍ത്തുദോഷം പരിഹരിക്കാന്‍ 12 വഴികള്‍

വേണ്ടതൊക്കെ വാങ്ങി കൊടുത്തിട്ടും ചെയ്തു കൊടുത്തിട്ടും നിങ്ങളുടെ കുട്ടിക്ക് എപ്പോഴും പരാതിയാണോ? നിങ്ങളുടെ അകമഴിഞ്ഞുള്ള സ്നേഹത്തിന് അവള്‍ ഒരു വിലയും നല്‍കുന്നില്ല  എന്ന് തോന്നാറുണ്ടോ? എങ്കില്‍ പ്രശ്നം നിങ്ങളുടെ കുട്ടിക്കല്ല; നിങ്ങള്‍ക്കാണ്. വളര്‍ത്തുന്നത് ശരിയായ രീതിയില്‍ അല്ലാത്തതാണ് പ്രശ്നം. കുട്ടികളുടെ കാര്യങ്ങളില്‍ എടുക്കുന്ന സമീപനങ്ങളാണ് സത്യത്തില്‍ യഥാര്‍ഥ  വില്ലന്‍. ചിലപ്പോള്‍  നിങ്ങള്‍ പോലും അറിയാതെയാകും ഇത് പ്രകടമാകുന്നത്. കുട്ടികളെ വളര്‍ത്തലും ഒരു കലയാണ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിള്‍ ഒന്നാണ് ഇതെന്ന് പറഞ്ഞാലും അധികമാവില്ല !

12 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുട്ടികളെ മിടുക്കികളും മിടുക്കന്‍മാരും ആക്കാം:

1. അമിത പരിഗണന

കുട്ടികളുടെ കാര്യങ്ങള്‍ക്ക്  വേണ്ടി നിങ്ങള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവെക്കാറുണ്ടോ? അവരുടെ ഗൃഹപാഠം, കളി, മ്യൂസിക് ക്ളാസ്, ക്രിക്കറ്റ് കോച്ചിങ്... അങ്ങനെ കുട്ടികള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ ചൊല്ലി നിങ്ങള്‍ ആവലാതിപ്പെടുകയും നിങ്ങളുടെ വിലപ്പെട്ട സമയം ഒരുപാട് ചിലവഴിക്കാറുമുണ്ടോ? എങ്കില്‍ ആ സ്വഭാവം ആദ്യം നിര്‍ത്തലാക്കുക. കാരണം, അത് കുട്ടികളെ സ്വയം പര്യാപ്തരാക്കില്ളെന്ന് മാത്രമല്ല, അവരില്‍ സ്വാര്‍ഥത വളര്‍ത്താനും  ഇടയാക്കും.

തീര്‍ച്ചയായും കുട്ടികള്‍ക്ക് പരിഗണന  ആവശ്യമാണ്. പക്ഷെ  എന്ത് പ്രശ്നങ്ങള്‍ക്കിടയിലും തന്‍റെ കാര്യം മാത്രമാണ് രക്ഷിതാക്കള്‍ക്ക് വലുത് എന്ന് കുട്ടിക്ക് തോന്നി തുടങ്ങുന്നതു പോലെയുള്ള പരിഗണന ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യൂ. പ്രശ്നങ്ങളെ  അഭിമുഖീകരിക്കാനും  സ്വയം തീരുമാനമെടുക്കാനും ഉള്ള അവന്‍റെ കഴിവിനെയാണ് നിങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കുന്നത്. മാത്രമല്ല,  ഞാനും എന്‍റെ പ്രശ്നങ്ങളും ആണ് വലുതെന്ന ചിന്ത കുട്ടികളില്‍ ഉണ്ടായിതുടങ്ങും. അത് അവന് ഭാവിയില്‍  പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. അതുകൊണ്ട്, ഗൃഹപാഠം ചെയ്യാന്‍ സഹായിച്ചു കൊള്ളൂ. പക്ഷേ  അതിനു വേണ്ടി നിങ്ങളുടെ അല്ളെങ്കില്‍ വീട്ടിലെ മറ്റു കാര്യങ്ങള്‍ മാറ്റിവെക്കാതിരിക്കുക.


2. അമിത പ്രശംസ

''നിന്‍റെ ബുദ്ധി അപാരം തന്നെ'', ''എന്ത് ഭംഗിയാ നീ വരച്ചത്  കാണാന്‍''... ഇങ്ങനെ കുട്ടികള്‍ ചെയ്യുന്ന എന്തിനും ഏതിനും അവരെ വല്ലാതെ പുകഴ്ത്താറുണ്ടോ..? എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ കുട്ടി ഒരു മടിയനായി മാറിയേക്കാം. പുകഴ്ത്തല്‍ ഒരു പ്രായം വരെ അവരുടെ കഴിവുകള്‍ വികസിക്കാന്‍ ആവശ്യമാണ്. പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രം. പക്ഷെ എപ്പോഴും ഒരേ രീതിയില്‍ തന്നെ ചെയ്യുന്ന ഒരു കുട്ടിയോടു നീ ചെയ്തത് വളരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോള്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുക. അധികം മിനക്കെട്ടില്ളെങ്കിലും ഞാന്‍ ചെയ്യുന്നത് നന്നാകും എന്നാണ് അവര്‍ ചിന്തിക്കുക. പ്രോത്സാഹനം ഒരിക്കലും പുകഴ്ത്തല്‍ ആകാതെ ശ്രദ്ധിക്കുക. അതുകൊണ്ട്, ''കുറച്ചു കൂടി ഭംഗിയായി നിനക്ക് ചെയ്യാന്‍ പറ്റും''  ''ഇത് മറ്റൊരു വഴിയിലൂടെ ചെയ്യാം'' എന്നൊക്കെ പ്രോത്സാഹന രൂപത്തില്‍ അവരോട് പറയുക.

3. അമിത ശാസന

'' എത്ര പറഞ്ഞാലും മനസ്സിലാകില്ല''
''ഒരു ഉത്തരവാദിത്തവുമില്ല''
'' നിന്നെ കൊണ്ട് എന്തിന് കൊള്ളാം''
''നീ ഇനി എന്നാ നന്നാകുക''
''നീ എന്തൊരു വിഡ്ഢിയാണ്''
''എപ്പോ നോക്കിയാലും കളിയും കറക്കവും തന്നെ''

കുട്ടികളോടുള്ള സ്ഥിരം പല്ലവിയാണിവയൊക്കെ. ഇതൊന്നും പറഞ്ഞത് കൊണ്ട് ഉത്തരവാദിത്തമില്ലാത്ത ഒരു കുട്ടി ഉത്തരവാദിത്തമുള്ളവനാകില്ല. കുട്ടികളുടെ സ്വഭാവത്തില്‍ ഒരു അണുവിട വ്യത്യാസം  ഉണ്ടാകില്ല എന്ന് മാത്രമല്ല, ഈ പറയുന്നതൊക്കെ  സ്വന്തം പേരില്‍ മുദ്ര കുത്തിയ സ്വഭാവങ്ങളായി അവര്‍ സ്വയം അംഗീകരിക്കും. ലക്ഷ്യബോധമില്ലാതെ അവര്‍ വളരുകയും ചെയ്യും.  അധികം കുട്ടികളിലും അപകര്‍ഷതാബോധം വളര്‍ത്താന്‍ ഇടയാക്കും. എന്നാല്‍, ചിലര്‍ ഈ ദൂഷ്യങ്ങളെല്ലാം അംഗീകരിച്ച് ആ രീതിയില്‍ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്നതാണ് വലിയൊരു അപകടം.


4. നല്ലത് ചെയ്താല്‍ കുട്ടികളെ അംഗീകരിക്കുക

ഇപ്പോഴും കുട്ടികളുടെ ചീത്തവശം മാത്രം കാണാതെ അവരുടെ നല്ല ശീലങ്ങള്‍ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഗൃഹപാഠം നിങ്ങളെ ബുദ്ധിമുട്ടിക്കാതെ സമയത്ത് തന്നെ ചെയ്തു തീര്‍ക്കുന്ന കുട്ടിയെ അഭിനന്ദിക്കുക. വീട്ടിലെ ജോലികളില്‍ നിങ്ങളെ അവര്‍ പറയാതെ സഹായിക്കുന്നുണ്ടെങ്കില്‍, മറ്റുള്ളവരോട് കരുണ തോന്നുന്ന പ്രകൃതമാണ് അവരുടേതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അവരെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. ചെറിയ ചെറിയ നല്ല വാക്കുകള്‍ പോലും  വലിയ വ്യത്യാസം അവരിലുണ്ടാക്കും. ഗുണദോഷിച്ചോളൂ.. പക്ഷേ  അവരുടെ  നല്ല വശങ്ങളും ശ്രദ്ധിക്കുക. നല്ല ഗുണങ്ങള്‍ അവരില്‍ വളരുമെന്ന് മാത്രമല്ല, അവരുടെ അപകര്‍ഷതാബോധം ഇല്ലാതാക്കി ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.

5. നിങ്ങളുടെ സ്വപ്നങ്ങള്‍ കുട്ടികളിലൂടെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കാതിരിക്കുക

കുട്ടികള്‍ക്ക്  നല്ല ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. അതിനുള്ള സൗകര്യമുണ്ടെങ്കില്‍ ചെയ്തു കൊടുക്കുകയും വേണം. എന്നാല്‍, ഈ ചെയ്യുന്നതെല്ലാം അവര്‍  ഇന്നത് മാത്രമേ ആയി തീരാവൂ എന്ന പിടിവാശിയോടെ ആകരുത്.  കുട്ടികള്‍ നിങ്ങളുടേത് ആണെങ്കിലും അവര്‍ ഒരു വ്യക്തിയാണെന്ന് അംഗീകരിക്കുക. ഓരോ മനുഷ്യനും വ്യത്യസ്തനാണ്. നിങ്ങളുടെ അഭിരുചി നിങ്ങളുടെ കുട്ടിക്ക് ഉണ്ടാകണമെന്നില്ല.  അവര്‍ക്ക് നല്‍കുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യം പോലും നിങ്ങളുടെ സ്വാര്‍ഥത ആണെന്ന ചിന്ത അതിനു നിര്‍ബന്ധിക്കുന്നത്തിലൂടെ അവര്‍ക്ക്  ഉണ്ടാകും. പകരം, ഇങ്ങനെ ഒരു മെച്ചപ്പെട്ട അവസ്ഥ അവര്‍ക്കുണ്ടായത് നിങ്ങളുടെ കഠിനാധ്വാനം കൊണ്ടാണെന്നും അധ്വാനത്തിലൂടെ അതിലും മെച്ചപ്പെട്ട അവസ്ഥയിലേക്കത്തൊന്‍ കഴിയും എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് പ്രധാനം. സ്വന്തം അഭിരുചിക്കനുസരിച്ച്  അവര്‍ ലക്ഷ്യബോധത്തോടെ നീങ്ങട്ടെ. തീര്‍ച്ചയായും വിജയം കൈവരിക്കും.


6. മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് നാണം കെടുത്താതിരിക്കുക

നിങ്ങളുടെ കുട്ടികള്‍ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളട്ടെ. പക്ഷെ ഒരിക്കലും ഈ വാക്കുകകള്‍ അവരോടു പറയരുത്

  • നീ എന്നെ നാണം കെടുത്തി
  • നിന്‍റെ കുട്ടിക്കളി ഇന്ന് അവസാനിപ്പിക്കണം
  • ഒന്നിനും കൊള്ളാത്ത നന്ദിയില്ലാത്തവന്‍
  • ഞാന്‍ ഒരിക്കലും നിന്നോട് പൊറുക്കില്ല
  • നീ ആരാണെന്നാ നിന്‍റെ വിചാരം...

കുട്ടികളെ കുട്ടികളായി കാണുക. അവരുടെ തെറ്റുകള്‍ മുതിര്‍ന്നവരുടെ പോലുള്ള  തെറ്റുകളായി കണ്ട് നാണം കെടുത്താതിരിക്കുക. ഒരുപക്ഷെ ചെയ്തത് തെറ്റാണെന്ന് പോലും കുട്ടിക്ക് അറിയില്ലായിരിക്കും. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചതിനു ശേഷം മാത്രം അവരെ നല്ല രീതിയില്‍ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യുക. അതും മറ്റുള്ളവരുടെ മുന്നില്‍വെച്ച്  ആകാതിരിക്കാന്‍  ശ്രമിക്കുക. എന്തെങ്കിലും തരത്തിലുള്ള കുറ്റവാസന  കുട്ടി പ്രകടിപ്പിക്കുന്നുവെങ്കില്‍ പോലും വളരെ ക്ഷമയോടെ വേണം കൈകാര്യം ചെയ്യുക. കൗണ്‍സലിങ് പോലുള്ള മനഃശാസ്ത്രപരമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒട്ടു മിക്ക കുറ്റവാസനകളും കുട്ടികളില്‍ ഇല്ലാതാകും. അതിനു പകരം അവരെ അധിക്ഷേപിക്കുന്നതും നാണം കെടുത്തുന്നതും അവരുടെ സ്വഭാവ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.


7. ദേഷ്യത്തോടെ അച്ചടക്കം പഠിപ്പിക്കാതിരിക്കുക

ഓഫീസിലെ തിരക്കുകളും വഴിയിലെ ട്രാഫിക്ക് ബ്ളോക്കും കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോഴാകും ബാഗും ചെരിപ്പും എല്ലാം വാരിവലിച്ചിട്ട് കുട്ടി  ടി.വിക്ക് മുന്നില്‍ ഇരിക്കുന്നത് കാണുക. പിന്നെ അന്നത്തെ  അസ്വസ്ഥത  മുഴുവന്‍ തീര്‍ക്കുന്നത്  കുട്ടിയോടാവും. ദേഷ്യത്തിന്‍റെ ഒരു പങ്ക്  അവനും കിട്ടും. അടിയുടെ രൂപത്തില്‍. നിങ്ങളെ പേടിച്ച്  ആ സമയം അവര്‍ അനുസരിക്കും എന്നല്ലാതെ, ബലം പ്രയോഗിച്ച്  അവനെ നിങ്ങള്‍ക്ക്  അടുക്കും ചിട്ടയും ഉള്ളവനാക്കാന്‍ കഴിയില്ല. ഇങ്ങനെയാണ് കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ കുട്ടി ഒരു പിടിവാശിക്കാരനോ മുന്‍കോപിയോ ആയി മാറിയേക്കും. പകരം, അല്‍പം സംയമനം പാലിക്കുക. കുട്ടിയെ അങ്ങനെ തന്നെ വിടുക. ദേഷ്യം തല്‍കാലം പല്ലിറുമ്മിത്തന്നെ കടിച്ചമര്‍ത്തികൊള്ളൂ.  ദേഷ്യം തണുത്തു കഴിഞ്ഞു സാവധാനത്തില്‍ കുട്ടിയെ പറഞ്ഞു മനസിലാക്കുക. ഒന്ന് രണ്ടു തവണ ആവര്‍ത്തിക്കേണ്ടി വന്നേക്കാം. എന്നാലും അവര്‍ അച്ചടക്കമുള്ളവനാകാന്‍ ഇത് തന്നെയാണ് നല്ല വഴി.

8. സുഹൃത്തിനെ പോലെയാകരുത് രക്ഷിതാവ്

നിങ്ങളുടെ കുട്ടിക്ക് നിങ്ങളോടുത്ത് കളിക്കാന്‍  ഇഷ്ടമാണോ...? വളരെ നല്ലത്. പക്ഷേ അവര്‍ക്കൊപ്പം കളിക്കുമ്പോഴും രക്ഷിതാവിന്‍റെ സ്ഥാനത്ത് തന്നെ നില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ചെറുപ്രായത്തില്‍, സുഹൃത്തിന്‍റെ റോളിനെക്കാളും അവര്‍ക്ക് ആവശ്യം ഒരു രക്ഷിതാവിന്‍റെ റോള്‍ തന്നെയാണ്. അച്ചടക്കം, അതിര്‍ വരമ്പുകള്‍, ലക്ഷ്യ ബോധം, അനന്തര ഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് തുടങ്ങി ജീവിതത്തില്‍ സങ്കീര്‍ണമായ പല അവസ്ഥകളിലൂടെയും തീരുമാനങ്ങളിലൂടെയും  കടന്നു പോകുന്നതിന് അവരെ പര്യാപ്തമാക്കുന്ന ജോലി രക്ഷിതാവിന് മാത്രമേ ചെയ്യാന്‍ സാധിക്കൂ. ചെറു പ്രായത്തില്‍ തന്നെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ അത് വലിയ പങ്കുവഹിക്കുന്നു. അതിര്‍വരമ്പുകള്‍ ഉണ്ടാക്കുന്നതിനോടും മറ്റും ചിലപ്പോള്‍ കുട്ടിക്ക് നിങ്ങളോട് നീരസം തോന്നിയേക്കാം. എങ്കിലും അവന് ക്രമേണ മനസിലാകും നിങ്ങള്‍ അവനെ ജീവിക്കാന്‍ പ്രാപ്തനാക്കുകയായിരുന്നു എന്ന്.


9. വികാരങ്ങളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുക

കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഉള്ള ആത്മഹത്യകള്‍ അടുത്ത കാലത്തായി ധാരാളം കേള്‍ക്കുന്നുണ്ട്. ഭൂരിഭാഗവും വളരെ നിസാര കാര്യത്തിനു വേണ്ടി ആണെന്നും കാണാം. ജീവിതത്തില്‍ എപ്പോഴും സന്തോഷം മാത്രമാണുണ്ടാകുക എന്ന് കരുതുമ്പോഴാണ് ചെറിയ ചെറിയ ദുഃഖങ്ങള്‍ പോലും സഹിക്കാനാവാതെ പോകുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ വികാരങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ജീവിതം ഇപ്പോഴും സുഗമമായി മുന്നോട്ടു പോകണമെന്നില്ല എന്ന് അവരെ ബോധ്യപ്പെടുത്തണം. എല്ലാ സാഹചര്യങ്ങളും കുട്ടികളെ അവര്‍ക്ക്  മനസിലാകുന്ന രീതിയില്‍  പറഞ്ഞു ബോധ്യപ്പെടുത്തുക. ഉദാഹരണത്തിന് നിങ്ങള്‍ എന്തെങ്കിലും വിഷമത്തില്‍ ആണെങ്കില്‍ കുട്ടി ചോദിക്കുമ്പോള്‍ ഒന്നുമില്ല എന്ന് പറഞ്ഞൊഴിയാതെ അവന് മനസിലാകുന്ന രീതിയില്‍  ബുദ്ധിമുട്ട് പറഞ്ഞ് കൊടുക്കുക. പിന്നീട് അതില്‍ നിന്ന് മോചിതനായാല്‍ അതും അവനോട് പറയുക. ജീവിതത്തില്‍ സുഖവും ദുഃഖവും മാറി മാറിവരും എന്ന് അവര്‍ മനസിലാക്കട്ടെ.


വികാരപരമായ കാര്യങ്ങളെ നിങ്ങള്‍ എങ്ങനെ സമീപിക്കുന്നു എന്നതിന്  അനുസരിച്ചാകും കുട്ടികളും വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കുന്നത്. അത് കൊണ്ട് സ്വന്തം ജീവിതത്തിലെ വികാര വിക്ഷോഭങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു അവര്‍ക്ക്  പ്രചോദനം ആകുക. അവരെ അലട്ടുന്ന കാര്യം എത്ര നിസാരമായാലും അവരോട് സംസാരിക്കുക. വികാരങ്ങളെ  നിയന്ത്രിക്കാന്‍ അവര്‍ പ്രാപ്തരായാല്‍, ജീവിതത്തിലെ ഏതു പ്രതിസന്ധിയും അവര്‍ക്ക് ഒരു തടസമാകില്ല. ഒരു പക്ഷെ ജീവിതത്തില്‍ നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ഏറ്റവും വില പിടിച്ച പാഠമാകും ഇത്.

10. താരതമ്യം ഒഴിവാക്കുക

ഒരുപക്ഷേ ഈ കാലഘട്ടത്തിലെ രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന ഉപദേശമാകും  ഇത്. പക്ഷെ എത്ര തവണ കേട്ടാലും സ്വന്തം കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാനുള്ള പ്രവണത എപ്പോഴും രക്ഷിതാക്കള്‍ക്കിടയിലുണ്ട്. എന്‍റെ അച്ഛന്‍/അമ്മ എന്നെ സ്നേഹിക്കണമെങ്കില്‍ ഞാന്‍ മറ്റൊരാളെ  പോലെ  ആകണം എന്ന സന്ദേശമാണ് കുട്ടിക്ക് കിട്ടുന്നത്. ആത്മ വിശ്വാസം കെടുത്താന്‍ മറ്റെന്തങ്കിലും വേണോ? മാത്രമല്ല, അരക്ഷിത്വം മാനസിക-വൈകാരിക വളര്‍ച്ചക്കുറവ് എന്നിവയും കുട്ടികള്‍ക്ക് ഉണ്ടാകാനും മറ്റൊന്നും വേണ്ട. എന്‍റെ കുട്ടി, അവനോ അവള്‍ക്കോ എന്ത് കുറവുണ്ടെങ്കിലും അതിനോട് കൂടി അവരെ സ്നേഹിക്കുക. എല്ലാ കുട്ടികളും ഒരുപോലെയല്ല എന്ന് മനസിലാക്കുക. ഓരോരുത്തരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവരുടെ കഴിവുകളെ  വികസിപ്പിക്കാന്‍ ശ്രമിക്കുക.


11. അമിത സംരക്ഷണ ബോധം വളര്‍ത്താതിരിക്കുക

എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. നമ്മുടെ കുട്ടികള്‍ക്ക് പലപ്പോഴും സംരക്ഷണ ബോധത്തേക്കാള്‍ അമിത സംരക്ഷണ ബോധമാണ് നമ്മള്‍ കൊടുക്കുന്നത്. ജീവിതത്തില്‍ സ്വയംപര്യാപ്തത, സൂക്ഷ്മത, കൃത്യനിഷ്ഠ ഇതൊന്നുമില്ലാത്തവരായി കുട്ടികള്‍ മാറുന്നുണ്ടെങ്കില്‍ ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അവരുടെ അബദ്ധങ്ങള്‍ അവര്‍ തന്നെ തിരുത്താന്‍ അനുവദിക്കുക. ഉദാഹരണത്തിന് ഹോംവര്‍ക്ക്  ബുക്ക് എടുക്കാന്‍ കുട്ടി മറന്നാല്‍, അത് കൊണ്ടു പോയി കൊടുക്കാതിരിക്കുക. അതിന്‍റെ പരിണത  ഫലം കുട്ടി മനസിലാക്കട്ടെ. പിന്നീട് ഒരിക്കലും അവര്‍ മറക്കില്ല. കുട്ടികള്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കാന്‍  കൊണ്ടുതരുന്നില്ളെങ്കില്‍ നിങ്ങള്‍ ചെയ്യാതിരിക്കുക. നല്ല വസ്ത്രങ്ങള്‍ ഇടാനില്ല എന്നറിയുമ്പോള്‍ അവര്‍ തന്നെ അത് ശീലമാക്കി കൊള്ളും. കുട്ടികളെ ഉത്തരവാദിത്തമുള്ളവരാക്കാന്‍ ഇതിലും നല്ല മറ്റൊരു വഴിയില്ല.

12. വിവാഹ ജീവിതത്തിന് തന്നെയാണ് കുട്ടികളേക്കാള്‍ പ്രാധാന്യം

മാതാപിതാക്കള്‍ ഞങ്ങളെ അതിരറ്റ് സ്നേഹിക്കുന്നു എന്നതിനേക്കാള്‍ അവര്‍ പരസ്പരം അതിരറ്റ് സ്നേഹിക്കുന്നു എന്ന് കുട്ടികള്‍ മനസിലാക്കുമ്പോഴാണ് ഇരു കൂട്ടരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നത്. കുട്ടികളും രക്ഷിതാകളും തമ്മിലുള്ള ബന്ധം ചെറുതാണ് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും കുട്ടികള്‍ അവരുടെ ജീവിതത്തില്‍ പകര്‍ത്താനും സാധ്യതയുണ്ട്. ദമ്പതികള്‍ പരസ്പരം പ്രശ്നങ്ങള്‍ ഒന്നുമില്ളെങ്കില്‍ കുട്ടിയുടെ ജീവിതത്തിലും അതിന്‍റെ പ്രതിഫലനമുണ്ടാകും. കുട്ടികളുടെ കാര്യത്തില്‍ മാത്രം മുഴുകാതെ പരസ്പരം സ്നേഹിക്കാനും സന്തോഷിക്കാനും കൂടി സമയം കണ്ടത്തെുക.

കുട്ടികളെ  വളര്‍ത്തലും ഒരു കലയാണ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളില്‍ ഒന്നാണ് ഇത് എന്ന് പറഞ്ഞാലും അധികമാവില്ല ! ഈ പറഞ്ഞ കാര്യങ്ങള്‍ അറിയാതെ ആണെങ്കിലും ചെയ്ത് പോയവര്‍  ധാരാളം ഉണ്ടാകും. പക്ഷെ ചെയ്ത് പോയവയെ കുറിച്ചോര്‍ത്ത്  വിഷമിച്ചിരിക്കാതെ ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാം. നമുക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന ഭാവിയുടെ വാഗ്ദാനങ്ങളായി നമ്മുടെ കുട്ടികളെ നമുക്ക് മാറ്റിയെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.