????????? ???????? ??.??. ???????????? ???????? ?????????

ഒരു പോസ്റ്റില്‍ ഒരുങ്ങുന്നു, ഒരു ഗ്രന്ഥശാല

ഒരു ഫേസ്ബുക് പോസ്റ്റിന് ഒരു ലൈബ്രറി തന്നെ സൃഷ്ടിക്കാന്‍ കഴിയും എന്ന് തെളിയിക്കുകയാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ലൈഫ് വാര്‍ഡന്മാര്‍. വൈദ്യുതിയും വാര്‍ത്താവിനിമയ മാര്‍ഗങ്ങളുമൊന്നും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വനവായന ശാലകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ ആശയം പങ്കുവെച്ച ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഭുവിനും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദിനും അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്.

ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ആരംഭിക്കുന്ന വായനശാലയെ കുറിച്ച് ടേക്കിങ് ബുക്സ് ടു ദ വൈല്‍ഡ് എന്ന പേരിലാണ് ഇവര്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുകളെ അറിയിച്ചത്. ആയിരക്കണക്കിന് പുസ്തകങ്ങള്‍ എത്തിച്ച് നല്‍കാമെന്ന ഉറപ്പാണ്  മണിക്കൂറുകള്‍ക്കുള്ളില്‍ തേടിയെത്തിയത്. ഫേസ്ബുക് പോസ്റ്റുകള്‍കണ്ട് ആദ്യം ബന്ധപ്പെട്ട സന്നദ്ധ സംഘടനയായ കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ 5000 പുസ്തകങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും 1500 എണ്ണം ഇതിനകം മറയൂരിലെത്തിക്കുകയും ചെയ്തു. അടുത്ത ഒരു മാസത്തിനുള്ളില്‍ 3500 പുസ്തകങ്ങള്‍ എത്തിക്കുന്നതിനായി കൊച്ചിയുടെ പല ഭാഗങ്ങളിലായി പദ്ധതിയെപറ്റി വിശദീകരിച്ച് ഡ്രോപ് ബോക്സുകള്‍ സ്ഥാപിച്ചു. ഇപ്പോള്‍ തന്നെ അയ്യായിരത്തിലധികം പുസ്തകങ്ങള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പൊതുസമൂഹത്തില്‍നിന്ന് സ്വീകാര്യത ലഭിച്ചതോടെ ചിന്നാര്‍ ചെക്പോസ്റ്റിന് സമീപത്ത് ഉപയോഗ ശൂന്യമായിക്കിടന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി ലൈബ്രറിക്കായി സജ്ജമാക്കിയിരിക്കുകയാണ്. ചന്ദനവും അപൂര്‍വ ജൈവ സമ്പത്തും നിറഞ്ഞ മറയൂര്‍ മലനിരകളില്‍ ലൈബ്രറി പൂര്‍ത്തിയാകുന്നതോടെ അക്ഷര മതിലുകള്‍ നിറയും. ആനയും പുലിയും നിറഞ്ഞ കാട്ടില്‍ വസിക്കുന്ന കാടിന്‍റെ മക്കളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുകയാണ് ഈ വായനശാലയുടെ ലക്ഷ്യം.

വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് ആദിവാസി കോളനിയിലെ സന്തോഷ് എന്ന യുവാവിന് പി.എസ്.സി പരീക്ഷയിലൂടെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ജോലി ലഭിച്ചിരുന്നു. ആദിവാസി സമൂഹത്തിനിടയില്‍ പഠിക്കാന്‍ താല്‍പര്യമുള്ള യുവജനങ്ങളുടെ എണ്ണം കൂടുതലാണെന്ന് മനസിലാക്കി ആദ്യം പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു. ‘ബോധി’ എന്നാണ് വായനശാലക്ക് പേരിട്ടിരിക്കുന്നത്. വന്യജീവി സങ്കേതത്തിനുള്ളിലെ ആലാംപെട്ടി, ഈഞ്ചാംപെട്ടി, ഒള്ളവയല്‍, പുതുക്കുടി, തായണ്ണന്‍കുടി, ഇരൂട്ടളക്കുടി എന്നിവിടങ്ങളിലും വായനശാല ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.