???? ???????????????? ?????? ????????? ????? ??????????

കര്‍ക്കടകത്തിലെ ‘മുറ’ ചെറുക്കന്‍

മുറചെറുക്കനായി എത്തിയ അളകർ സ്വാമിക്ക് വാര്‍ധക്യത്തിലും ഈറ്റ ജോലിയില്‍ തിരക്കോട് തിരക്ക്. ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്‍ വാര്‍ഡില്‍ ശബരിമല വനാതിര്‍ത്തിയില്‍ കൊച്ചു കൂരയില്‍ നെയ്തുകൂട്ടുന്ന ഈറ്റ ഉല്‍പന്നങ്ങളുടെ പേറ്റന്‍റ് അളകര്‍ സ്വാമിക്കു സ്വന്തം. കാലം ഹൈടെക്കിലേക്ക് കടന്നപ്പോഴും ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു ഉപജീവനമാര്‍ഗം കണ്ടെത്തുകയാണ് അളകര്‍ സ്വാമി.

മൂഴിക്കല്‍ കുറ്റിക്കയത്ത് പുത്തന്‍പുരക്കല്‍ അളകര്‍ സ്വാമിയും (69), ഭാര്യ ലക്ഷ്മിയും (67) അരനൂറ്റാണ്ടായി ഈറ്റ ഉല്‍പന്ന നിര്‍മാണത്തിലാണ്. ഈറ്റയിലും മുളയിലും നിര്‍മിക്കുന്ന വിവിധതരം കൊട്ട, മുറം, ഡെക്കറേഷന്‍പൊളികള്‍ എന്നിവക്കെല്ലാം ഇപ്പോഴും ഡിമാന്‍ഡ് കുറവില്ലെന്നാണ് ഇവരുടെ അഭിപ്രായം. മേഖലയിലെ സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യുന്ന മുളകള്‍, ഈറ്റ എന്നിവ വിലക്കെടുത്തു ദിവസങ്ങളോളം ജോലി ചെയ്താണ് ഉല്‍പന്നങ്ങല്‍ നിര്‍മിക്കുന്നത്.

അയൽ ജില്ലയിലെ ചങ്ങനാശേരി, കോട്ടയം, പൊന്‍കുന്നം, കറുകച്ചാല്‍ ചന്തകളില്‍ എത്തി മൊത്തമായി വില്‍പന നടത്തുകയാണ്. ഒരു മുറത്തിന് 80 രൂപക്കാണ് കച്ചവടം. പ്ലാസ്റ്റിക്, ഫൈബര്‍ ഉല്‍പന്നങ്ങള്‍ സജീവമായി വിപണിയിലുണ്ടെങ്കിലും ഈറ്റ, മുള ഉല്‍പന്നങ്ങളുടെ ഗുണമറിയുന്നവര്‍ ഇത് ഉപേക്ഷിക്കാറില്ല. അതാണ് ഇപ്പോഴും തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. പഴമക്കാര്‍ ഇപ്പോഴും തേടിയെത്തുന്നത് ഈറ്റയുടെയും മുളയുടെയും ഉല്‍പന്നങ്ങളാണ്. ചന്തകളില്‍ കര്‍ക്കടകത്തിലെ പ്രധാന കച്ചവടവും ഇതായതിനാല്‍ വരുമാനം കിട്ടുന്ന മാസം ഇതുതന്നെ.

മുറം നിര്‍മാണത്തിനും കച്ചവടത്തിനുമായി അരനൂറ്റാണ്ടു മുമ്പാണ് അളകര്‍ സ്വാമി തമിഴ്നാട് പളനിയില്‍നിന്ന് മൂഴിക്കലെത്തുന്നത്. അന്ന് നാട്ടുകാര്‍ക്കിടയില്‍ മുറം വില്‍ക്കാന്‍ പോകുന്ന തന്നെ പലരും മുറചെറുക്കന്‍ എന്നു വിളിക്കുമായിരുന്നു. അന്നത്തെ മുറചെറുക്കന്‍ വിവാഹിതനായി. നാലു മക്കളുടെയും പഠനം, വിവാഹം എന്നിവ മുറം, കൊട്ട കച്ചവടത്തിലൂടെയാണ് നടത്തിയത്. സീസണ്‍ കഴിയുമ്പോള്‍ വരുമാനം കുറയും കടവും കയറും. അതെല്ലാം വീട്ടാന്‍ അടുത്ത സീസണാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.