???????? ??. ??????

‘ഇപ്പു’വിന്‍െറ ലോകം

‘ഇപ്പു’ എന്ന പേരിനെക്കുറിച്ച് വിവരിക്കാന്‍ സിനിമാതാരം മുകേഷ് പറഞ്ഞപ്പോള്‍ അവന്‍െറ രസകരമായ മറുപടി ഇളയപുത്രന്‍ എന്നതിന്‍െറ ചുരുക്ക രൂപമാണെന്നായിരുന്നു. കൈയടി വാരിക്കൂട്ടി ഏഷ്യാനെറ്റില്‍ നടന്‍ മുകേഷ് അവതരിപ്പിക്കുന്ന ഗെയിംഷോയില്‍ നിന്ന് ആറാം ക്ളാസുകാരനായ അല്‍ഫിദ് കെ. ഖാദര്‍ എന്ന ഇപ്പു നേടിയെടുത്തത് 8.06 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന നാട്ടിലെങ്ങും ചിരിച്ചുനില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ ഫ്ളക്സുകള്‍ക്കൊപ്പം ഇപ്പുവും ഇടംപിടിച്ചപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഒരു അനൗദ്യോഗിക ബ്രാന്‍ഡ് അംബാസിഡര്‍ ഉണ്ടാകുകയായിരുന്നു. ഗെയിംഷോയിലെ ‘സ്മാര്‍ട്നസ്’ കണ്ട് സ്വകാര്യ സ്കൂള്‍ ‘ഉല്‍പന്നം’ ആണെന്ന് ഉറപ്പിച്ചവരെ ഞെട്ടിച്ചാണ് ഇപ്പു താന്‍ പഠിക്കുന്നത് തൊണ്ടിക്കുഴ ഗവ. യു.പി സ്കൂളിലാണെന്ന് പറയുന്നത്.

ആറാം വയസ്സില്‍ ആനയെ വര്‍ണിക്കുന്ന വരികള്‍ എഴുതിയ ഇപ്പു പിന്നെപ്പിന്നെ മനസില്‍ തോന്നുന്നതൊക്കെ എണ്ണമിട്ട് ഒന്നിനു താഴെ ഒന്നായി നോട്ട്ബുക്കില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി. നൂറു കണക്കിന് കുട്ടിക്കവിതകള്‍ അങ്ങനെ ജനിച്ചു. ഗെയിംഷോക്കിടെ സിറിയയുടെ നൊമ്പരം മനസ്സില്‍ പകര്‍ത്തി എഴുതിയ ‘മൂകസാക്ഷി’ എന്ന കവിത ചൊല്ലി ഇപ്പു അവതാരകനെയും പ്രേക്ഷകരെയും അദ്ഭുതപ്പെടുത്തിയിരുന്നു.


മീഡിയവണ്‍ ടി.വി ലിറ്റില്‍ സ്കോളര്‍, മലര്‍വാടി, ദേശാഭിമാനി അക്ഷരമുറ്റം ഉള്‍പ്പെടെ ജില്ലാ-സംസ്ഥാന തലങ്ങളില്‍ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ പുരസ്കാരങ്ങളും ട്രോഫിയുമാണ് സ്വീകരണമുറി നിറയെ. മൂന്നാം ക്ളാസ് മുതല്‍ ജില്ലാതല വായനാ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം ഇപ്പു കുത്തകയാക്കി വെച്ചിട്ടുണ്ട്. ഇപ്പുവിന്‍െറ സ്കൂളിലെ അധ്യാപകനായ പിതാവ് അബ്ദുല്‍ഖാദര്‍, മാതാവും പുതുപ്പരിയാരം പി.എച്ച്.സിയിലെ ഫാര്‍മസിസ്റ്റുമായ റംല, മൂത്ത സഹോദരന്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അന്‍ജിത് കെ. ഖാദര്‍ എന്നിവരുടെ പിന്തുണയാണ് ഇപ്പുവിന്‍െറ അറിവുകളെ വലുതാക്കിയത്. അധ്യാപകനാകണം എന്നായിരുന്നു നന്നേ ചെറുപ്പത്തിലേ ഇപ്പുവിന്‍െറ ആഗ്രഹം. മോഹന്‍ലാല്‍ നായകനായ പട്ടാള സിനിമകള്‍ കണ്ടതോടെ ആഗ്രഹം സൈനികന്‍ ആകണമെന്നായി. മാധ്യമ പ്രവര്‍ത്തകനാകണം എന്നാണ് ഈ 11 വയസുകാരന്‍െറ ഇപ്പോഴത്തെ ആഗ്രഹം. 11 എന്നത് 21ലെ ത്തുമ്പോള്‍ താല്‍പര്യങ്ങളും മാറിമറിഞ്ഞേക്കാം, എങ്കിലും പിന്നാക്ക മേഖലയിലെ ഗതകാലപെരുമ മാത്രം കൈമുതലായുണ്ടായിരുന്ന വിദ്യാലയ മുത്തശ്ശിയെ ആകാശത്തോളം അറിയപ്പെടുന്നതാക്കി മാറ്റിയതില്‍ ഇപ്പു എന്ന ബ്രാന്‍ഡ് നെയിം ഏറെക്കാലം പ്രയോജനപ്പെടും ഇനി. ഡോക്ടറും എന്‍ജിനീയറും മാത്രം ആയാല്‍ മതി തന്‍െറ മക്കള്‍ എന്ന് വാശിപിടിക്കുന്ന രക്ഷിതാക്കള്‍ അറിയാതെ പോകുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്.

ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചിട്ടും ഇപ്പു ആഗ്രഹിച്ചത് ഒരു പാര്‍ക്കര്‍ പേനയും പിന്നെ സ്കൂളിലെ ത്യാഗപ്പെട്ടിയിലേക്ക് സംഭാവന നല്‍കുന്നതും മാത്രമാണ്. തനിക്കൊപ്പം മത്സരിക്കാന്‍ എത്തിയിട്ട് അവസാന നിമിഷം പുറന്തള്ളപ്പെട്ടു പോയ സഹപാഠിയെ കുറിച്ചോര്‍ത്ത് അവന് സങ്കടവും ആയിരുന്നു. അതെ, നന്മയുടെ നാട്ടുമരങ്ങള്‍ തീരെ ഇല്ലാതായിട്ടില്ല. അത് പൂത്തുലഞ്ഞ് ഇലകളും നിറയെ പൂക്കളുമായി സൗരഭം പടര്‍ത്തുക തന്നെ ചെയ്യും. ഇപ്പു ഒരു പ്രതീകമാണ്. അന്യംനിന്നുപോകുന്ന പുഞ്ചിരി നമുക്ക് സമ്മാനിക്കുന്ന ഇത്തരം നന്മമരങ്ങളെ സ്വതന്ത്രമായി പറത്തിവിടുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും നല്ല പ്രണാമം.

രണ്ടും ഒരു സംഭവമാണ്
ഒരിടത്തൊരിടത്ത് ഒരു സര്‍ക്കാര്‍ സ്കൂളുണ്ട്. അവിടെ പരിമിതികളെ തൂത്തെറിഞ്ഞ് അധ്യയനം ആഘോഷമാക്കുന്ന അധ്യാപകരും കുട്ടികളുമുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് ഇടവെട്ടി പഞ്ചായത്തിലാണ് ഈ സ്കൂള്‍. ‘ഗവ. യു.പി സ്കൂള്‍ തൊണ്ടിക്കുഴ’ എന്ന ബോര്‍ഡ് കണ്ടാല്‍ പുച്ഛഭാവത്തില്‍ മുഖംതിരിച്ച് ഇനി ആരും ഇതുവഴി കടന്നുപോകില്ല. കാരണം ഈ സ്കൂള്‍ തൊടുപുഴയുടെ ‘മാണിക്യക്കല്ല്’ ആണ്. 1931ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി പഠിപ്പിച്ചിറക്കിയ നാല് തലമുറകള്‍ നമുക്ക് മുന്നിലുണ്ട്.

ഒരുകാലത്ത് ഓരോ ക്ളാസിലും മൂന്ന് ഡിവിഷന്‍ വീതമുണ്ടായിരുന്നു ഇവിടെ. ഓരോ അധ്യയന വര്‍ഷവും 15 കുട്ടികളെ വീതം കൂടുതലായി ചേര്‍ത്ത് സ്കൂളിനെ ആദ്യകാല പ്രൗഢിയിലേക്ക് എത്തിക്കുക എന്ന സുന്ദര സ്വപ്നവുമായാണ് ഓരോ അധ്യാപകരും ഇവിടേക്ക് എത്തുന്നത്. തകര്‍ച്ചയുടെ വക്കില്‍ നിന്ന് ഒരു സ്കൂളിനെ ഒന്നാം നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ‘മാണിക്യക്കല്ല്’ എന്ന സിനിമയിലെ വിനയചന്ദ്രന്‍ മാഷിനെ ഓര്‍മിപ്പിക്കുന്നു ഇവിടുത്തെ ഓരോ അധ്യാപകരും. ഒന്നു മുതല്‍ ഏഴുവരെ ക്ളാസുകളിലായി 2009^2010 അധ്യയന വര്‍ഷത്തിലുണ്ടായിരുന്നത് 57 കുട്ടികള്‍ മാത്രമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ 84, 97, 100, 118, 107 എന്നിങ്ങനെ ക്രമാനുഗതമായ വര്‍ധനക്കു പിന്നില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പ്രധാനാധ്യാപകനായ സി.സി. രാജന്‍ ഉള്‍പ്പെടുന്ന അധ്യാപകരുടെ സഹനവും പരിശ്രമവുമാണ്.

ഈ അധ്യയനവര്‍ഷം 112 കുട്ടികളുണ്ട് ഇവിടെ. തങ്ങളെ വിശ്വസിച്ച് കുട്ടികളെ ഈ വിദ്യാലയത്തിലേക്കയക്കുന്ന രക്ഷിതാക്കള്‍ക്ക് പൂര്‍ണ സംതൃപ്തി കിട്ടത്തക്കവിധം ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയും കോഴിക്കോട് നടക്കാവ് സ്കൂള്‍ മാതൃകയില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി അക്കാദമിക് സാഹചര്യം മികവുറ്റതാക്കുകയുമാണ് അധ്യാപകരുടെ വലിയ ലക്ഷ്യങ്ങളിലൊന്ന്. മുറ്റംനിറയെ കസേരകള്‍ വാങ്ങി നിരത്തി ആകര്‍ഷമാക്കി, മാസത്തിലൊരിക്കല്‍ പ്രശസ്ത വ്യക്തിത്വങ്ങളെ ഇവിടെ കൊണ്ടുവന്ന് കുട്ടികളുമായി സംവദിക്കാന്‍ അവസരം ഒരുക്കുക എന്നതും പദ്ധതികളിലൊന്നാണ്. സ്കൂളിന്‍െറ പേരിലുള്ള ബ്ളോഗ് പണിപ്പുരയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.