???? ?????????? ?????????? ????. ??.??. ????????????, ???. ??.??. ??????, ??.?. ???????, ??.??. ??????, ??.??. ?????? ???????

ഇപ്പോഴും നീന്തുന്ന പ്രായമാണ്

സാധാരണ എണീറ്റു നിൽക്കാൻ പോലും ബുദ്ധിമുട്ടുന്ന പ്രായമാണ് 82. ഈ പ്രായത്തിൽ  ദേശീയ മാസ്​റ്റേഴ്സ്​ മീറ്റിലേക്ക് നീന്തിയാലോ? പാലാ കദളിക്കാട് കുടുംബത്തിലെ അഞ്ചു സഹോദരങ്ങളെ കണ്ടാൽ ഇതൊന്നും അദ്ഭുതമല്ല. കെ.സി. ജോസഫ് (82), പ്രഫ. കെ.സി. സെബാസ്​റ്റ്യൻ (76), ഡോ. കെ.സി. ജോർജ് (74), കെ.സി. എഫ്രേം (71), പിതൃസഹോദര പുത്രൻ കെ.ഇ. തോമസ്​ (70) എന്നിവരാണ് ചരിത്രം നീന്തിക്കയറുന്നത്. 2017ൽ ന്യൂസിലൻഡിൽ നടക്കുന്ന ലോക മാസ്​റ്റേഴ്സ്​ മീറ്റിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ കദളിക്കാട് ബ്രദേഴ്സ്​. കണ്ണൂരിൽ നടന്ന സംസ്​ഥാന മാസ്​റ്റേഴ്സ്​ മത്സരത്തിൽ കോട്ടയം ജില്ലയെ ചാമ്പ്യന്മാരാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ഇവരാണ്.

പ്രായത്തെ വെല്ലുന്ന ആവേശത്തോടെയും കറകളഞ്ഞ സ്​പോർട്സ്​മാൻ സ്​പിരിറ്റോടെയും നീന്തൽക്കുളത്തിൽ മിന്നുന്ന പ്രകടനമാണ് ഈ സഹോദരങ്ങൾ കാഴ്ചവെച്ചത്. ചെറുപ്പകാലത്ത് മീനച്ചിലാറ്റിൽ നീന്തിത്തുടിച്ചതിന്‍റെ മധുര സ്​മരണകളാണ് ഇവരുടെ ആവേശം ജ്വലിപ്പിക്കുന്നത്. പ്രഫ. കെ.സി. സെബാസ്​റ്റ്യൻ കഴിഞ്ഞ നാലുവർഷമായി സംസ്​ഥാന–ദേശീയ–അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയതിന്‍റെ ആവേശത്തിൽ പ്രചോദിതരായാണ് മറ്റു നാലുപേരും നീന്തൽക്കുളത്തിലെത്തുന്നത്. സംസ്​ഥാന മത്സരത്തിൽ 15 സ്വർണവും മൂന്നു വെള്ളിയും ഇവർ നീന്തിനേടി.

മൂത്ത സഹോദരൻ കെ.സി. ജോസഫ് രണ്ടു സ്വർണവും ഒരു വെള്ളിയുമാണ് നേടിയത്. ബംഗളൂരുവിൽ സ്​ഥിര താമസക്കാരനായ ഇദ്ദേഹം സഹോദരങ്ങളുടെ ആവേശത്തിൽ പങ്കാളിയാകാൻ ദിവസങ്ങൾക്കു മുമ്പുതന്നെ നാട്ടിലെത്തിയിരുന്നു. സെബാസ്​റ്റ്യനാണ് കൂടുതൽ മെഡലുകൾ നേടിയത്–ആറു സ്വർണവും ഒരു വെള്ളിയും. എഫ്രേം വടകരയിൽ നിന്നുമെത്തി സഹോദരങ്ങളുടെ പോരാട്ടത്തിന് ശക്തി പകരുകയും മൂന്നു സ്വർണം നേടുകയും ചെയ്തു. തോമസ്​ ഒരു സ്വർണവും നേടി. കദളിക്കാട്ടിൽ ബ്രദേഴ്സിന്‍റെ റിലേ ടീം 50 മീറ്റർ റിലേയിലും സ്വർണം കരസ്​ഥമാക്കി.

പാലാ തോപ്പൻസ്​ സ്വിമ്മിങ് അക്കാദമിയിൽ പരിശീലനത്തിലാണ് ഇവർ. പല സ്​ഥലങ്ങളിലായി താമസിക്കുന്ന ഇവർ ഇടക്ക് പാലായിൽ ഒരുമിച്ചു കൂടിയാണ് പരിശീലനം. ഓരോരുത്തരും തങ്ങളുടെ നാട്ടിലെ നീന്തൽക്കുളങ്ങളിലും പുഴയിലും മുടങ്ങാതെ പരിശീലനം നടത്തുന്നുണ്ട്. ആരോഗ്യനില നിലനിർത്താൻ ഏറ്റവും മികച്ച വ്യായാമമാണ് നീന്തലെന്നാണ് ഇവരുടെ അനുഭവം. ഡോ. കെ.സി. ജോർജിന്‍റെ കൊച്ചുമകൻ ജോർജ് ഇപ്രാവശ്യത്തെ സംസ്​ഥാന സ്​കൂൾ നീന്തൽ മത്സരത്തിൽ ബ്രസ്​റ്റ് സ്​ട്രോക്കിൽ സ്വർണമെഡൽ നേടി സ്വർണ മീനുകളുടെ കുടുംബ പാരമ്പര്യം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.