അണയാത്ത ആവേശം

വാര്‍ധക്യം വിശ്രമിക്കാനുള്ള സമയമാണെന്ന് സ്വയം കരുതുകയും  മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ വേറിട്ട മുഖമാകുകയാണ് എഴുപതിലെ ത്തിയ നസിം ബീവി. സ്കൂള്‍ കാലത്ത് തുടങ്ങിയ കായികപ്രേമം ഇന്നും അണയാതെ കാത്തു സൂക്ഷിക്കുകയാണിവര്‍. കരുനാഗപ്പള്ളി ഇടക്കുളങ്ങര പാരിജാതത്തില്‍ നസീംബീവി എന്ന റിട്ട. ട്രഷറി ഓഫിസറുടെ ജീവിതം തളരാത്ത പോരാട്ടത്തിന്‍െറ കഥകൂടിയാണ്.

1955ല്‍ 10 വയസ്സുള്ളപ്പോഴാണ് കായികരംഗത്തേക്കുള്ള കാല്‍വെപ്പ്. 2013ല്‍ കരാമയില്‍ നടന്ന ദുബൈ മാരത്തണ്‍ വരെ എത്തിനില്‍ക്കുന്നു ആ പ്രയാണം. 65ല്‍ പത്തനാപുരം മൗണ്ട് ട്രാബോ ട്രെയിനിങ് കോളജില്‍ ബി. എഡിനു പഠിക്കുന്ന കാലത്താണ് അത് ലറ്റിക്സില്‍ ആദ്യം ചാമ്പ്യനാകുന്നത്.  ഓട്ടം, ഹര്‍ഡില്‍സ്, ലോങ് ജമ്പ് എന്നിവയിലെ മികച്ച പ്രകടനമാണ് ചാമ്പ്യന്‍പട്ടം നേടിക്കൊടുത്തത്. പിന്നീട്, ഓരോ വര്‍ഷവും നടക്കുന്ന മീറ്റുകളില്‍ നസിം ബീവി നിറസാന്നിധ്യമായി. അത് 85ലെ സിവില്‍ സര്‍വീസ് മീറ്റ് വരെ തുടര്‍ന്നു.

ഇതിനിടയില്‍ സര്‍ക്കാര്‍ ജോലി കിട്ടിയതോടെ ഒൗദ്യോഗിക തിരക്കുകള്‍ കാരണം സ്പോര്‍ട്സിന് ചെറിയൊരവധി നല്‍കി. 11 വര്‍ഷത്തെ ഇടവേളക്കുശേഷം 96ല്‍ വയനാട്ടില്‍ നടന്ന സിവില്‍ സര്‍വീസ് സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുത്ത് ജില്ലാ ചാമ്പ്യനായതോടെയാണ് കായികരംഗം തനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ളെന്ന സത്യം തിരിച്ചറിഞ്ഞതെന്ന് നസിം ബീവി ഓര്‍ക്കുന്നു. കാര്യമായ പരിശീലനം പോലുമില്ലാതെയായിരുന്നു അന്നത്തെ വിജയം.

കരുനാഗപ്പള്ളി ട്രഷറി ഓഫിസറായി ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ വെറ്ററന്‍സ് ക്ളബില്‍ അംഗമായിരുന്നു. 35 വയസ്സിനു മുകളിലുള്ളവര്‍ക്കായി ആ വര്‍ഷം ബംഗളൂരുവില്‍ നടന്ന നാഷനല്‍ മീറ്റില്‍ മെഡല്‍ നേടിയതാണ് നസിം ബീവിയുടെ കരിയറിലെ അതുല്യ നിമിഷം. ഈ നേട്ടം കൈവരിക്കുമ്പോള്‍ പ്രായം 55. ഒൗദ്യോഗിക ജീവിതത്തിന്‍െറ തിരക്കുകള്‍ അവസാനിച്ചതോടെ കായികരംഗത്ത് കൂടുതല്‍ സജീവമായി. ഇതിനിടെ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി. അതുവഴി വിദേശ രാജ്യങ്ങളില്‍ നടത്തുന്ന വെറ്ററന്‍ കായികമേളകളിലെല്ലാം പങ്കെടുക്കാന്‍ തുടങ്ങി. 2005 ല്‍ ദുബൈ, 2010ല്‍ മലേഷ്യ, 2012 ല്‍ അമേരിക്ക, 2013ല്‍ ചൈന, 2015 ല്‍ ദുബൈ എന്നീ രാജ്യങ്ങളിലെല്ലാം നടന്ന കായികമേളകളിലും മാരത്തണിലും നസിം ബീവി പങ്കെടുത്ത് മെഡലുകളുമായാണ് മടങ്ങിയത്.  

കടന്നു പോകുന്ന പ്രായത്തെക്കുറിച്ചോര്‍ക്കാതെ സ്പോര്‍ട്സിനെ ഏറെ സ്നേഹിക്കുകയും ജീവിതത്തെ അതിന്‍െറ ഭാഗമാക്കുകയും ചെയ്യുന്ന നസിം ബീവിയുടെ പരിശീലനം മുഴുവന്‍ വീട്ടില്‍ മാത്രമാണെന്നതാണ് പ്രത്യേകത. രാവിലെ മുടങ്ങാതെയുള്ള വ്യായാമം, വീടിനുചുറ്റുമുള്ള നടത്തം, കൃത്യമായ ഭക്ഷണക്രമം... ഇതു മാത്രം. വിദേശരാജ്യങ്ങളിലടക്കം പങ്കാളിത്തം കൊണ്ടും വിജയം കൊണ്ടും കൈമുദ്ര ചാര്‍ത്തിയ ഈ വെറ്ററന്‍ താരം മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഫെഡറേഷന്‍െറ സംസ്ഥാന കമ്മിറ്റി അംഗമാണ്. വെറ്ററന്‍  കായികരംഗത്ത് കൊല്ലത്തു നിന്നുള്ള ഏക വനിതാ അംഗംകൂടിയാണിവര്‍.  ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസറായി വിരമിച്ച ഷംസുദ്ദീനാണ് ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കളുണ്ട്. നവംബറില്‍ ഗോവയില്‍ നടക്കുന്ന നാഷനല്‍ മീറ്റില്‍ പങ്കെടുക്കാനുള്ള പരീശീലനത്തിലാണിപ്പോള്‍.                                                                                 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.