ഇവിടെ സ്നേഹം കാരുണ്യമായൊഴുകുന്നു...

ജീവിതം നിറഞ്ഞുതുളുമ്പി നില്‍ക്കുന്ന നാളുകളിലൊന്നില്‍ സുരേഖ*യുടെ ജീവിതം അടിമേല്‍ മറിഞ്ഞു. സ്തനാര്‍ബുദത്തിന്‍െറ രൂപത്തില്‍ അണുക്കള്‍ ശരീരത്തെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങി. ഒരുള്‍നാടന്‍ ഗ്രാമത്തില്‍ സഹോദരിമാര്‍ക്കോപ്പം താമസം തുടങ്ങിയപ്പോഴും ഡോക്ടറെ കാണാന്‍ അവര്‍ തയാറായില്ല. സൗന്ദര്യം പോകുമെന്നായിരുന്നു അവരുടെ പേടി. ലിപ്സ്റ്റിക്കിട്ട് ചുണ്ട് ചുവപ്പിച്ചും ച്യുയിങ്ഗം ചവച്ചും അവര്‍ നടന്നു.

നാട്ടുകാര്‍ പറഞ്ഞറിഞ്ഞപ്പോഴാണ് ഫറൂഖ് കോളജ് സ്വദേശിയും പാലിയേറ്റീവ് പ്രവര്‍ത്തകയുമായ മുഹ്സിന സുരേഖയെക്കുറിച്ചറിഞ്ഞത്. അപ്പോള്‍തന്നെ മുഹ്സിന അവരെ കാണാനത്തെി. വാതില്‍ തുറന്നപ്പോള്‍തന്നെ വല്ലാത്തൊരു ദുര്‍ഗന്ധമാണ് എതിരേറ്റത്. സുരേഖയുടെ ശരരീത്തില്‍നിന്നായിരുന്നു ആ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരുന്നത്. കൂടുതലൊന്നും ചോദിക്കാതെതന്നെ മുഹ്സിനക്ക് കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടി. തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചുള്ള നോട്ടീസ് അവര്‍ക്ക് നല്‍കി മുഹ്സിന തിരിച്ചുപോയി. അവര്‍ക്കുറപ്പുണ്ടായിരുന്നു സുരേഖ തങ്ങളെ തേടിയത്തെുമെന്ന്. പ്രതീക്ഷ തെറ്റിയില്ല; പിറ്റന്നേുതന്നെ പാലിയേറ്റീവ് ക്ളിനികില്‍ സുരേഖയത്തെി. പഴുത്തുചീഞ്ഞ്, പുഴുവരിച്ച മാറിടം രണ്ടോ മൂന്നോ ബ്ളൗസുകളണിഞ്ഞാണ് അവര്‍ മറച്ചിരുന്നത്.

ചലവും രക്തവുമൊലിച്ച് മാംസമടര്‍ന്നുവീഴുന്ന ശരീരത്തില്‍നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തെ തടയാന്‍ അത് മതിയാകുമായിരുന്നില്ല. ക്ളിനിക്കില്‍ വ്രണം വെച്ചുകെട്ടി. തെല്ളൊരാശ്വാസത്തോടെ അവര്‍ തിരിച്ചുപോയി. പിന്നീട്, വല്ലപ്പോഴും മാത്രമാണ് അവര്‍ ക്ളിനിക്കില്‍ എത്തിയത്. ഒരുനാള്‍ അവര്‍ താമസം മാറിപ്പോയെന്ന വിവരമാണ് കേട്ടത്. അങ്ങനെയിരിക്കെയാണ് സുരേഖയുടെ സ്ഥിതി വഷളായെന്നറിഞ്ഞത്. പാലിയേറ്റീവ് ക്ളിനിക്കില്‍നിന്ന് ഒരു സംഘം മരുന്നുകളുമായി വീണ്ടും അവരെത്തേടിപ്പോയി. ആര്‍ക്കും അടുക്കാനാകാത്ത ദുര്‍ഗന്ധവുമായി ഒരു മുറിയില്‍ കിടക്കുന്ന സുരേഖയെയാണ് അവര്‍ കണ്ടത്. പുറത്ത് കാവലിരുന്ന സഹോദരിമാര്‍ ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ല. മുറിയില്‍ വിസര്‍ജ്യങ്ങളും ശരീരത്തിലെ മുറിവില്‍നിന്നൊലിക്കുന്ന വെള്ളവുമെല്ലാം കലര്‍ന്നുകിടന്നു. മുറിവ് വലുതായി ഗുഹ പോലെയായിരുന്നു. മുറിച്ചുമാറ്റാന്‍ പോലുമാകുമായിരുന്നില്ല അപ്പോള്‍.

മുഹ്സിനയും സംഘവും കുളിപ്പിക്കാനായി ഇവരെ പുറത്തത്തെിച്ചപ്പോള്‍ തടസ്സവുമായി അയല്‍ക്കാരത്തെി. അവരെ ഒരുവിധം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി. കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ചു. ആഴ്ചകള്‍ക്കുശേഷം അവര്‍ അന്ന് ഭക്ഷണം കഴിച്ചു. ഏറെക്കാലത്തിനുശേഷം സുഖം തോന്നുന്നതായി അവര്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റി. അന്ന് വൈകുന്നേരം ആ ശരീരത്തില്‍ നിന്ന് ജീവന്‍ പറന്നകന്നു.
* * * * *


ലോറിയില്‍നിന്നിറക്കിയ മരം കാലില്‍ വീണ് മുട്ടിന് താഴെയുണ്ടായ വലിയ മുറിവുമായാണ് മനോജ്* പാലിയേറ്റീവ് കെയര്‍ ക്ളിനികിലത്തെിയത്. കാലിലെ മുറിവിനേക്കാള്‍ വലുത് ആദ്യമേ പ്രിയപ്പെട്ടവര്‍ അയാള്‍ക്ക് സമ്മാനിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്നു മനോജ് അവിടെ ജോലി ചെയ്തുണ്ടാക്കിയ പണം ഭാര്യക്കും മക്കള്‍ക്കും അയച്ചുകാടുത്തു. എന്നാല്‍ തിരികെ നാട്ടിലത്തെിയപ്പോള്‍ അവര്‍ക്ക് അയാളെ വേണ്ട. സ്വന്തം കാശുകൊണ്ടുണ്ടാക്കിയ വീട്ടില്‍നിന്ന് ഭാര്യയും മക്കളും ആട്ടിയകറ്റിയപ്പോഴാണ് ജീവിക്കാനായി ലോറിഡ്രൈവറായത്. ജ്യേഷ്ഠന്‍െറ മകനും ഭാര്യയുമാണ് അഭയം നല്‍കിയത്.
പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ ആശുപത്രിയിലാക്കിയപ്പോള്‍ കുട്ടിന് നില്‍ക്കാന്‍ പോലും ഭാര്യയും മക്കളും തയാറായില്ല. ആശുപത്രിവാസം കഴിഞ്ഞ് മറ്റൊരു ബന്ധുവീട്ടില്‍ കൊണ്ടുകിടത്തി. പിറ്റേന്ന് ചെന്നപ്പോള്‍ രോഗിയെ വീട്ടുകാര്‍ എടുത്ത് പുറത്തുകിടത്തിയിരിക്കുന്നു. വളണ്ടിയര്‍മാര്‍ ഇടപെട്ട് അകത്ത് കടത്തിയെങ്കിലും ഇതുതന്നെ ആവര്‍ത്തിച്ചു. പലപ്പോഴും ഭക്ഷണം പോലും തന്നില്ളെന്ന് മനോജ് പരാതി പറഞ്ഞു. എന്നാല്‍ ഇത് നുണയാണെന്നായി വീട്ടുകാര്‍. ഒരു ദിവസം വീട്ടുകാര്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെ വിളിച്ച് രോഗി മിണ്ടുന്നില്ളെന്ന് പറഞ്ഞു. ഡോക്ടറുമായി ചെന്നപ്പോള്‍ അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. ഭക്ഷണവും വെളളവും കിട്ടാതെയാണ് അയാള്‍ മരിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.
* * * * *
കുഞ്ഞായിരിക്കുമ്പോഴാണ് റീന*യെ ഒരു കുടുംബം എടുത്തുവളര്‍ത്തിയത്. അവരവളെ പഠിക്കാന്‍ വിട്ടില്ല. വലുതാകുമ്പോള്‍ ഒരു ശമ്പളമില്ലാ ജോലിക്കാരിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ 15ാം വയസില്‍ അവളെ അര്‍ബുദം പിടികൂടി. അതോടെ വീട്ടുകാര്‍ അവളെ അനാഥശാലയില്‍ തള്ളി. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കണ്ടത്തെുമ്പോഴേക്ക് രോഗം അങ്ങേയറ്റം മൂര്‍ഛിച്ചിരുന്നു. ശരീരമെങ്ങും പടര്‍ന്ന അര്‍ബുദത്തോട് പൊരുതി നില്‍ക്കാനാകാതെ അവള്‍ മരണത്തിന് കീഴടങ്ങി.
* * * * *
കണ്ണുനീര്‍ത്തുള്ളിയില്‍ ചാലിച്ചെടുത്ത ഓര്‍മകള്‍ ഇനിയും ഒരുപാടുണ്ട് മുഹ്സിനക്ക്. കൊടുംവേദന മനുഷ്യരൂപത്തില്‍ പിടയുന്ന ഒട്ടേറെ ജീവിതങ്ങള്‍. കണ്‍മുന്നില്‍ മരണത്തിന്‍െറ കൈപിടിച്ച് നടന്നുപോകുന്നവര്‍. ഇവര്‍ക്കൊക്കെ നടുവിലാണ് മുഹ്സിനയുടെ ജീവിതം. 2005ല്‍ സ്ഥാപിതമായ ഫറൂഖ് കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലേക്ക് മുഹ്സിന എത്തുന്നത് 2007ലാണ്. സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമാണ് മുഹ്സിനയിപ്പോള്‍. മുസ്ളീം സര്‍വീസ് സൊസൈറ്റി കാന്‍സര്‍ പേഷ്യന്‍റ്സ് റിലീഫ് ഫണ്ടിന്‍െറ സുകൃതം 2015 പുരസ്കാരത്തിന്‍െറ പ്രഥമജേതാക്കളിലൊരാളാണ് മുഹ്സിന. ഡോക്ടര്‍ നാരായണന്‍ കുട്ടിവാര്യര്‍, ആര്‍.എന്‍.സഞ്ജീവ് ബാബു എന്നിവര്‍ക്കൊപ്പമാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് മുഹ്സിന അവാര്‍ഡ് ഏറ്റുവാങ്ങിയത്.

പാലിയേറ്റീവ് കെയറിലെ പ്രവര്‍ത്തനം നൊമ്പരപ്പെടുത്തുന്ന ഒരുപിടി അനുഭവങ്ങളും തിരിച്ചറിയലുകളുമാണ് ഇവര്‍ക്ക് നല്‍കിയത്. ഭക്ഷണശേഷം മരുന്ന് കഴിക്കാന്‍ പറയുമ്പോള്‍ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് പറയുന്നവര്‍, ഹോം കെയറിനുചെല്ലുമ്പോള്‍ പാത്രങ്ങളില്‍ വെള്ളം മാത്രം തിളപ്പിച്ചുവെച്ചിരിക്കുന്ന വീടുകള്‍.. ദാരിദ്ര്യമെന്നത് സിനിമകളിലും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മാത്രമുള്ളതെന്ന നമ്മുടെയൊക്കെ വിശ്വാസമാണ് അവിടെ തകരുന്നതെന്ന് മുഹ്സിന അനുഭവിച്ചറിഞ്ഞു.

ഇവര്‍ക്കിടയിലേക്കാണ് സാന്ത്വനത്തിന്‍െറ കരങ്ങളുമായി മുഹ്സിനയും കൂട്ടുകാരും ഇറങ്ങിച്ചെന്നത്. പരിചയത്തിലുള്ള ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ ചികിത്സാസഹായത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് മുഹ്സിനക്ക് പാലിയേറ്റീവ് കെയറിലേക്ക് ക്ഷണമത്തെിയത്. മറ്റുള്ളവരുടെ വേദനകളിലേക്ക് കണ്ണും കാതും നല്‍കുകയെന്നത് എല്ലാവര്‍ക്കും കഴിയുന്നതല്ല. മരുന്നുകളും നിരാശയും പ്രിയപ്പെട്ടവരുടെ അവഗണനയുടെ കയ്പും മാത്രമുള്ള ജീവിതങ്ങളില്‍ മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം പോലെ പ്രത്യാശയുടെയും സ്നേഹത്തിന്‍െറയും ഇത്തിരിവെളിച്ചം പരത്തുകയാണ് ഇവര്‍.

പാലിയേറ്റീവ് കെയര്‍ ഒരു ചികിത്സ മാത്രമല്ളെന്ന് മുഹ്സിന സാക്ഷ്യപ്പെടുത്തുന്നു. അരികിലത്തെുന്ന രോഗികളെ ഏറ്റെടുക്കല്‍ തന്നെയാണത്. കുടുംബത്തിന് ഭക്ഷണവും കുട്ടികള്‍ക്ക് വിദ്യാഭ്യാസച്ചെലവും വസ്ത്രവുമെല്ലാം ഇവര്‍ എത്തിച്ചുകൊടുക്കും. രോഗിയുടെ മരണത്തോടെ അനാഥമായിപ്പോകുന്ന കുടുംബങ്ങള്‍ക്ക് ജീവിതത്തിലേക്ക് വഴി കാണിച്ചുകൊടുക്കാനും ഇവരുണ്ട്.

തുടക്കത്തില്‍ വിമര്‍ശിക്കാന്‍ ഏറെപ്പേരുണ്ടായിരുന്നു. വേറെ ജോലിയൊന്നുമില്ല എന്ന ആരോപണത്തില്‍ തുടങ്ങി പല അപവാദങ്ങളും കേള്‍ക്കേണ്ടിവന്നു. അപ്പോഴൊക്കെ കുടുംബത്തിന്‍െറ പിന്തുണയും മനസാക്ഷിയുടെ വിളിയുമാണ് അവര്‍ക്ക് ധൈര്യം നല്‍കിയത്. കരുണ കാട്ടുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി, രോഗികള്‍ കാണിക്കുന്ന അടുപ്പം ഇവയാണ് ഏറ്റവും മികച്ച പ്രതിഫലമെന്ന് മുഹ്സിന കരുതുന്നു. പ്രശസ്തിയും പേരും നേടാനുള്ള ത്യാഗമോ ഒൗദാര്യമോ അല്ല ഇത്. നമ്മെപ്പോലുള്ള മനുഷ്യര്‍ അറ്റമില്ലാത്ത ദുരിതങ്ങളില്‍ വീണുപോകുന്നത് കാണുമ്പോള്‍ കൈത്താങ്ങ് നല്‍കേണ്ടത് കടമയാണെന്ന തിരിച്ചറിവാണ്. ഒരിക്കല്‍ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് വേണ്ടെന്നുവെച്ച് മടങ്ങാന്‍ തോന്നില്ളെന്നും മുഹ്സിന സാക്ഷ്യപ്പെടുത്തുന്നു. കരള്‍ പിളര്‍ക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് ഈ ഊര്‍ജം കേള്‍വിക്കാരിലേക്ക് പടര്‍ന്ന് കൂടുതല്‍ പേരെ ഈ സംരംഭത്തില്‍ ഒപ്പം നിര്‍ത്താനും ശ്രമിക്കുന്നു.

മനസുണ്ടെങ്കില്‍ ആര്‍ക്കും കഴിയുന്നതാണ് ഇതൊക്കെ. എന്നാല്‍, വെറുതേയിരിക്കുന്ന സ്ത്രീകള്‍ പോലും ഇതിന് തയാറാകാത്തത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് മുഹ്സിന പറയുന്നു. സ്ത്രീകളുടെ പ്രശ്നം മടിയാണ്, സമയമില്ലായ്മയല്ല. കുടുംബത്തിന്‍െറ സമ്മതമില്ലാത്തതുകൊണ്ട് വരാന്‍ കഴിയാത്തവരുമുണ്ട്. പല രോഗികള്‍ക്കും സങ്കടങ്ങള്‍ കേള്‍ക്കാനാണ് ആളുവേണ്ടത്. അവരെ കേള്‍ക്കാനുള്ള ക്ഷമ തന്നെയാണ് പാലിയേറ്റീവ് വളണ്ടിയര്‍ക്ക് ഒന്നാമതായി വേണ്ടത്. രോഗികളുടെയും അവരുടെ കുടുംബത്തിന്‍െറയും മുഴുവന്‍ കാര്യങ്ങളും ഏറ്റെടുക്കുന്നത് ഏറെ സാമ്പത്തിക പ്രയാസവുമുണ്ടാക്കുന്നുണ്ട്. സ്പോണ്‍സര്‍മാരെ കണ്ടത്തെലാണ് വലിയ വെല്ലുവിളി. മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് പാലിയേററീവ് മെഡിസിന്‍ രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കി സഹായിക്കുന്നുണ്ട്. ഇഖ്റാ ആശുപത്രിയും കുറഞ്ഞ ചിലവില്‍ ചികിത്സ നല്‍കുന്നു. അര്‍ബുദം നിശബ്ദം കടന്നുവരുമ്പോള്‍ പലപ്പോഴും നാം അതറിയില്ല. വീടിനുമുകളില്‍നിന്ന് വീണ് കിടപ്പിലായയാളെ ശുശ്രൂഷിക്കാന്‍ നിന്ന ഭാര്യക്ക് പെട്ടെന്നൊരുനാളാണ് അര്‍ബുദം കണ്ടത്തെിയത്. ഒരു വര്‍ഷത്തിനകം അവര്‍ മരിച്ചു. ദുശ്ശീലങ്ങളൊന്നുമില്ലാഞ്ഞിട്ടും അര്‍ബുദം ബാധിച്ച യുവാവും മുഹ്സിനക്ക് പുതിയ പാഠമായിരുന്നു. അര്‍ബുദം വൈകിത്തിരിച്ചറിയുന്നതുകൊണ്ടാണ് പലപ്പോഴും ചികിത്സിച്ചുമാറ്റാന്‍ കഴിയാത്തത്. അതുകൊണ്ടുതന്നെ എല്ലാവരും പരിശോധനകള്‍ നടത്താന്‍ തയാറാകണമെന്ന് മുഹ്സിന പറയുന്നു. 40 വയസു കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ഇടക്കിടെ പരിശോധന നടത്തണം.

മലപ്പുറം മേലാറ്റൂരുകാരിയായ മുഹ്സിന പ്രശസ്ത മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഭര്‍ത്താവ് യാസീന്‍ അശ്റഫിനൊപ്പമാണ് ഫറൂഖിലത്തെുന്നത്. മികച്ച പാചകക്കാരിയും തുന്നല്‍ വിദഗ്ധയുമാണ് നാല് മക്കളുടെ മാതാവായ ഇവര്‍.
(* പേരുകള്‍ സാങ്കല്‍പികം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.