മണ്ണിന്‍ നിറത്തട്ട്; വെയിലിന്‍ ജലച്ചായം

ഇന്ത്യയിലെ മുന്‍നിര കലാചരിത്രകാരി ഡോ. നുഷത്ത് കാസ്മി ചിത്രകാരന്‍ പുണിഞ്ചിത്തായയുടെ കാര്‍ഷിക ജീവിതത്തിലേക്കും കലാജീവിതത്തിലേക്കും നടത്തിയ യാത്രയിലെ നിരീക്ഷണങ്ങള്‍
ചരല്‍ക്കല്ലുകള്‍ വിരിപ്പിട്ട പാതയിലൂടെ കുന്നിറങ്ങി, കമുകിന്‍ തലപ്പുകളുടെ തണുപ്പുള്ള തണലുംകടന്ന് കാടകം കുന്നിന്‍െറ ചരിവിലെ കാഞ്ചന്‍ഗംഗയിലത്തെിയപ്പോള്‍ നുഷത്ത് കാസ്മിക്ക് ബന്ധുവീട്ടിലത്തെിയ പ്രതീതി. സ്വര്‍ണക്കായകള്‍പോലെ പഴുത്തുതുടുത്ത അടക്കകള്‍ കളത്തില്‍ വെയില്‍കൊള്ളുന്നു. കുന്നിന്‍െറ ഉള്ളറയിലെവിടെയോനിന്ന് തുരങ്കത്തിന്‍െറ ഇടനാഴിയിലൂടെ ജലധാര നേര്‍ത്ത അരുവിയായി ഒഴുകിവീഴുന്നു. പ്രകൃതിയുടെ മടിത്തട്ടിലെ ഉദാത്തമായ ഇന്‍സ്റ്റലേഷന്‍ പോലെ. ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ കലാചരിത്രവിഭാഗം പ്രഫസറും കലാചരിത്രകാരിയുമായ ഡോ. നുഷത്ത് കാസ്മിയുടെ ആദ്യ കാസര്‍കോടന്‍ യാത്രയാണിത്.

ദേശാന്തരങ്ങളുടെ കലാചരിത്രത്തിലൂടെ സഞ്ചരിച്ചത്തെിയ കണ്ണുകള്‍ക്കുമുന്നില്‍ പുതിയ അറിവിന്‍െറയും അനുഭവങ്ങളുടെയും കാഴ്ചകളാണ് തുറന്നുകിട്ടിയത്. ഒരുദേശംതന്നെ വലിയ ഫ്രെയിമിലുള്ള ചിത്രമായി മാറിയതുപോലെ. ‘ഇവിടെ ജനിക്കുന്ന ആരും ചിത്രകാരന്മാരായിപ്പോകും!’ യാത്രക്കിടെ, പച്ചപ്പും വെയിലും നിഴലും ഇഴചേര്‍ന്ന് അമൂര്‍ത്ത ദൃശ്യങ്ങളൊരുക്കുന്ന വെളിമ്പറമ്പുകളിലേക്ക് കണ്ണുപായിച്ച് നുഷത്ത് കാസ്മി പറഞ്ഞത് അതിശയോക്തിയോടെയായിരുന്നില്ല. മണ്ണിന്‍ നിറത്തട്ട് (പാലറ്റ്), വെയില്‍ വരയുന്ന ജലച്ചായചിത്രങ്ങള്‍. പഴുത്ത അടക്കകളുടെ പരവതാനിവിരിച്ച കളത്തിന്‍െറ അരികിലൂടെ പടികടന്നത്തെിയപ്പോള്‍ കാസര്‍കോടന്‍ പ്രകൃതിയുടെ ചാരുത ജലച്ചായത്തില്‍ പകര്‍ത്തിയെഴുതിയ ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ നിറഞ്ഞ ചിരി സമ്മാനിച്ചു. ഭാര്യ ചന്ദനമാലയണിയിച്ച് വരവേറ്റു. തോട്ടത്തില്‍ വിളഞ്ഞ കൊക്കോ കായ തോടുപൊട്ടിച്ച് പുണിഞ്ചിത്തായ സ്നേഹപൂര്‍വം അതിഥിക്ക് നല്‍കി. ചവര്‍പ്പും മധുരവും കലര്‍ന്ന രുചി കാസ്മി ആസ്വദിച്ചു.

കാസര്‍കോടിന്‍െറ കര്‍ഷകനായ ചിത്രകാരനെ നേരില്‍ കാണുകയെന്നത് നുഷത്തിന്‍െറ യാത്രാലക്ഷ്യങ്ങളിലൊന്നായിരുന്നു. വിരുന്നുവന്നത് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ കലാ ചരിത്രകാരിയാണെന്ന ആഹ്ളാദം പുണിഞ്ചിത്തായയുടെ ശരീരഭാഷയില്‍ മറച്ചുവെക്കാനാവാത്തവിധം പ്രകടമായി. കുടുംബസ്വത്തുപോലെ വിലപ്പെട്ട വസ്തുവായി സൂക്ഷിക്കുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള അരവുകല്ലും പുരാതന സ്വഭാവമുള്ള പാത്രങ്ങളും പച്ചിലകള്‍ പടര്‍ത്തി വള്ളിപ്പന്തലാക്കിമാറ്റിയ പഴയ ആന്‍റിന ഡിഷും ഉള്‍പ്പെടെ വീട്ടുപരിസരത്തെ ജംഗമ വസ്തുക്കളോരോന്നും ഓരോ ഇന്‍സ്റ്റലേഷനായി അദ്ദേഹം അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കൊണ്ടേയിരുന്നു. ചുമരില്‍ തൂങ്ങുന്ന പഴയ പെയിന്‍റിങ്ങുകള്‍ പൊടിതട്ടിയെടുത്ത് കാട്ടിക്കൊടുത്തു. നുഷത്ത് കാസ്മി കൗതുകംവിടാതെ അതാസ്വദിക്കുന്നുണ്ടായിരുന്നു.

കാസര്‍കോടന്‍ കൂട്ടായ്മക്കുവേണ്ടി ഡെമോണ്‍സ്ട്രേഷന്‍ പ്രഭാഷണം നടത്തിയ നുഷത്തിന് സമ്മാനമായി നല്‍കിയ തനത് കാസര്‍കോടന്‍ നാട്ടുല്‍പന്നമായ പാളത്തൊപ്പിയുടെ മഹത്ത്വം പുണിഞ്ചിത്തായ ആവേശത്തോടെയാണ് വിശദീകരിച്ചത്. കമുകിന്‍ പൂക്കുലകള്‍ വിടര്‍ന്ന് അടക്കകള്‍ മൂപ്പത്തൊന്‍ പാകമാകുമ്പോള്‍ അതുവരെയും സുരക്ഷിത കവചമായി നിന്നശേഷം സ്വയം കൊഴിഞ്ഞുവീഴുന്ന പാളയാണ് തൊപ്പി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മുന്‍ ഭാഗത്ത് വിശറി രൂപത്തില്‍ ഞൊറിവെച്ച് ദീര്‍ഘ വൃത്താകൃതിയില്‍ പനനാരുപയോഗിച്ച് തുന്നിയെടുക്കുന്ന പാളത്തൊപ്പി തങ്ങളുടെ പുരാതന കലാസൃഷ്ടികളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. പുണിഞ്ചിത്തായയും മകന്‍ പ്രവീണ്‍ പുണിഞ്ചിത്തായ തയാറാക്കിയ ശില്‍പങ്ങള്‍ ആ വീട്ടുവളപ്പിനെ മറ്റൊരു കലാസങ്കേതമാക്കിയിരുന്നു. ജൈവികമായ ഈ കലാനിമിഷങ്ങള്‍ കാണാതിരുന്നെങ്കില്‍ വലിയൊരു നഷ്ടമായിപ്പോകുമായിരുന്നെന്ന് നുഷത്ത് കാസ്മി പറഞ്ഞു. പേരക്കിടാവ് ഉണ്ടാക്കി സമ്മാനിച്ച കുഞ്ഞു ടെറാക്കോട്ട ശില്‍പം, പുണിഞ്ചിത്തായ നുഷത് കാസ്മിയുടെ ഉള്ളംകൈയില്‍ സ്നേഹപൂര്‍വം സമര്‍പ്പിച്ചു.

രാജ്യത്തിന്‍െറ രണ്ട് അരികുകളിലെ വിഭിന്ന കലാസങ്കല്‍പങ്ങളുടെ വിനിമയം സംഭവിക്കുകയായിരുന്നു അവിടെ. ഇന്ദ്രപ്രസ്ഥത്തിലെ നാഗരിക കലാനാട്യങ്ങളുടെ ലോകത്തുനിന്നുവന്ന ചിത്രചരിത്രകാരിയെ കുന്നിന്‍പുറങ്ങളുടെ നൈസര്‍ഗികതയും മനുഷ്യരുടെ നിഷ്കളങ്കതയും വിനയമാര്‍ന്ന പെരുമാറ്റവും ഏറെ ആകര്‍ഷിച്ചു. തിളങ്ങുന്ന വെള്ളിരേഖകളുടെ ഇഴകള്‍വീണ, നിശ്ശബ്ദം സംസാരിക്കുന്ന ആ മുഖം ബെര്‍ഗ്മാന്‍ ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍മയിലേക്ക് കൊണ്ടുവന്നു. ആഴമേറിയ കണ്ണുകളില്‍ ദേശകാലങ്ങള്‍ക്ക് അതീതമായ വാക്കുകള്‍ക്ക് പകര്‍ത്താനാവാത്ത എന്തൊക്കെയോ ഭാവങ്ങള്‍ തിളങ്ങി.

കൊച്ചി ബിനാലെയില്‍ പ്രത്യേക ക്ഷണിതാവായിരുന്ന അവര്‍, മടക്കയാത്രക്കിടെ കാസര്‍കോടന്‍ കൂട്ടായ്മ ഒരുക്കിയ കലയുടെ അടുക്കളയിലെ അതിഥിയായാണത്തെിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ചിത്രകാരന്മാരുടെ പുതു ഉദ്യമങ്ങളെ കുറിച്ചുള്ള കണ്ടത്തെലുകളും നിരീക്ഷണങ്ങളും അവര്‍ പങ്കുവെച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ചിത്രകാരന്മാര്‍ യൂറോപ്യന്‍ ആധുനികതയത്തെന്നെ വെല്ലുന്ന സൃഷ്ടികള്‍ നടത്തുന്നുണ്ട്. മ്യാന്മര്‍, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള ചിത്രകാരന്മാര്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലോക ചിത്രകലയത്തെന്നെ വെല്ലുവിളിക്കുകയാണ്. ഈ മാറ്റം ഇന്ത്യന്‍ ചിത്രകലയിലും സവിശേഷമായി കേരളീയ ചിത്രകലയിലും കാണാം. ബറോഡ ഫൈനാര്‍ട്സ് സ്കൂളില്‍നിന്നുള്ള കുട്ടികള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നവര്‍ പറഞ്ഞു.

1930കളില്‍തന്നെ യൂറോപ്യന്‍ ചിത്രകലയിലെ ആധുനികതയെപ്പറ്റി കേരളത്തില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതിയിരുന്നുവെന്ന എ.ടി. മോഹന്‍രാജിന്‍െറ അഭിപ്രായം അവര്‍ക്ക് പുതിയ അറിവായി. അത്, ഇന്ത്യന്‍ കലാചരിത്രത്തില്‍ രേഖപ്പെടുത്തിയില്ല എന്ന തിരിച്ചറിവില്‍ അവര്‍ ഖിന്നയായി. ഇനി അതുകൂടി ചേര്‍ത്താണ് ഇന്ത്യന്‍ കലാചരിത്രം എഴുതപ്പെടേണ്ടത് എന്നവര്‍ അടിവരയിട്ടു.

നുഷത്ത് കാസ്മിയുടെ മകന്‍െറ ഭാര്യ കര്‍ണാടകയിലെ സുള്ള്യയില്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് ഒന്നവിടംവരെ പോകണം.  ആ യാത്രാവഴിയിലാണ് പുണിഞ്ചിത്തായയുടെ വീടും അടക്കാത്തോട്ടവുമടങ്ങുന്ന കാഞ്ചന്‍ഗംഗ കാണാനിറങ്ങിയത്. എഴുത്തുകാരനും ഡോക്യുമെന്‍ററി സംവിധായകനുമായ എം.എ. റഹ്മാന്‍, ചിത്രകാരി സായിറ റഹ്മാന്‍, സാംസ്കാരിക പ്രവര്‍ത്തകനായ ജി.ബി. വത്സന്‍, റിയാസ് മുഹമ്മദ് ഉപ്പള എന്നിവര്‍ ഇവര്‍ക്ക് വഴികാട്ടികളും സഹായികളുമായി. യാത്രയിലുടനീളം കാഴ്ചയില്‍ നിറഞ്ഞ ചെങ്കല്‍പ്പരപ്പുകള്‍ക്ക് ഇടയിലെ പച്ചപ്പ് ആവാഹിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ ഛായാചിത്രഭാവങ്ങള്‍ അവരുടെ  കണ്ണുകളില്‍ ആഹ്ളാദത്തിന്‍െറ നിറങ്ങള്‍ പകരുന്നുണ്ടായിരുന്നു. അറബിക്കടലിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാലിക് ദിനാര്‍ മസ്ജിദിന്‍െറ വാസ്തു ചാതുര്യമികവേറിയ ആകാരസൗന്ദര്യവും നുകര്‍ന്നാണ് നുഷത്ത് കാസര്‍കോടിനോട് വിടചൊല്ലിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.