വീണപൂവുകള്‍ക്കായ്

ഉറക്കം വരാത്ത രാത്രികളില്‍ വലിയമ്മയുടെ മടിയില്‍ക്കിടന്ന് കുഞ്ഞു ജോവാന്‍ കഥകള്‍ കേട്ടുകൊണ്ടേയിരുന്നു. ആകാശത്തു നിന്ന് സ്വര്‍ണത്തേരിലേറി വരുന്ന രാജകുമാരന്‍, കടലിലെ നക്ഷത്രക്കൂടാരത്തിലിരുന്ന് കരയെ നോക്കിച്ചിരിക്കുന്ന സുന്ദരിയായ മത്സ്യകന്യക അങ്ങനെ അങ്ങനെ ഒരായിരം കഥകള്‍. പക്ഷേ, ഇതില്‍ വീണ്ടും വീണ്ടും അവള്‍ കേള്‍ക്കാന്‍ കൊതിച്ചത്  ജോന്‍ ഓഫ് ആര്‍ക്കെന്ന വിശുദ്ധയുടെ വീരസാഹസികതകളായിരുന്നു. ബ്രിട്ടീഷ് പടക്കെതിരെ കാലിടറിത്തുടങ്ങിയ ഫ്രഞ്ച്  സേനക്ക് ആണൊരുത്തന്‍െറ വേഷത്തിലത്തെി ആവേശം പകര്‍ന്ന ആ ഇടയപെണ്‍കൊടിയുടെ സ്ഥാനം സ്വപ്നത്തില്‍ അവള്‍ക്കായി മാറ്റിയിട്ടു.

 സ്വപ്നങ്ങള്‍ മനസ്സില്‍ വേരുറച്ചതോടെ, സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അവളെ അലട്ടിക്കൊണ്ടേയിരുന്നു. ഇവിടെയായിരുന്നു സി. ജോവാന്‍ ചുങ്കപ്പുരയുടെ സേവനദൗത്യത്തിന്‍െറ ഉദയം. എണ്‍പതുകളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിനെതിരെ കേരളത്തിലാദ്യമായി ഒരു ചികിത്സാപദ്ധതി ആവിഷ്കരിച്ചത് ഈ കന്യാസ്ത്രീയായിരുന്നു. ഇന്ന് കേരളത്തിലെ മദ്യവര്‍ജന പ്രസ്ഥാനത്തിന്‍െറ  അമരക്കാരിലൊരാളും കേരളത്തിലെ ലഹരി ചികിത്സാരംഗത്തെ ആധികാരിക വ്യക്തിത്വവുമാണ് സി. ജോവാന്‍ ചുങ്കപ്പുര. 51 വര്‍ഷത്തെ സന്യാസ ജീവിതത്തിനിടയില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരായ പോരാട്ടത്തില്‍ ഏകദേശം 25,000ത്തോളം പേരെയാണ് സിസ്റ്റര്‍ ചികിത്സിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.  ആ ജീവിതദൗത്യത്തിന്‍െറ കഥ സിസ്റ്റര്‍ പറയുന്നു.

ജീവിതം സേവനം
പാലാക്കടുത്ത് വാകക്കാട്ടെ ഒരു സാധാരണ കുടുംബത്തിലായിരുന്നു എന്‍െറ ജനനം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ ഞാന്‍ മഠത്തില്‍ ചേര്‍ന്നു. പ്രീഡിഗ്രിക്കുശേഷം സഭയുടെ അനുവാദത്തോടെ ബി.എസ്സി നഴ്സിങ്ങിന് ഡല്‍ഹിയിലേക്ക് പോയി. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ക്ളിനിക്കല്‍ സൈക്കോളജിക്ക് പഠിക്കുന്ന കാലത്താണ് ലഹരിയുടെ ഉപയോഗം യുവതലമുറയില്‍ എത്രത്തോളം ആഴ്ന്നുകിടക്കുന്നുവെന്ന് അറിയുന്നത്. കാമ്പസിലും കോളജ് ഹോസ്റ്റലിലുമെല്ലാം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മദ്യത്തിന്‍െറയും പുകവലിയുടെയും മയക്കുമരുന്നിന്‍െറയും ഉപയോഗം സാധാരണമായിരുന്നു. ഈ വിഷയത്തില്‍ കൂടൂതല്‍ പഠനം നടത്താനുള്ള ആഗ്രഹം ഞാന്‍ പ്രഫസറെ അറിയിച്ചു. അദ്ദേഹത്തിന്‍െറ  നിര്‍ദേശപ്രകാരമാണ് പിഎച്ച്.ഡിക്ക് രജിസ്റ്റര്‍ ചെയ്യുന്നത്.  ഗവേഷണത്തിന്‍െറ ഓരോ ഘട്ടത്തിലും മനുഷ്യനിലെ മദ്യാസക്തിയെക്കുറിച്ചും അവയുടെ പ്രശ്നങ്ങളെക്കുറിച്ചും ഞാന്‍ ആഴത്തില്‍ അറിയുകയായിരുന്നു. പഠനമായല്ല , ജീവിതമായി തന്നെ ആ അറിവുകളെ ഞാന്‍ കണ്ടു.

അവരെന്നെ കല്ലെറിഞ്ഞു

ലഹരിക്കെതിരായ ചികിത്സാരീതികളൊന്നും അക്കാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. പുതിയൊരു ചികിത്സാപദ്ധതി എന്‍െറ മനസ്സിലുദിച്ചു.  ഡോക്ടറേറ്റ് നേടിയശേഷം ലഹരി ചികിത്സാരീതികളെക്കുറിച്ച് പഠിക്കാന്‍ പോയത് അമേരിക്കയിലേക്കായിരുന്നു. ആസക്തി ചികിത്സയില്‍ മിനിസോടയില്‍ നിന്നും, ഫാമിലി സൈക്കോളജിയില്‍ ഫ്ളോറിഡയില്‍നിന്നും പ്രത്യേക പരിശീലനം നേടി അഞ്ചു വര്‍ഷത്തിനുശേഷം തിരികെ നാട്ടിലത്തെി. പക്ഷേ, കേരളത്തില്‍ ആദ്യമായി ലഹരി ചികിത്സാപദ്ധതിയുമായി എത്തിയ എന്നെ ആരും അംഗീകരിച്ചില്ല. കേരളത്തില്‍ അത്രമാത്രം കുടിയും വലിയുമുണ്ടോ സിസ്റ്ററേ? നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ളേ എന്നായിരുന്നു സഭയിലെ പ്രമുഖരടക്കമുള്ളവരുടെ ചോദ്യം. പക്ഷേ, ഞാന്‍ തളര്‍ന്നില്ല. ആശുപത്രികളില്‍ചെന്ന് ഡോക്ടര്‍മാരെ കണ്ടു. സിസ്റ്ററെന്തിനാ ഈ നിസ്സാരകാര്യങ്ങളൊക്കെ ഇത്രവലിയ പ്രശ്നമാക്കുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ലഹരി ഉപയോഗിക്കുന്നവരുടെ ആന്തരിക പശ്ചാത്തലം മനസ്സിലാക്കാതെ അവനെ കുത്തിവെച്ച് വീട്ടില്‍ വിട്ടിട്ട് കാര്യമില്ളെന്ന് ഞാന്‍ വാദിച്ചു. അങ്ങനെയെങ്കില്‍ ചായക്കട തുടങ്ങുമ്പോലെ സിസ്റ്റര്‍ പോയി ഡീ അഡിക്ഷന്‍  സെന്‍റര്‍ തുടങ്ങാനായിരുന്നു ഒരു പ്രമുഖ ഡോക്ടറുടെ ഉപദേശം.  ഞാനിതൊരു വാശിയായിതന്നെ എടുത്തു.  പല വാതിലുകളും മുട്ടി. പക്ഷേ, എനിക്കായി ഒന്നും  തുറന്നില്ല. ഒരിക്കല്‍ കൊല്ലത്തെ മത്സ്യബന്ധന തൊഴിലാളികള്‍ക്കിടയില്‍ പഠനം നടത്താന്‍ചെന്ന എന്നെയും കുറച്ച് ചെറുപ്പക്കാരെയും അവിടെയുള്ളവര്‍ കല്ളെറിഞ്ഞ് ഓടിച്ചിട്ടുണ്ട്.  

സാന്ത്വനം
ചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന സമയത്താണ് പാലാ രൂപതാധ്യക്ഷന്‍ കൂടിയായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലുമായി സംസാരിക്കാന്‍ അവസരമുണ്ടായത്. ‘സാന്ത്വനം’ എന്ന പേരില്‍ പാലാ സെന്‍റ് തോമസ് പ്രസില്‍ ഒരു സെന്‍റര്‍  എനിക്കായി സഭ തുറന്നുതന്നു. ദിനവും നൂറുകണക്കിനാളുകളായിരുന്നു ചികിത്സക്കായി എത്തിയത്. സത്യം പറഞ്ഞാല്‍  ഇതോടെ സഭയും അച്ചന്മാരും ഞെട്ടി. ആളുകളുടെ ഒഴുക്ക് തുടങ്ങിയതോടെ ഞാന്‍ കോട്ടയത്തെ റെഡ്  ക്രോസുമായി ബന്ധപ്പെട്ടു. അവരും എനിക്ക് ഇടം തന്നു. ന്യൂയോര്‍ക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ലഹരി ചികിത്സയില്‍ പ്രാവീണ്യം നേടിയ ആന്‍റണി മണ്ണാര്‍ക്കുളം അച്ചനെയും കൂട്ടുപിടിച്ച് ചികിത്സ തുടങ്ങി.

ജനം എത്തുന്നതുകണ്ട് ക്നാനായ, യാക്കോബായ, സിറിയന്‍, മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, സി.എസ്.ഐയിലെ  62 മെത്രാന്മാരും ചേര്‍ന്ന് ഇതേക്കുറിച്ച് അവര്‍ക്കായി ഒരു ക്ളാസ് നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. ഇപ്പൊ അതേക്കുറിച്ചോര്‍ക്കുമ്പോള്‍ കരച്ചില്‍ വരാറുണ്ട്. ആ നിമിഷത്തില്‍ ദൈവം എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് എനിക്കു തോന്നുന്നു. ഒരു പൊട്ടിപ്പെണ്ണിനെപ്പോലെ അത്രയും വലിയവരുടെ മുന്നില്‍ ഞാന്‍ നിന്നു പുലമ്പുകയായിരുന്നു. സ്കൂളും കോളജും ആരാധനാലയങ്ങളും കെട്ടിപ്പൊക്കിയതുകൊണ്ടു മാത്രം എല്ലാം ആകുന്നില്ല, ദയവായി എല്ലാ രൂപതയിലും ലഹരിക്കെതിരായ ചികിത്സ തുടങ്ങണം എന്നൊക്ക. ആ ക്ളാസിനുശേഷം എന്നെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് 40ഓളം ഇടങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി. തുടര്‍ന്ന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കോഴിക്കോടുനിന്ന് മുസ്ലിം സമുദായത്തില്‍പെട്ടവരും രംഗത്തുവന്നു. ഇവരുടെയെല്ലാം സഹായത്തോടെ ഭരണങ്ങാനം, പീരുമേട്, പാലാ, പുന്നപ്ര, മംഗലാപുരം, ബംഗളൂരു, കോട്ടയം എന്നിവിടങ്ങളില്‍ ഞാന്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി.

മദ്യം ഹറാമായതു കൊണ്ട് മുസ്ലിംകള്‍ക്കിടയില്‍ വന്‍തോതില്‍ മദ്യപാനമില്ളെന്നും മതത്തിന്‍െറ ശക്തി അത്രമാത്രം മനുഷ്യനില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നും ഞാന്‍ തീസിസില്‍ പറഞ്ഞിരുന്നു. എന്നാല്‍, ചികിത്സാരംഗത്തിറങ്ങിയതോടെ ഈ നിരീക്ഷണം പൂര്‍ണമായും ശരിയായിരുന്നില്ളെന്ന്  മനസ്സിലാക്കാന്‍ അധികകാലം വേണ്ടിവന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് കോഴിക്കോട്ടു നിന്ന് ചിലര്‍ എന്നെ വന്നു കാണുകയും പ്രതീക്ഷയെന്ന പേരില്‍ കോഴിക്കോട്ട് ഡീ അഡിക്ഷന്‍ സെന്‍റര്‍ തുടങ്ങുന്നതും. ജനങ്ങള്‍ക്ക് ഉപകാരമാണെന്നു കാണുന്ന എന്തും അറിയാനും പഠിച്ചെടുക്കാനും അത് നടപ്പാക്കാനും പരിശ്രമിക്കുന്ന മതമാണ് ഇസ്ലാം. ലഹരിക്കെതിരെ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും മറ്റു മതസ്ഥര്‍ക്കും മാതൃകയാണ്.


സ്ത്രീകളിലും
സ്ത്രീകളിലെ മദ്യപാനം  35 വര്‍ഷംമുമ്പ്, ഞാന്‍ ചികിത്സ ആരംഭിച്ച സമയത്തേക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. ഒരുകാലത്ത് തോട്ടിപ്പണി, മത്സ്യമേഖല, കൂലിപ്പണി എന്നിവിടങ്ങളിലെ സ്ത്രീകളായിരുന്നു മദ്യപാനത്തില്‍ മുന്നിലെങ്കില്‍, ഇന്ന് ഹൈക്ളാസ് മുതല്‍ മിഡില്‍ ക്ളാസ് ഫാമിലിയിലെ സ്ത്രീകള്‍ വരെ മദ്യപിക്കുന്നു. കെട്ടിയോന്‍െറ കുടികാരണം കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ഇന്ന് വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്നു. ദിവസവരുമാനത്തിന്‍െറ ഭൂരിഭാഗവും ബാറിലും ഷാപ്പിലും തീരുന്നതോടെ കുടുംബച്ചെലവ്, മക്കളുടെ വിദ്യാഭ്യാസം, പെണ്‍മക്കളാണെങ്കില്‍ അവരുടെ ഭാവി എന്നിങ്ങനെ പോകുന്നു നമ്മുടെ നാട്ടിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍.  അയല്‍ക്കാരോടും വീട്ടുകാരോടും സങ്കടംപോലും പറയാനാകാതെ പലരും കാലക്രമേണ രോഗികളാകുകയാണ്. ചിലര്‍ ഒരു തുണ്ട് കയറില്‍ ജീവിതം  തീര്‍ക്കും.

ചികിത്സാരീതി
മദ്യപാനം ഒരു രോഗത്തിനപ്പുറം പെരുമാറ്റവൈകല്യം കൂടിയാണ്. പെരുമാറ്റവും കെമിക്കല്‍ ആസിഡും ചേരുന്നതാണ് അഡിക്ഷന്‍. മദ്യപാനിയെ സംബന്ധിച്ച് ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന കെമിക്കലിനോടൊപ്പം വ്യത്യസ്തമായ പെരുമാറ്റവും അയാളുടെ ഉള്ളിലുണ്ട്. ഈ പെരുമാറ്റമാണ്  മദ്യപിച്ച് കഴിയുമ്പോള്‍ വേറൊരു ലോകവും സന്തോഷവും അയാള്‍ക്ക് പ്രകടമാകുന്നത്. അതുകൊണ്ട്  ഈ  പെരുമാറ്റവൈകല്യത്തെ ദൂരയെറിയാനാണ് ആദ്യം ശ്രമിക്കേണ്ടത്.  ശരീരത്തിലെ ഈഥൈല്‍ ആല്‍ക്കഹോളിന്‍െറ അളവ് കുറച്ചുകൊണ്ടുവരുന്നതിനൊപ്പംതന്നെ മദ്യപാനിക്ക് മദ്യപിച്ചു കിട്ടുന്ന ആഹ്ളാദത്തിനുപകരമായി മറ്റ് ആഹ്ളാദങ്ങള്‍ നല്‍കുകയാണ്  30 ദിവസത്തെ ചികിത്സയുടെ പ്രധാന ലക്ഷ്യം. പുസ്തകവായന, സംഗീതം, സിനിമ, പ്രാര്‍ഥന അങ്ങനെ പുതിയൊരു പെരുമാറ്റം കൗണ്‍സലിങ്ങിലൂടെ വ്യക്തിയില്‍ ഊട്ടിയുറപ്പിക്കാന്‍ സാധിക്കും. അഞ്ചു ദിവസം മാത്രമാണ് മരുന്നും മറ്റു കാര്യങ്ങളും. മറ്റു ദിവസങ്ങളില്‍ യോഗ, മെഡിറ്റേഷന്‍, കുടുംബ കൗണ്‍സലിങ്, പ്രാര്‍ഥന എന്നിവയുണ്ടാകും. താമസവും മരുന്നും സൗജന്യമാണ്. ആഹാരത്തിന് കേന്ദ്ര സര്‍ക്കാറിന്‍െറ 75 ശതമനം സബ്സിഡിയുമുണ്ട്. ഓരോ വ്യക്തിക്കും അവര്‍ക്ക് നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ നല്‍കുമ്പോള്‍ ആ കുടുംബത്തിന്‍െറ കണ്ണുകളില്‍ കാണുന്ന സന്തോഷമുണ്ടല്ളോ അതു മതി, ഈ ജീവിതം സഫലമാണെന്ന് എനിക്ക് തോന്നാന്‍.

ദേശീയ അംഗീകാരം
1987ലായിരുന്നു സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെ ആശീര്‍വാദത്തോടെ കോട്ടയം മാങ്ങാനത്ത് ട്രാഡാ ഡി അഡിക്ഷന്‍ സെന്‍റര്‍ ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ പുരസ്കാരത്തിനുള്ള അപേക്ഷ വന്നപ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെ അയക്കുകയായിരുന്നു. പെട്ടെന്ന് ഒരു ദിവസം ട്രാഡായുടെ ഓഫിസിലേക്ക് സി.ബി.ഐയില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വന്ന് റെക്കോഡെല്ലാം പരിശോധിക്കണമെന്ന് പറഞ്ഞു. ഞാന്‍ സ്ഥലത്തില്ലായിരുന്നു. മാനേജര്‍ എന്നോട് വിവരം പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. ഇനി വല്ല സര്‍ക്കാര്‍ ഗ്രാന്‍റും പിന്‍വലിക്കാനാകുമോ. എന്തായാലും റെക്കോഡെല്ലാം കാണിക്കാന്‍ പറഞ്ഞു. അവര്‍ ഫയലുകളെല്ലാം പരിശോധിച്ച് മടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ജൂണിലായിരുന്നു രാജ്യത്തെ  മികച്ച സെന്‍ററായി ട്രാഡയെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.