ഉപ്പോളം വരും ഉപ്പിലിട്ടത്

കുടുംബം കടംകൊണ്ടു പൊറുതിമുട്ടിയപ്പോള്‍ കിടപ്പാടമെന്ന് പറയാവുന്ന ഓലഷെഡില്‍ നിന്നുമാണ് ഒരു രാത്രിയില്‍ നിശ്ചയദാര്‍ഢ്യത്തോടെ റംല തീരുമാനമെടുത്തത്. ചെറിയ രീതിയില്‍ ഒരു കച്ചവടം തുടങ്ങുക. ഭര്‍ത്താവും മക്കളും അവരുടെ ആത്മവിശ്വാസത്തിന് പിന്തുണയേകി. അവര്‍ക്കറിയാമായിരുന്നു റംലയുടെ കൈപ്പുണ്യം. ഓര്‍ക്കുന്തോറും നാവില്‍ വെള്ളമൂറുന്ന രുചിക്കൂട്ട്. അങ്ങനെയാണ് മൂന്നുവര്‍ഷം മുമ്പ് നടയറ ഗവ. മുസ്ലിം ഹൈസ്കൂളിന് സമീപം ചെറിയൊരു കടമുറി വാടകക്കെടുത്തത്. അടുത്തദിവസം മുതല്‍ കട പ്രവര്‍ത്തിച്ചു തുടങ്ങി. വില്‍പനക്കുവെച്ചത് വെറും അച്ചാര്‍. അത് റംല സ്വന്തമായുണ്ടാക്കിയത്.

ആദ്യ ദിവസങ്ങളില്‍ കനത്ത ആശങ്കയുണ്ടായിരുന്നു. പക്ഷേ, രണ്ടു മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും റംലയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. അന്നന്ന് ഉണ്ടാക്കുന്ന അച്ചാറുകള്‍ അന്നന്നുതന്നെ വിറ്റുപോകാന്‍ തുടങ്ങി. രുചിയറിഞ്ഞവരുടെ വാമൊഴിതന്നെ വലിയ പരസ്യമായി. താമസിയാതെ ഓര്‍ഡറുകള്‍ ധാരാളമായി. റംലയുടെ അച്ചാറുകള്‍ ഉപഭോക്താക്കള്‍ക്ക് രുചിയുടെ പുതിയ അനുഭൂതികളാണ് സമ്മാനിച്ചത്. അങ്ങനെ നടയറക്കാരുടെയും വര്‍ക്കലക്കാരുടെയും മുന്നില്‍ റംലയുടെ അച്ചാറുകള്‍ രുചിയുടെ പുതിയ ലോകം തീര്‍ത്തു. ഗള്‍ഫില്‍നിന്നും അവധിക്ക് നാട്ടിലത്തെി മടങ്ങുന്ന പ്രവാസികള്‍ക്കും ഈ രുചിക്കൂട്ട് പ്രിയതരമായി. അവരിലൂടെ അറബികള്‍ക്കും റംല ഉണ്ടാക്കുന്ന അച്ചാര്‍ പ്രിയപ്പെട്ടതായി മാറി. അങ്ങനെ കൊതിയൂറുന്ന അച്ചാറുകളുടെ ലോകം അറബ് നാടുകളിലേക്കും തുറന്നിട്ടു. അച്ചാറുകളില്‍ വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനുമുണ്ട്. നാവിന്‍ തുമ്പില്‍ തൊട്ടാല്‍തന്നെ അറിയാം രുചിയുടെ പ്രഭാവം.

മാങ്ങ, നാരങ്ങ, നെല്ലിക്ക (ഇതു വിവിധതരമുണ്ട്), വെളുത്തുള്ളി, ഇഞ്ചി, ഈന്തപ്പഴം, കാരറ്റ്, മുളക്, കാന്താരിമുളക്, പാവക്ക, പുളിഞ്ചിക്ക, പപ്പായ എന്നുതുടങ്ങി ഇനിയുമേറെ വിഭവങ്ങള്‍. അവക്കു പുറമെ മീന്‍ അച്ചാറുകളും കെങ്കേമമാണ്. അവയില്‍ കൊഞ്ച്, ചൂര, കണവ, കക്ക എന്നിവയൊക്കെ ഉള്‍പ്പെടുന്നു. കൃത്രിമമായ കളറുകളോ രാസപദാര്‍ഥങ്ങളോ അച്ചാറുകളില്‍ ഉപയോഗിക്കാറില്ളെന്ന് റംല പറയുന്നു. ആകെ വിനാഗിരി മാത്രം. അത് അച്ചാറിലെ അവശ്യവസ്തുവാണുതാനും. ഒരു വര്‍ഷത്തോളം കേടാകാതെ ഇവ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം. അങ്ങനെയൊരു ഗാരന്‍റിയാണ് രുചിയനുഭവത്തിന് പുറമെ റംല നല്‍കുന്നത്.
മീന്‍ അച്ചാറുകള്‍ക്ക് ശുദ്ധമായ വെളിച്ചെണ്ണയും വെജിറ്റബ്ള്‍ അച്ചാറുകളില്‍ മുന്തിയതരം നല്ളെണ്ണയുമാണ് ഉപയോഗിക്കുന്നത്.

അച്ചാറുകളില്‍ മാത്രമല്ല എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിലും റംല മികവ് തെളിയിച്ചിട്ടുണ്ട്. മുറുക്ക്, അച്ചപ്പം, കേക്ക്, ബോളി, മുന്തിരിക്കൊത്ത്, ചിപ്സ്, മിച്ചര്‍, മടക്ക്സാന്‍, ഉണ്ണിയപ്പം, നെയ്യപ്പം, അവില്‍പ്പൊരി... ഇവയിലും നാവിന്‍തുമ്പില്‍ കൊതിയൂറുന്ന രുചിക്കൂട്ടും കൈപ്പുണ്യവും റംലയുടെ ട്രേഡ്മാര്‍ക്കാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കച്ചവടം നല്ല നിലയില്‍ മുന്നോട്ടു പോകുന്നുണ്ട്. ബാങ്ക്ലോണും കടബാധ്യതകളും കുറേശ്ശ തീര്‍ത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ‘ബ്രാന്‍ഡ് നെയിമൊന്നുമില്ലാതെ തന്നെയാണിപ്പോഴും അച്ചാറുകളും പലഹാരങ്ങളും ഉണ്ടാക്കുന്നതും വില്‍പന നടത്തുന്നതും.

‘ജനസമ്മതിക്കപ്പുറം എന്ത് ബ്രാന്‍ഡ് നെയിം’ എന്നാണ് റംലയുടെ പക്ഷം. അടുത്തിടെ റംലയുടെ കടക്കു മുന്നിലൂടെ വലിയൊരു ജാഥ കടന്നുപോയി. സി.പി.എമ്മിന്‍െറ നേതൃത്വത്തിലുള്ള കയര്‍ തൊഴിലാളി സംരക്ഷണ ജാഥയായിരുന്നു അത്. കടയുടെ മുന്നിലെ തട്ടിയില്‍ നിരത്തിവെച്ചിരുന്ന അച്ചാര്‍ ഭരണികളില്‍ അപ്രതീക്ഷിതമായി കണ്ണുടക്കിയ ജാഥാ ക്യാപ്റ്റന്‍ പെട്ടെന്ന് കടയിലേക്ക് ഓടിക്കയറി നെല്ലിക്ക അച്ചാറും വെള്ളവും ചോദിച്ചു. അത് കുടിച്ചു കഴിഞ്ഞ് രുചിയുടെ സംതൃപ്തിയും അദ്ദേഹം റംലയെ അറിയിച്ചു. ജാഥാക്യാപ്റ്റന്‍ മറ്റാരുമായിരുന്നില്ല. മുന്‍ ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്. തുടര്‍ന്ന് ജാഥാംഗങ്ങളെല്ലാം അച്ചാറും വെള്ളവും കുടിച്ചാണ് യാത്ര തുടര്‍ന്നത്. മടങ്ങും മുമ്പേ അച്ചാറുകടയുടെ ചിത്രമെടുത്ത് തോമസ് ഐസക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. മറക്കാനാവാത്ത അനുഭവമായാണ് ഇതിനെ റംല കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.