ന്യൂജെന്‍ കാലഘട്ടത്തില്‍ സൗഹൃദങ്ങള്‍ക്കും സ്നേഹത്തിനും സ്ഥാനമില്ല. മൊബൈലിനും കമ്പ്യൂട്ടറിനും മുന്നില്‍ കുത്തിയിരിക്കുന്ന യുവതലമുറ സമൂഹത്തില്‍ നടക്കുന്നതൊന്നും അറിയുന്നില്ല. വിവരസാങ്കേതിക വിദ്യയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പായുന്ന ഇവര്‍ തങ്ങളിലേക്കുതന്നെ ചുരുങ്ങുകയാണ്. ഇങ്ങനെ പലതരത്തിലുള്ള കുറ്റപത്രങ്ങളാണ് പുതുതലമുറക്കെതിരെ സമൂഹത്തില്‍ വിവിധ കോണുകളില്‍ നിന്ന് സമര്‍പ്പിക്കുന്നത്. എന്നാല്‍, ഇവിടെ ഒരു മലയോരഗ്രാമത്തില്‍ അപ്രതീക്ഷിതമായി രോഗം തളര്‍ത്തിയ ഒരു യുവാവിനെ അവന്‍െറ കൂട്ടുകാര്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കഥ കേട്ടാല്‍, അതിന് പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതറിഞ്ഞാല്‍ നാം ന്യൂജെനിനെ പുച്ഛിച്ചു തള്ളില്ല. മറിച്ച്, അവരുടെ കൂട്ടായ്മയെ, കാരുണ്യത്തെ പ്രശംസകള്‍ കൊണ്ട് മൂടും; ഈ തലമുറയിലുള്ള പ്രതീക്ഷ കൈവിടില്ല.
2013 ജൂലൈ 21ന് ഒരു സ്വകാര്യ ഫിനാന്‍സ് ലിമിറ്റഡിന്‍െറ വാര്‍ഷികാഘോഷമായിരുന്നു. കമ്പനി മൈസൂര്‍ ബ്രാഞ്ചിലെ ജീവനക്കാര്‍ ആഘോഷത്തിന്‍െറ ഭാഗമായി ഒരു ടൂര്‍ പ്ളാന്‍ ചെയ്തു. കമ്പനി ഡെപ്യൂട്ടി മാനേജര്‍ രാസിത്ത് അശോകന്‍ ടൂറിന്‍െറ ഒരുക്കങ്ങള്‍ക്കു വേണ്ടി അന്ന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ അവന് ശരീരം അനക്കാന്‍ കഴിയുന്നില്ല. പല തവണ ശ്രമിച്ചപ്പോള്‍ കട്ടിലില്‍ നിന്ന് താഴെ വീണു. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവില്‍ ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. പിന്നീട് മൈസൂരുവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിരവധി ടെസ്റ്റുകള്‍ നടത്തിയിട്ടും രാസിത്തിനെ തളര്‍ത്തിയ രോഗം കണ്ടെ ത്താന്‍ കഴിഞ്ഞില്ല. നാട്ടില്‍ നിന്ന് സഹോദരനും ബംഗളൂരുവില്‍ നിന്ന് സുഹൃത്തും എത്തിയപ്പോള്‍ കോഴിക്കോട്ടെ പ്രശസ്തമായ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സനേടാന്‍ ധാരണയായി. പിറ്റേ ദിവസം പുലര്‍ച്ചെ ഇവര്‍ ആശുപത്രിയിലെ ത്തി. നിരവധി പരിശോധനകള്‍ക്കൊടുവില്‍ ജി.എസ്.ബി എന്ന അപൂര്‍വരോഗമാണ് പിടിപെട്ടിരിക്കുന്നതെന്ന് കണ്ടത്തെി. GUILLAN^BARRE SYNDROM എന്ന രോഗം 10 ലക്ഷത്തില്‍ ഒരാള്‍ക്ക് വരാനുള്ള സാധ്യതമാത്രമേയുള്ളൂ. ശരീരത്തില്‍ പ്രവേശിച്ച ആന്‍റി വൈറസുകള്‍ ക്രമാതീതമായി വര്‍ധിച്ച് ശരീരത്തിന്‍െറ ചലനശേഷി പൂര്‍ണമായും ഇല്ലാതാക്കും. വളരെ പെട്ടെന്ന് രോഗിയെ കോമയില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍, ഭാഗ്യംകൊണ്ട് രാസിത്ത് കോമയിലേക്ക് പോയില്ല. പക്ഷേ, ഒരു വിരലുപോലും സ്വന്തമായി ചലിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല. നാലര മാസത്തോളമാണ് ഈ യുവാവ് സ്വകാര്യആശുപത്രിയിലെ ഐ.സി.യുവില്‍ കഴിച്ചുകൂട്ടിയത്. ഭക്ഷണം മൂക്കില്‍ കൂടി ട്യൂബിട്ട് നല്‍കി. ശ്വാസമെടുക്കാന്‍ ചങ്ക് തുളച്ചു. മൂത്രവും ട്യൂബിലൂടെ.
കാണുന്ന എല്ലാവരും ഇനി രാസിത്ത് തിരിച്ചുവരില്ളെന്ന് വിധിയെഴുതി. ജീവിതത്തെക്കുറിച്ച് താന്‍ കണ്ട സ്വപ്നങ്ങള്‍ അവസാനിക്കുകയാണെന്ന് അവനും തോന്നിത്തുടങ്ങിയിരുന്നു. വേദന കണ്ണീരായി ഒഴുകുമ്പോള്‍ അത് തുടക്കാന്‍ പോലും കൈയൊന്ന് ചലിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, രാസിത്തിനെ വിധിക്ക് വിട്ടുകൊടുക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ഒരുക്കമായിരുന്നില്ല. കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റി നെല്ളോളി അശോകന്‍െറ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു രാസിത്ത്. വെള്ളിയോട് ഗവ. ഹൈസ്കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും മടപ്പള്ളി ഗവ. കോളജില്‍നിന്ന് പ്രീഡിഗ്രിയും പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജില്‍നിന്ന് ബി.കോം ഡിഗ്രിയും പൂര്‍ത്തിയാക്കിയാണ് രാസിത്ത് ഗോകുലത്തില്‍ ചേര്‍ന്നത്. വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീവമായിരുന്ന രാസിത്ത് എസ്.എഫ്.ഐ കോളജ് യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കലാലയ ജീവിതത്തിനിടയില്‍ ഉണ്ടാക്കിയ സൗഹൃദം ഇദ്ദേഹത്തിനൊരു പുനര്‍ജന്മം നല്‍കിയിരിക്കുകയാണ്.
10 വര്‍ഷത്തിനു ശേഷം കഴിഞ്ഞമാസം അവന്‍ തന്‍െറ പ്രിയപ്പെട്ട കോളജിന്‍െറ തിരുമുറ്റത്തെ ത്തിയപ്പോള്‍ അവനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് സഹപാഠികളും പൂര്‍വാധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. ഒരു കാലത്ത് സി.കെ.ജിയിലെ പൂമരങ്ങള്‍ക്കും കല്‍ത്തൂണുകള്‍ക്കു പോലും പരിചിതമായിരുന്ന വിദ്യാര്‍ഥി നേതാവിന്‍െറ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോള്‍ സഹപാഠികളുടെ കണ്ണ് നിറഞ്ഞു. തന്‍െറ വേദനകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ രോഗശയ്യയില്‍ നിന്നെഴുതിയ ഗാനങ്ങളുടെ സീഡി പ്രകാശനത്തിനാണ് കോളജില്‍ എത്തിയത്. മന്ത്രി കെ.പി. മോഹനന്‍ സീഡി പ്രകാശനം ചെയ്യുമ്പോള്‍ രാസിത്ത് കോളജ് ഗ്രൗണ്ടില്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു.
രാസിത്തിന്‍െറ രോഗവിവരങ്ങള്‍ അന്വേഷിക്കാനും സാമ്പത്തിക സഹായമുള്‍പ്പെടെ ചെയ്യാനും സി.കെ.ജിയിലെ വാട്സ്ആപ് ഗ്രൂപ്പുകാര്‍ നിരന്തരം വീട്ടില്‍ എത്തുമായിരുന്നു. ചലിക്കുന്ന ഒരു വിരല്‍ ഉപയോഗിച്ച് ഫോണില്‍ ടൈപ്പ് ചെയ്യുന്നതുകണ്ടപ്പോള്‍ അത് എന്താണെന്ന് കാണണമെന്നായി സുഹൃത്തുക്കള്‍. വളരെ നിര്‍ബന്ധിച്ചപ്പോള്‍ രാസിത്ത് സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. വളരെ മനോഹരമായ ഗാനശകലങ്ങളായിരുന്നു രാസിത്ത് മൊബൈലില്‍ കുറിച്ചത്. ഇങ്ങനെ തന്‍െറ ഫോണില്‍ കുറെ ഉണ്ടെന്ന് രാസിത്ത് പറഞ്ഞപ്പോള്‍ അത് സീഡിയാക്കി ഇറക്കാമെന്നായി സുഹൃത്തുക്കള്‍. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. ഏഴ് ഗാനങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ കടലാസില്‍ പകര്‍ത്തി. വേദനയും സ്വപ്നങ്ങളും പ്രയണവും ചാലിച്ച വരികള്‍ക്ക് വിനീഷ്കുമാര്‍ കുറ്റ്യാടി സംഗീതം നല്‍കി. ജില്ലയിലെ അറിയപ്പെടുന്ന ഗായകര്‍ തന്നെ ഗാനമാലപിച്ചു.
‘അന്നും നിനക്കായ്’ എന്ന സീഡിയുടെ 5000 കോപ്പിയാണ് വാട്സ്ആപ് ഗ്രൂപ്പ് പുറത്തിറക്കിയത്. ഇതില്‍ ഭൂരിഭാഗവും അവര്‍ തന്നെ മുന്‍കൈയെടുത്ത് വിറ്റുതീര്‍ത്തു. ഇപ്പോള്‍ രാസിത്തിന്‍െറ ചികിത്സാ ചെലവ് ഒരുപരിധിവരെ ഈ തുകകൊണ്ടാണ് കഴിക്കുന്നത്. സീഡി റിലീസ്ചെയ്തതോടെ രാസിത്തിന്‍െറ സ്വീകാര്യതയും വര്‍ധിച്ചു. മാതൃവിദ്യാലയത്തിലും നാട്ടിലും സ്വീകരണങ്ങള്‍ ഒരുക്കി.
ഹൈസ്കൂള്‍ ക്ളാസുകളില്‍ രാസിത്തിന്‍െറ ഇടവും വലവും ഉണ്ടായിരുന്ന സുനില്‍ കൊടിയൂറക്കും കെ.അന്‍സാറിനും കൂടുതലൊന്നും പഠിക്കാനായിരുന്നില്ല. ഉപരിപഠനത്തിന് നില്‍ക്കാതെ അവര്‍ ജോലി നോക്കിപ്പോയി. എന്നാല്‍, ഉറ്റ സ്നേഹിതന്‍ കിടപ്പിലായതറിഞ്ഞതോടെ ഇരുവരും ഓടിയെ ത്തി വേണ്ട സഹായങ്ങള്‍ ചെയ്തു. ആശുപത്രിയിലും സ്വീകരണ യോഗങ്ങളിലുമെല്ലാം പങ്കെടുക്കാന്‍ വാഹനങ്ങള്‍ വാടകക്കെടുത്തായിരുന്നു രാസിത്ത് പോയിരുന്നത്. ഇതു മനസ്സിലാക്കിയ സുനിലും അന്‍സാറും തങ്ങളുടെ പ്രിയസ്നേഹിതന് ഒരു കാറാണ് സമ്മാനമായി നല്‍കിയത്. ഉയര്‍ന്ന ഉദ്യോഗമൊന്നും ഉള്ളവരല്ല ഈ സുഹൃത്തുക്കള്‍ എന്നറിയുമ്പോഴാണ് ആ സമ്മാനത്തിന്‍െറ മൂല്യം വര്‍ധിക്കുന്നത്.
രാസിത്തിന്‍െറ രണ്ടാം ജന്മത്തിലേക്കുള്ള യാത്രയില്‍ ബാല്യകാല സുഹൃത്ത് പി.കെ. വിബീഷ് നിഴലായി കൂടെയുണ്ടായിരുന്നു. നാട്ടിലെ ഇണപിരിയാത്ത സുഹൃത്തുക്കളായ ഇവര്‍ക്ക് രണ്ടു പേര്‍ക്കും ബംഗളൂരുവില്‍ തന്നെ ജോലി ലഭിച്ചത് യാദൃശ്ചികമായിരുന്നു. ബംഗളൂരു ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ വിബീഷ് ആണ് രാസിത്തിന്‍െറ രോഗവിവരമറിഞ്ഞ് മൈസൂരുവിലേക്ക് ആദ്യം ഓടിയത്തെിയത്. പിന്നീട് കോഴിക്കോട് ആശുപത്രിയിലെ ത്തിക്കാനും അവന് ധൈര്യം നല്‍കാനും ഈ സുഹൃത്ത് കൂടത്തെന്നെയുണ്ടായിരുന്നു. രോഗത്തിന്‍െറ നിലയില്ലാകയത്തിലേക്ക് താണുപോകുന്ന രാസിത്തിന് മരുന്നിനോടൊപ്പം ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നത് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ എ.എം. അനൂപ്കുമാറും ഇ.ജി. പ്രദീപ്കുമാറും ആയിരുന്നു. മൂന്നരമാസത്തെ ആശുപത്രിവാസത്തിനും പിന്നീടുള്ള വീട്ടിലെ ചികിത്സക്കുമെല്ലാമായി 30 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതില്‍ പാതിയോളം കമ്പനിയും സുഹൃത്തുക്കളും വഹിച്ചതാണ്. ഫിസിയോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സ ഇപ്പോഴും തുടരുകയാണ്. നടക്കാനുള്ള പ്രയാസമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കുറച്ച് മാസങ്ങള്‍ കൊണ്ട് പൂര്‍ണ ആരോഗ്യവാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്.
രോഗംവന്ന് ശരീരം മുഴുവന്‍ തളര്‍ന്നപ്പോഴും സംസാരിക്കാന്‍ കഴിയാതിരുന്നപ്പോഴും രാസിത്തിന്‍െറ ബോധത്തിന് ഒന്നും സംഭവിച്ചിരുന്നില്ല. ആശുപത്രിയില്‍ കിടക്കയില്‍ കിടന്ന് എല്ലാം അവന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ആശുപത്രി കാലത്തെ ജീവിതം അവനൊരു കഥയാക്കുകയാണ്്. രോഗാവസ്ഥയിലുള്ള തന്‍െറ അനുഭവങ്ങള്‍ എല്ലാം അവന്‍ മൊബൈലില്‍ ടൈപ്പ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ അത് അവനുവേണ്ടി കടലാസില്‍ പകര്‍ത്തി. ഇപ്പോള്‍ ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തിരിക്കുകയാണ്. രോഗശയ്യയില്‍ കിടക്കുമ്പോള്‍ കണ്ട സുഹൃത്തുക്കളാണ് രാസിത്തിന്‍െറ പുസ്തകം എഴുതിയത്. ചികിത്സ കൊണ്ട് മാത്രം ഈ രോഗം ഭേദമാവുമായിരുന്നില്ല. അവന് പിന്തുണ നല്‍കാന്‍, ധൈര്യം പകരാന്‍ സുഹൃത്തുക്കള്‍ കൂടെയുള്ളതു കൊണ്ടാണ് രാസിത്ത് പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും തന്ന ഈ സ്നേഹത്തിന് എന്ത് പ്രതിഫലമാണ് താന്‍ നല്‍കേണ്ടതെന്നാണ് അവന്‍ നിറകണ്ണുകളോടെ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.