തെങ്ങിന്‍ മണ്ടയില്‍ തമ്പടിച്ച മൂങ്ങാ കുടുംബത്തിന്‍െറ ചിത്രം പകര്‍ത്താന്‍ 13കാരി സിത്താര കാര്‍ത്തികേയന്‍ കാത്തിരുന്നത് ഏഴു മണിക്കൂര്‍. ആ കാത്തിരിപ്പ് വെറുതെയായില്ല. ബി.ബി.സിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി 2014ല്‍ സംഘടിപ്പിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള അംഗീകാരം 13കാരിയെ തേടിയെത്തി. 11^14 വയസ്സിനിടയിലുള്ളവര്‍ക്ക് നടന്ന മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് സിത്താരക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്. 112 രാജ്യങ്ങളില്‍ നിന്നായി 42,000 എന്‍ട്രികളാണ് മത്സരത്തിനായെ ത്തിയത്. ലണ്ടനിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ 2014 ഒക്ടോബര്‍ 21 മുതല്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദര്‍ശനത്തില്‍ സിത്താരയെടുത്ത മൂങ്ങാ കുടുംബത്തിന്‍െറ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ബി.ബി.സി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കലണ്ടര്‍, ഗ്രീറ്റിങ് കാര്‍ഡ്, പോസ്റ്റ് കാര്‍ഡ് തുടങ്ങിയവയില്‍ ഈ ഫോട്ടോ കവര്‍ചിത്രമാക്കി. ലോകത്തിലെ പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഒരാഴ്ച ലണ്ടനില്‍ ചെലവിടാന്‍ ഈ മിടുക്കിക്ക് അവസരം ലഭിച്ചു.
ഏഴുമണിക്കൂര്‍ കാത്തിരിപ്പിനൊടുവിലാണ് അഞ്ചംഗ മൂങ്ങാ കുടുംബത്തെ കാമറയില്‍ പകര്‍ത്താനായത്. 2013 നവംബര്‍ 13 നായിരുന്നു അത്. കോയമ്പത്തൂര്‍ ശിരുവാണി കാരുണ്യ നഗറിലെ ചിന്മയ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയാണ് സിത്താര. പേരൂരിലെ ഒരു തെങ്ങിന്‍ തോട്ടത്തില്‍ പകല്‍ മൂങ്ങാ കുടുംബം എത്തിയ വിവരം കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛന്‍ മുഖേന അറിഞ്ഞു. രാവിലെ 11 മണിക്ക് സ്കൂളില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങി സ്ഥലത്തെ ത്തി ജോലിതുടങ്ങി. ആദ്യത്തെ നാലു മണിക്കൂര്‍ മൂന്നെണ്ണം മാത്രമാണുണ്ടായിരുന്നത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാലായി. സന്ധ്യമയങ്ങിയതോടെയാണ് അഞ്ചു മൂങ്ങകള്‍ മുറിഞ്ഞ തെങ്ങിന്‍െറ മണ്ടയില്‍ ഒന്നിച്ചത്.
ആറര മണിയോടെ ഈ അപൂര്‍വ ഫോട്ടോ സിത്താര തന്‍െറ കാമറക്കകത്താക്കി. ഭക്ഷണം പോലും കഴിക്കാതെ ഭാരമുള്ള കാമറയും ലെന്‍സും കൈയിലേന്തി ട്രൈ പോഡിന്‍െറ സഹായമില്ലാതെയാണ് ഈ പെണ്‍കുട്ടി മൂങ്ങകളെ കാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രം 2014ല്‍ കോയമ്പത്തൂര്‍ ഡി.ജെ സ്മാരക അഖിലേന്ത്യാ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിക്കൊടുത്തു. ഒന്നര ലക്ഷം രൂപയായിരുന്നു സമ്മാനം. ഇന്ത്യയിലെ വിവിധ സംഘടനകള്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഈ കൊച്ചുഫോട്ടോഗ്രാഫര്‍ക്ക് നിരവധി സമ്മാനം ലഭിച്ചിട്ടുണ്ട്. പഠനത്തിലും കലാകായിക മത്സരങ്ങളിലും സ്കൂള്‍, ജില്ല, സംസ്ഥാനതല മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്.
ഫോട്ടോഗ്രഫിയിലേക്ക് അഞ്ചാം വയസ്സിലാണ് ഫോട്ടോഗ്രഫി തുടങ്ങിയത്. പ്രകൃതിയും കാടും പക്ഷികളും വന്യമൃഗങ്ങളുമൊക്കെ ഫോട്ടോക്ക് വിഷയമായി. പറമ്പിക്കുളം താഴ്വരയിലെ സത്തേുമടയിലെ അരുള്‍ കാര്‍ത്തികേയന്‍^ഗായത്രി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സിത്താര. അരുള്‍ ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. ദക്ഷിണേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ബ്ളാക് ഈഗിളി (കറുത്ത കഴുകന്‍)നെക്കുറിച്ച് ബാക്കോണിന്‍െറ സഹായത്തോടെ പഠനം നടത്തിയിട്ടുണ്ട്. അരുളിന്‍െറ ബന്ധുവും വന്യജീവി ഫോട്ടോഗ്രാഫറുമായ കോയമ്പത്തൂരിലെ പ്രകാശ് രാമകൃഷ്ണനാണ് സിത്താരയുടെ ഫോട്ടോഗ്രഫി ഗുരു.
ആഴ്ചയിലൊരിക്കല്‍ പ്രകാശ് പറമ്പിക്കുളം, വാള്‍പ്പാറ, അട്ടക്കട്ടി മേഖലകളില്‍ ഫോട്ടോയെടുക്കാനെ ത്തുമായിരുന്നു. വന്യജീവി ഫോട്ടോകള്‍ സിത്താരയില്‍ താല്‍പര്യം വളര്‍ത്തി. ചെറുപ്പത്തില്‍തന്നെ ഇവരോടൊപ്പം കാടുകയറിത്തുടങ്ങി. അങ്ങനെ കാമറയുടെ സാങ്കേതിക വശങ്ങള്‍ പഠിച്ചു. ആദ്യം പകര്‍ത്തിയ ചിത്രം വാള്‍പ്പാറയിലെ വരയാടിന്‍േറതായിരുന്നു. ഈ ഫോട്ടോ കണ്ട പ്രകാശ് പിന്നെയുള്ള വനയാത്രകളില്‍ സിത്താരയെയും കുടുംബത്തെയും കൂടെ കൂട്ടി. മഹാരാഷ്ട്രയിലെ തോഡോബ കടുവാ സങ്കേതം, കര്‍ണാടകയിലെ കബനി, ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് തുടങ്ങി പത്തോളം വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ചു.
ഇതില്‍ തോഡോബ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ പുള്ളിപ്പുലി മാനിന്‍െറ ജഡവുമായി മരത്തിലേക്ക് കയറിനില്‍ക്കുന്ന ചിത്രം ഏറെ പ്രശസ്തി നേടിക്കൊടുത്തു. 2014ല്‍ നെഹ്റു യുവകേന്ദ്ര, രാഘവേന്ദ്ര മക്കള്‍ ഇയകം വന്യജീവി ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ ലഭിച്ചു. ചിന്മയ സ്കൂള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന അംഗീകാരം നല്‍കി ആദരിച്ചു. എട്ടാം ക്ളാസില്‍ പഠിക്കുന്ന സഹോദരന്‍ അഗസ്ത്യ കാര്‍ത്തികേയനും ഫോട്ടോഗ്രഫി ചെയ്യുന്നുണ്ട്. ഐ.എഫ്.എസ് ഓഫിസറായി കാടിന്‍െറ സംരക്ഷകയാവണമെന്നാണ് സിത്താരയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.