വേദനിക്കുന്നവര്‍ക്ക് സാന്ത്വനമായി ഈ മാന്ത്രികന്‍

കിടപ്പിലായ രോഗികള്‍ക്കും നട്ടെല്ല്  തകര്‍ന്നവര്‍ക്കും സന്തോഷത്തിന്‍െറ നനവുപകര്‍ന്ന് ഒരു യുവ മാന്ത്രികന്‍. മാജിക്കിനെ വേദനിക്കുന്നവരുടെ മുന്നിലവതരിപ്പിച്ച് കൈയടി നേടുകയാണ് മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍. കൈവേഗങ്ങളില്‍ അദ്ഭുതങ്ങള്‍ തീര്‍ക്കുമ്പോള്‍ വീല്‍ചെയറിലിരിക്കുന്ന രോഗിയുടെ മനസ്സും വേഗങ്ങളെ ചുംബിക്കുന്നു. വേദനിക്കുന്നവരുടെ ഇടയില്‍ മാത്രമല്ല അനാഥശാലകളിലും ജയിലുകളിലും വിദ്യാലയങ്ങളിലും ഇന്ദ്രജാലത്തിന്‍െറ വിസ്മയം സേവന സന്നദ്ധതയോടെ സൗജന്യമായി  ഒരുക്കുന്നു ഈ യുവാവ്.
 
ഒരിക്കല്‍ തിരുവനന്തപുരത്ത് മാജിക് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മാവേലി എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിക്കുമ്പോഴുണ്ടായ അനുഭവമാണ് ശ്രീജിത്തിനെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രത്തിലത്തെിച്ചത്. താനിരിക്കുന്ന കംപാര്‍ട്ട്മെന്‍റില്‍ ആര്‍.സി.സിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിവരുന്നവരുടെ മുഖങ്ങളാണ് വേദനിക്കുന്നവരുടെ ഇടയിലേക്ക് മാജിക്കുമായി ഇറങ്ങിത്തിരിക്കാന്‍ ഈ യുവാവിനെ പ്രേരിപ്പിച്ചത്. അദ്ഭുതങ്ങള്‍ വിരിയേണ്ട കുഞ്ഞുങ്ങളുടെ കണ്ണുകള്‍ കീമോ കഴിഞ്ഞതിന്‍െറ ദൈന്യതയും ഭയവും കലര്‍ന്നതായിരുന്നു. മടിയില്‍ തലവെച്ച് ട്രെയിന്‍ ജനലഴികള്‍ക്കിടയിലൂടെ ആശയറ്റ് കണ്ണയക്കുന്ന ദമ്പതികള്‍... ഇവര്‍ക്ക് അല്‍പമെങ്കിലും സന്തോഷത്തിന്‍െറ നനവുപകരാനാണ് ശ്രീജിത്ത് ഇപ്പോള്‍ ഏറെയും മാന്ത്രികവടി കറക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍െറ സ്നേഹസ്പര്‍ശം പദ്ധതിക്ക് ധനശേഖരണാര്‍ഥം ജയ ഓഡിറ്റോറിയത്തില്‍ നടന്ന മാജിക് ഷോ ശ്രദ്ധിക്കപ്പെട്ടതും അങ്ങനെയായിരുന്നു.വടകര ‘തണല്‍’ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് തുടങ്ങി നിരവധി പാലിയേറ്റിവ് കൂട്ടായ്മകളില്‍ പങ്കെടുത്ത് ശ്രീജിത്ത് മാജിക് അവതരിപ്പിക്കുന്നു. ചക്കിട്ടപാറ ‘ശാന്തി’ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് നിര്‍മിക്കുന്ന രണ്ടു വീടുകളുടെ ധനശേഖരണാര്‍ഥവും പരിപാടി നടത്തി.
 
ഗ്രാമീണര്‍ക്കു മുന്നില്‍ അന്തരീക്ഷത്തില്‍നിന്ന് ഭസ്മം എടുത്തും വാച്ച് എടുത്തും ദിവ്യാദ്ഭുത അനാവരണം നടത്തി ശ്രീജിത്ത് അന്ധവിശ്വാസത്തിനെതിരെ മാജിക് കൊണ്ട് ശക്തമായി പ്രതികരിച്ചിട്ടുണ്ട്.  മദ്യവിമുക്ത ഭവനം എന്ന സന്ദേശമുയര്‍ത്തി അരിക്കുളം പഞ്ചായത്ത് നടത്തിയ ആരവം പദ്ധതിയില്‍ 14 കിലോമീറ്ററോളം  ദൂരം കണ്ണു കെട്ടി ബൈക്കോടിച്ചു. കൊയിലാണ്ടിയില്‍ മാനവ മൈത്രി സന്ദേശമുയര്‍ത്തി തിരക്കുപിടിച്ച ദേശീയപാതയിലൂടെ മൂരാട് മുതല്‍ കോരപ്പുഴ വരെ 45 കി.മീറ്റര്‍ കണ്ണുകെട്ടി ബൈക്കോടിച്ച് ജനത്തെ വിസ്മയിപ്പിച്ചു. അഗ്നികുണ്ഡത്തില്‍ നിന്ന് സമാധാനത്തിന്‍െറ വെള്ളരിപ്രാവിനെ പറത്തിയും അന്ന് കാണികളുടെ മനം കവര്‍ന്നു. സെന്‍സസിന്‍െറ ഭാഗമായും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍െറ ആഭിമുഖ്യത്തില്‍ കണ്ണു കെട്ടി ബൈക്ക് ഓടിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍െറ അനുമതിയോടെ ജില്ലയിലെ പ്ളസ്ടു സ്കൂളുകളില്‍ സൗജന്യമായി മദ്യ^മയക്കു മരുന്നിനെതിരെ വിദ്യാര്‍ഥികളില്‍ ബോധവത്കരണ മാജിക് ഷോകള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ശ്രീജിത്ത്.
 
ക്ളാസ് മുറിയിലെ വിരസനിമിഷങ്ങളില്‍ ഇന്ദ്രജാലക്കാരനായ  ഈ ഇംഗ്ളീഷ് അധ്യാപകന്‍ മാജിക്കിലൂടെ  പാഠങ്ങള്‍ അവതരിപ്പിച്ച് അധ്യാപനം രസകരമാക്കുന്നു. പ്ളസ്ടു ഇംഗ്ളീഷ് അധ്യാപകനായ ശ്രീജിത്ത് ഇപ്പോള്‍ മേപ്പയൂര്‍ ജി.വി.എച്ച്.എസ് എസിലാണ് ജോലി ചെയ്യുന്നത്. ഇംഗ്ളീഷ് പഠനം ആഹ്ളാദകരമാക്കാനും വ്യാകരണം പഠിതാക്കളുടെ മനസ്സിലുറപ്പിക്കാനും ശ്രീജിത്ത്  മാജിക് ഉപയോഗിക്കുന്നു. ഇതിന്‍െറ ഭാഗമായി എഡ്യു മാജിക് എന്ന അധ്യാപന സീഡി ഒരു സ്വപ്നമായി മനസ്സിലുണ്ട്. അധ്യാപക ക്ളസ്റ്റര്‍ മീറ്റിങ്ങുകളിലും മാജിക്കുമായി ശ്രീജിത്ത് ഉണ്ടാവും. നിരവധി വിദ്യാര്‍ഥികള്‍ മാജിക് ആവേശവുമായി തന്‍െറയടുത്ത് എത്താറുണ്ടെന്നും ഈ അധ്യാപകന്‍ പറയുന്നു.
 
ഒരു കാലത്ത് മാജിക് ഷോകളില്‍ ആവേശമായിരുന്ന ശ്രീധരന്‍ വിയ്യൂരിന്‍െറ മകനാണ് ശ്രീജിത്ത്. പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന  പ്രഫ. വാഴക്കുന്നത്തിന്‍െറ ശിഷ്യന്‍. ഗുരുവിനെ ഓര്‍മിപ്പിക്കുന്ന മാന്ത്രികപ്രകടനങ്ങളുമായി അദ്ദേഹം വേദികളില്‍ നിറഞ്ഞുനിന്നു. ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ഇന്ദ്രജാല പ്രകടനത്തില്‍ അന്നത്തെ വലിയൊരു തുക സംഭാവന ചെയ്ത ഇന്ദ്രജാലക്കാരന്‍. വാര്‍ധക്യം മൂലം ഇപ്പോള്‍ ശ്രീധരന്‍ വേദികളിലില്ല. തന്‍െറ ഗുരു അച്ഛന്‍ തന്നെയാണെന്ന് ശ്രീജിത്ത് പറയുന്നു. ഏഴാം ക്ളാസിലായിരുന്നു അരങ്ങേറ്റം. 
 
നിരവധി സമ്മാനങ്ങള്‍.. അച്ഛനോടൊപ്പം സഹായിയായി നിരവധി വേദികള്‍... പതിനെട്ടാമത്തെ വയസ്സില്‍ ഒറ്റക്ക് ഷോ അവതരിപ്പിച്ചു. ഡല്‍ഹിയിലെ ടെറി യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സെമിനാറില്‍ പരിസ്ഥിതി ബോധവത്കരണം ലക്ഷ്യമിട്ട് പരിസ്ഥിതി  രക്ഷാ മാജിക് അവതരിപ്പിച്ചു. സേവന മനസ്സില്‍ ജയില്‍ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സബ് ജയിലിലും അനാഥാലയങ്ങളിലും ഈ ചെറുപ്പക്കാരന്‍ മാജിക് നടത്തുന്നു. മാജിക്കിനെ ജനപ്രിയമാക്കുന്നതിനോടൊപ്പം കലാകാരന്‍െറ സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും ഈ യുവമാന്ത്രികനെ വ്യത്യസ്തനാക്കുന്നു.ഇതിന് ഭാര്യ അഞ്ജുവും മകന്‍ ഇന്ദ്രനീലും ഒപ്പം നില്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.