കോഴിക്കോട് സ്വദേശിനികളായ ഈ സഹോദരിമാര്‍ ഇപ്പോള്‍ അഭിമാനത്തിലാണ്. അമേരിക്കയില്‍ നിന്നടക്കം ആരാധകരെ നേടിയെടുത്ത സന്തോഷത്തിലാണ് ഇവര്‍. വസ്ത്ര ഡിസൈനിങ്ങിലെ അത്യപൂര്‍വതകളാണ് ഓണ്‍ലൈന്‍ വഴിയുള്ള ഇവരുടെ ഖ്യാതി ഉയര്‍ത്തിയിരിക്കുന്നത്. സഹോദരിമാരുടെ കരവിരുതില്‍ വിരിഞ്ഞ ഫാഷന്‍ ഫേസ്ബുക്കില്‍ മാത്രമല്ല അയല്‍ ജില്ലകളിലും നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. റിട്ട. ഹെഡ്മാസ്റ്ററും ഡോക്യുമെന്‍ററി സംവിധായകനുമായ വേണു താമരശ്ശേരിയുടെയും രത്നകുമാരിയുടെയും മക്കളായ സ്മിത, നിത, ജിത എന്നിവരാണ് ഫാഷന്‍ ഡിസൈനിങ് രംഗത്ത് വ്യത്യസ്തരാകുന്നത്.
ബി.എസ്സി കെമിസ്ട്രി കഴിഞ്ഞ സ്മിതയാണ് ഇവരില്‍ മൂത്തയാള്‍. രണ്ടാമത്തെയാള്‍ നിത ഹിന്ദി ബിരുദാനന്തര ബിരുദം നേടി. ജിത സി.എ പൂര്‍ത്തിയാക്കി. മൂന്നുപേരും ബിരുദ പഠനം നടത്തിയത് ഗുരുവായൂരപ്പന്‍ കോളജിലാണ്. പഠനകാലത്ത് അറിയപ്പെടുന്ന കലാകാരികളായിരുന്നു. നൃത്തയിനങ്ങളില്‍ മിടുക്ക് തെളിയിച്ച ഇവര്‍ സ്കൂള്‍, കോളജ് കാലത്ത് നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലും കോളജ് തല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സ്മിതയും ജിതയും ചിത്രകാരികളുമാണ്.
പഠനം കഴിഞ്ഞശേഷം മൂന്നുപേരുടെയും വിവാഹം കഴിഞ്ഞു. നിതക്ക് സ്വകാര്യ സ്കൂളില്‍ ടീച്ചറായി ജോലി ലഭിച്ചു. ഇതിനിടയിലാണ് മൂന്നുപേര്‍ക്കും കൂടി ഒരു ബിസിനസ് എന്ന ആശയം ഉണ്ടാകുന്നത്. എന്ത് ബിസിനസ് എന്ന ചോദ്യം വന്നു. അപ്പോഴാണ് തങ്ങളുടെ അഭിരുചിയുമായി ബന്ധപ്പെട്ട ഒന്നുമതിയെന്ന് അഭിപ്രായമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫാഷന്‍ ഡിസൈനിങ് മതി എന്നുറപ്പിച്ചത്. കുട്ടിക്കാലം മുതലേ അറിഞ്ഞോ അറിയാതെയോ തങ്ങള്‍ നടത്തുന്ന ഡിസൈനിങ് പരീക്ഷണങ്ങളാണ് അവരെ അതിന് പ്രേരിപ്പിച്ചതും. ഈ വിഷയത്തില്‍ ആദ്യം സഹോദരിമാര്‍ മാത്രമാണ് കൂടിയാലോചിച്ചത്. ഭര്‍ത്താക്കന്മാരുടെ അഭിപ്രായം എന്താവും എന്നായിരുന്നു തുടര്‍ന്നുള്ള ചിന്ത. കാര്യം അറിഞ്ഞപ്പോള്‍ അവരും ഒപ്പം കൂടി. മാതാപിതാക്കളും കുടി തുറന്ന പിന്തുണ നല്‍കിയതോടെ മൂവരും മുന്നിട്ടിറങ്ങി.
കുട്ടിക്കാലത്ത് പുതിയ ഒരു ഡ്രസ് വാങ്ങിക്കൊണ്ടുവന്നാല്‍ അതിനെ കൂടുതല്‍ മോടിപിടിപ്പിക്കാന്‍ പൂക്കളോ മറ്റ് തൊങ്ങലുകളോ വെച്ചുപിടിപ്പിക്കുക സഹോദരിമാരുടെ ഇഷ്ട വിനോദമായിരുന്നുവത്രെ. കൂട്ടുകാരികള്‍ക്കൊപ്പം പോയി വാങ്ങിയ പ്ളെയിന്‍ ചുരീദാറില്‍ നിറയെ വര്‍ണങ്ങളും ഞൊറികളും തുന്നിപ്പിടിപ്പിച്ച് പിറ്റേ ദിവസം കൂട്ടുകാരികളെ അദ്ഭുതപ്പെടുത്തിയ കഥകളൊക്കെ ഇവര്‍ക്ക് പറയാനുണ്ട്. അമ്മക്ക് തുന്നല്‍ അറിയാം. മക്കളുടെ പരീക്ഷണങ്ങള്‍ അമ്മ യാഥാര്‍ഥ്യമാക്കി കൊടുക്കുകയായിരുന്നു. ഈ ഫാഷന്‍ഭ്രമത്തെ തുടര്‍ന്ന് പഠനശേഷം സഹോദരിമാരില്‍ ഒരാള്‍ കോഴിക്കോട് പ്രാഥമിക ഡിസൈനിങ് ഘടകങ്ങള്‍ പഠിക്കാന്‍ പോയിരുന്നു. എന്നാല്‍, കുറച്ചുകാലമേ അത് തുടര്‍ന്നുള്ളൂ.
വസ്ത്രങ്ങള്‍ക്കായി വരുന്നവര്‍ പലരും ആവശ്യപ്പെടുന്നത് പുതിയ സിനിമകളിലെ താരങ്ങളുടെ ഡ്രസുകളാണ്. എന്നാല്‍, അവരോട് ഇവര്‍ പറയുന്നത് മറ്റുള്ളവരുടെ വേഷങ്ങളല്ല, സ്വന്തം ശരീരത്തിനും സംസ്കാരത്തിനും ഇണങ്ങുന്നവ തെരഞ്ഞെടുക്കൂവെന്നാണ്. ശരീര ഘടന, ബജറ്റ്, ഏത് സ്ഥലത്തേക്ക് ധരിക്കുന്നതിന് എന്നിവയെല്ലാം ഡിസൈനര്‍ അറിഞ്ഞിരിക്കണം. സിനിമ, സീരിയല്‍ താരങ്ങളും സാധാരണക്കാരുമൊക്കെ ഇവരെ തേടിയെ ത്താറുണ്ട്. പുതിയ ഡിസൈനിങ്ങുകള്‍ ആണ് പലരുടെയും ആവശ്യം. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവക്കെല്ലാം ഇത്തരത്തില്‍ പുതിയ ഡിസൈനിങ് ആവശ്യപ്പെടുന്നവര്‍ ഏറുകയാണ്. ഒരാള്‍ ഡ്രസിന് ഓര്‍ഡര്‍ ചെയ്താല്‍ അത് തുന്നിയെടുക്കാന്‍ മണിക്കൂറുകള്‍ മതി, പക്ഷേ, അത് ഡിസൈന്‍ ചെയ്യാന്‍ ദിവസങ്ങളും ചിലപ്പോള്‍ ആഴ്ചകളും വേണം. ഒരു ചിത്രം വരക്കുന്നതു പോലെയോ കവിത എഴുതുന്നതുപോലെയോ ഒക്കെയാണ് ഡിസൈനിങ് എന്നും ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നും തുണികള്‍ വരുത്തുകയാണ് ചെയ്യുന്നത്. ഡിസൈനിങ് കഴിഞ്ഞാല്‍ അത് തുന്നാനും മറ്റു പണികള്‍ക്കും കുറച്ച് സഹായികളെയും വെച്ചിട്ടുണ്ട്. കഠിന പ്രയത്നവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ വിജയം നേടാനാവുമെന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഇവരുടെ വസ്ത്ര നിര്‍മാണശാലയില്‍ തിരക്കുകൂടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.