ഇടനെഞ്ചില്‍ മുളക്കുന്ന പച്ചിലകള്‍

പഴയ തിരുകൊച്ചി സംസ്ഥാനത്തിന്‍െറയും ഇപ്പോഴത്തെ തൃശൂര്‍^എറണാകുളം ജില്ലകളുടെയും അതിര്‍ത്തി പങ്കിടുന്ന എരയാംകുടി  വയല്‍ ഗ്രാമം.  ഏഴു വര്‍ഷം മുമ്പാണവിടെ ആ സമരം നടന്നത്.  ഇഷ്ടികക്കള മാഫിയക്കെതിരെ നടന്ന പോരാട്ടം. നെല്‍വയലിലെ പച്ചമണ്ണ് കുഴിച്ചെടുത്ത് അച്ചില്‍ വാര്‍ത്ത് ചുട്ടു പഴുപ്പിച്ച് മുതലാളിമാര്‍ കീശ വീര്‍പ്പിച്ചു. അങ്ങനെ സ്വന്തം അസ്ഥിവാരം തോണ്ടിക്കൊണ്ട് ഒരുഗ്രാമം മറ്റുള്ളവരുടെ അടിത്തറയും ചുമരും  കെട്ടാനുള്ള ഉപകരണമായി.

ഒപ്പം ഇവിടെയുള്ള കളങ്ങള്‍ സദാ സമയത്തും കരിയും പുകയും ആകാശത്തേക്ക്  തുപ്പിക്കൊണ്ടിരുന്നു. വയലുകളില്‍ പുതിയ കയങ്ങളും കറപിടിച്ച ആകാശവും അങ്ങനെ ഈ നാടിന്‍െറ അടയാളങ്ങളായി.  മനുഷ്യര്‍ സദാ രോഗികളായി. കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടിപ്പിടഞ്ഞു.  ഇഷ്ടിക മാഫിയയുടെ പിണിയാളുകളായി മുന്‍നിര രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഒക്കെ അണിനിരന്നപ്പോള്‍ അങ്ങനെ  എരയാംകുടി പുഞ്ചപ്പാടം സ്വന്തം മരണമൊഴി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍, അധികനാള്‍ കഴിയുംമുമ്പെ ആ നാട്ടിലേക്ക്  ജയശ്രീ ടീച്ചറും അപ്പുച്ചേട്ടനുമെ ത്തി. പാടത്തിനോട് ചേര്‍ന്ന കരഭൂമി വിലക്കുവാങ്ങിയ ശേഷമായിരുന്നു ഇഷ്ടികക്കളങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ശ്രദ്ധയില്‍പെട്ടത്. അങ്ങനെ അവര്‍ മുന്നിട്ടിറങ്ങി. ജനം അവരുടെ പിന്നില്‍ അണിനിരന്നു. ഭീഷണികള്‍ക്കും പണച്ചാക്കുകള്‍ക്കും മുന്നില്‍ തളരാതെ ഉരുക്കുപോലെ നിന്നാണ് അവര്‍ ഇഷ്ടിക മാഫിയയെ അവിടെനിന്ന് തുരത്തിയത്.

ഇപ്പോള്‍ എരയാംകുടി ശാന്തമാണ്.  ഇഷ്ടിക മാഫിയ ഉപേക്ഷിച്ച ഹെക്ടറുകളോളം പാടത്ത് കാട്ടുചേമ്പും കളകളും പടര്‍ന്നിരിക്കുന്നു. മണ്ണെടുത്തുണ്ടായ വന്‍ ഗര്‍ത്തങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, ആ മുറിവുകള്‍ക്കരികില്‍ ഒരു തുരുത്തുപോലൊരിടത്ത് പുഞ്ച വിളയുന്നുണ്ട്. എരയാംകുടി സമരനായകര്‍ ജയശ്രീ ടീച്ചറുടെയും ഭര്‍ത്താവ് അപ്പുച്ചേട്ടന്‍െറയും കഠിനയത്നത്തിന്‍െറ ഫലമാണത്. സമരശേഷം ഇഷ്ടിക മാഫിയയില്‍ നിന്നുതന്നെ അവര്‍ രണ്ട് ഏക്കര്‍ നിലം വില കൊടുത്ത് മേടിച്ചു. അവിടെ ഗര്‍ത്തങ്ങള്‍ നികത്തി നിലമൊരുക്കി. പിന്നെ കരഭൂമിയില്‍ ജൈവകൃഷി ആരംഭിച്ചു. പച്ചക്കറിയും ഒൗഷധവും സുഗന്ധദ്രവ്യങ്ങളും  കൃഷിചെയ്തു. നാടന്‍ പശുക്കളും ആടുമാടുകളും കോഴിയും താറാവും വാത്തയും  മത്സ്യവുമൊക്കെ വളര്‍ത്തി.  

ഇതെങ്ങനെ സാധിച്ചുവെന്ന് ചോദിച്ചാല്‍ ടീച്ചറും ഭര്‍ത്താവും ചിരിച്ചുകൊണ്ട് തൊട്ടടുത്ത് ചേറിലോ മണ്ണിലോ പണിയെടുക്കുന്ന ഒരു കുടുംബത്തെക്കൂടി പേരെടുത്ത് വിളിക്കും. ബംഗാള്‍ സ്വദേശി മംഗോളും അവന്‍െറ ജീവിത സഖി രാഖി സോറനും മകന്‍ ശ്യാം സോറന്‍ എന്ന പാച്ചുവും എവിടെനിന്നോ ഓടിവരും. ഇവര്‍ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍. ഇവരും ഞങ്ങളും ചേര്‍ന്നാണ് ഈ മണ്ണിനെ പൊന്നാക്കി മാറ്റിയത്. ശരിയോ എന്ന് ചോദിച്ചാല്‍ മംഗോളും അവന്‍െറ പെണ്ണും നിഷ്കളങ്കതയോടെ ചിരിക്കും. അപ്പോഴാണ് ടീച്ചര്‍ പറയുന്നത് മംഗോള്‍ അവന്‍െറ 15ാം വയസ്സു മുതല്‍  അവര്‍ക്കൊപ്പമുണ്ടെന്നത്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മംഗോള്‍ വീണ്ടും ചിരിച്ചു. പിന്നെ എപ്പോഴോ അവന്‍െറ കണ്ണുനിറഞ്ഞു. ‘ഞങ്ങള്‍ മൂന്നുപേര്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് കാരണക്കാര്‍ ദീദിയും അപ്പുദായുമാണ്’

ടീച്ചര്‍ മംഗോളിന്‍െറയും കുടുംബത്തിന്‍െറയും കഥ പറഞ്ഞു. ഏകദേശം 15 വര്‍ഷം മുമ്പ് ടീച്ചറും അപ്പുച്ചേട്ടനും കൂടി ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ എത്തി ഒരു കൃഷി ഫാം തുടങ്ങി. അവിടെവെച്ചാണ് ആദിവാസിയായ 15കാരന്‍ മംഗോളിനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാം വിറ്റ് ഇവര്‍ നാട്ടിലേക്കു വന്നപ്പോള്‍ മംഗോളും കൂടെ കൂടി. യുവാവായപ്പോള്‍ അവന്‍ നാട്ടില്‍ ചെന്ന് വിവാഹം കഴിച്ച് വധുവിനെയും കൂട്ടി എരയാംകുടിയിലെ ത്തി. മാസങ്ങള്‍ കഴിഞ്ഞ് രാഖി ഗര്‍ഭിണിയായപ്പോള്‍ ടീച്ചര്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. ഗൈനക്കോളജിസ്റ്റ്  പരിശോധിക്കവെ  ഒന്നു ഞെട്ടി. അവളുടെ നെഞ്ചില്‍ പെരുമ്പറ ശബ്ദം. പിന്നെ പരിശോധനയില്‍ രാഖിയുടെ ഹൃദയഭിത്തിയില്‍ സുഷിരങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് വന്നു. അമ്മയുടെയും കുഞ്ഞിന്‍െറയും ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതു സമയത്തും എന്തും സംഭവിക്കാം. രാഖിയുടെ ശരീരഭാരമാകട്ടെ വെറും 35 കിലോയും.

ജയശ്രീ ടീച്ചറും ഭര്‍ത്താവും ഡോക്ടറും കൂടി ആലോചിച്ചശേഷം ചില തീരുമാനങ്ങളിലെത്തി. രാഖിയ്ക്ക്  വിദഗ്ധ ചികില്‍സയും പരിചരണവും നല്‍കുന്നതിനൊപ്പം അവളുടെ ജീവന്‍ അപകടത്തിലാണെന്ന കാര്യം അധികൃതരെ അറിയിക്കമെന്നതായിരുന്നു അത്.  കാരണം എരയാംകുടി സമരത്തിന്‍െറ മുന്‍നിരയില്‍ ഉള്ളവരായതിനാല്‍ ശത്രുക്കള്‍ ഏറെയുണ്ട്. ഗര്‍ഭിണിയായ ബംഗാളി യുവതിക്ക് ജീവാപായം ഉണ്ടായാല്‍ അത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിനിട വരുത്തിയേക്കാം. അങ്ങനെ ടീച്ചര്‍ രാഖിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഒപ്പം ഇരുവരുടെയും ഐഡന്‍്റിറ്റി കാര്‍ഡിന്‍െറ കോപ്പിയുമായി പോലീസ് സ്റ്റേഷനിലെ ത്തി വിവരമറിയിച്ചു. കിട്ടാവുന്ന എന്തു ചികിത്സയും നല്‍കാനും രാഖിയെ പരിചരിക്കാനും ഇരുവരും തയ്യാറായി. മംഗോള്‍ ടീച്ചറോട് പറഞ്ഞത്് രാഖിക്ക് വല്ലതും സംഭവിച്ചാല്‍ താനും അവള്‍ക്കൊപ്പം പോകുമെന്നായിരുന്നു. ടീച്ചര്‍ അവനെ ആശ്വസിപ്പിച്ചു. പിന്നെ ബംഗാളിലേക്ക് ഫോണ്‍വിളിപ്പിച്ച് ബന്ധുക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഒന്നും രാഖി അറിയുന്നുണ്ടായിരുന്നില്ല എന്നുമാത്രം. കണ്ണിലെ കൃഷ്ണമണി പോലെ രാഖിയെ ടീച്ചര്‍ ശുശ്രൂഷിച്ചു. ജീവിതത്തിന്‍െറ ഒരു ഘട്ടത്തില്‍ ഒറ്റക്ക് ആയിപ്പോയവരായിരുന്നു ജയശ്രീ^അപ്പു ദമ്പതികള്‍. സ്വന്തമെന്ന് പറയാന്‍ പലരുമുണ്ടായിട്ടും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍.

അങ്ങനെയിരിക്കെ ഒരിക്കല്‍ രാഖിക്ക് പെട്ടെന്ന് അസ്വസ്ഥതയുണ്ടായി. എത്രയും പെട്ടെന്ന് ആശുപത്രിയിലെ ത്തി. അന്നുതന്നെ അവള്‍ സുഖപ്രസവം നടത്തി. അമ്മയും കുഞ്ഞും ഇപ്പോഴും സുഖമായിരിക്കുന്നു. അവന് അഞ്ചുവയസ്സാണിപ്പോള്‍. എരയാംകുടിക്ക് സമീപമുള്ള സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ഥി. ഹൃദയത്തിന് ഗുരുതരമായ തകരാറുള്ള രാഖിക്ക്  ഇതുവരെയും ഒരു അസ്വസ്ഥതയുമുണ്ടായിട്ടില്ല.  ഇപ്പോഴും നടക്കുന്ന പരിശോധനകളില്‍ എന്നാല്‍ രാഖി ആരോഗ്യവതിയാണ്. എരയാംകുടിയില്‍ പോരാട്ടങ്ങള്‍ നിലച്ചെന്ന് ആരാണ് പറഞ്ഞത്. അതിജീവനത്തിന്‍െറ ഒരു ഹൃദയം അവിടെ മിടിച്ചു കൊണ്ടിരിക്കുന്നു. ആ ഒച്ച കേള്‍ക്കാന്‍ സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്കോ സ്വാര്‍ഥതയില്‍ ഒതുങ്ങിക്കൂടുന്നവര്‍ക്കോ കഴിഞ്ഞെന്നുവരില്ല. അന്യന്‍െറ ജീവിതത്തിലേക്കും ഹൃദയത്തിന്‍െറ ഉള്ളറകളിലേക്കും കാരുണ്യത്തോടെ നോട്ടം പായിക്കുന്നവര്‍ക്ക് ഈ  അതിജീവനം മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.