പക്ഷിച്ചിറകുകള്‍ക്ക് പിന്നാലെ

ഒരു വെള്ളരിമല യാത്രക്കിടയിലാണ് മാനവ് സാജനിലെ  കുഞ്ഞു പക്ഷി നിരീക്ഷകനെ അടുത്തു പരിചയപ്പെടുന്നത്. അഞ്ചാം ക്ളാസുകാരിയായ  ഐഷ ഫിദയും യാത്ര നയിക്കുന്ന ആറാം ക്ളാസുകാരനായ മാനവ് സാജനുമടക്കം പത്തുപേരുണ്ട് ഞങ്ങളുടെ മലകയറ്റ സംഘത്തില്‍.  ഇലകള്‍ക്കിടയില്‍  മറഞ്ഞിരുന്ന് ശബ്ദം കൊണ്ട് സാന്നിധ്യമറിയിച്ച ഒരു പക്ഷിയാണ് മലകയറ്റത്തിന്‍െറ തുടക്കത്തില്‍ തന്നെ ഞങ്ങളെ വരവേറ്റത്. മാനവ് സാജന്‍ പെട്ടെന്ന് ആ പക്ഷിയെ തിരിച്ചറിഞ്ഞു, ചൂളക്കാക്ക. Malabar whistling thrush എന്നാണ് അതിന്‍െറ ഇംഗ്ളീഷിലുള്ള പേരെന്ന് അനായാസം മാനവ് പറഞ്ഞുതന്നു. നീലമേനി പാറ്റപിടിയന്‍ (Verditer Fly catcher) വടക്കന്‍  ചിലുചിലപ്പന്‍ (malabar laughing thrush), വെള്ളക്കണ്ണിക്കുരുവി (oriental white eye) തുടങ്ങിയ പക്ഷികളെ ഈ ആറാം ക്ളാസുകാരന്‍  ഒരു പക്ഷി നിരീക്ഷകന്‍െറ സാമര്‍ഥ്യത്തോടെ ശാസ്ത്രീയമായി പരിചയപ്പെടുത്തിയത് അതിശയത്തോടെയാണ് കേട്ടുനിന്നത്.


ഞങ്ങളുടെ ഈ കുഞ്ഞുസുഹൃത്ത്  കേരളത്തിലെ പക്ഷി നിരീക്ഷകര്‍ക്കിടയില്‍ സുപരിചിതനാണിപ്പോള്‍. ഒന്നിച്ചുള്ള യാത്രകളിലെല്ലാം മാനവ് പക്ഷിനിരീക്ഷണത്തിലുള്ള തന്‍െറ സാമര്‍ഥ്യം തെളിയിച്ചിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള റോഡുയാത്രക്കിടയില്‍ മലനിരകള്‍ക്കിടയില്‍ വിശ്രമിച്ചപ്പോള്‍ താണുപറക്കുന്ന പക്ഷിയെച്ചൊല്ലി ഞങ്ങള്‍ പന്തയംവെച്ചു. അത് പരുന്താണെന്നായിരുന്നു എന്‍െറ പക്ഷം. എന്നാല്‍, അവിടെ അത് കഴുകനാണെന്ന് മാനവ് ഉറപ്പിച്ചു പറഞ്ഞു. നാട്ടിലത്തെി ശാസ്ത്രീയ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങളുടെ സഹായത്തോടെ അന്നു കണ്ടത് ഹിമാലയന്‍ ഗ്രിഫോണ്‍ വള്‍ച്ചര്‍ എന്ന കഴുകന്‍ കുടുംബത്തില്‍പെട്ട പക്ഷിയാണെന്ന് ഞങ്ങളുടെ കൊച്ചു മനു തെളിയിച്ചു. കോമണ്‍ റെയ്മന്‍, മരതകപ്രാവ് (Emarald dove) എന്നീ പക്ഷികളെയും വിവിധ യാത്രകളില്‍  മാനവ് പരിചയപ്പെടുത്തിയത് ഓര്‍ക്കുന്നു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ സാജന്‍െറയും തിരൂര്‍ സ്വദേശിയായ സിന്ധുവിന്‍െറയും  രണ്ടു മക്കളില്‍ മൂത്തവനാണ് മാനവ് സാജന്‍.  മാതാപിതാക്കളോടൊപ്പമുള്ള നിരവധി വനയാത്രകളാണ് പക്ഷി നിരീക്ഷണം ഇഷ്ടവിഷയമാക്കാന്‍ മാനവിനെ സഹായിച്ചത്. പക്ഷികളെ മാത്രമല്ല പശ്ചിമഘട്ട മലനിരകളിലെ മിക്ക മൃഗങ്ങളെയും പൂമ്പാറ്റകളെയും ഷഡ്പദങ്ങളെയും തിരിച്ചറിയാന്‍ മാനവിന് അസാമാന്യ വൈഭവമുണ്ട്. വെള്ളരിമലയില്‍ മാത്രം ആറു തവണ പോയിട്ടുള്ള ഈ കുട്ടി, പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും പക്ഷി നിരീക്ഷണത്തിനു മാത്രമായി സഞ്ചരിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലെ പക്ഷി നിരീക്ഷണത്തിന് സവിശേഷമായൊരു ലക്ഷ്യമുണ്ടായിരുന്നു; ലോകത്തു തന്നെ അത്യപൂര്‍വമായ വലിയ കിന്നരിപ്പരുന്തിന്‍െറ (legs hack Eagle) കൂട് കണ്ടുപിടിക്കുകയായിരുന്നു അത്. പശ്ചിമഘട്ട വനങ്ങളിലും ശ്രീലങ്കയിലും മാത്രം കാണുന്ന ഈ പക്ഷിയുടെ കൂട് കണ്ടുപിടിക്കാന്‍ സാധിച്ചില്ളെങ്കിലും പക്ഷിയെ കാണാനും ചിത്രമെടുക്കാനും ഈ യാത്രയില്‍ മാനവ് ഉള്‍പ്പെടുന്ന സംഘത്തിനു സാധിച്ചു. മലമുഴക്കി വേഴാമ്പലിന്‍െറ കൂടും പക്ഷികള്‍ കുഞ്ഞിന് തീറ്റ കൊടുക്കുന്നതും കാമറയില്‍ പകര്‍ത്തിയത് മാനവിന്‍െറ സ്വകാര്യ സമ്പാദ്യവും.  

തമിഴ്നാട്ടില്‍ അട്ടപ്പാടി അതിര്‍ത്തിയിലുള്ള തൂവൈപ്പതിയില്‍ പ്രേമരംഗാചാരിയെന്ന വനിത നടത്തുന്ന ഭുവന ഫൗണ്ടേഷന്‍െറ വിദ്യാവനം സ്കൂളില്‍ ഒമ്പതാം ക്ളാസ്  വിദ്യാര്‍ഥിയാണ്  ഇപ്പോള്‍ മാനവ് സാജന്‍. സവിശേഷമായ രീതിയിലാണ് ഈ വിദ്യാലയത്തിലെ അധ്യയനം. എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് ഒരു പഠന പ്രോജക്ട് ഉണ്ടാകും. യു.പി ക്ളാസില്‍ പഠിക്കുമ്പോള്‍ പക്ഷികളെക്കുറിച്ചുള്ള  പ്രോജക്ടായിരുന്നു മാനവിനു കിട്ടിയത്. ഈ അവസരം പ്രയോജനപ്പെടുത്തി മാനവ് പക്ഷിനിരീക്ഷണത്തിന്‍െറ ശാസ്ത്രീയ രീതികള്‍ വശത്താക്കി. ഈ വര്‍ഷം തൂവൈപ്പതിയുള്‍പ്പെടുന്ന ആനക്കട്ടിയിലെ പക്ഷികളെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി തയാറാക്കാനൊരുങ്ങുകയാണ് ഈ വിദ്യാലയം.

മലബാര്‍ നാച്വുറല്‍ ഹിസ്റ്ററി സൊസൈറ്റി എല്ലാ വര്‍ഷവും മാര്‍ച്ചില്‍  ആറളത്ത് സംഘടിപ്പിക്കുന്ന പ്രശസ്തമായ പക്ഷി നിരീക്ഷണ പരിപാടിയില്‍ 2013 മുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍  പങ്കെടുത്തിട്ടുണ്ട്  ഈ കൊച്ചു മിടുക്കന്‍. രണ്ടാം വര്‍ഷം മുതല്‍  പക്ഷി നിരീക്ഷണത്തിനത്തെുന്ന ഗ്രൂപ്പുകളെ നയിച്ച് വിവിധയിനം പക്ഷികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഗ്രൂപ് ലീഡറാണ് നല്ളൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ഈ കൊച്ചുമിടുക്കന്‍. അപൂര്‍വ പക്ഷികളുടെ ജീവിതരീതികള്‍ വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങള്‍ ഇതിനകം പകര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ നാട്ടുപക്ഷികളും കാട്ടുപക്ഷികളും വിരുന്നുകാരായ പക്ഷികളുമുള്‍പ്പെടെ ഏതാണ്ടെല്ലാ പക്ഷികളെയും തിരിച്ചറിയാന്‍ മാനവിനാകും. പക്ഷികള്‍, അവരുടെ നാട്ടുപേര്, ഇംഗ്ളീഷ് പേര്, ശാസ്ത്രീയ നാമം, അവ ഏതു കുടുംബത്തില്‍പെടുന്നു, ഭക്ഷണശീലങ്ങള്‍, കൂടുകെട്ടലും കുഞ്ഞുങ്ങളെ വളര്‍ത്തലും എങ്ങനെ തുടങ്ങിയ വിവരങ്ങളെല്ലാം അനായാസം മാനവ് കൈകാര്യം ചെയ്യും.

ഒരിക്കല്‍ അട്ടപ്പാടിയിലെ കാടുകളിലൂടെ നടക്കുമ്പോള്‍ കൂട്ടില്‍ നിന്നു വീണുപോയ ഒരു പരുന്തിന്‍െറ കുഞ്ഞിനെ മാനവിന് കിട്ടിയിരുന്നു. അതിനെ പോറ്റിവലുതാക്കി കാട്ടില്‍ത്തന്നെ വിട്ടു മാനവ്. വീട്ടുകാരോട് നന്നായി ഇണങ്ങിയ ഈ പരുന്ത് അതിന്‍െറ സ്വാഭാവിക ജീവിതസാഹചര്യത്തിലേക്ക് മടങ്ങിപ്പോയതിനു ശേഷവും മാനവിനെത്തേടി വന്നിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ അംഗീകാരങ്ങള്‍ മാനവിനെത്തേടി വന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയില്‍ അട്ടപ്പാടിക്കടുത്തുള്ള ഗവേഷണ സ്ഥാപനമായ സാലിം അലി സെന്‍റര്‍ ഫോര്‍ ഓര്‍നിത്തോളജി ആന്‍ഡ് നാച്വുറല്‍ ഹിസ്റ്ററിയുടെ (SACON) യുവ പക്ഷിനിരീക്ഷക അവാര്‍ഡ് (young bird watcher award) 2013ലും 2015ലും  ലഭിച്ചത് മാനവിനാണ്. മാക്കാച്ചിക്കാട (Cylon Frogmouth) എന്ന അപൂര്‍വയിനം പക്ഷി കേരളത്തില്‍ ആറളത്തും തട്ടേക്കാട്ടും പക്ഷിനിരീക്ഷകരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് അട്ടപ്പാടിയില്‍ മാക്കാച്ചിക്കാടയെ കണ്ടെത്തി ചിത്രമെടുത്ത് മാനവ് വാര്‍ത്തകളില്‍  ഇടം പിടിച്ചിരുന്നു.

മേയില്‍ പിതാവിനോടൊപ്പം ഹിമാലയത്തില്‍ യാത്ര ചെയ്ത മാനവ് ഹിമാലയത്തിലെ അപൂര്‍വ പക്ഷിയായ ഹിമാലയന്‍ മൊണാലിനെയും (Himalayn Monal) കാമറയില്‍ പകര്‍ത്തുകയുണ്ടായി. പശ്ചിമഘട്ടത്തിലും പുറത്തും പക്ഷികളെ കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന മാനവ് ഓര്‍നിത്തോളജി തന്‍െറ ജീവിതവഴിയായി തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്. ഒരു കൗതുകത്തിന് പക്ഷികളുടെ പേരുകള്‍ പഠിച്ചുവെക്കുകയല്ല മാനവ്. ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമായി സമര്‍പ്പണത്തോടെ മുന്നേറുകയാണ്. ഇന്ദുചൂഡനെപ്പോലെ, സാലിം അലിയെപ്പോലെ ലോകമറിയുന്നൊരു പക്ഷി നിരീക്ഷകനെ മാനവ് സാജനിലൂടെ നമുക്ക് പ്രതീക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.