കാട്ടറിവുകളുടെ അമ്മ

നട്ടുനനച്ച് പരിപാലിക്കാതെ, വിത്തെറിഞ്ഞ് വളം കൊടുക്കാതെ നാമ്പിട്ട് വളരുന്ന നൂറുകണക്കിന് സസ്യജാലങ്ങളുണ്ട് ഓരോ വീട്ടുവളപ്പിലും. ഒന്നോ രണ്ടോ ദിവസം ചൂലുതൊടാതിരുന്നാല്‍ മുറ്റത്തേക്കുവരെ അവ പടര്‍ന്നുകയറും. എത്ര വെട്ടിയെറിഞ്ഞാലും ചുട്ടെരിച്ചാലും ഒരു ചെറുമഴയുടെ ആര്‍ദ്രതയില്‍ അവ പുനര്‍ജനിക്കും. നാട്ടുവൈദ്യം പുലര്‍ന്നിരുന്ന നല്ലനാളുകളില്‍ അറിവുള്ളവര്‍ ഇവക്കിടയില്‍ നിന്ന് അദ്ഭുതങ്ങള്‍ പിഴുതെടുത്തിരുന്നു. അരച്ചെടുത്ത് മുറിവില്‍ പുരട്ടാനും പിഴിഞ്ഞ് ഉള്ളില്‍ കഴിക്കാനും വേരിട്ട് തിളപ്പിച്ച് കുളിക്കാനും കഴിയുന്നവരെ ജീവിതത്തിലേക്ക് മടക്കിവിളിക്കാന്‍ ശക്തിയുള്ള മൃതസഞ്ജീവനികള്‍. ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ എത്തിപ്പിടിക്കാനാകുമെന്നായതോടെയാണ് നാട്ടുവൈദ്യശാലകള്‍ അന്യംനിന്നുതുടങ്ങിയത്.


ഇപ്പോള്‍ ആദിവാസി മേഖലകളിലും അപൂര്‍വം ചില നാട്ടിന്‍പുറങ്ങളിലുമാണ് ഇത്തരം ചികിത്സാ കേന്ദ്രങ്ങളുള്ളത്. അവയില്‍തന്നെ വിഷ ചികിത്സാ കേന്ദ്രങ്ങള്‍ വിരലിലെണ്ണാന്‍പറ്റുന്ന നിലയില്‍ ചുരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്തെ കിഴക്കന്‍ മലയോര മേഖലയില്‍ വിഷ ചികിത്സാ രംഗത്തെ അപൂര്‍വ സ്ത്രീസാന്നിധ്യമാണ് കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ 72കാരിയായ ലക്ഷ്മിക്കുട്ടി. നാലുപതിറ്റാണ്ടുമുമ്പ് ആരംഭിച്ച വൈദ്യവൃത്തി പുരുഷന്മാരെ വെല്ലുന്ന ആര്‍ജവത്തോടെ ഇവര്‍ ഇന്നും തുടരുന്നു. പൊന്മുടിയുടെ താഴ്വാരത്തെ ആദിവാസി ഗോത്രങ്ങള്‍ രാജാവായി വാഴിച്ച ശതങ്കന്‍ മാത്തന്‍ കാണിയുടെ കൊച്ചുമകളും അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്ന കുന്തീദേവിയുടെ മകളുമായ ഇവര്‍ക്ക് ചികിത്സാവിധികള്‍ പകര്‍ന്നുകിട്ടിയത് പാരമ്പര്യ വഴികളില്‍നിന്നുതന്നെ. വിഷ ചികിത്സകയെന്ന ഒറ്റത്തുരുത്തില്‍ ഒതുങ്ങുന്നതല്ല ലക്ഷ്മിക്കുട്ടിയുടെ ജീവിതം. ഡി.സി ബുക്സ് പ്രസിദ്ധപ്പെടുത്തിയ രണ്ടു പുസ്തകങ്ങളിലായി രണ്ട് ലേഖനങ്ങളുടെ രചയിതാവ്. ഇടക്കിടെ ഫോക്ലോര്‍ അക്കാദമിയില്‍ ക്ളാസെടുക്കുന്ന അധ്യാപിക. സസ്യശാസ്ത്ര ഗവേഷകര്‍ക്ക് സംശയനിവാരണം നടത്തുന്ന അനൗദ്യോഗിക ഗൈഡ്. 40ഓളം കവിതകളുടെ രചയിതാവ്, നാട്ടിടങ്ങളില്‍ കവിയരങ്ങുകളിലെ നിറസാന്നിധ്യം.

വിഷ ചികിത്സാലയം
പൊന്മുടി റോഡില്‍ കല്ലാറില്‍നിന്ന് മൂന്നു കി.മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മൊട്ടമൂടത്തൊം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ സ്ഥാപിച്ച ശിവജ്യോതി വിഷ ചികിത്സാലയം എന്ന ബോര്‍ഡ് കാലപ്പഴക്കത്തില്‍ മണ്ണോട് ചേര്‍ന്നുകഴിഞ്ഞു. 1995ല്‍ നാട്ടുവൈദ്യരത്നം പുരസ്കാരം കൈപ്പിടിയിലൊതുക്കിയ ഇവിടത്തെ ചികിത്സക ലക്ഷ്മിക്കുട്ടിക്ക് ഇപ്പോഴും വിശ്രമിക്കാന്‍ നേരമില്ല. ദിവസം രണ്ടുപേരെങ്കിലും ചികിത്സ തേടിയത്തെും. പാമ്പും കടുവാച്ചിലന്തിയും മുതല്‍ തേളും പഴുതാരയും വരെ കടിച്ചവര്‍ കൂട്ടത്തിലുണ്ടാകും. രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് വീട്ടുവളപ്പിലെവിടെ നിന്നെങ്കിലും കിട്ടും. പോരാത്തത് കണ്ടെടുക്കാന്‍ ചുറ്റുവട്ടത്തെ വനത്തിനുള്ളില്‍ പരതിയാല്‍ മതി. പേപ്പട്ടി വിഷത്തിനൊഴികെ മറ്റെന്തിനും തന്‍െറ കൈയില്‍ മരുന്നുണ്ടെന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.

നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ക്കും പഠനങ്ങള്‍ക്കുമായി ഇവര്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പോയിട്ടുണ്ട്. ഭര്‍ത്താവ് മാത്തന്‍കാണി അസുഖബാധിതനായി കിടപ്പിലായതോടെ ഒരു വര്‍ഷമായി യാത്രകള്‍ക്ക് കൂട്ടുപോകാന്‍ ആളില്ലാതായി. വീട്ടിലത്തെുന്നവരില്‍ കിടത്തിച്ചികിത്സ വേണ്ടവര്‍ക്ക് സൗകര്യമൊരുക്കാനാവാത്തതാണ് ഇവരുടെ സങ്കടം. പഞ്ചായത്തില്‍ നിന്ന് വീടനുവദിച്ചപ്പോള്‍ നിലവിലുണ്ടായിരുന്നത് ഇടിച്ചുകളഞ്ഞു. അധികൃതര്‍ നല്‍കിയ രണ്ടു ലക്ഷവും കൈയില്‍നിന്ന് മൂന്നു ലക്ഷവും ചെലവഴിച്ചിട്ടും കേറിക്കിടക്കാന്‍ ഇതിനോട്  ചേര്‍ന്ന് നിര്‍മിച്ച ചായ്പുതന്നെ ശരണം.

കാട്ടറിവുകളുടെ സര്‍വകലാശാല
അക്കാദമിക രംഗത്തെ പ്രമുഖരായവര്‍ ലക്ഷ്മിക്കുട്ടിയെ വിലയിരുത്തുന്നത് കാട്ടറിവുകളുടെ സര്‍വകലാശാല എന്നാണ്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘കാട്ടറിവുകള്‍’ എന്ന പുസ്തകത്തിലെ ‘കാണിക്കാരുടെ കാട്ടറിവുകള്‍ ^വാമൊഴികളിലൂടെ’ എന്ന ലേഖനം വായിച്ചാല്‍ ഇത് ബോധ്യപ്പെടും. ‘ജന്തുക്കളും നാട്ടറിവും’ എന്ന പുസ്തകത്തില്‍ ലക്ഷ്മി കെ.എം. എന്നപേരില്‍ ഇവരെഴുതിയ ‘കാണിക്കാരുടെ കാട്ടുമൃഗ അറിവുകള്‍’ എന്ന ലേഖനം ഇത് കൂടുതല്‍ ബലപ്പെടുത്തും. വിദ്യാഭ്യാസത്തിന് ഇന്നും വേണ്ടത്ര പ്രാധാന്യം കല്‍പിക്കാത്ത കാണിക്കാര്‍ക്കിടയില്‍ നിന്ന് ആറുപതിറ്റാണ്ട് മുമ്പ് എട്ടാംക്ളാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയയാളാണ് ലക്ഷ്മി. സംസ്കൃതവും തമിഴും മലയാളവും ഇവര്‍ക്ക് നന്നായി വഴങ്ങും. കാട്ടുജീവിതത്തെക്കുറിച്ചും സ്വന്തം സംസ്കൃതിയെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാന്‍ തനിക്ക് ലഭിച്ച വിദ്യാഭ്യാസം സഹായിച്ചിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ഗവേഷക വിദ്യാര്‍ഥികള്‍ ഗൈഡുകളുടെ നിര്‍ദേശപ്രകാരം ഇടക്ക് ലക്ഷ്മിക്കുട്ടിയെ സന്ദര്‍ശിക്കാറുണ്ട്. സസ്യങ്ങളെയും അവയുടെ ഒൗഷധ ഗുണങ്ങളെയും കുറിച്ച് ഇവര്‍ക്കുള്ള അറിവാണ് വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

കവിതകളുടെ ചന്തം
കാട്ടുചന്തം നിറഞ്ഞ കവിതകളുടെ കര്‍ത്താവാണ് ലക്ഷ്മിക്കുട്ടി. ഒരിക്കല്‍ തന്‍െറ കവിതകേട്ട് സുഗുതകുമാരി എഴുതിയത് ലക്ഷമിക്കുട്ടി അഭിമാനത്തോടെ ഓര്‍ക്കുന്നു. സമകാലിക വിഷയങ്ങളെ ആക്ഷേപത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന രീതിയാണ് ഇവരുടേത്. മന്ത്രിയെ കാത്ത്, നേതാവിന്‍െറ ദു$ഖം, പകിടകളി തുടങ്ങിയവയിലെല്ലാം ഈ ആക്ഷേപസ്വരം ദൃശ്യമാണ്. വനത്തിനുള്ളില്‍ പുറംനാട്ടുകാരും വകുപ്പുദ്യോഗസ്ഥരും നടത്തുന്ന കൈയേറ്റത്തിനെതിരായും ഇവരുടെ കവിത ശബ്ദിക്കുന്നു. വനത്തിന്‍െറ പഴയകാല പ്രശാന്തത നഷ്ടപ്പെട്ടതായാണ് ലക്ഷ്മിക്കുട്ടിയുടെ പരിദേവനം. വള്ളത്തോളിന്‍െറ കവിതകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ നാല്‍പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഇവ  പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ്. വില്‍പാട്ടിനായി നിരവധി രചനകളും ഇവര്‍ നടത്തിയിട്ടുണ്ട്. എഴുതിയ കഥാപ്രസംഗങ്ങളും നിരവധി. നാട്ടുവൈദ്യത്തിനും സാഹിത്യ രചനകള്‍ക്കുമായി നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെ ത്തി.

കാണിക്കാരുടെ അംബാസഡര്‍
കിഴക്കന്‍ വനമേഖലയിലെ കാണിക്കാര്‍ സമുദായത്തിന്‍െറ ബ്രാന്‍ഡ് അംബാസഡറാകാന്‍ എന്തുകൊണ്ടും യോഗ്യയാണ് ലക്ഷ്മിക്കുട്ടിയെന്ന് സമുദായ പ്രമുഖരും നാട്ടുകാരും പറയുന്നു. പൊതുസമൂഹവുമായി നല്ലരീതിയില്‍ സംവദിക്കാനുള്ള കഴിവ് പല മേഖലകളിലും ഇവര്‍ തെളിയിച്ചുകഴിഞ്ഞു. മക്കളില്‍ മൂത്തയാളായ ധരണീന്ദ്രന്‍ കാണിയുടെ മരണമാണ് ഇവരുടെ തീരാത്ത വേദന. സഹകരണ വകുപ്പില്‍ ഓഡിറ്ററായിരുന്ന ധരണീന്ദ്രന്‍ കാണി 2005ലാണ്  കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു സംഭവം.

രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ കാണി റെയില്‍വേയില്‍ ടി.ടി.ആര്‍ ആണ്. ഇളയ മകന്‍ ശിവപ്രസാദ് നാട്ടില്‍തന്നെയുണ്ട്. സംസ്കാര സാഹിതി നല്‍കിയ പ്രശസ്തിപത്രത്തില്‍ പറയുമ്പോലെ പഴയകാലത്തില്‍ നിന്ന് പുതിയ കാലത്തിലേക്കുള്ള ലോകജീവിത പരിണാമ പ്രവാഹത്തില്‍ സുഖിച്ചുനില്‍ക്കുന്ന തലമുറക്ക് ലക്ഷ്മിക്കുട്ടിയുടെ ജീവിതം ഒരു വഴികാട്ടല്‍ തന്നെ.        

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.