അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നും

മഴമേഘങ്ങള്‍ പെയ്തിറങ്ങിയ നനുത്ത പ്രഭാതത്തിലും ചൂടിന് കുറവുണ്ടായിരുന്നില്ല. മഴയും വെയിലും പരസ്പരം അലിഞ്ഞതുപോലെ. കോഴിക്കോട് ഗോവിന്ദപുരം റോഡിലെ വാടക കെട്ടിടവും ആ സമസ്യയിലായിരുന്നു. വാതില്‍ പതുക്കെ തുറന്നു. കാറ്റില്‍ നീലവിരിയിട്ട കര്‍ട്ടന്‍ ഇളകിയാടുന്നു. ജാലക നിഴലിലെ രൂപങ്ങള്‍ നോക്കി കിടക്കുകയായിരുന്നു അനില്‍ മാഷ്. ജീവിതയാത്രയില്‍ ക്ഷണിക്കാതെ രണ്ടാമതും എത്തിയ അതിഥിയെ മടക്കി അയച്ച് വിശ്രമാവസ്ഥയിലാണ്. രോഗം എന്ന ആ ഭീകരനെ സ്വീകരിച്ച് പുറംതള്ളിയപ്പോഴേക്കും ശരീരം തളര്‍ന്നു. ആ ക്ഷീണം കണ്ണുകളില്‍. രണ്ടാമത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി തുടര്‍ചികിത്സയിലാണ്. കൂടെ മാഷിന്‍െറ നിഴലായി  വൃക്കദാതാവായ ഭാര്യ ഗ്രേസി ടീച്ചറും...

 ‘ടീച്ചറില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ അങ്ങത്തെിയേനെ... ഓരോ പ്രതിസന്ധി വരുമ്പോഴും പരസ്പരം കൈകോര്‍ത്ത് മുന്നേറാന്‍ എന്നെ പ്രാപ്തനാക്കിയത് ആ മനസ്സായിരുന്നു... എന്തു കഥയില്ലായ്മയാണ് ജീവിതം എന്നു തോന്നി ത്തുടങ്ങിയപ്പോള്‍... കഥ തന്നെ ജീവിതം എന്ന സാന്ത്വനമേകി... ഒഴുക്കിനെതിരെ  ആഞ്ഞുതുഴയാന്‍ ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുകയായിരുന്നു ടീച്ചര്‍...’

 ഇതു പറയുമ്പോഴും മാഷിന്‍െറ കൈകള്‍ ഇടതുഭാഗം തഴുകുന്നുണ്ടായിരുന്നു. നാലു മാസങ്ങള്‍ക്കു മുമ്പ് വെച്ചുപിടിപ്പിച്ച സഹധര്‍മിണിയുടെ വൃക്ക എന്തോ മന്ത്രിച്ചതുപോലെ... മാഷ് ഒരു നിമിഷം മൗനിയായി. അവര്‍ അങ്ങനെയായിരുന്നു. പരസ്പരം തിരിച്ചറിഞ്ഞവര്‍. ബാല്യവും കൗമാരവും യൗവനവും അവര്‍ക്ക് ജീവിതം അത്ര സന്തോഷമേകിയിരുന്നില്ല. ഇപ്പോഴുള്ള യൗവനത്തിന്‍െറ അവസാന നാളുകളിലും  ദുരിതങ്ങള്‍  അവരെ വിടാതെ പിന്തുടരുന്നു. എങ്കിലും  പരസ്പരവിശ്വാസവും ഉറവപോലെ വറ്റാത്ത പ്രണയവും ഈ അധ്യാപക ദമ്പതികളെ കല്ലുംമുള്ളും നിറഞ്ഞ ജീവിതപാതകളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കി.

വയനാട്ടിലെ കാരാപ്പുഴ ചൂടിയാങ്ങല്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടെയും അന്നമ്മയുടെയും പത്തുമക്കളില്‍ ഏഴാമത്തവളായിരുന്നു സി.വി. ഗ്രേസി. കൃഷ്ണഗിരി കരിവേലില്‍ വീട്ടില്‍ പരേതരായ കെ.കെ. കുഞ്ഞന്‍െറയും കമലാക്ഷിയുടെയും ആറ് മക്കളില്‍ അഞ്ചാമനായാണ് കെ.കെ.അനിലിന്‍െറ ജനനം. പഠനകാലത്ത് അവര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. വിധിയുടെ യാദൃച്ഛികതയാവാം വ്യത്യസ്ത കാലയളവിലാണെങ്കിലും രണ്ടുപേരുടെയും ഹൈസ്കൂള്‍ പഠനം മീനങ്ങാടി ഗവണ്‍മെന്‍റ് സ്കൂളിലും പ്രീഡിഗ്രി മീനങ്ങാടി കുമാര്‍ പാരലല്‍ കോളജിലും ഡിഗ്രി സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജിലുമായി.

തുടര്‍ന്ന് ഗ്രേസി ബംഗളൂരുവില്‍ നിന്ന് ബി.എഡ് എടുത്ത് കല്‍പറ്റ ആര്‍ട്സ് കോളജില്‍ അധ്യാപികയായി ജോലിയില്‍  പ്രവേശിച്ചു. തുടര്‍ന്ന് കൗമാരകാലം ചെലവിട്ട കുമാര്‍  കോളജിലേക്ക് അധ്യാപികയായി വീണ്ടും. ബിരുദാനന്തരബിരുദം നേടി അനിലും അധ്യാപകനായി കുമാര്‍ കോളജിലേക്ക്. കുമാര്‍ കോളജിന്‍െറ സുവര്‍ണകാലഘട്ടത്തിലായിരുന്നു അവര്‍ കലാലയത്തില്‍ അധ്യാപകവേഷമാടാന്‍ എത്തിയിരുന്നത്.  

മികച്ച പഠനനിലവാരവും കുട്ടികളുടെ ബാഹുല്യവും മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്ന് കുമാര്‍ കോളജിനെ മികവുറ്റതാക്കി. ആ  കോളജില്‍ 15 വര്‍ഷത്തോളം അധ്യാപകരായി തുടര്‍ന്നു.  പഠിപ്പിക്കുന്നതിനോടൊപ്പം പഠിച്ചും അവര്‍ മുന്നേറി. മാഷ് രണ്ട് വിഷയങ്ങളില്‍ കൂടി ബിരുദാനന്തരബിരുദം നേടി. ടീച്ചറുടെ പേരിലും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് സ്വന്തമായി. കലാലയ ജീവിതത്തിനിടയില്‍ എപ്പോഴോ അവര്‍  പരസ്പരം തിരിച്ചറിഞ്ഞു. അങ്ങനെ  ക്രിസ്ത്യാനിയായ ടീച്ചറെ ഹൈന്ദവവിശ്വാസിയായ അനില്‍ മാഷ് പ്രണയിച്ചുതുടങ്ങി.  ഇവരുടെ തീരുമാനത്തില്‍  ഇരുവീട്ടുകാരും  ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് മഞ്ഞുരുകി. എല്ലാവരുടെയും അനുഗ്രഹത്തോടെ 2000ത്തില്‍ വിവാഹിതരായി.

പ്രീഡിഗ്രി നിര്‍ത്തലാക്കിയതും ഗ്രേഡിങ് സമ്പ്രദായത്തിലെ മികച്ച വിജയശതമാനവും മറ്റു പാരലല്‍ കോളജുകളെപോലെ തന്നെ കുമാറിനെയും തളര്‍ത്തി. സഹ അധ്യാപകരില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അപ്പോഴും ഭാഗ്യം ഇവര്‍ക്കുനേരെ മുഖംതിരിച്ചു. ടീച്ചറുടെ ബി.എഡ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാതിരുന്നതും മാഷിന് ബി.എഡ് ഇല്ലാത്തതും സര്‍ക്കാര്‍ ജോലിയെന്ന മോഹത്തിന് തിരിച്ചടിയായി. കോളജില്‍നിന്ന് കിട്ടുന്ന ശമ്പളത്തിന്‍െറ അളവ് കുറഞ്ഞു. അതോടെ ടീച്ചര്‍ മുട്ടില്‍ ഡബ്ള്യു.എം.ഒ ഇംഗ്ള്ളീഷ് അക്കാദമിയിലേക്ക് അധ്യാപികയായി ചുവടുമാറി. മാഷ് തന്‍െറ അധ്യാപകജീവിതം കോളജില്‍ തുടര്‍ന്നു. ഇതിനിടയില്‍ പ്രയാസങ്ങള്‍ക്കിടയിലും പ്രകാശം പരത്തി അവര്‍ക്ക് ഒരു പെണ്‍കുഞ്ഞും  പിറന്നു.

പലപ്പോഴും അസഹ്യമായ തലവേദന ആയിടെയാണ് മാഷെ പിന്തുടര്‍ന്നത്. ഇടക്കിടെ പനിയും ഛര്‍ദിയും. ഒരു വര്‍ഷത്തോളം ചികിത്സ തേടി. പല ഡോക്ടര്‍മാരെയും കണ്ടു. അപ്പോഴും രോഗമെന്തെന്ന് തിരിച്ചറിയാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ എം.ഇ.എസ് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെവെച്ചാണ് രോഗം എന്താണെന്ന് തിരിച്ചറിയുന്നത്. അപ്പോഴേക്കും ഇരു വൃക്കകളും ചുരുങ്ങിവരുന്ന രോഗത്തിന് അടിപ്പെട്ടിരുന്നു. അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.  

ഒരു വര്‍ഷത്തോളം ഡയാലിസിസും മറ്റു ചികിത്സയും പരിശോധനയുമായി ആശുപത്രിയുടെ വരാന്തകളില്‍ തന്നെയായി ജീവിതം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ക്ക് ലക്ഷങ്ങള്‍ ചെലവുവരുന്ന വൃക്ക മാറ്റിവെക്കല്‍ ചിന്തിക്കാനും കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു. പട്ടയമില്ലാത്ത ഭൂമിയില്‍ പണി പൂര്‍ത്തിയാകാത്ത ഒരു വീടു മാത്രമാണ് ആകെ ഉള്ളത്. പലപ്രാവശ്യം അപേക്ഷിച്ചിട്ടും പട്ടയം കിട്ടിയിട്ടുമില്ല. കുടുംബത്തിലെ ഏക വരുമാനം ടീച്ചറുടെ കുറഞ്ഞ ശമ്പളം മാത്രമായിരുന്നു. കുടുംബച്ചെലവും ചികിത്സാചെലവും ഇതില്‍നിന്ന് കണ്ടത്തെണം. അപ്പോഴും തളര്‍ന്ന് മൂലക്കിരുന്ന് ഉറക്കെ കരയാതെ ഭര്‍ത്താവിനുവേണ്ടി ടീച്ചര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. പലരുടെയും അടുക്കല്‍ സഹായവുമായി ടീച്ചര്‍ എത്തി. സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും ശിഷ്യരോടും  ഇരുളടഞ്ഞ ജീവിതം ടീച്ചര്‍ തുറന്നുകാട്ടി.

ഓരോ നിമിഷവും പാഴാക്കാതെ ഭര്‍ത്താവിന്‍െറ ചികിത്സക്ക് പണം തേടിയുള്ള അലച്ചിലായി.  നാട്ടുകാരുടെ സഹായത്തോടെ  2005ല്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് രക്ഷാധികാരിയായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചു.  സംഘടനകളും വ്യക്തികളും സഹായം നല്‍കി. കൂടാതെ വിവിധ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ സഹായം, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധി, കാരുണ്യ ചികിത്സാ  സഹായം. അങ്ങനെ എല്ലാവരുടെയും സഹകരണത്താല്‍ വൃക്ക മാറ്റിവെക്കാനുള്ള തുക കണ്ടത്തെി. പക്ഷേ, മൂത്ത സഹോദരന്‍ നല്‍കാമെന്നുപറഞ്ഞ വൃക്ക പല കാരണങ്ങളാല്‍ നല്‍കാന്‍ കഴിഞ്ഞില്ല.  

ഇരുള്‍ വീഴുമെന്ന് തോന്നിയ നിമിഷത്തിലാണ് മാഷിന്‍െറ മൂത്ത സഹോദരി രാജമ്മ വൃക്ക നല്‍കാന്‍ തയാറായത്. അങ്ങനെ മാഷിന്‍െറ  വലതുഭാഗത്ത് സഹോദരിയുടെ വൃക്ക സ്ഥാനംപിടിച്ചു. ശസ്ത്രക്രിയക്കുശേഷം ആറുമാസം ചികിത്സ. മൂന്ന് വര്‍ഷത്തോളം കര്‍ശന ഭക്ഷണനിയന്ത്രണം. മാസം 18,000 രൂപയോളം മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും മറ്റുമായി വേണ്ടിവന്നു. മറ്റുള്ളവരുടെ കനിവില്‍ കിട്ടിയതെല്ലാം പതുക്കെ തീര്‍ന്നിരുന്നു. സാമ്പത്തിക ഞെരുക്കം പലപ്പോഴും ജീവിതം  താളംതെറ്റിച്ചു തുടങ്ങി. പല സ്ഥലങ്ങളില്‍നിന്ന് ടീച്ചര്‍ കടം വാങ്ങാന്‍ തുടങ്ങി. കടം വാങ്ങിയവര്‍ തിരിച്ചുചോദിക്കുമ്പോള്‍ മറ്റു വല്ലവരോടും കടം വാങ്ങും. കടത്തില്‍ മുങ്ങി കുളിച്ചപ്പോഴും മാഷിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ടീച്ചര്‍ തയാറായില്ല.  ആരോഗ്യത്തില്‍ പുരോഗതി വന്നപ്പോള്‍ പ്രതിസന്ധികളെ മറികടന്ന് മാഷ്  ബി.എഡ് ചെയ്യാന്‍ തീരുമാനിച്ചു. അതിനിടയില്‍ സെറ്റ് പരീക്ഷയും പാസായി. 2007 മുതല്‍ പനങ്കണ്ടി ഗവ.സ്കൂളില്‍ ഗെസ്റ്റ് അധ്യാപകനായി തുടര്‍ജീവിതം തുടങ്ങി. സാമ്പത്തിക പ്രയാസങ്ങള്‍ വലച്ചിരുന്നെങ്കിലും ജീവിതം പതുക്കെ ശാന്തമായി ഒഴുകാന്‍ തുടങ്ങി.

കാലം അങ്ങനെയാണ്. ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ല. ഒരു   പുഴപോലെ അത് ഒഴുകിക്കൊണ്ടിരിക്കും. ആയിടെയാണ് മാഷിന് സഹോദരി സമ്മാനിച്ച വൃക്ക പണിമുടക്കാന്‍  തുടങ്ങിയത്. ആ സമ്മാനത്തിന്‍െറ കാലാവധി എട്ടുവര്‍ഷമായിരുന്നു. അതോടെ ശരീരം നീരുവെക്കാന്‍ തുടങ്ങി. ചികിത്സതേടി 2014 മാര്‍ച്ച് മാസത്തില്‍ മേപ്പാടി വിംസ് ആശുപത്രിയിലേക്ക്. വീണ്ടും ഡയാലിസിസ്.  വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്പോഴേക്കും മാഷിന്‍െറ വൃക്കയുടെ പ്രവര്‍ത്തനം നിലച്ചുതുടങ്ങിയിരുന്നു. ആറുമാസത്തോളം ഡയാലിസിസ് ചെയ്തു. ആഴ്ചയില്‍ 5000 രൂപ ചെലവ്. തുടര്‍ചികിത്സക്കായി ഇനിയും ആര്‍ക്കുനേരെ കൈനീട്ടണമെന്ന് അറിയാത്ത അവസ്ഥ. മുമ്പുതന്നെ എല്ലാവരുടെയും സഹായത്താലാണ് ചികിത്സ നടത്തിയിരുന്നത്. അന്നത്തെ കടബാധ്യതകള്‍ തന്നെ തീര്‍ന്നിട്ടില്ല. എന്നിട്ടും  ഒഴുക്കിനെതിരെ നീന്താന്‍ ടീച്ചര്‍ പരിശ്രമിച്ചു.

മുങ്ങിത്താഴാന്‍ തുടങ്ങുമ്പോള്‍ എവിടെ നിന്നെങ്കിലും കരുണയുടെ കരങ്ങള്‍ തങ്ങള്‍ക്ക് നേരെ വീണ്ടും എത്തുമെന്ന ശുഭാപ്തിവിശ്വാസം മുന്നോട്ടുനീങ്ങാന്‍ പ്രേരണയേകി. വിധിയെ പഴിച്ച് നെഞ്ചത്തടിച്ച് കരയാതെ ഭര്‍ത്താവിന്‍െറ ജീവനുവേണ്ടി  ആരുടെ വാതിലും മുട്ടാന്‍ ടീച്ചര്‍ തയാറായി. വീണ്ടും നാട്ടുകാരും പഞ്ചായത്തും ഇടപെട്ട് ചികിത്സാസഹായ സമിതി രൂപവത്കരിച്ചു.

ടീച്ചര്‍ പഠിപ്പിച്ചിരുന്ന മുട്ടില്‍ ഡബ്ള്യു.എം.ഒ ഇംഗ്ളീഷ് അക്കാദമിയിലെ സഹപ്രവര്‍ത്തകര്‍, ഇരുവരും പഠിപ്പിച്ച വിദ്യാര്‍ഥികള്‍, പനങ്കണ്ടി ഗവ. സ്കൂളിലുള്ളവര്‍, ജില്ലയിലെ വിവിധ സ്കൂളുകള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍, ട്രസ്റ്റ് എന്നിവര്‍ വീണ്ടും ഇവര്‍ക്കായി കാരുണ്യത്തിന്‍െറ ഹസ്തം നീട്ടി. ഭര്‍ത്താവിന്‍െറ ചികിത്സക്കായി ഓടിത്തളര്‍ന്ന ടീച്ചര്‍ തന്‍െറ വൃക്ക നല്‍കാനും തയാറായി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ശസ്ത്രക്രിയക്ക് കാലതാമസം വരുമെന്നതുകൊണ്ട് മിംസ് ആശുപത്രിയിലേക്ക് മാറി. അങ്ങനെ സെപ്റ്റംബര്‍ 15ന് രണ്ടാമതും മാഷിന്‍െറ ഇടതുഭാഗം കീറി ടീച്ചറുടെ വൃക്ക വെച്ചുപിടിപ്പിച്ചു. ആറുലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പറഞ്ഞതെങ്കിലും ഇപ്പോള്‍തന്നെ 13 ലക്ഷം രൂപയോളം ചെലവായി. തുടര്‍ചികിത്സയുടെ ഭാഗമായി നാലുമാസമായി ആശുപത്രിക്ക് സമീപം തന്നെയുള്ള ഗോവിന്ദപുരം റോഡില്‍ വാടകക്ക് താമസിക്കുകയാണ്. ഇവരുടെ ഏകമകള്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിനി കാര്‍ത്തിക വയനാട്ടില്‍ ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്നു. രണ്ടുപേര്‍ക്കും ഇനിയും വിശ്രമം ആവശ്യമാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന തങ്ങളുടെ തുടര്‍ജീവിതത്തില്‍ ആരുടെയെങ്കിലും കരുണയുടെ  കൈനീളുമെന്ന പ്രതീക്ഷ ഇവരില്‍ ബാക്കിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.