പ്രകൃതിദൃശ്യങ്ങള്‍ക്ക് നിറമണിയിച്ച് സാനിയ

സഞ്ചരിക്കുന്ന വഴികളിലോ സ്കൂള്‍ മുറ്റത്തോ നാട്ടിന്‍പുറത്തോ നിറം പകരാനാവുന്ന ദൃശ്യങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, വികസനത്തിന്‍െറ പേരില്‍ ബഹുനില കെട്ടിടങ്ങളും ആര്‍ഭാടം വിളിച്ചോതി മണിമാളികകളും ഉയരുമ്പോള്‍ നഷ്ടപ്പെടുന്ന പ്രകൃതിയെ തിരിച്ചു പിടിക്കാന്‍, ചിത്രങ്ങളുടെ രൂപത്തില്‍ അവയുടെ മൂല്യം മനസ്സിലാക്കാന്‍ ഒരു കൊച്ചു ചിത്രകാരി ശ്രമിക്കുകയാണ്.

98 ശതമാനം മാര്‍ക്ക് നേടിയാണ് തലശ്ശേരി ചിറക്കര മോറക്കുന്നിലെ ‘സഫ’യില്‍ സാനിയ മുഹമ്മദ് സി.ബി.എസ്.ഇ 10ാംതരം  പാസായതെങ്കില്‍ വരയുടെ ലോകത്ത് 100 ശതമാനം നേട്ടം കൊയ്താണ് ഈ മിടുക്കിയുടെ യാത്ര. നാലു വയസ്സു മുതല്‍ വരയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയ സാനിയ തലശ്ശേരി സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നാണ് നാലാം ക്ളാസ് വരെ ചിത്രകല അഭ്യസിച്ചത്.

പിന്നീടിങ്ങോട്ട് സന്തോഷ് ചിറക്കരയുടെ ശിഷ്യത്വത്തിലാണ് പഠനം. പ്രകൃതിയും അനുബന്ധ ദൃശ്യങ്ങളുമാണ് സാനിയയുടെ വിരലുകളിലൂടെ കാന്‍വാസുകളില്‍ ജലച്ചായവും എണ്ണച്ചായവും അണിയുന്നത്. മനസ്സില്‍ തോന്നിയതും കണ്ടുപരിചയിച്ച സ്ഥലങ്ങളും ചിത്രങ്ങളായി ജനിക്കുകയായിരുന്നു. മനുഷ്യരെയും മറ്റു ജീവികളെയും മത്സര ചിത്രങ്ങള്‍ക്കായാണ് വരക്കുക.

ചിത്രകലയില്‍ സാനിയക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ സി.സി.ആര്‍.ടി സ്കോളര്‍ഷിപ് ലഭിച്ചുവരുന്നു. നേരത്തെ വന്യജീവി വകുപ്പ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം, ഈ വര്‍ഷം നടന്ന സഹോദയ കലോത്സവത്തില്‍ രണ്ടാംസ്ഥാനം, ഹിന്ദു യങ് വേള്‍ഡ് ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം, ഊര്‍ജ സംരക്ഷണം വിഷയമാക്കി സംസ്ഥാന തലത്തില്‍ നടന്ന മത്സരത്തില്‍ നാലാം സ്ഥാനം എന്നിങ്ങനെ 300ലധികം ട്രോഫികളാണ് സാനിയ  ‘സഫ’യിലത്തെിച്ചത്.

എറണാകുളത്ത് ബിസിനസ് നടത്തുന്ന പി.പി. മുഹമ്മദ്-സി.എം. സാജിദ ദമ്പതിമാരുടെ നാലുമക്കളില്‍ ഇളയവളാണ് സാനിയ. തലശ്ശേരി മുബാറക് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍. പെയിന്‍റിങ് എക്സിബിഷന്‍ നടത്തണമെന്ന ആഗ്രഹമുള്ള സാനിയ തലശ്ശേരിയില്‍ ആരംഭിച്ച് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും തന്‍െറ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹവും പങ്കുവെക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.