ചുമരില്‍ ഒന്നിച്ചൊരു വര

ആഭരണ നിര്‍മാണത്തിലും ഗ്ളാസ് പെയിന്‍റിങ്ങിനുമൊക്കെ സ്ത്രീകള്‍ ഒരു ഗ്രൂപ്പായി വരാറുണ്ട്. എന്നാല്‍, ചിത്രകലയിലേക്ക് അപൂര്‍വമാണ്. അതും ചുമര്‍ചിത്രകലയെന്ന അത്ര പോപുലറല്ലാത്ത ചിത്രലോകത്തേക്ക്. ചിത്രകല പലര്‍ക്കും ഒരു സ്വകാര്യ ഏര്‍പ്പാടാണ്. എന്നാല്‍,  ഇവിടെയിതാ ഒരു പറ്റം സ്ത്രീകള്‍ ചുമര്‍ച്ചിത്രകല പഠിച്ച് കൂട്ടായി പ്രദര്‍ശനം നടത്തുന്നു. ക്ഷേത്രച്ചുമരുകളിലും കൊട്ടാരച്ചുമരുകളിലുമാണ് ഇലച്ചാറുകളും പ്രകൃതിദത്ത നിറങ്ങളും കൊണ്ട് അനുഷ്ഠാനം പോലെ വരച്ചിരുന്ന ചുമര്‍ ചത്രങ്ങള്‍ കാണുന്നത്. പുരാണസംബന്ധിയായ കഥാസന്ദര്‍ഭങ്ങളും അവതാര രൂപങ്ങളുമൊക്കെയാണ് വരച്ചിരുന്നത്. ഭക്തിയുടെ ചുവരില്‍നിന്ന് ഇത് കാന്‍വാസിലേക്ക് പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല.

കോഴിക്കോട്ട് 20 സ്ത്രീകള്‍ ഒന്നിച്ചാണ് ഗുരു സതീഷ് തായാട്ടില്‍ നിന്ന് ചിത്രകല അഭ്യസിച്ചത്. നാലുവര്‍ഷത്തെ പഠനം. ചിത്രകലയില്‍ കാര്യമായ പരിജ്ഞാനമില്ലാത്തവരായിരുന്നു ഇവരെല്ലാം. കലാക്ഷേത്രയിലെ പഠനം ഒന്നു മാത്രമാണ് അവരെ പാകപ്പെടുത്തിയത്. 29 മുതല്‍ 65 വയസ്സുവരെയുള്ള  പഠിതാക്കളില്‍ ഡോക്ടര്‍മാരും ഐ.ടി മേഖലയിലുള്ളവരും ഉണ്ട്. ഒന്നിച്ചുള്ള ചിത്ര പ്രദര്‍ശനത്തിനായി ഓരോരുത്തരും ഓരോ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തു. പിന്നീടത് പേപ്പറില്‍ വരച്ചു. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ അതിനൊരു പ്രമേയം കണ്ടത്തെി; പുരാണത്തിലെ 20 ശക്തരായ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിത മുഹൂര്‍ത്തങ്ങളാണ് തെരഞ്ഞെടുത്തത്. അതിന് ജ്വാലാമുഖികള്‍ എന്ന് പേരുമിട്ടു. പഠിക്കുന്ന കാലംതൊട്ടേ ഇവരുടെ സ്വപ്നമായിരുന്നു വലിയ കാന്‍വാസില്‍ വ്യത്യസ്തമായ ഒരു തീം അവതരിപ്പിക്കുക എന്നത്. ഗുരുവിനും വിദ്യാലയത്തിനുമുള്ള ദക്ഷിണയായി അവരതിനെ കണ്ടു. ജ്വാലാമുഖികളുടെ പിറവിയെ കുറിച്ച് അമരക്കാരിയായ ഗീത വിശ്വംഭരന് ചിലതു പറയാനുണ്ട്.  

‘പുരാണേതിഹാസങ്ങളില്‍ ജ്വാലാമുഖികളായി പ്രശോഭിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. സഹനത്തിന്‍െറയും ഭക്തിയുടെയും സ്നേഹത്തിന്‍െറയും പ്രതീകങ്ങള്‍ കൂടിയാണ് അവര്‍. ആ കഥാപാത്രങ്ങളെ ഞങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിവിടെ. പുരാണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ചുവര്‍ചിത്രങ്ങള്‍ കൂടുതലും. കൃഷ്ണനും രാധയും ഗണപതിയുമൊക്കെയാണ് അധികവും. എന്നാല്‍, ആരും ഇതുവരെ തെരഞ്ഞെടുക്കാത്ത ഒരു വിഷയമാണ് ഞങ്ങളുടേത്’. ‘പുരാണങ്ങള്‍ കൃത്യമായി പഠിച്ച് ഈ കഥാപാത്രങ്ങളുടെ ജീവിതത്തിലെ പ്രധാന സന്ദര്‍ഭം ഏതെന്നു മനസ്സിലാക്കി. പിന്നീടത് ഞങ്ങളുടെ രീതിയില്‍ കാന്‍വാസില്‍ വരച്ചു’. അശോകവനത്തില്‍ സീതയെ സന്ദര്‍ശിക്കുന്ന ഹനുമാന്‍, ശ്രീകൃഷ്ണന് ജന്മം നല്‍കിയ ദേവകിക്ക് ദര്‍ശനം നല്‍കുന്ന മഹാവിഷ്ണു, യശോദക്ക് 14  ലോകവും കാട്ടിക്കൊടുക്കുന്ന ശ്രീകൃഷ്ണന്‍, രാമനാല്‍ കൊല്ലപ്പെട്ട ബാലിക്ക് നല്ലതുപദേശിച്ച ഭാര്യ താര, അഹല്യാമോക്ഷം, വിശ്വാമിത്രനും മേനകയും, സുഭദ്രാഹരണം, സീതാസ്വയംവരം, ശ്രീകൃഷ്ണന്‍െറ സ്നേഹത്തിനായി മത്സരിക്കുന്ന സത്യഭാമയും രുക്മിണിയും, കര്‍ണനെ നദിയിലൊഴുക്കുന്ന കുന്തി, കൗരവസഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന പാഞ്ചാലി, ഹംസദൂതയക്കുന്ന ദമയന്തി തുടങ്ങിയ പുരാണത്തിലെ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയുമാണ് ചിത്രരചനക്ക് തെരഞ്ഞെടുത്തത്.

വര്‍ഷങ്ങളുടെ കഠിനപ്രയത്നവും ഉപാസനയും വായനയും സമന്വയിപ്പിച്ച ചാരുതയാര്‍ന്ന സൃഷ്ടികളായിരുന്നു അവ. അരുന്ധതി, ഗീത വിശ്വംഭരന്‍, ഗീത പ്രേമരാജന്‍, ഗീത വാസുദേവന്‍, ഇന്ദു രാമചന്ദ്രന്‍, ഇന്ദിര, ജനിത, ജയന്തി, ജിഷ, ലത, ലീന, മേഘ, പ്രേമലത, പ്രിയ, റാണി, ഷീന, ഡോ. സുജാത, സുമന ശ്രീനിവാസന്‍, സുമതി ബാലകൃഷ്ണന്‍, ഉഷാ ചന്ദ്രശേഖര്‍ എന്നിവരായിരുന്നു കലാകാരികള്‍.
രാജസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചുവര്‍ചിത്രങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ചുവര്‍ചിത്രങ്ങളില്‍ കൂടുതലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള സന്ദര്‍ഭങ്ങളാണ് ചിത്രീകരിക്കുന്നത്. ധ്യാനശ്ളോകങ്ങളെ ആധാരമാക്കി ഭാവനയിലുള്ള രൂപം വരക്കുന്നതാണ് ചുവര്‍ചിത്ര ശൈലി. മരങ്ങളും, പൂക്കളും വള്ളികളും, ചുവര്‍ചിത്രങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത അലങ്കാരങ്ങളാണ്.

ചിത്രീകരണം പോലെതന്നെ പ്രധാനമാണ് പ്രതലം തയാറാക്കുന്നതും ചായങ്ങള്‍ നിര്‍മിക്കുന്നതും. സ്കെച്ചിങ്ങും ഏറെ പ്രധാനമാണ്. വെള്ളനിറം വേണ്ടിടത്ത് മഞ്ഞനിറം ഉപയോഗിച്ച് വളരെ നേര്‍ത്ത വരകളിടുന്നു. കൃത്യമായി ചെയ്യേണ്ടതാണിത്. പിന്നീട് ഇത് മാറ്റാന്‍ സാധിക്കില്ല. ചിത്രങ്ങള്‍ വരക്കാനുപയോഗിക്കുന്ന ബ്രഷുകളും പ്രകൃതിദത്തവസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയാണ്.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.