ചുടുകണ്ണീരാലെന്‍ ജീവിതകഥ

1964 ഡിസംബര്‍ 31.
അന്നത്തെ മധ്യാഹ്നം രമണി എന്ന 15കാരിക്ക് അക്ഷമ നിറഞ്ഞതായിരുന്നു. എറണാകുളം പള്ളിമുക്ക് വാരിയം റോഡിലെ കൊച്ചു വാടകവീട്ടിലിരുന്ന് കൊച്ചി കായലിനരികിലൂടെയുള്ള സായാഹ്ന സവാരിക്കു വേണ്ടിയവള്‍ വീര്‍പ്പുമുട്ടി. കപ്പല്‍ ചാനലിലൂടെ വന്ന് കായലില്‍ നിരനിരയായി നങ്കൂരമിട്ട  കപ്പലുകളില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഉയരുന്ന സംഗീതത്തെ കുറിച്ചോര്‍ത്തായിരുന്നു അക്ഷമ. പുതുവര്‍ഷത്തിന് സ്വാഗതമോതാന്‍ വിദേശ കപ്പലുകളില്‍ നിന്നുയരുന്ന ബ്യൂഗ്ള്‍ നാദം കേള്‍ക്കാന്‍ വേണ്ടി അര്‍ധരാത്രിവരെ ഉറങ്ങാതെ കാത്തിരിക്കാന്‍ അവളും അവളുടെ ചേച്ചിയും ദിവസമെണ്ണിക്കഴിയുകയായിരുന്നു. കപ്പലുകളിലെല്ലാം വിവിധ രാഷ്ട്രങ്ങളുടെ പതാകകള്‍ പാറിപ്പറക്കുന്നത് കാണാനായിരുന്നു പകല്‍സമയം അവളുടെ മനസ്സ് വെമ്പിയത്. പോക്കുവെയിലേറ്റ് തിളങ്ങുന്ന കപ്പലുകളും പാറിക്കളിക്കുന്ന പതാകകളും രാത്രി കൃത്യം 12.30ന് ആ കപ്പലുകളില്‍നിന്നുയരുന്ന ബ്യൂഗ്ള്‍ സംഗീതവും ആ കൗമാരക്കാരിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്.

2014 ഡിസംബര്‍ 31
അന്നത്തെ സായാഹ്നത്തിന്‍െറ പ്രത്യേകത രമണി എന്ന 66 കാരി അറിഞ്ഞില്ല. ഡിസംബറിലെ ആ തണുത്ത സന്ധ്യയില്‍ കോഴിക്കോട് വെള്ളിമാട്കുന്നിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിന്‍െറ ചുറ്റുമതിലിനുള്ളിലേക്കാവട്ടെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ഒന്നുംതന്നെ കടന്നത്തെിയതുമില്ല. പതിവുപോലെ വൈകുന്നേരത്തെ കാപ്പിയും സന്ധ്യയോടെയുള്ള രാത്രി ഭക്ഷണവും കഴിഞ്ഞ് ആ വയോധിക നാമംജപിച്ച്  കിടക്കയിലേക്കു ചാഞ്ഞു. പിറ്റേന്ന് രാവിലെ വാതില്‍ തുറന്നത്തെിയ വൃദ്ധസദനത്തിലെ ജീവനക്കാരി സഫിയ ‘എല്ലാ അമ്മമാര്‍ക്കും പുതുവത്സരാശംസകള്‍’ എന്നു പറഞ്ഞപ്പോള്‍ മാത്രമാണ് രമണിടീച്ചര്‍ക്ക് അതൊരു പുതുവര്‍ഷപ്പുലരിയാണല്ളോ എന്നോര്‍മവന്നത്. വൃദ്ധസദനത്തിലെ നിശ്ചിത നിയമങ്ങള്‍ക്കനുസരിച്ച് യാന്ത്രികമായി ചലിക്കുകയാണ് ഇന്ന് രമണിട്ടീച്ചറുടെ ജീവിതം.

രമണീയമല്ലാത്ത ജീവിതം
എറണാകുളത്ത് ഹിന്ദുസ്ഥാന്‍ ലീവര്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്‍റായിരുന്ന വി. ദാമോദരന്‍ പിള്ളയുടെയും ദേവകിയമ്മയുടെയും ഏഴുമക്കളില്‍ രണ്ടാമത്തവളായ രമണി വലിയ സമ്പത്തൊന്നുമില്ളെങ്കിലും സംസ്കാരസമ്പന്നമായ ഒരു ചുറ്റുപാടിലാണ് വളര്‍ന്നത്. സ്കൂള്‍ ജീവിതത്തിനുശേഷം ഫിലോസഫി മെയിനായും സൈക്കോളജി ഉപവിഷയമായും ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. എം.കെ. സാനു, ഡോ. എം. ലീലാവതി, പ്രഫ. ഗുപ്തന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങി സാഹിത്യലോകത്തെ പ്രഗല്ഭരുടെ ശിഷ്യയായി എറണാകുളം മഹാരാജാസ് കോളജിലായിരുന്നു പഠനം. ഡിഗ്രി ഒന്നാം വര്‍ഷത്തില്‍ മുത്തച്ഛന്‍െറ മരുമകന്‍െറ മകനുമായി മോതിരം മാറല്‍. പഠനശേഷം സൗത് ഇന്ത്യന്‍ ബാങ്കില്‍ ജോലി. പിന്നീട് അതുപേക്ഷിച്ച് ഒരു സ്കൂളില്‍ 20 വര്‍ഷം അധ്യാപിക. അതില്‍ അവസാന എട്ടു വര്‍ഷം പ്രിന്‍സിപ്പല്‍. ഒടുവില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ അഭയം.

അഗതിയായ രമണി

കൗമാരം തൊട്ട് വാര്‍ധക്യം വരെയുള്ള അര നൂറ്റാണ്ടിനിടെ ഭാവനയില്‍ പോലും കാണാന്‍ കഴിയാത്തവിധം യാദൃച്ഛികതകള്‍ നിറഞ്ഞതായിരുന്നു രമണിയുടെ ജീവിതം. ഈ ജീവിതത്തിലെ ദുരിതങ്ങളുടെ നാള്‍വഴിയറിഞ്ഞ ഗുരുനാഥന്‍കൂടിയായ സാനു മാസ്റ്റര്‍ ഒരിക്കല്‍ അവര്‍ക്കെഴുതി:
‘രമണിയുടെ ജീവിതാനുഭവങ്ങളില്‍ വിധിയുടെ ദയാശൂന്യതയാണ് ഞാന്‍ കാണുന്നത്. കഴിവും നന്മയുമുള്ള ഒരു വ്യക്തിയാണ് രമണി എന്ന് ഞാന്‍ അറിയുന്നു. ലോകത്തിന് പലതും സംഭാവന ചെയ്യാന്‍ രമണിക്ക് കഴിയുമായിരുന്നു. അതിനിടയില്‍ ഇപ്രകാരമുള്ള അവസ്ഥ കാരണം രമണിക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ലോകത്തിനുതന്നെ നഷ്ടമുണ്ടായി എന്നതില്‍ സംശയമില്ല. രമണിയെ ചൂഴ്ന്നുനില്‍ക്കുന്ന ശോകം എന്‍െറ ഹൃദയത്തെ സ്പര്‍ശിക്കുന്നു.’
രമണിയുടെ കത്തിന്  മറുപടിയായി സാനു മാസ്റ്റര്‍  മറ്റൊരിക്കല്‍ എഴുതി:
‘രമണിയുടെ കത്ത് എന്‍െറ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ഏറ്റവുമധികം സ്പര്‍ശിച്ചത് രമണിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. ‘അഗതിയായ രമണി.എന്‍’ എന്നു വായിച്ചപ്പോള്‍ ഞാന്‍ നിശ്ശബ്ദമായി തേങ്ങി...’
അതെ, ഹൃദയമുള്ളവരാരും തേങ്ങി പ്പോകുന്നത്ര ക്രൂരമായാണ് വിധി അവരെ ജീവിതത്തിന്‍െറ സുഖസൗകര്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയത്.
മൂത്ത ചേച്ചി അവരുടെ സഹപ്രവര്‍ത്തകനായിരുന്ന ഒരു ക്രിസ്ത്യന്‍ യുവാവിനോടൊപ്പം ഒളിച്ചോടിയതോടെയാണ് രമണിയുടെ ജീവിതം ദുരിതങ്ങളുടെ നിലയില്ലാകയങ്ങളില്‍ ചെന്നു വീണത്. യാഥാസ്ഥിതികത്വത്തിന്‍െറ മുള്ളുവേലികള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്‍െറ താളം അതോടെ തെറ്റിത്തുടങ്ങി. ബന്ധുക്കള്‍ ആ സംഭവത്തോട് പ്രതികരിച്ചത് വളരെ തീക്ഷ്ണതയോടെയായിരുന്നു. മോതിരം മാറല്‍ കഴിഞ്ഞിട്ടുപോലും മുത്തച്ഛന്‍െറ ബന്ധുക്കള്‍ രമണിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി. നിര്‍ഭാഗ്യങ്ങള്‍ നോട്ടമിട്ടുവെച്ച ഒരു സ്ത്രീ ജീവിതത്തില്‍  ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയനുഭവിക്കല്‍ അവിടെനിന്നു തുടങ്ങി. നിശ്ചയിച്ച വിവാഹം മുടങ്ങിയതും ആ കുടുംബത്തിന് അപമാനമായി.

തൊട്ടടുത്തുള്ള ക്ഷേത്രക്കമ്മിറ്റിയിലെയും എന്‍.എസ്.എസ് കരയോഗത്തിലെയും ഭാരവാഹിയായിരുന്ന പിതാവിന് ആ സ്ഥാനങ്ങള്‍ നഷ്ടമായി. അദ്ദേഹം സമുദായത്തിലും കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടു. പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി ആ കുടുംബം. യാഥാസ്ഥിതിക സമൂഹം രഹസ്യമായും പരസ്യമായും കുടുംബത്തിന്‍െറ അന്തസ്സിനെ ചോദ്യം ചെയ്തു. അങ്ങനെ അപമാനങ്ങളുടെ ഉമിത്തീയില്‍ ആ കുടുംബം നീറിക്കഴിയവേയാണ് രമണിക്ക് സൗത് ഇന്ത്യന്‍ ബങ്കില്‍ ജോലി ലഭിച്ചത്.

ഏകാന്ത പഥിക
മനസ്സില്‍ ഏറെക്കാലം താലോലിച്ചു വളര്‍ത്തിയ വിവാഹമെന്ന സ്വപ്നം പറിച്ചെറിഞ്ഞ് അവര്‍ എറണാകുളം മറൈന്‍ഡ്രൈവിനടുത്ത ബാങ്കില്‍ ജോലിക്കു ചേര്‍ന്നു. 10 മാസത്തിലധികം അവിടെ തുടരാനായില്ല. യാഥാസ്ഥിതികത്വം തന്നെയായിരുന്നു ഇത്തവണത്തെയും വില്ലന്‍. ബാങ്കില്‍ ആകെയുണ്ടായിരുന്ന 27 ജീവനക്കാരില്‍ 26 പേരും പുരുഷന്മാരായിരുന്നു. എല്ലാവരും ക്രിസ്ത്യന്‍ യുവാക്കള്‍! മൂത്തമകളുടെ ഒളിച്ചോട്ടം സൃഷ്ടിച്ച ആഘാതത്തിനിടെ ബാങ്കിലെ ഇത്തരമൊരന്തരീക്ഷം രമണിയുടെ പിതാവിന് ഉള്‍ക്കൊള്ളാനായില്ല. പിന്നെ അച്ഛന്‍െറ ആഗ്രഹ പ്രകാരം രാജി. തുടര്‍ന്ന് പിതാവിന്‍െറ ഒരു പരിചയക്കാരി വഴി അധ്യാപികയായി ജോലി. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത് നന്തിയിലെ സത്യസായി ബാബയുടെ റെസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു തുടര്‍ന്നുള്ള കര്‍മകാണ്ഡം.  ബാങ്കില്‍നിന്ന് 2000 രൂപ ശമ്പളം ലഭിച്ച സ്ഥാനത്ത് 150 രൂപയായിരുന്നു അവിടത്തെ ശമ്പളം. വിധിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കുമുന്നില്‍ മനസ്സ് മരവിച്ച രമണി പക്ഷേ, തളര്‍ന്നില്ല. കുട്ടികളുടെ ലോകത്ത് അലിഞ്ഞുചേര്‍ന്നു അവരുടെ ജീവിതം. അതിനിടെ പിതാവിന്‍െറ മരണം. തുടര്‍ന്ന് തൊട്ടു താഴെയുള്ള സഹോദരിയും തെരഞ്ഞെടുത്തത് ഒരു ക്രിസ്ത്യന്‍ യുവാവിനോടൊപ്പമുള്ള ജീവിതം. ഇതിനിടെ, വിവാഹ സ്വപ്നങ്ങളെല്ലാം മറന്ന് ആ സ്കൂളില്‍ 1996 വരെ അധ്യാപികയായും 2004 വരെ പ്രിന്‍സിപ്പലായും അവര്‍ വിദ്യാര്‍ഥികളുടെ ലോകത്ത് മുഴുകി.

വിധിയുടെ വേട്ടയാടല്‍ വീണ്ടും
വിരമിച്ചശേഷം വീട്ടിലേക്കു മടങ്ങിയ രമണിയെ വിധി അര്‍ബുദത്തിന്‍െറ രൂപത്തില്‍ വേട്ടയാടി. നട്ടെല്ലില്‍ ട്യൂമര്‍ വന്നതോടെ  മനസ്സിന്‍െറ വേദനകള്‍ ശരീരത്തിലേക്കു കൂടി പടര്‍ന്നു. എറണാകുളം അമൃത ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് നട്ടെല്ലിന്‍െറ കീഴ്ഭാഗം നീക്കംചെയ്തു. അതോടെ രണ്ടു കാലുകള്‍ക്കും ചലനശേഷി നഷ്ടമായി. സഹിക്കാനാവാത്ത വേദനയും നിരാലംബവും  ഇരുള്‍മൂടി. ഒരു പരീക്ഷണമെന്ന നിലക്ക്  കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ദീര്‍ഘകാലത്തെ കിടത്തിച്ചികിത്സ. രണ്ടു വര്‍ഷം ഒരു ഹോം നഴ്സിന്‍െറ സഹായത്തോടെയായിരുന്നു ചികിത്സ. ഒടുവില്‍ എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞപ്പോഴേക്കും ജീവിതത്തിലെ സമ്പാദ്യങ്ങളും പൈതൃകമായി ലഭിച്ച സ്വത്തുക്കളും മരുന്നുകളുടെയും ചികിത്സയുടെയും രൂപത്തില്‍ എങ്ങോ പോയ്മറഞ്ഞു. ഒരു രോഗിയെ മുഴുവന്‍ സമയവും ശുശ്രൂഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അടുത്ത ബന്ധുക്കള്‍. ഇതിനിടെ ആണ്‍തുണ എന്നു കരുതാവുന്ന ഏറ്റവും ഇളയ അനിയന്‍ ഇന്‍റര്‍നെറ്റ് വഴി പരിചയപ്പെട്ട ഒരു വിദേശ യുവതിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്കു പറന്നിരുന്നു. അഭിമാനം പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ മകളാവട്ടെ ആരെയും ബുദ്ധിമുട്ടിക്കാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ അഭയംതേടുകയും ചെയ്തു. അഗതിയായ രമണി എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ ആരോടും പരിഭവമില്ലാതെ നിശ്ശബ്ദയായി ഈ വൃദ്ധസദനത്തില്‍ കഴിയുകയാണ്.

അക്ഷരങ്ങളിലേക്കാ ജീവിതം
വാര്‍ധക്യവും രോഗവും വേദനയും ഒറ്റപ്പെടലും ദുരിതം വിതക്കുമ്പോഴും ജീവിതത്തിലുടനീളം വായനയുടെ ലോകത്തില്‍ കഴിഞ്ഞ രമണി ടീച്ചര്‍ ഇപ്പോള്‍ സ്വന്തം ജീവിതകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ലാളിത്യവും അനുഭവങ്ങളുടെ തിളക്കവുംകൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ഭാഷയില്‍. വൃദ്ധസദനത്തിന്‍െറ ആള്‍ക്കൂട്ടത്തിനിടയില്‍ തനിയെ ഇരുന്ന് അവരെഴുതിയ ജീവിതകഥയിലെ മനോഹരമായ ഒരേട് വായനക്കാര്‍ക്ക് വായിക്കാം.

രമണി ടീച്ചറുടെ ആത്മകഥയില്‍ നിന്ന്

മഹാരാജാസിലെ പ്രണയകാലം

1966 ജൂലൈയിലെ ഒരു വെള്ളിയാഴ്ച. കേള്‍വികേട്ട എറണാകുളം മഹാരാജാസ് കോളജിന്‍െറ കിഴക്കേ വാതില്‍ മലര്‍ക്കേ തുറന്നുകിടന്നിരുന്നു. തലേന്നാളത്തെ കാറ്റിലും മഴയിലും ആടിയുതിര്‍ന്നുവീണ ബോഗണ്‍വില്ലാ പൂക്കളെ ഞെരിഞ്ഞമര്‍ന്നു കൊണ്ട് കടന്നുപോയ ഇരുചക്ര വാഹനങ്ങളുടെയും നാല്‍ചക്ര വാഹനങ്ങളുടെയും നീണ്ടനിര കലാലയത്തിനുള്ളിലെ വെയ്റ്റിങ് ഷെഡും കഴിഞ്ഞ് പുറത്തേക്ക് നീണ്ടിരുന്നു. സമയം ഏകദേശം ഒരുമണി കഴിഞ്ഞുകാണും. എല്ലാവരും ഉച്ചഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്. പെണ്‍കുട്ടികളുടെ വെയ്റ്റിങ് റൂമില്‍ നല്ല തിരക്ക്. ഇതൊന്നും ബാധിക്കാതെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിലെ പിരിയന്‍ ഗോവണിക്കടുത്ത് രണ്ടു കമിതാക്കള്‍. വ്യത്യസ്ത മതവിഭാഗക്കാരായ ഇവര്‍ പരിസരം മറന്ന് സല്ലാപത്തിലേര്‍പ്പെട്ടിരിക്കുന്നു. ഹിന്ദുമതക്കാരനായ അയാള്‍ സമീപത്തെ ലോ കോളജിലെ വിദ്യാര്‍ഥിയാണ്. ക്രിസ്തീയ സമുദായത്തിലെ അവളോ മഹാരാജാസ് കോളജിലെ ശാസ്ത്ര വിദ്യാര്‍ഥിനിയും. അയാളുടെ വീതികൂടിയ നെറ്റിയിലെ കനത്ത മുടിയിഴകള്‍ പകുത്താതെ പിന്നോട്ട് ചീകിവെച്ചിരിക്കുന്നു. നീണ്ട നാസികയിലെ കട്ടികൂടിയ ഫ്രെയിമിനുള്ളിലെ തിളങ്ങുന്ന മിഴിയിണകള്‍. കട്ടിയുള്ള മീശ. വീതികുറഞ്ഞ ചുണ്ട്. നിരയൊത്ത പല്ലുകള്‍. ഇരുനിറം. നല്ല ഉയരം. മെലിഞ്ഞ് വീതിയുള്ള ശരീരം. പോളിഷ് ചെയ്ത തുകല്‍ ചെരിപ്പുകള്‍. കനത്ത കാല്‍വെപ്പുകള്‍.

അവളുടേതോ? അധികം ഉയരമില്ലാത്ത വെളുത്തുരുണ്ട ശരീരം. വീതികുറഞ്ഞ നെറ്റിയില്‍ വൃത്താകൃതിയിലുള്ള ചുവന്ന വലിയ കുങ്കുമപ്പൊട്ട്. നീണ്ട നാസികയും തടിച്ചുചുവന്ന ചുണ്ടുകളും കുഞ്ഞരിപ്പല്ലുകളും. ചുവന്നുതുടുത്ത കവിളുകളില്‍ നുണക്കുഴിച്ചുഴികള്‍. നീണ്ടുവിടര്‍ന്ന കണ്ണുകളില്‍ ഇടതൂര്‍ന്ന ഇമകള്‍ എപ്പോഴും കൂട്ടിത്തല്ലിക്കൊണ്ടിരുന്നു. നീണ്ടുചുരുണ്ട മുടി. അറ്റം കെട്ടിയിടാതെ ഇഴയെടുത്തു മെടഞ്ഞ മുടി പുറംഭാഗം മുഴുവനും മൂടിയിരുന്നു. ചുവന്നുതുടുത്ത കണങ്കാലില്‍ മടമ്പുഭാഗം കുറച്ചുയര്‍ന്ന ബാറ്റാ ചെരിപ്പുകള്‍. ഞാന്‍ പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കുന്ന കാലം. അന്ന് പ്രഫ. പി.എസ്. വേലായുധന്‍ സാര്‍ ആയിരുന്നു പ്രിന്‍സിപ്പല്‍. വിദ്യാര്‍ഥികള്‍ ആണിനും പെണ്ണിനും ഒരേപോലെ പേടി. അന്നത്തെക്കാലത്ത് ചുരിദാറോ, മൊബൈലോ പ്രചാരത്തിലില്ല. പെണ്‍കുട്ടികള്‍ മിഡി, ബെല്‍ബോട്ടം പാന്‍റ് അല്ളെങ്കില്‍ സാരി. അതേപോലെ ആണ്‍കുട്ടികളും ബെല്‍ബോട്ടം പാന്‍റും ഷര്‍ട്ടും.

അന്ന് ക്ളാസില്‍ കയറാതെ ക്ളാസ് കട്ടുചെയ്ത് ഏതെങ്കിലും മുക്കിലും മൂലയിലും കമിതാക്കള്‍ സല്ലപിച്ചുനില്‍ക്കുന്നത്, വേലായുധന്‍ സാര്‍ ഓഫിസിന്‍െറ ജനലില്‍കൂടി ബൈനോക്കുലര്‍വെച്ച് നോക്കി, അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍െറ നിറം മനസ്സിലാക്കി. പെട്ടെന്നുതന്നെ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എന്നിട്ട് രണ്ടുകൂട്ടരെയും ശാസിക്കുകയും ഇത് ആവര്‍ത്തിച്ചാല്‍ വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ആ കാലഘട്ടത്തിലെ വിദ്യാര്‍ഥികള്‍ കുറെക്കൂടി അനുസരണ ശീലമുള്ളവരായിരുന്നതിനാല്‍ അവര്‍ അധ്യാപകര്‍ക്ക് പൊതുവെ തലവേദനയായിരുന്നില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികള്‍ വേര്‍പിരിയാത്ത കൂട്ടുകാരായിരുന്നു. മൂന്നുപേരും എപ്പോഴും ഒന്നിച്ചേ നടക്കു.  ഞങ്ങള്‍ കണ്ണട ധരിച്ചിരുന്നു. എല്ലാവരും ഞങ്ങളെ ‘ത്രിമൂര്‍ത്തികള്‍’ എന്നാണ് വിളിച്ചിരുന്നത്, ഞാനും രുഗ്മിണിയും ശ്രീദേവിയും. ഞങ്ങളുടെ ഒപ്ഷനല്‍ സബ്ജക്ട് ഇംഗ്ളീഷ് ആയിരുന്നു. അതിനാല്‍, ഇംഗ്ളീഷ് എം.എക്കാരുടെ ക്ളാസിന് അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ ക്ളാസും. അന്ന് ഇംഗ്ളീഷ് എം.എ. ഫൈനലിന് അവിടെ കവി കെ.വി. രാമകൃഷ്ണന്‍ പഠിച്ചിരുന്നു. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡ്രാക്കുള എന്ന ഇംഗ്ളീഷ് നാടകത്തിന്‍െറ പരിഭാഷ  കെ.വി. രാമകൃഷ്ണന്‍ ചെയ്തിരുന്നു. തനി നാടന്‍മട്ടില്‍ മുടിചീകി, ഷര്‍ട്ടും മുണ്ടും ധരിച്ച് വന്നിരുന്ന അദ്ദേഹത്തെ ഞങ്ങള്‍ ആദരവോടെ നോക്കുമായിരുന്നു. അവര്‍ക്ക് ഉച്ചകഴിഞ്ഞ് മിക്കവാറും ക്ളാസ് ഉണ്ടാകാറില്ല. എങ്കിലും, ഇദ്ദേഹം എന്തെങ്കിലും വായിച്ചുകൊണ്ട് ഒറ്റക്ക് ക്ളാസ് മുറിയില്‍ ഇരിക്കും.

അങ്ങനെ ആരാധന മൂത്ത് ഞങ്ങള്‍ മൂന്നുപേരും ഞങ്ങളുടെ ഓട്ടോഗ്രാഫില്‍ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാന്‍ തീരുമാനിച്ചു. ഒരുദിവസം ഞങ്ങള്‍ മൂന്നുപേരും അദ്ദേഹത്തിന്‍െറ മുന്നില്‍വന്നുനിന്നു. വായനയില്‍ മുഴുകിയതിനാല്‍ അദ്ദേഹം ഇതറിഞ്ഞില്ല. എന്തായാലും ഞങ്ങള്‍ മൂന്നുപേരും ‘ചേട്ടാ’ എന്നു വിളിച്ചപ്പോള്‍ കണ്ണടയുടെ മുകളില്‍കൂടി ഞങ്ങളെ നോക്കിയിട്ട്, ‘എന്താ കുട്ടികളെ, എന്തുവേണം?’ എന്നദ്ദേഹം ചോദിച്ചു. ‘ഞങ്ങളുടെ ഓട്ടോഗ്രാഫില്‍ ഒന്ന് എഴുതിത്തരുമോ?’ എന്ന് ചോദിച്ചപ്പോള്‍ ‘അതിനെന്താ, കൊണ്ടുവരൂ’ എന്നദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ മൂന്നുപേരും ഞങ്ങളുടെ ഓട്ടോഗ്രാഫ് ഡെസ്ക്കിന്മേല്‍വെച്ചു. ആരുടെയെന്ന് പേരൊന്നും നോക്കാതെ അദ്ദേഹം മൂന്നിലും എഴുതി. എന്‍േറതില്‍ ‘ഒന്നു ചൂടി ഉപേക്ഷിക്കും തുളസിക്കതിരാകൊലാ നിന്‍െറ മോഹനജീവിതം’ എന്നും ശ്രീദേവിയുടേതില്‍ ‘തിടുക്കില്‍ കൈനീട്ടിയെന്നാല്‍ മുറിയും വിരല്‍ പൂക്കളോടൊപ്പം മുള്ളുണ്ട് ചില്ലയില്‍’ എന്നും. രുഗ്മിണി മാത്രം എത്ര ചോദിച്ചിട്ടും അവള്‍ക്ക് എഴുതിക്കൊടുത്തത് കാണിച്ചില്ല. ഇന്നും ഞങ്ങള്‍ക്ക് അത് അറിയില്ല. അവള്‍ക്ക് പ്രീഡിഗ്രി കഴിഞ്ഞ് ജോലി കിട്ടി. പഠിപ്പ് നിര്‍ത്തി, കല്യാണം കഴിച്ചു. ശ്രീദേവി മഹാരാജാസില്‍ തന്നെ പൊളിറ്റിക്സില്‍ ഡിഗ്രി കഴിഞ്ഞ് ജോലി കിട്ടി വിവാഹം കഴിഞ്ഞു. ഞാന്‍ ഫിലോസഫിയും സൈക്കോളജിയും എടുത്ത് ബി.എയും എം.എയും അവിടെ തന്നെ പഠിച്ചു.

മഹാരാജാസിലെ പഠനവും കഴിഞ്ഞ് പിന്നീട് ജീവിതത്തിന്‍െറ തിരക്കുകള്‍ക്കിടയില്‍ പിന്നീടെപ്പോഴോ ആണ് ഞാന്‍ തിരിച്ചറിഞ്ഞത്, തുടക്കത്തില്‍ പറഞ്ഞ ലോ കോളജ് വിദ്യാര്‍ഥിയും മഹാരാജാസിലെ ശാസ്ത്ര വിദ്യാര്‍ഥിനിയും- ആ കമിതാക്കള്‍, പിന്നീട് കോണ്‍ഗ്രസ് നേതാവായി മാറിയ വയലാര്‍ രവിയും മേഴ്സി രവിയുമായിരുന്നെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.