അട്ടപ്പാടിയിലെ അതിജീവനത്തിന്‍െറ കാഴ്ചകള്‍

അട്ടപ്പാടിയില്‍ തുടരുന്ന ശിശുമരണങ്ങളുടെ കാരണം എന്തായിരിക്കും? മഴയും മഞ്ഞും ഋതുക്കളും മാറിമാറിവരുമ്പോഴും, കാടിനോടും മണ്ണിനോടും പടവെട്ടി അതിജീവനത്തിന്‍െറ പാത സ്വയം പണിത ഊരുകള്‍ക്കെന്തുപറ്റി? പത്രങ്ങളില്‍ അട്ടപ്പാടിയിലെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും നിറയവെ ഐ.ടി നഗരമായ ബംഗളൂരുവിലിരുന്ന് സൂര്യ എന്ന പെണ്‍കുട്ടി ചിന്തിച്ചത് ഇതൊക്കെയായിരുന്നു. എപ്പോഴെങ്കിലും ഇവയുടെ കാരണങ്ങള്‍തേടിപ്പോകണമെന്ന് സൂര്യ മനസ്സില്‍ ഉറപ്പിച്ചു. ഉടനെ അതിന് വഴിയൊരുങ്ങി.

അതിങ്ങനെ, ബംഗളൂരു സെന്‍റ്ജോണ്‍സ് കോളജില്‍ ബി.എസ്സി വിഷ്വല്‍കമ്യൂണിക്കേഷന് പഠിക്കുന്ന സമയം കോഴ്സിന്‍െറ ഭാഗമായി തയാറാക്കേണ്ട ഡോക്യുമെന്‍ററിക്ക് സൂര്യ വിഷയമാക്കിയത് അട്ടപ്പാടിയിലെ കാഴ്ചകള്‍. ഉയരുന്ന ശിശുമരണങ്ങളും അവയുടെ കാരണങ്ങളും അട്ടപ്പാടിയുടെ പാരമ്പര്യവും കാമറയില്‍ പകര്‍ത്തുകയായിരുന്നു ലക്ഷ്യം. ഉള്ളിലുള്ള ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള യാത്ര കൂടിയായിരുന്നു അത്. അട്ടപ്പാടിയുടെ ചരിത്രവും വര്‍ത്തമാനവും ആദിവാസികളുടെ ദൈന്യതയും ഉള്‍ച്ചേര്‍ന്ന ഡോക്യുമെന്‍ററി ഒരു വിദ്യാര്‍ഥിയുടെ കാഴ്ചവട്ടങ്ങള്‍ക്കും എത്രയോ മുകളിലായിരുന്നു.


‘ദ ഡെസലേറ്റഡ് ഫോക്’
അട്ടപ്പാടിയിലെ ശിശുമരണ കാരണങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം ആ ദേശത്തെ കുടിയേറ്റവും കാര്‍ഷിക സംസ്കൃതിയുടെ തകര്‍ച്ചയും രാഷ്ട്രീയക്കാര്‍ ഇവരോട് കാണിക്കുന്ന വഞ്ചനയും തുറന്നുകാണിക്കുന്നു ‘ദ ഡെസലേറ്റഡ് ഫോക്’ എന്ന ഡോക്യുമെന്‍ററി. പരമ്പരാഗത ഭക്ഷ്യധാന്യങ്ങളായ രാഗി, ചാമ, തിന, ചോളം എന്നിവയുടെ കൃഷിയില്‍ നിന്ന് അട്ടപ്പാടി നിവാസികള്‍ പിറകോട്ടുപോയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കാത്തതുമാണ് ഒരുപരിധിവരെ ശിശുക്കളെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് ഡോക്യുമെന്‍ററിയുടെ കണ്ടെ ത്തല്‍. കുടിയേറ്റങ്ങളുടെ ആധിപത്യവും ആദിവാസികളുടെ എണ്ണക്കുറവും ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

നാണ്യവിളകൃഷിക്ക് മേഖലയില്‍ ആധിപത്യം ലഭിച്ചതോടെ പരമ്പരാഗത കൃഷിയില്‍നിന്ന് ആദിവാസികള്‍ പിറകോട്ടുപോയി. ഇവരെ പരമ്പരാഗത കാര്‍ഷിക സംസ്കാരത്തില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാറിനും അവര്‍ക്ക് സ്വയവും കഴിഞ്ഞില്ല. പോഷകാഹാരം എത്തിച്ചുനല്‍കേണ്ട സര്‍ക്കാര്‍ വിതരണം ചെയ്തത് കല്ലും മണ്ണും നിറഞ്ഞവയായിരുന്നെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്താ ദൃശ്യങ്ങളിലൂടെ ഡോക്യുമെന്‍ററി ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും തലമുറകളുടെ മാറ്റവും ആദിവാസികളുടെ നിലനില്‍പും സംസ്കാരവും ചോദ്യം ചെയ്യുന്നുണ്ട്.

ആദിവാസികളുടെ ആചാരങ്ങളിലേക്കും പാരമ്പര്യ സംഗീതത്തിലേക്കും കാമറ തിരിക്കുന്ന ‘ദ ഡെസലേറ്റഡ് ഫോക്’ നവീന വിദ്യാഭ്യാസവും ജോലിയും തേടുന്ന പുതുതലമുറയുടെ കാഴ്ചകളിലാണ് അവസാനിക്കുന്നത്. 18 മിനിറ്റുകൊണ്ട് അട്ടപ്പാടിയുടെ സമഗ്രത തേടുകയാണ് ‘ദ ഡെസലേറ്റഡ് ഫോക്’. ഡോക്യുമെന്‍ററിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സൂര്യ ഈ വഴിയില്‍ തനിക്ക് ചിലത് ചെയ്യാനാകും എന്ന ഉറച്ച വിശ്വാസത്തിലാണ്. മൂന്നാം ലിംഗക്കാരുടെ കഥപറഞ്ഞ സൂര്യയുടെ ഹ്രസ്വ സിനിമയും പഠനകാലയളവില്‍ ശ്രദ്ധനേടി.

വഴിമാറാതെ മുന്നോട്ട്
ഈ വഴിയില്‍ ഇനിയുമേറെ നടക്കാനുണ്ട് എന്ന ചിന്ത കലയും സാഹിത്യവും ഒരുമിക്കുന്ന വിഷയം തുടര്‍പഠനമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം രേവതി കലാമന്ദിരത്തില്‍ സിനിമാറ്റോഗ്രഫി പി.ജി കോഴ്സിന് ചേര്‍ന്നു സൂര്യ. രേവതി കലാമന്ദിരത്തിലെ ഒന്നാംവര്‍ഷ സിനിമാറ്റോഗ്രഫി ബാച്ചിലെ ഏകപെണ്‍കുട്ടിയും സൂര്യയാണ്. പെണ്‍ജീവിതങ്ങളിലെ പാരമ്പര്യ തൊഴിലുകള്‍ക്കപ്പുറം തന്‍െറ സ്വത്വവും കഴിവുകളും പൂര്‍ണതോതില്‍ ഉപയോഗിക്കാവുന്നതരം എന്തെങ്കിലും ചെയ്യണം എന്ന ബോധ്യം സൂര്യയുടെ ഉള്ളിലുണ്ട്. ദൃശ്യമാധ്യമം അതിനുപറ്റിയ ഇടമാണെന്നാണ് ചിന്ത. ആ ചിന്തകള്‍ക്ക് കൂട്ടും പിന്തുണയുമായി പിതാവ് സലീംകുമാറും മാതാവ് പുഷ്പവല്ലിയും കൂടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.