സേവനം സുതാര്യം

ഏഴാം ക്ളാസില്‍ പഠിപ്പ് നിര്‍ത്തേണ്ടിവന്ന റുഖിയ തന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത് സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെയാണ്. പിന്നെ നിരക്ഷരരും നിരാലംബരുമായവര്‍ക്കുവേണ്ടി അവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി പ്രവര്‍ത്തിക്കുന്നു. മലപ്പുറം വാഴക്കാട് ചാലിയപ്രം^വെട്ടത്തൂര്‍ മണ്ണടിയില്‍ വീട്ടില്‍ റുഖിയക്ക് ജീവിതം സാമൂഹിക സേവനമാണ്. സ്ത്രീകള്‍ രാവിലെ ജോലിക്കു പോകാന്‍ താല്‍പര്യപ്പെടുമ്പോള്‍ വെളുപ്പിനേ വീട്ടിലേക്കുള്ള ആഹാരവും തയാറാക്കി റുഖിയ ഇറങ്ങുന്നത് നാട്ടില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ്.

സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമങ്ങളിലെ വീടുകളില്‍ കയറിയിറങ്ങിയപ്പോഴാണ് നിരാലംബരായി ഒരു ആനുകൂല്യവും ഗവണ്‍മെന്‍റില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ ദാരിദ്ര്യത്തിന്‍െറയും ദുരിതങ്ങളുടെയും രോഗപീഡകളുടെയും നടുവില്‍ കഴിയുന്ന ഒട്ടേറെ മനുഷ്യരെ കണ്ടെത്തിയത്. പിന്നീട്, അവര്‍ക്കുവേണ്ടി സേവനം നടത്തുകയാണ് റുഖിയ. ഇത്തരം കാര്യങ്ങള്‍ക്ക് തന്നെ അനുവദിക്കുന്നയാളെ മാത്രമേ ഭര്‍ത്താവാക്കൂ എന്ന് നേരത്തേ നിലപാടെടുത്തിരുന്നു. അങ്ങനെയാണ് കര്‍ഷകനായ അഷ്റഫിന്‍െറ ഭാര്യയാകുന്നത്.

രാവിലെ ഏഴുമണിയോടെ വിവിധ ആവശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന സാധാരണക്കാരെ തേടി യാത്രതിരിക്കും. തളര്‍ന്നുകിടപ്പിലായ അവശരോഗികള്‍ക്കാണ് മുഖ്യപരിഗണന. ഇത്തരം വീടുകളില്‍ ചെന്ന്, അവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കും കുളിക്കാനും സഹായിക്കുക, മുറിവുകള്‍ കഴുകി വൃത്തിയാക്കി മരുന്നുവെച്ചുകൊടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മടിയില്ലാതെ ചെയ്യും. സാന്ത്വന വാക്കുകള്‍കൊണ്ട് അവരെ ആശ്വസിപ്പിക്കും. പലര്‍ക്കും സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും സഹായങ്ങളും സാധിപ്പിച്ചു കൊടുക്കാന്‍ ഓഫിസുകളില്‍ കയറിയിറങ്ങും. താലൂക്ക് ഓഫിസ്, കലക്ടറേറ്റ്, സി.ഐ ഓഫിസ് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ബന്ധപ്പെടാറുണ്ട്.

രോഗവും ദാരിദ്ര്യവുംമൂലം പ്രയാസപ്പെടുന്നവരുടെ വീടുകള്‍ തേടിയുള്ള യാത്രയില്‍ മനസ്സിനെ വല്ലാതെ ഉലച്ചത് വിവരിക്കുമ്പോള്‍ റുഖിയക്ക് കണ്ണുനിറയാറുണ്ട്. കൊണ്ടോട്ടി എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു വീട്ടില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. ഉമ്മ ശ്വാസകോശരോഗം ബാധിച്ച് അവശയായി വെന്‍റിലേറ്ററില്‍ കിടക്കുന്നു. അവരുടെ ഒരു മകന് ഇരു കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ടു. മറ്റൊരു മകന്‍ കാന്‍സര്‍ രോഗിയും. ആശ്രയമായുള്ള ഏകമകള്‍ വിവാഹമോചിതയായി വീട്ടില്‍ കഴിയുന്നു. ഇവരുടെ റേഷന്‍കാര്‍ഡ് എ.പി.എല്‍ ആണെന്നു കണ്ടെ ത്തി. അത് മാറ്റാനുള്ള നടപടിക്കായി റുഖിയ ഇറങ്ങിത്തിരിച്ചു. റേഷന്‍കാര്‍ഡ് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊടുക്കാന്‍ വേണ്ട സഹായം ചെയ്തു. മുഖ്യമന്ത്രിക്ക് പരാതി അയച്ചാണ് ഇത് നേടിയെടുത്തത്. ‘സുതാര്യകേരളം’ പരിപാടിയിലെ വിഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി റുഖിയയെ വിളിച്ച് കാര്യം തിരക്കി. നടപടി ഉടന്‍ വന്നു. ആ വീട്ടിലേക്കുള്ള വൈദ്യുതി സൗജന്യമാക്കി. കുടുംബത്തിന് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപയും അനുവദിച്ചു.

ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞതോടെ ആരോരുമില്ലാതായ ശ്രീജ എന്ന പുളിയോട്ടുകാരിയുടെ കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. അതിന്‍െറ ഫലമായി വാഴക്കാട് പഞ്ചായത്തില്‍ അവര്‍ക്ക് വീടുവെക്കാന്‍ നാലു സെന്‍റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. ജില്ലാ വനിതാ സെല്ലിനൊപ്പം നിലമ്പൂര്‍, പോത്തുകല്ല്, കരുളായി പ്രദേശങ്ങളിലെ ആദിവാസി കോളനികളിലെ ത്തി അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എസ്.പിയുടെ നിര്‍ദേശപ്രകാരം 112 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഫോട്ടോ എടുക്കാന്‍ വാഹനസൗകര്യം ചെയ്തു കൊടുക്കാനും കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ സുതാര്യകേരളം ജില്ലാതല സെല്ലുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുകയാണ് റുഖിയ. ഏറനാട് താലൂക്കിലെ ബി.പി.എല്‍ കാര്‍ഡ് മാറ്റത്തിനായുള്ള 1500ഓളം അപേക്ഷകള്‍ റുഖിയ എത്തിച്ചു. ജീവകാരുണ്യ^ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഒട്ടേറെ അവാര്‍ഡുകള്‍ റുഖിയയെ തേടിയെത്തി. ജനമൈത്രി പൊലീസ് അവാര്‍ഡ്, സ്ത്രീശാക്തീകരണ അവാര്‍ഡ്, നെഹ്റു യുവകേന്ദ്രയുടെ ഹംസ തയ്യില്‍ അവാര്‍ഡ്, എന്‍.വൈ.കെ യൂത്ത് അവാര്‍ഡ്, ജില്ലയിലെ ഏറ്റവും നല്ല ആരോഗ്യ പ്രവര്‍ത്തകക്കുള്ള ഹെല്‍ത്ത് അവാര്‍ഡ്, അഴിമതിരഹിത സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ജേസീസ് അവാര്‍ഡ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് അവാര്‍ഡ്, കൈരളി ‘വേറിട്ട കാഴ്ചകള്‍’ എന്നീ അവാര്‍ഡ് കരസ്ഥമാക്കി.

ജമാഅത്തെ ഇസ് ലാമി സംസ്ഥാന ഘടകത്തിന്‍െറ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് 2014ല്‍ നേടിയത് റുഖിയ ആയിരുന്നു. 1996ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.