പണ്ട് പണ്ട്...

പണ്ട് വാട്സ്ആപ്പിനും ഫേസ്ബുക്കിനും മുമ്പ്, ഉമ്മറത്തിണ്ണയില്‍ കാലുംനീട്ടി മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകള്‍ക്ക് മാമ്പഴത്തിന്‍െറ മധുരമായിരുന്നു. ചുറ്റുംകൂടി ആസ്വദിക്കാന്‍ തിരക്കുകൂട്ടിയ കുട്ടിക്കാലം. നാടോടിക്കഥകളിലെയും പുരാണങ്ങളിലെയും നാട്ടിന്‍പുറത്തെയും കഥാപാത്രങ്ങള്‍ കണ്‍മുന്നില്‍ കണ്ടതുപോലെയായിരുന്നു. നന്മയുടെ ആള്‍രൂപമാകാനും സ്നേഹത്തിന്‍െറ വിശുദ്ധി കാക്കാനും പഠിപ്പിച്ച കഥകള്‍. കാലം പാഞ്ഞുപോയപ്പോള്‍ കഥ പറയാന്‍ മുത്തശ്ശികളില്ലാതായി. ഇടുങ്ങിയ ഫ്ളാറ്റുകളിലെ നാലു ചുവരുകള്‍ക്കിടയില്‍ ബാല്യം തടവുശിക്ഷയേറ്റു. സ്കൂളും ട്യൂഷനും ടി.വിയും മാത്രം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി ടി.വിയുടെ ചതുരപ്പെട്ടിക്കുള്ളില്‍ നിന്ന് കഥകള്‍ പുറത്തുചാടുന്ന കാലം. കഥയില്ലായ്മയുടെ വര്‍ത്തമാന കാലത്ത് കഥയുടെ പുതിയ വര്‍ത്തമാനം പറയുകയാണ് അഞ്ജലി രാജന്‍ ദിലീപ്. കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാനും ഒരുമിച്ച് കൂടാനും സ്റ്റോറി ക്ളബുണ്ടാക്കിയാണ് ഈ യുവതി ശ്രദ്ധേയയാവുന്നത്.

പ്രമുഖ എഫ്.എം റേഡിയോയിലെ മുന്‍ ആര്‍.ജെയും ടെക്നോപാര്‍ക്കിലെ വെര്‍ട്ടസ് ടെക്നോളജീസില്‍ മാനേജ്മെന്‍റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയുമായ അഞ്ജലി ജനുവരി നാലിനാണ് സ്റ്റോറി ക്ളബിന് തുടക്കമിട്ടത്. ഐസക് ന്യൂട്ടന്‍െറ ജന്മദിനത്തില്‍ ‘മനസ്സില്‍ ആപ്പ്ള്‍ പൊട്ടി’യപ്പോള്‍ യോജിച്ച പേരും കിട്ടി^ ‘ആപ്പ്ള്‍ സ്റ്റോറി ക്ളബ്’. തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് പാങ്ങപ്പാറ എ.കെ.ജി നഗറിലെ വീടിനോട് ചേര്‍ന്നാണ് കഥ പറയുന്ന കൂട്ടായ്മ.

സ്വന്തം നാടായ പുനലൂര്‍ കരവാളൂരിലെ ബാല്യകാലത്ത് ഒത്തുചേരലുകള്‍ ഏറെയുണ്ടായിരുന്നു. ഞായറാഴ്ചകളില്‍ പലതരം കൂട്ടായ്മകളിലും മത്സരങ്ങളിലും പങ്കെടുത്തു. അച്ഛനമ്മമാര്‍ അന്ന് എല്ലാ പ്രോത്സാഹനവുമായി പിന്നാലെയുണ്ടായിരുന്നു. എന്നാല്‍, തിരക്കുപിടിച്ച ഇന്നത്തെ ജോലിക്കാലത്ത് പല മാതാപിതാക്കള്‍ക്കും കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ സമയം കിട്ടുന്നില്ല. ‘കോളനിവത്കരണ‘കാലത്തെ ഈ പരക്കംപാച്ചിലിനിടയില്‍ കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കാനും മറ്റുമായാണ് അഞ്ജലി വീടിനോട് ചേര്‍ന്ന് ആപ്പ്ള്‍ സ്റ്റോറി ക്ളബ് തുടങ്ങിയത്. വിദേശങ്ങളില്‍ ഇത്തരം കഥക്കൂട്ടങ്ങള്‍ പതിവാണെങ്കിലും കേരളത്തില്‍ അപൂര്‍വകാഴ്ചയാണ്.

മാസത്തില്‍ രണ്ട് ഞായറാഴ്ചകളിലാണ് ക്ളബിന്‍െറ പ്രവര്‍ത്തനം. വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയാണ് സമയം. ആറു മുതല്‍ 15 വയസ്സ് വരെയുള്ള ഇരുപതോളം കുട്ടികളാണ് കഥപറയുന്ന ചേച്ചിക്ക് ചുറ്റുംകൂടുന്നത്. ഒപ്പം, അഞ്ജലിയുടെ മൂന്നു വയസ്സുകാരന്‍ മകന്‍ അനന്തശ്രേയസ്സും. വെറും കഥപറയല്‍ മാത്രമല്ല, പാട്ടും നാടകവും ചിത്രംവരയുമുണ്ട്. കുട്ടികള്‍ക്കും നാടോടിക്കഥകളും മറ്റും അവതരിപ്പിക്കാനവസരമേകും. പഴഞ്ചൊല്ലിലെ പതിരില്ലായ്മയും പറഞ്ഞുകൊടുക്കും. ഭാവി ജീവിതത്തിലേക്ക് പ്രചോദനമേകുന്ന രീതിയിലാണ് ക്ളബിന്‍െറ പ്രവര്‍ത്തനം. സഭാകമ്പം മാറ്റി എന്തും നേരിടാനുള്ള കഴിവുണ്ടാക്കാനുള്ള എളിയശ്രമം.

ഓരോ ആഴ്ചയിലും ഓരോ തീം (ആശയം) ആണ് അവതരിപ്പിക്കുന്നത്. ഉദ്ഘാടനത്തില്‍ ഐസക് ന്യൂട്ടനായിരുന്നു തീം. റിപ്പബ്ളിക് ദിനത്തലേന്ന് ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറായിരുന്നു. പിന്നാക്ക സമുദായത്തില്‍ ജനിച്ച്, പിന്നാക്കക്കാരുടെ ഉന്നമനത്തിനായി യത്നിച്ച ഭീം റാവുവിന്‍െറ ജീവിതകഥകള്‍ പറഞ്ഞുകൊടുത്തു. മറ്റൊരാഴ്ച പത്രങ്ങളെക്കുറിച്ചുള്ള കഥകള്‍. പേരു കേട്ട പത്രപ്രവര്‍ത്തകരെയും ചെറുപ്പത്തില്‍ പത്രവിതരണക്കാരനായി, പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനെക്കുറിച്ചുമുള്ള വിവരങ്ങള്‍. അടുത്ത ഞായറാഴ്ച സ്വാമി വിവേകാനന്ദനാണ് തീം. ഷികാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗങ്ങളും മറ്റും പറഞ്ഞു കൊടുക്കാനാണ് ഉദ്ദേശ്യം.

കുട്ടികളുടെ സാമ്രാജ്യമാണെങ്കിലും ആദ്യമായെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്കും പ്രവേശമുണ്ട്. കുട്ടികളുടെ ഇതുവരെ കാണാത്ത പ്രകടനം കാണുമ്പോള്‍ അവരും ഹാപ്പി. മനസ്സുതുറന്ന് കഴിവുകള്‍ പുറത്തെടുക്കുമ്പോള്‍ കുട്ടികളും ഹാപ്പി. കുട്ടികള്‍ക്കായി 200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിക്കും തുടക്കമിട്ടിരിക്കുകയാണ്. ലൈബ്രറി വികസിപ്പിക്കാന്‍ രക്ഷിതാക്കളും സഹായിക്കുന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘റോബിന്‍ ഏജ്’ അടക്കം ബാലപ്രസിദ്ധീകരണങ്ങളും വരുത്തുന്നു. ഓരോ കൂട്ടായ്മയുടെയും അവസാനം ക്വിസ് മത്സരം, സ്പെല്ലിങ് ബീ എന്നിവയും നടത്തുന്നു. ഈ മത്സരത്തില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നില്ല. എല്ലാവര്‍ക്കും സമ്മാനം നല്‍കി മത്സരങ്ങളെ ഉത്സവമാക്കുകയാണിവിടെ.

സ്റ്റോറി ക്ളബിലെത്തിയശേഷം കുട്ടികള്‍ സൗഹൃദത്തിന്‍െറ പുതിയ മേച്ചില്‍പുറങ്ങള്‍ താണ്ടിയതായി അഞ്ജലി സാക്ഷ്യപ്പെടുത്തുന്നു. അച്ഛനൊപ്പം ഫുട്ബാള്‍ പരിശീലിക്കാന്‍ പോയി ശീലിച്ച കുട്ടികള്‍ ഇപ്പോള്‍ കൂട്ടുകാരന്‍െറ കൈപിടിച്ചാണ് പന്തുതട്ടാന്‍ പോകുന്നത്. അഞ്ജലിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ ആപ്പിള്‍ സ്റ്റോറി ക്ളബിനെക്കുറിച്ച് അറിഞ്ഞ് നിരവധിപേര്‍ അന്വേഷണവും പ്രോത്സാഹനവുമായി എത്തുന്നുണ്ട്. ആപ്പ്ള്‍ സ്റ്റോറി ക്ളബ് എന്ന പേരില്‍ ബ്ളോഗും തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവും കുടുംബവും കഥക്കൂട്ടത്തിന് സകല പിന്തുണയുമേകുന്നു.

അവധിക്കാലമായതോടെ ഒരു സ്വപ്നപദ്ധതിയും മനസ്സിലുണ്ട്. മേയ് മാസത്തില്‍ രണ്ടു മണിക്കൂര്‍ മാരത്തണ്‍ കഥപറയലാണ് ലക്ഷ്യം. അന്ന് കുട്ടികളും അഞ്ജലിയും നിര്‍ത്താതെ കഥപറയും. ‘വിദേശങ്ങളിലേതു പോലെ പൂര്‍ണ സജ്ജമായ ക്രിയേറ്റിവ് ലേണിങ് സെന്‍ററാണ് ലക്ഷ്യം. കുട്ടികളെ മണ്ണിലേക്കിറക്കി, പച്ചക്കറി കൃഷിയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍. അതിനൊപ്പം കരാട്ടേയടക്കമുള്ള ആയോധനകലകളുടെ പരിശീലനവും’^അഞ്ജലിയുടെ സ്വപ്നം ഇതൊക്കെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.