തുന്നല്‍ ചിത്രങ്ങളുടെ വീട്

തീരഗ്രാമമായ തിരുവനന്തപുരം ഇടവയിലെ  പാറയില്‍തുണ്ട് ഹൗസില്‍ അബ്ദുല്‍റബ്ബ് നിസ്താറിന്‍െറ വീട്ടിലെ സ്വീകരണമുറിയില്‍ കമനീയമായി ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും അദ്ഭുതപ്പെടാതിരിക്കില്ല. അടുത്ത മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടെയും ചുമരുകള്‍ അലങ്കരിക്കുന്നത് സൗന്ദര്യം കവിഞ്ഞൊഴുകുന്ന ചിത്രങ്ങള്‍തന്നെ. ഡാവിഞ്ചിയുടെ മൊണാലിസ ഉള്‍പ്പെടെയുള്ള ക്ളാസിക് ചിത്രങ്ങള്‍. ‘വര ഉഗ്രനായിരിക്കുന്നു’ എന്ന് സ്നേഹവാക്ക് പറഞ്ഞാല്‍ നിസ്താര്‍ ഭായി തിരുത്തും. ‘സുഹൃത്തേ ഇത് പെയിന്‍റിങ് അല്ല, ഞാന്‍ തുണിയില്‍ തുന്നിയെടുത്തതാണ്’. വിശ്വാസംവരാതെ നില്‍ക്കുന്ന സുഹൃത്തിനെ കസേരയിലിരുത്തി ചെറുതണുപ്പുള്ള മാമ്പഴ ജ്യൂസ് കുടിക്കാന്‍ നല്‍കുന്നു. മുന്നിലെ ടീപ്പോയില്‍ കുഴല്‍പോലെ ചുരുട്ടിവെച്ച തുണിച്ചുരുള്‍ നിവര്‍ത്തുമ്പോള്‍ ക്രിസ്തുവിന്‍െറ ‘അവസാനത്തെ അത്താഴം’.

32 വര്‍ഷം അബൂദബിയില്‍ പ്രവാസിയായിരുന്നു അബ്ദുറബ്ബ്. പ്രായാധിക്യത്താല്‍ രോഗബാധിതരായവര്‍ക്കുള്ള വാര്‍ഡില്‍ ജോലിചെയ്യുമ്പോഴാണ് ഇടവേളകളില്‍ സഹപ്രവര്‍ത്തകരായ നഴ്സുമാര്‍ തുന്നല്‍ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിച്ചത്. അവസരം കിട്ടുമ്പോഴെല്ലാം അവര്‍ കൈയില്‍ കരുതിയിരുന്ന തുണിച്ചുരുള്‍ നിവര്‍ത്തുന്നതും തുന്നുന്നതും കണ്ടപ്പോള്‍ കൗതുകമായി. അടുത്ത് ശ്രദ്ധിച്ചപ്പോഴാണ് ഒരു പ്രത്യേകതരം തുണിയില്‍ അവര്‍ സൂക്ഷ്മതയോടെ തുന്നിയെടുക്കുന്നത് ചിത്രങ്ങളാണെന്ന് തിരിച്ചറിയുന്നത്. ഫിലിപ്പീനികളുടെ ഇഷ്ടവിനോദമായ ക്രോസ് സ്റ്റിച്ചിങ്ങാണതെന്ന് അറിഞ്ഞു. കുട്ടിക്കാലം മുതല്‍ക്കേ അത്തരം കരവിരുതുകളില്‍ താല്‍പര്യമുണ്ടായിരുന്നതിനല്‍ തന്നെയുംകൂടി പഠിപ്പിക്കണമെന്നായി നിസ്താര്‍. ഇത് സ്ത്രീകള്‍ക്കുള്ള പണിയാണ് എന്നായിരുന്നു മറുപടി. വീണ്ടും അപേക്ഷിച്ചു. താല്‍പര്യം തിരിച്ചറിഞ്ഞ അവര്‍ ക്രോസ് സ്റ്റിച്ചിങ് പഠിപ്പിച്ചുകൊടുത്തു.

പിന്നെ പതിയെപ്പതിയെ ചെറുചെറു ചിത്രങ്ങള്‍ തുന്നിയെടുത്തു. ‘ലിറ്റില്‍ വിങ്സ്’ എന്ന വിഖ്യാത ചിത്രമാണ് ആദ്യം തുന്നിയത്. 1970ല്‍ വര്‍ക്കല എസ്.എന്‍ കോളജില്‍ ബി.എസ്സി ബോട്ടണിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. വധു മുറപ്പെണ്ണ് ജമീലാബീവി. സഹപാഠിയും കോളജ് ലീഡറുമായിരുന്ന ജി. കാര്‍ത്തികേയന്‍ (അന്തരിച്ച മുന്‍സ്പീക്കര്‍) ധൈര്യം പകര്‍ന്നു. വീട്ടുകാരുടെ എതിര്‍പ്പോടെ വിവാഹിതരായി. ഭാര്യവീട്ടിലായി താമസം. നഴ്സിങ് ഡിപ്ളോമ നേടി ദുബൈയിലേക്ക് പോയി. 32 വര്‍ഷത്തെ പ്രവാസജീവിതം. 2007ല്‍ നാട്ടിലേക്ക്.

21 വര്‍ഷം കെണ്ട് ഇദ്ദേഹം തുന്നിയെടുത്തത് ചെറുതും വലുതുമായ 22 ചിത്രങ്ങള്‍. രണ്ടടി വീതിയും ഒന്നരയടി നീളവുമുള്ളതാണ് സാധാരണ ചിത്രം. ഇത് തുന്നിയെടുക്കാന്‍ മൂന്നുമുതല്‍ ആറുമാസവും ചിലപ്പോള്‍ ഒരു വര്‍ഷവും വേണ്ടിവരും. വലിയവക്ക് ആറടി നീളവും മൂന്നും നാലും അടി വീതിയും വരും. ഇത്തരത്തിലൊരെണ്ണം തുന്നിയെടുക്കാന്‍ ഒന്നു മുതല്‍ രണ്ടര വര്‍ഷംവരെ വേണ്ടിവരും. നിസ്താറിന്‍െറ വീട്ടിലെ എല്ലാ മുറികളിലും ഇത്തരം തുന്നല്‍ ചിത്രങ്ങളാണ്. ഒന്നുപോലും ഇതേവരെ വില്‍പന നടത്തിയിട്ടില്ല. വില്‍ക്കാനായല്ല സംതൃപ്തിക്കാണ് അദ്ദേഹം ചിത്രം തുന്നുന്നത്.

കാഴ്ചക്കാരന്‍ ഇവയെ വെറുമൊരു ചിത്രമായാണ് പരിഗണിക്കുന്നത്. എന്നാല്‍, ഒരു ചിത്രം തുന്നിയെടുക്കാന്‍ വേണ്ടുന്ന പ്രയത്നം വലുതാണ്. ഒരു ദിവസം രണ്ടു മണിക്കൂര്‍ തുന്നിയാല്‍ 200 കണ്ണികള്‍ തുന്നാനാകും. സാധാരണ ഒരു ചിത്രം പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണം. അതിന് എങ്ങനെ മൂല്യം കല്‍പിക്കണമെന്ന് അദ്ദേഹത്തിനറിയില്ല. മൊണാലിസ, താജ്മഹല്‍, എയ്റ്റ് ഹോഴ്സസ്, ചൈല്‍ഡ് ഹുഡ് ഫാന്‍റസി, ഓള്‍ഡ് മറൈന്‍ സീന്‍, ആറു മാലാഖക്കുട്ടികള്‍, പെഗാഡൂസ് (പറക്കുന്ന കുതിര), മദര്‍ ഹുഡ്, അരയന്നം, ലൈറ്റ് ഓഫ് പീസ്, ലാസ്റ്റ് സപ്പര്‍ എന്നിങ്ങനെ ഏറെയുണ്ട് നിസ്താറിലെ കരവിരുതിനാല്‍ പിറവിയെടുത്ത ചിത്രങ്ങള്‍.

ഇപ്പോള്‍ കേരളത്തിലും ക്രോസ് സ്റ്റിച്ചിങ് മെറ്റീരിയലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും നിസ്താര്‍ കൂടുതലായും ഉപയോഗിക്കുന്നത് ഫ്രാന്‍സില്‍നിന്ന് വരുത്തുന്നവയാണ്. തുണിയുടെയും നൂലിന്‍െറയും ഗുണമേന്മ തന്നെയാണ് അതിലെ പ്രധാന ഘടകം. പിന്നെ നൂലിന്‍െറ വര്‍ണം, വൈവിധ്യം, അഴക് എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നവ തന്നെയാണ്. തൊട്ടടുത്തുള്ള മകളുടെ വീട്ടിലും നിസ്താറിന്‍െറ ക്രോസ് സ്റ്റിച്ചിങ് ചിത്രങ്ങളാണ് അലങ്കരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് സമ്മാനമായും ഇവ നല്‍കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.