അത്രമേല്‍ ധന്യമായ അഭിനയ രാത്രികള്‍

ഓര്‍മകള്‍ക്കും മന:പൂര്‍വമുള്ള മറവികള്‍ക്കുമിടയിലാണ് കെ.പി.എ. സി ലീലയെന്ന നടിയുടെ ജീവിതമിപ്പോള്‍. ലീല അഭിനയരംഗത്തെത്തി കാലങ്ങള്‍ കഴിഞ്ഞ് വന്നവരെല്ലാം വലിയ അഭിനേതാക്കളായി മാറി. ജീവിതയാത്രയില്‍ എവിടെയോവെച്ച് നഷ്ടമായ ആ അപൂര്‍വ നിമിഷങ്ങളെ ഇനിയും തിരിച്ചുപിടിക്കാന്‍ കഴിയില്ളെന്ന ബോധ്യത്തോടെയാണ് ഇന്നവര്‍ ജീവിക്കുന്നത്.  ഏകാന്ത നിമിഷങ്ങളില്‍ എപ്പോഴൊക്കെയോ അഭിനയിച്ചു തീര്‍ത്ത കഥാപാത്രങ്ങള്‍ കയറി വരാറുണ്ടെന്നും അത് ചിലപ്പോഴൊക്കെ ദു:ഖത്തിന്‍െറ നേര്‍ത്ത പൊട്ടുകളും സന്തോഷത്തിന്‍െറ ഇത്തിരി നിമിഷങ്ങളും സമ്മാനിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

താന്‍ കഥാപാത്രമായി അരങ്ങില്‍ അഭിനയിക്കുമ്പോള്‍ സദസ്സിലിരിക്കുന്ന പ്രേക്ഷകന്‍െറ കണ്ണില്‍നിന്ന് വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ അവര്‍ ഒപ്പിയെടുക്കുന്നത് ഓര്‍ത്ത് പല ദിവസങ്ങളിലും ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പട്ടിണികൊണ്ട് കരഞ്ഞുകരഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കള്‍ക്ക് ചോറില്‍ വിഷം കലര്‍ത്തിക്കൊടുക്കാന്‍ ഒരുങ്ങുന്ന അമ്മയോട് ‘അതു വേണ്ട ആ കുട്ടികളെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, ഇങ്ങ് തന്നേര്’ എന്നു പറഞ്ഞുകൊണ്ട് വേദിയിലേക്ക് കയറുന്ന അമ്മമാരെ കണ്ടിരുന്ന ഒരു നാടകക്കാലം ലീലയുടെ ഓര്‍മയിലിപ്പോഴുമുണ്ട്. തോപ്പില്‍ ഭാസിയുടെ ‘തുലാഭാരം’ എന്ന നാടകത്തിലെ കൈ്ളമാക്സിലാണ് ഇങ്ങനെയൊരു രംഗമുള്ളത്. ഈ നാടകത്തില്‍ വിജയ എന്ന അമ്മയുടെ റോളിലായിരുന്നു ലീല അഭിനയിച്ചത്. തന്‍െറ അഭിനയജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു അത്. അഭിനയത്തിന്‍െറ ഭാവതീവ്രത കണ്ട് കണ്ണീരിനൊപ്പം കൈയടിയും അന്ന് പ്രേക്ഷകര്‍ നല്‍കിയിരുന്നു. ആ കാലത്തിലേക്ക് പോകുമ്പോള്‍ പറച്ചിലിനിടയില്‍ ഒരിടര്‍ച്ചയുണ്ടെങ്കിലും അവര്‍ എല്ലാ ഓര്‍മകളെയും പെറുക്കിയെടുത്ത് പറയുകയാണ്.

നൃത്തത്തിലൂടെ
സന്തോഷം നല്‍കിയ കാലമായിരുന്നു എന്‍െറ അഭിനയകാലം. കെ.പി.എ.സിയുടെ സുവര്‍ണകാലമായിരുന്നു അത്. കഴിവുള്ള ഒരുപാടുപേരുമായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ചിലരൊക്കെ മറന്നുപോയെങ്കിലും വളരെ കുറച്ചാളുകള്‍ ഇപ്പോഴും കാണാന്‍ വരാറുണ്ട്.  മൂവാറ്റുപുഴ പാമ്പാക്കുടയില്‍ ജനിച്ച ഞാന്‍ യാദൃച്ഛികമായാണ് 13ാമത്തെ വയസ്സില്‍ അഭിനയരംഗത്തേക്ക് വരുന്നത്. അച്ഛന്‍ തന്നെയാണ് അതിന് പ്രേരണയായത്. കുടുംബത്തില്‍ ആര്‍ക്കും കലയോട് താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. അച്ഛന്‍ കുര്യാക്കോസ് അക്കാലത്ത് സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളായിരുന്നു. ഞങ്ങളുടെ നാട്ടിലുള്ള ഒരു ലൈബ്രറിയുടെ പ്രധാന സംഘാടകനായിരുന്നു അച്ഛന്‍. അച്ഛന്‍ പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് വീട്ടില്‍ ധാരാളമാളുകള്‍ വരുമായിരുന്നു.

എനിക്ക് ചെറുപ്പത്തില്‍ എന്നും ഓരോരോ അസുഖങ്ങളാണ്. സന്തോഷമില്ലാത്ത ദിനങ്ങളായിരുന്നു അത്. അങ്ങനെയിരിക്കെയാണ് എന്‍െറ ബന്ധുവായ ഒരു ഡോക്ടര്‍ അച്ഛനോട് എന്നെ സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ക്ക് വിടാന്‍ പറഞ്ഞത്. എപ്പോഴും ഇങ്ങനെ ഗ്ളൂമിയായിരുന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്ന മോളുടെ ഭാവിയെ ബാധിക്കുമെന്നു പറഞ്ഞു. ഞാന്‍ സ്കൂളില്‍ നൃത്ത മത്സരത്തിനൊക്കെ ചേരുമായിരുന്നു. അങ്ങനെയാണ് ഞാന്‍ അച്ഛന്‍െറ കൈയുംപിടിച്ച് മൂവാറ്റുപുഴക്കും പിറവത്തിനുമിടയ്ക്കുള്ള പാമ്പാക്കുടയെന്ന  ഗ്രാമത്തില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. അമ്മ മറിയാമ്മ അച്ഛനെ ഏറെ സ്നേഹിച്ചിരുന്നതിനാല്‍ എന്നെ ഈ രംഗത്തേക്ക് വിടാന്‍  അമ്മക്കും താല്‍പര്യമായിരുന്നു. അത് അഭിനയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. നൃത്തം പഠിക്കാനാണ് എന്നെ കോഴിക്കോട്ടേക്കു കൊണ്ടുപോയത്.

നര്‍ത്തകനായ ഉദയഭാനു എന്ന ഒരാള്‍ അക്കാലത്ത് അവിടെയൊരു ബാലെ ട്രൂപ് നടത്തുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉദയഭാനുവിന്‍െറ ട്രൂപ്പില്‍ നൃത്തം അവതരിപ്പിച്ചിരുന്നത് അദ്ദേഹത്തിന്‍െറ ശിഷ്യ അന്നം എന്നൊരു സ്ത്രീയായിരുന്നു. അവരുടെ ഒരു അകന്ന ബന്ധു അച്ഛന്‍െറ സുഹൃത്തായിരുന്നു. അങ്ങനെയാണ് എന്നെ അവിടെ കൊണ്ടുപോകുന്നത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ടത് അദ്ഭുത കാഴ്ചയാണ്. ഞാനന്ന് തീരെ കൊച്ചാണ്. അവിടെയുള്ളവരാണെങ്കില്‍ ആറ് ആറരയടി പൊക്കവും അതിനൊത്ത വണ്ണവുമുള്ളവര്‍. എനിക്ക് 13 വയസ്സല്ളേയുള്ളൂ. ഒന്നും മനസ്സിലായില്ല. ഭയവും നിരാശയും തോന്നി. തിരിച്ചുപോയാലോ എന്നും ആലോചിച്ചു. എന്തായാലും നില്‍ക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിപ്പിക്കുന്ന രാജരത്നംപിള്ള എന്ന മാഷ് ആഴ്ചയില്‍ ഒരു ദിവസം ഇവിടെവന്ന് അന്നത്തിന് ഭരതനാട്യത്തിന്‍െറ ക്ളാസ്  എടുക്കുമായിരുന്നു. എനിക്ക് ഭരതനാട്യത്തിന്‍െറ ക്ളാസ് ഒന്നു കാണണമെന്നു വലിയ ആഗ്രഹമായിരുന്നു. നാട്ടുംപുറത്തു ജനിച്ച ഞാന്‍ ഇതൊന്നും കണ്ടിട്ടില്ലായിരുന്നു. ആദ്യമൊന്നും മാഷ് എന്നെ പഠിപ്പിച്ചില്ല. മാഷ് ക്ളാസെടുക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ഭക്ഷണമൊക്കെ വിളമ്പിക്കൊടുത്തിരുന്നത് ഞാനായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം നവരസങ്ങള്‍ എന്നെ കാണിക്കും. ശൃംഗാരം,ദു$ഖം... അങ്ങനെയൊക്കെ. ഞാനിത് കണ്ടിട്ട് വെറുതെ അഭിനയിച്ച് കാണിക്കും. ‘നീ നല്ലാ ശെയ്വതെ’ എന്ന് അദ്ദേഹം പകുതി തമിഴ് ചേര്‍ത്തു പറയും. എനിക്ക് അദ്ദേഹം പറയുന്നതൊന്നും മനസ്സിലായില്ല. 40 രൂപ കൊടുത്താണ് ഞാന്‍ അവിടെ താമസിച്ചിരുന്നത്. രണ്ട് മാസമായിട്ടും എന്നെ ഒന്നും അവര്‍ കാര്യമായി പഠിപ്പിച്ചിരുന്നില്ല. എനിക്ക് വിഷമം തോന്നി.

കലാമണ്ഡലത്തിലേക്ക്
ആ കാലത്താണ് ട്രൂപ്പിന് സിലോണില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. എന്നെ കൊണ്ടുപോകുമെന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെ ഞാന്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് എന്നെ കൊണ്ടുപോകുന്നില്ല എന്ന വിവരം അറിയുന്നത്. ഈ കാര്യം ഞാന്‍ വീട്ടില്‍ അറിയിച്ചതോടെ    അച്ഛന്‍ എന്നെ തിരിച്ച് വീട്ടില്‍ കൊണ്ടുപോയി വീണ്ടും സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അച്ഛന്‍ വന്ന ദിവസം രാജരത്നം മാഷ് അവിടെയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഇവളെ കൊണ്ടുപോകരുത്, ഇവള്‍ നല്ല ഭാവാഭിനയം ഉള്ളവളാണ്’. എന്നെ കലാമണ്ഡലത്തില്‍ ചേര്‍ക്കാനും പറഞ്ഞു. അവിടെ ഫീസ് നല്‍കി പഠിപ്പിക്കാന്‍ കഴിയാത്തതിനാല്‍ എന്നെ വീട്ടില്‍ കൊണ്ടുപോകാന്‍ തന്നെ അച്ഛന്‍ തീരുമാനിച്ചു. എന്നാല്‍, മാഷ് അതിന് സമ്മതിച്ചില്ല. അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ മാഷിന്‍െറ ശിക്ഷണത്തില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. അതിലൊരാളാണ് മോഹന തുളസി. അവരിപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു. ഇപ്പോഴും കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്. അന്ന് മാഷിന്‍െറ അമ്മ ഞങ്ങള്‍ക്ക് ചോറൊക്കെ കൊണ്ടുവന്നു തരുമായിരുന്നു. ഞാന്‍ ഒരു വര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ മാഷ് പാലക്കാട്ടേക്ക് താമസം മാറ്റി. ഞങ്ങളും അപ്പോള്‍ പാലക്കാട്ടേക്കു പോയി.

നാടകത്തിലേക്ക്
പാലക്കാട്ട് താമസിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. ഏരൂര്‍ വാസുദേവന്‍ എന്ന  എഴുത്തുകാരന്‍  പാലക്കാട് വന്ന് എന്നെ കണ്ടു. ആരുടെ പ്രേരണയാലാണ് എന്നറിയില്ല. അദ്ദേഹവും പി.ജെ. ആന്‍റണിയും ചേര്‍ന്നൊരുക്കുന്ന ‘മുന്തിരിച്ചാറില്‍ കുറെ കണ്ണുനീര്‍ ’ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിച്ചു. എനിക്ക് ഭയമായി. ഇതുവരെ അഭിനയിച്ചിട്ടില്ലല്ളോ. ഞാന്‍ റിഹേഴ്സല്‍ സമയത്ത് പി. ജെ. ആന്‍റണിയുടെ വഴക്ക് ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് നൃത്തത്തോട് കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍ അഭിനയിക്കുമ്പോള്‍ നൃത്തം കയറിവരും. ഭരതനാട്യം കളിക്കാന്‍ നില്‍ക്കുവാണോയെന്ന് ചോദിച്ച് പലരും കളിയാക്കുമായിരുന്നു. ട്രീസ എന്ന നായികയുടെ വേഷത്തിലാണ് അഭിനയിച്ചത്.അങ്ങനെ ആദ്യ നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

അച്ഛന്‍ തന്നെയാണ് എന്നെ കെ.പി.എ. സിയിലും കൊണ്ടുവന്നത്. അന്ന് വിജയമ്മ ചേച്ചിയൊക്കെ അവിടെയുള്ള സമയമാണ്. ചേച്ചിയന്ന് പൂര്‍ണ ഗര്‍ഭിണിയാണ്. അവരെടുക്കുന്ന ചെറിയൊരു റോള്‍ എനിക്ക് കിട്ടുകയായിരുന്നു. അഭിനയത്തിന്‍െറ കാര്യങ്ങള്‍ പഠിക്കാനായി ഞാന്‍ ചേച്ചിയുടെ വീട്ടിലേക്കു പോകുമായിരുന്നു. വിജയമ്മച്ചേച്ചി എനിക്ക് അഭിനയത്തിന്‍െറ ചില ബാലപാഠങ്ങളൊക്കെ പഠിപ്പിച്ചു തന്നു. ഒ. മാധവന്‍ സാറായിരുന്നു അന്ന് കെ.പി.എ.സിയുടെ സെക്രട്ടറി. ‘മുടിയനായ പുത്രനിലെ’ ശാരദ എന്ന കൊച്ചു പെണ്‍കുട്ടിയുടെ റോള്‍ ആണെന്നു തോന്നുന്നു ഞാന്‍ അന്ന് അഭിനയിച്ചത്. അങ്ങനെയിരിക്കെയാണ് തോപ്പില്‍ ഭാസി ‘പുതിയ ആകാശവും പുതിയ ഭൂമിയും’ എന്ന നാടകമെഴുതുന്നത്. അതില്‍ എനിക്കൊരു റോളുണ്ടായിരുന്നു. എന്‍െറ ഉള്ളിലെ നടിയെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഭാസി സാര്‍. അദ്ദേഹം ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത് ഞാന്‍ ക്ഷമയോടെ കേട്ടിരുന്നു പഠിക്കും. അന്നുവരെ നൃത്തവും കുറച്ചു ഡയലോഗുമെല്ലാം പറഞ്ഞുനടന്ന ഞാന്‍, എന്താണ് അഭിനയമെന്ന് തിരിച്ചറിഞ്ഞത് ഭാസി സാറിനൊപ്പം വര്‍ക്കു ചെയ്തതോടെയാണ്. എപ്പോഴും ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഗുരുക്കന്മാരാണ് ഭാസി സാറും രാജരത്നം മാഷും.

‘പുതിയ ആകാശവും പുതിയ ഭൂമിയും’എന്ന നാടകത്തിലെ ലതിക എന്ന കഥാപാത്രം പ്രേക്ഷകരെ ആകര്‍ഷിച്ചതോടെ പിന്നീട് അഭിനയത്തിന്‍െറ തിരക്കു തന്നെയായിരുന്നു. വിജയമ്മച്ചേച്ചി പ്രസവം കഴിഞ്ഞു തിരിച്ചത്തെിയെങ്കിലും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങി. കെ.പി.എ.സി എന്നു പറഞ്ഞാല്‍ ഞങ്ങളൊരു കുടുംബത്തെപ്പോലെയായിരുന്നു. കെ.പി.എ.സി സുലോചന, കെ.എസ്.ജോര്‍ജ്, തിലകന്‍ എന്നിവരൊക്കെ ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഞങ്ങളെല്ലാവരും ഒരുമിച്ചുള്ള യാത്രകള്‍ രസകരമായിരുന്നു. ‘യുദ്ധകാണ്ഡം’ എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണെന്ന് തോന്നുന്നു കെ.പി.എ. സി ലളിത ഇവിടേക്ക് വരുന്നത്.

സിനിമയിലും
അങ്ങനെ നാടകാഭിനയം സജീവമായ സമയത്താണ് സിനിമയിലും മുഖം കാണിക്കുന്നത്. ഭാസി സാര്‍ തന്നെയാണ് സിനിമയിലേക്കു വിളിച്ചത്. അദ്ദേഹം തന്നെ തിരക്കഥ എഴുതിയ ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സിനിമയാക്കിയപ്പോള്‍ അതില്‍ ആദ്യം അഭിനയിച്ചു. ‘മുടിയനായ പുത്രന്‍’, ‘അമ്മയെ കാണാന്‍’, ‘അധ്യാപിക’ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അമ്മയെ കാണാന്‍ എന്ന സിനിമയില്‍ ചെറിയ റോളാണെങ്കിലും മധുവിന്‍െറ ജോടിയായാണ് അഭിനയിച്ചത്. അദ്ദേഹമിപ്പോള്‍ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ല. നാടകാഭിനയം കണ്ടിട്ടാണ് പലരും സിനിമയിലേക്ക് വിളിച്ചത്. അങ്ങനെ ചിലപ്പോഴൊക്കെ മദ്രാസിലേക്കും വണ്ടികയറി.

തുലാഭാരവും വിടവാങ്ങലും
സിനിമയില്‍ അഭിനയിച്ചതിനു ശേഷമാണ് തുലാഭാരം നാടകത്തില്‍ എത്തുന്നത്. ഇതിലെ അഭിനയം കണ്ട് മാധ്യമങ്ങള്‍ നിരവധി ഫീച്ചര്‍ എഴുതി. ഭാസി സാറിന്‍െറ കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായത് തുലാഭാരത്തിലെ വിജയയാണ്. തുലാഭാരത്തിലെ അഭിനയം കഴിഞ്ഞിറങ്ങുമ്പോള്‍ സ്റ്റേജിനു ചുറ്റും അഭിനന്ദിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. നിരവധി കത്തുകളാണ് എനിക്ക് കിട്ടിയത്. കെ.പി.എ.സിയില്‍ വരെ എത്തി ആള്‍ക്കാര്‍ അഭിനന്ദിച്ചു. തുലാഭാരം ആണ് അവസാനമായി അഭിനയിച്ച നാടകം. അഭിനയജീവിതത്തിന് ഇടയില്‍ കെ.പി. എ.സിയിലെ തന്നെ കലാകാരനായിരുന്ന ഡേവിഡിനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ അഭിനയരംഗം വിട്ടു. എന്നെ ഇപ്പോള്‍ ഈ ഫീല്‍ഡ് തന്നെ മറന്നുപോയി. കെ.പി.എ.സിയില്‍ ആദ്യകാലത്ത് നായികാ കഥാപാത്രങ്ങളെ പ്രധാനമായും അവതരിപ്പിച്ചിരുന്നത് സുലോചനയായിരുന്നു. ബിയാട്രിസും ഞാനുമൊക്കെ ഒരേ കാലത്തുണ്ടായിരുന്നവരാണ്. അടൂര്‍ ഭവാനി അമ്മ വേഷമാണ് അന്ന് കൈകാര്യം ചെയ്തിരുന്നത്. കെ.പി ഉമ്മര്‍, കെ.പി.എ.സി ഖാന്‍, ആലുംമൂടന്‍, കെ.പി.എ.സി ജോണ്‍സണ്‍,  പൊന്‍കുന്നം രവി, കെ.പി.എ.സി ലളിത, ഗ്രേസി, ശ്രീലത എന്നിവരും എന്‍െറ സമകാലികരായിരുന്നു. മുടിയനായ പുത്രന്‍, സര്‍വേക്കല്ല്, യുദ്ധകാണ്ഡം, അശ്വമേധം, ശരശയ്യ, കൂട്ടുകുടുംബം, തുലാഭാരം എന്നീ പേരുകേട്ട കെ.പി.എ.സി നാടകങ്ങളില്‍ 15 വര്‍ഷത്തോളം  അഭിനയിച്ചു. തോപ്പില്‍ ഭാസിയുടെ അതുവരെയുള്ള എല്ലാ നാടകങ്ങളിലും അഭിനയിക്കാന്‍ സാധിച്ചത് മഹാഭാഗ്യമാണ്. കെ.എസ്. ജോര്‍ജിന് നിശ്ചയിച്ചിരുന്ന പുരുഷവേഷം ഒരിക്കല്‍ ഞാന്‍ ചെയ്തു.

നെഹ്റുവിന്‍െറ അഭിനന്ദനം
കെ.പി.എ.സി ലളിതയുമായി ഒരുമിച്ച് ഏഴുവര്‍ഷമാണ് അഭിനയിച്ചത്. ലളിത എന്നെ കാണാന്‍ ഈയിടെ വീട്ടില്‍ വന്നിരുന്നു. കേരളത്തിലും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഞാന്‍ കെ.പി.എ. സിയുടെ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് നാടക പ്രവര്‍ത്തകരെ ഇന്നത്തെ സിനിമാ സ്റ്റാറുകളെപ്പോലെയാണ് സമൂഹം കണ്ടിരുന്നത്. ഒരിക്കല്‍ ഡല്‍ഹിയില്‍ നാടകം അവതരിപ്പിക്കുമ്പോള്‍  അതുകണ്ട ജവഹര്‍ലാല്‍ നെഹ്റു നേരിട്ടുവന്ന് അഭിനന്ദിച്ചത് മറക്കാന്‍ കഴിയില്ല. നാട്ടില്‍ ഒരിക്കല്‍ നാടകം അഭിനയിക്കുമ്പോള്‍ സത്യന്‍ കൈയടിച്ചുകൊണ്ടു സ്റ്റേജിലേക്ക് കയറിവന്നു. അഭിനയം നന്നായി എന്നു പറഞ്ഞു. ഭാവാഭിനയത്തിന്‍െറ സര്‍വ അതിരുകളെയും ലംഘിക്കുന്ന അഭിനയമാണ് എന്‍േറത് എന്നാണ് വിജയമ്മ ചേച്ചി പറഞ്ഞത്. അഭിനയം കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി നിരവധി പേര്‍ അഭിനന്ദിച്ചതും ഓര്‍ക്കുന്നു. അത് അങ്ങനെയൊരു കാലം.

വലിയൊരു നടിയാകാനുള്ള എല്ലാ അവസരങ്ങളും ലഭിച്ചിട്ടും അതിനുള്ള കഴിവുണ്ടായിട്ടും വിവാഹം കഴിഞ്ഞതോടെ എഴുപതുകളില്‍ ലീല അഭിനയരംഗത്തു നിന്നും വിടവാങ്ങുകയായിരുന്നു. എന്നാല്‍, അതില്‍ അവര്‍ക്ക് ദു$ഖമൊന്നുമില്ല. കൂടെ അഭിനയിച്ചവര്‍ വലിയ സിനിമാ അഭിനേതാക്കളായതില്‍ സന്തോഷം മാത്രമാണുള്ളത്. കമലിന്‍െറ ‘നടന്‍’ സിനിമ ഇറങ്ങിയ സമയത്ത് പഴയകാല നാടക പ്രവര്‍ത്തകരെ ആദരിക്കുന്ന പരിപാടി തിരുവനന്തപുരത്ത് നടന്നു. അന്നാണ് വര്‍ഷങ്ങള്‍ക്കുശേഷം സുഹൃത്തുക്കളെ പലരെയും ലീല കാണുന്നത്. അത് അവരെ അഭിനയ കാലത്തിലേക്ക് കുറച്ചു സമയത്തേക്കെങ്കിലും കൂട്ടിക്കൊണ്ടുപോയി. ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതൊന്നും സാധിക്കില്ളെന്ന ബോധ്യത്തോടെ കൊല്ലത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ലീലയിപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.