ഗര്‍ഭധാരണം മാറ്റിവെക്കൂ; പ്രതിഫലം തരാമെന്ന് ഐ.ടി കമ്പനികള്‍

സാന്‍ഫ്രാന്‍സിസ്കോ: തൊഴിലിടങ്ങളില്‍ പുതിയ പരീക്ഷണത്തിന്  ഐ.ടി കമ്പനികള്‍ അരങ്ങൊരുക്കുന്നു. കേട്ടാല്‍ അല്‍പം കൗതുകവും അമ്പരപ്പുമുണ്ടാക്കുന്നതാണ് കാര്യം. തൊഴില്‍ കാലയളവില്‍ നിങ്ങളുടെ അണ്ഡം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ഞങ്ങള്‍ക്കു നല്‍കൂ. പിന്നീട് കുഞ്ഞുങ്ങളെ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ക്കവ തിരിച്ചു നല്‍കാം എന്നാണ് പ്രമുഖ ഐ.ടി ഭീമര്‍മാരായ ആപ്പിളും ഫെയ്സ്ബുക്കും  വനിതാ ജീവനക്കാര്‍ക്ക് നല്‍കുന്ന ‘ആകര്‍ഷക’ വാഗ്ദാനം. അണ്ഡത്തിനു പകരം വന്‍തുകയാണ് പ്രതിഫലമായി ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കുന്നത്. തൊഴില്‍ കാലയളവില്‍ മുഴുവനായി അണ്ഡം നല്‍കുന്ന ജീവനക്കാരിക്ക്  20000ഡോളര്‍ (ഏകദേശം 12 ലക്ഷം രൂപ) വരെയാണ് കമ്പനികള്‍ നല്‍കുക. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഈ നീക്കം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടല്ലാതെ തന്നെ സ്ത്രീയുടെ അണ്ഡം ഫ്രീസറില്‍ സൂക്ഷിക്കുന്ന രീതിക്ക് സാങ്കേതിക തൊഴില്‍ മേഖലയില്‍ ഇതിനകം തന്നെ ഫെയ്സ്ബുക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്ത്രീകള്‍ക്ക് ഏറ്റവും നല്ല രീതിയില്‍ തൊഴിലെടുക്കാന്‍ അവസരമൊരുക്കുകയും ഒപ്പം അവരുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും നഷ്ടപ്പെടുത്താതെ കുടുംബത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.  ഇതുവഴി സ്ത്രീകള്‍ക്ക് കൂടുതല്‍ മണിക്കൂറുകള്‍ തൊഴിലിടങ്ങളില്‍ ചെലവഴിക്കാമെന്നും തൊഴിലില്‍ ഏറ്റവും മികവു പുലര്‍ത്താമെന്നും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു.

തിരക്കുകള്‍ ഒഴിഞ്ഞ് സ്വസ്ഥമാവുന്ന സമയത്ത് ഗര്‍ഭധാരണത്തിന് സ്ത്രീകളെ സഹായിക്കുന്നു എന്നതാണ് ഇതിന്‍റെ നേട്ടമായി പറയുന്നത്. അര്‍ബുദം പോലുള്ള അസുഖം പിടിപെട്ട സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ ചികില്‍സയുടെ ഭാഗമായി അണ്ഡം ഫ്രീസറില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നത്. സാധാരണ ഗതിയില്‍  ഒരു വര്‍ഷത്തേക്ക് 10,000ഡോളര്‍ (ആറു ലക്ഷം രൂപ)വരെയാണ് ചെലവ്. പിന്നീടുള്ള ഓരോ വര്‍ഷവും ഇങ്ങനെ സൂക്ഷിക്കാന്‍ 500 ഡോളര്‍ വിനിയോഗിക്കേണ്ടി വരും. ഏറെ ചെലവു വരുന്നതാണെങ്കിലും ഈ പ്രവൃത്തിക്ക് സ്ത്രീകളുടെ ഇടയില്‍ സ്വീകാര്യത ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

സീറോ ഡിഗ്രിയിലും താഴെ സ്ത്രീകളുടെ അണ്ഡം ഭാവിയിലെ ഉപയോഗത്തിനായി അതുപോലെ സൂക്ഷിച്ചുവെക്കുന്നു. 27 വയസ്സുമുതല്‍ അണ്ഡത്തിന്‍റെ അതിജീവന ക്ഷമത ചെറിയ തോതില്‍ കുറയാന്‍ തുടങ്ങും. 34,35 വയസ്സാവുമ്പോഴേക്ക് ആരോഗ്യം ദുര്‍ബലമാവുന്നു. എന്നാല്‍, 40- 44 വയസ്സിനിടയില്‍ ആദ്യ ഗര്‍ഭം ധരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകള്‍ ആദ്യ ഗര്‍ഭധാരണം വൈകിയ പ്രായത്തിലേക്ക് നീക്കിവെക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യകാലത്തെ അണ്ഡം സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും മൗണ്ട് സിനായ് ആശുപത്രിയിലെ വന്ധ്യതാ സ്പെഷലിസ്റ്റ് ഡോകട്ര്‍ അലന്‍ കോപ്പര്‍മാന്‍ പറഞ്ഞു.

വനിതാ തൊഴിലാളികളുടെ ജൈവ ഘടികാരവും സമയ ഘടികാരവും തമ്മില്‍ ഉള്ള സംഘര്‍ഷത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുന്ന ഒരു നീക്കമാണ് ഇതെന്ന് ക്ളേമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെന്‍റര്‍ റിസേര്‍ച് അറ്റ് സ്റ്റാന്‍ഡഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഷെല്ലി കരോര്‍ പറയുന്നു. ഗര്‍ഭധാരണ സമയത്ത് സ്ത്രീകള്‍ക്ക്  അതിന്‍മേല്‍ കൂടുതല്‍ കരുതല്‍ നല്‍കാന്‍ ആവുമെന്നും ഇത് പ്രൊഫഷണലുകളായ സ്ത്രീകളെ ഏറെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജോലിയില്‍ ഏര്‍പ്പെടുന്ന സമയം അതു തന്നെയാണ് പ്രധാനം. തൊഴില്‍ കെട്ടിപ്പടുക്കുന്ന സമയമായിരിക്കും സ്ത്രീകളുടെ പ്രത്യുല്‍പാദന കാലയളവും. എന്നാല്‍, പ്രത്യുല്‍പാദന ശേഷി ഏറ്റവും നല്ല രീതിയില്‍ ഭാവിയിലേക്ക് നീക്കി വെക്കാനാവുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു കഴിഞ്ഞു ഈ വര്‍ത്ത. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരങ്ങള്‍ വന്നു കഴിഞ്ഞു. തൊഴില്‍ ചൂഷണത്തിന്‍റെ പുതിയ മുഖമായി ഇതിനെ ചൂണ്ടിക്കാണിക്കുന്നവരും കുറവല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.