കുട്ടികളെ സ്കൂളിലേക്കയക്കുന്നതെന്തിനാണ്? പേരുകേട്ട സ്കൂളുകളില്‍ കനത്ത ഡൊണേഷന്‍ കൊടുത്ത് അഡ്മിഷന്‍ തരപ്പെടുത്തി, അതിനൊപ്പം ട്യൂഷനും ഏര്‍പ്പെടുത്തി കണ്ണിലെണ്ണയൊഴിച്ച് കുട്ടികളെ നിരീക്ഷിക്കുന്ന ഏതൊരു രക്ഷാകര്‍ത്താവും ഈ ചോദ്യം കേട്ട് നെറ്റിചുളിക്കും. ‘നല്ല വിദ്യാഭ്യാസം കൊടുത്താലെ കുട്ടിയുടെ ഭാവി നന്നാകൂ. ഉയര്‍ന്ന വിദ്യാഭ്യാസം, ജോലി, വേതനം, വിവാഹം, കുടുംബം, കുട്ടികള്‍, സന്തോഷകരമായ ജീവിതം...’ കുട്ടിയുടെ സമ്പൂര്‍ണ ഭാവിക്കുവേണ്ടിയാണ് കുട്ടിയുടെയും രക്ഷാകര്‍ത്താവിന്‍െറയും പതിറ്റാണ്ടുകളുടെ ഈ അധ്വാനം. എന്നാല്‍, ഒരു കുട്ടിക്ക് മേല്‍പറഞ്ഞ ഭാവിഘടകങ്ങള്‍ നേടാന്‍ സ്കൂളുകളില്‍ പോകാതെ കഴിയുമെങ്കിലോ. അതെങ്ങനെ എന്ന് അമ്പരക്കാന്‍ വരട്ടെ. ഈ പറയുന്നത് ഗൗതം സാരംഗാണ്. ഒരിക്കലും സ്കൂളില്‍പോയി പഠിച്ചിട്ടില്ലാത്ത കുട്ടി.
ഓര്‍മയില്ളേ നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മനംമടുത്ത് അധ്യാപകവൃത്തി ഉപേക്ഷിച്ച സാരംഗ് ഗോപാലകൃഷ്ണനെയും വിജയലക്ഷ്മി ടീച്ചറെയും. സ്കൂളിലേക്ക് വിടാതെ വളര്‍ത്തിയ അവരുടെ മകന്‍ ഗൗതമിനെക്കുറിച്ച് എത്രയോ തവണ മാധ്യമങ്ങള്‍ ഫീച്ചറുകളെഴുതി. സ്കൂളുകളില്‍ വിടാതെ വളര്‍ത്തിയാലും തങ്ങളുടെ മകന്‍ മിടുക്കനായി വളരുമെന്ന സാരംഗ് ഗോപാലകൃഷ്ണന്‍െറയും വിജയലക്ഷ്മിയുടെയും അവകാശവാദം പതിറ്റാണ്ടുകള്‍ക്കുമുമ്പ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായി. ഒഴുക്കിനെതിരെ ഒരാളുടെ പരീക്ഷണം അതും കുട്ടിയുടെ ഭാവിയെ വെച്ചുള്ള കളിയായതിനാല്‍ നിരുത്സാഹപ്പെടുത്തണമെന്ന വാദങ്ങളും ഉയര്‍ന്നു. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന് എന്തെല്ലാം കോട്ടങ്ങള്‍ ഉണ്ടായാലും കുട്ടിയെ സ്കൂളിലയക്കാതിരുന്നാല്‍ എന്തായിരിക്കും ഫലം എന്ന ചോദ്യം ഒരു സമൂഹം മുഴുവന്‍ ഗോപാലകൃഷ്ണന്‍ മാഷിനോടും ഭാര്യയോടും ചോദിച്ചു. എന്നാല്‍ ചോദിച്ചവരോടെല്ലാം ഇരുവരും പറഞ്ഞത് കാലം തെളിയിക്കട്ടെ എന്നായിരുന്നു. ഇതാ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഗൗതമിന് ഈ കാലത്തിനിടക്ക് എന്തൊക്കെ സംഭവിച്ചു? ജീവിതവഴികളിലെ അനുഭവങ്ങള്‍ എന്തെല്ലാം, ഇപ്പോഴത്തെ അവസ്ഥ... ചോദ്യങ്ങള്‍ക്ക് ഗൗതംതന്നെ മറുപടി പറയുകയാണ്.
മണ്ണും പ്രകൃതിയും പഠിച്ച്
ചൂളം കുത്തുന്ന ശക്തമായ കാറ്റുള്ള ആ മലമടക്കില്‍ മരങ്ങളോ നീരുറവകളോ ഇല്ലാതിരുന്നിട്ടും അവര്‍ ആ ഭൂമി തെരഞ്ഞെടുക്കുകയായിരുന്നു. മണ്ണൊലിപ്പായിരുന്നു അവിടത്തെ പ്രശ്നം. അച്ഛനുമമ്മയും അവിടെ താമസമാക്കിയശേഷം വെള്ളമെടുക്കാന്‍ പോയത് ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള ശിരുവാണിപ്പുഴയില്‍. ഒപ്പം മണ്ണൊലിപ്പ് തടയാന്‍ മണ്ണിന് പുതയിട്ടു. മഴയത്ത് വളരുന്ന ചെറുസസ്യങ്ങളെ പറിച്ചെടുത്ത് മണ്ണില്‍തന്നെയിടുന്ന ഈ വിദ്യയും മറ്റും മണ്ണൊലിപ്പ് തടയാനുള്ള മാര്‍ഗമായി. പ്രകൃതിയോട് മല്ലിടുന്ന മാതാപിതാക്കളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എനിക്കൊപ്പം രണ്ടുമൂന്ന് കുട്ടികളും അവിടെയുണ്ടായിരുന്നു. അട്ടപ്പാടിയിലുള്ള സാമ്പത്തികമായി തീരെ താഴ്ന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു അവര്‍. അങ്ങനെ1989 ല്‍ അച്ഛന്‍ അധ്യാപകജോലി പൂര്‍ണമായും ഉപേക്ഷിച്ചു. പിന്നാലെ അമ്മയും.
ഇതിനിടെ സാംരംഗില്‍ 36 ഏക്കര്‍ ഭൂമി അവര്‍ പലപ്പോഴായി വാങ്ങിയിരുന്നു. പതിയെ പതിയെ ഞാനും അവരുടെ പരീക്ഷണങ്ങളുടെ സാക്ഷിയും സഹായിയും ഒക്കെയായി. മഴ വരുമ്പോള്‍ മണ്ണൊലിച്ചുപോകാതിരിക്കാന്‍ ഞാനും കൊതിച്ചു. ഒലിച്ചുപോകാതിരുന്ന മണ്ണില്‍ ചെറുസസ്യങ്ങള്‍ നാമ്പിട്ടപ്പോള്‍ അച്ഛനുമമ്മക്കുമൊപ്പം ഞാനും ആഹ്ളാദിച്ചു. നല്ല മണ്ണുണ്ടാകുക എന്നാല്‍ നല്ല ആരോഗ്യം ഉണ്ടാകുക എന്നു പഠിച്ചത് അങ്ങനെയാണ്. മാതാപിതാക്കളില്‍നിന്നും അവരുടെ സുഹൃത്തുക്കളായ പരിസ്ഥിതി പ്രവര്‍ത്തകരില്‍നിന്നും ശാസ്ത്രജ്ഞരില്‍നിന്നുമൊക്കെ ഞാന്‍ അറിവ് നേടി. സാരംഗിലത്തെുന്ന സന്ദര്‍ശകരില്‍ ജീവിതത്തിന്‍െറ പല തുറകളില്‍ നിന്നുള്ളവരുണ്ടായിരുന്നു. വിപ്ളവകാരികള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. ഏതൊരു സര്‍വകലാശാലയെക്കാളും എനിക്ക് അവ പ്രയോജനപ്പെട്ടു.
തരിശായ മലയില്‍ മണ്ണൊലിപ്പ് നിന്നു. ജീവിക്കാന്‍ വേണ്ടതെല്ലാം സ്വന്തമായി ഉണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പത്രക്കാര്‍ കൗതുകകരമായ ഞങ്ങളുടെ ലോകം കാണാന്‍ കുന്നുകയറി വന്നു. വാര്‍ത്തകള്‍ കണ്ട് കുറെപ്പേരും വന്നു. അവരില്‍ ചിലരുടെ കുട്ടികളെയും എനിക്കൊപ്പം ഇവിടെ നിര്‍ത്തിപ്പോയി. എന്‍െറ കസിനായ മമാസിനെ ഇവിടെ കൊണ്ടുവന്നു. സ്കൂളില്‍നിന്ന് ആറാം ക്ളാസിലെ പഠനം നിര്‍ത്തിയാണ് അവന്‍ ഇവിടെയത്തെിയത്. 10 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ ഇരുവരും കട്ടപ്പനയില്‍ ഒരു ഗുരുകുലത്തില്‍പോയി കളരി പഠിച്ചു. ഇപ്പോള്‍ ചലച്ചിത്ര സംവിധായകനാണ് മമാസ്. ‘പാപ്പി അപ്പച്ചാ’ അടക്കമുള്ള സിനിമകള്‍ ചെയ്തിട്ടുണ്ട് അവന്‍. എനിക്ക് 16 വയസ്സുള്ളപ്പോള്‍ 1995ല്‍ ഒരു അനുജത്തി പിറന്നു. ‘കണ്ണകി’. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത അനുജത്തി ‘ഉണ്ണിയാര്‍ച്ച’യും ജനിച്ചു.
ഇതിനിടയില്‍ ചെക്ഡാമുകള്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അച്ഛനമ്മമാര്‍ പണം പലിശക്കെടുത്തിരുന്നു. കൂലി കൊടുക്കാനും മറ്റും പണമില്ലാതെയായപ്പോള്‍ കുറച്ച് ഭൂമി വില്‍ക്കേണ്ടിവന്നു. എന്നിരുന്നാലും സാമ്പത്തിക ബാധ്യത കൂടിവന്നു.
ഇതിനിടെ കളരിപ്പയറ്റിനൊപ്പം ഞാന്‍ ഭരതനാട്യം, യോഗ ഒക്കെ പഠിച്ചിരുന്നു. എല്ലാം ഓരോ സ്ഥലങ്ങളില്‍നിന്നായിരുന്നു. എന്നാല്‍, എന്‍െറ അനുജത്തിമാര്‍ക്കും നൃത്തവും കളരിയുമൊക്കെ പഠിക്കാന്‍ അവസരമുണ്ടാകണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍, അട്ടപ്പാടിയില്‍ ഇതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാല്‍, 2006ല്‍ ചാലക്കുടിയില്‍ ഒരു വാടകവീടെടുത്ത് അങ്ങോട്ടേക്ക് മാറി.
അവിടെ അനുജത്തിമാര്‍ നൃത്ത വും കളരിയും അഭ്യസിക്കാന്‍ തുടങ്ങി. ഒപ്പം, നിരവധി കുട്ടികള്‍ അനൗപചാരിക വിദ്യാഭ്യാസം നേടാന്‍ അച്ഛന്‍െറയും അമ്മയുടെയും അടുത്ത് എത്തുകയും ചെയ്തു. ഇതിനിടെ 2004 ല്‍ എനിക്കൊരു താല്‍ക്കാലിക ജോലി ലഭിച്ചു. ഗോവ ഫൗണ്ടേഷന്‍െറ കീഴില്‍ യുനസ്കോയുടെ പ്രോജക്ടില്‍ ഡോക്യുമെന്‍േറഷന്‍ റിസര്‍ച്ചര്‍ എന്ന തസ്തികയില്‍.
സാരംഗിലെ മൂന്നാം തലമുറ
ഗോവയില്‍ ഞാന്‍ രണ്ടരവര്‍ഷം ഉണ്ടായിരുന്നു. ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രോജക്ടിലും ഞാന്‍ പങ്കാളിയായി. ഇതിനൊന്നും സ്കൂള്‍, കോളജ് വിദ്യാഭ്യാസ യോഗ്യതകള്‍ അവര്‍ പരിഗണിച്ചതേയില്ല. എന്നാല്‍, അവരുടെ യോഗ്യതാ മാനദണ്ഡം എന്നത്
സാരംഗിലേക്കു വന്ന് സുഹൃത്തായി മാറിയ ആളാണ് അനു. നിങ്ങളുടെ ജീവിതമാണ് ശരിയെന്ന് അനു പറഞ്ഞപ്പോള്‍ ആദ്യം വിചാരിച്ചില്ല ഇയാള്‍ നമ്മുടെ ജീവിതസഖിയായേക്കുമെന്ന്. എന്‍ജിനീയറായ അനു പൊള്ളയായ വിദ്യാഭ്യാസത്തെ വിമര്‍ശിക്കുന്ന ആളായിരുന്നു. അങ്ങനെ വിവിധ സാമ്യങ്ങള്‍ ഞങ്ങളെ ഒരുമിച്ചു ജീവിക്കാന്‍ പ്രേരിപ്പിച്ചു. യഥാര്‍ഥത്തില്‍ വിവാഹം കഴിക്കില്ളെന്നു തീരുമാനിച്ച ആളായിരുന്നു അനു.
വിവാഹം വളരെ ലളിതമായിരുന്നു. അഗളിയില്‍ എല്‍.പി സ്കൂള്‍ വാടകക്കെടുത്തു. ചടങ്ങുകളും സദ്യയും ഇല്ലായിരുന്നു. എന്നാല്‍ പരിപ്പുവടയും കുമ്പിളപ്പവും തേന്‍വെള്ളവും നല്‍കി. കൂടാതെ, ഇന്ത്യയിലെ വിവാഹ കമ്പോളത്തെപ്പറ്റിയും എന്തുകൊണ്ട് ഞങ്ങള്‍ വിവാഹധൂര്‍ത്ത് ഒഴിവാക്കി എന്ന പ്രസന്‍േറഷനും ഞാനും അനുവും ചേര്‍ന്ന് നടത്തി.
ഇപ്പോള്‍ ഞങ്ങള്‍ സാരംഗ് ഹില്‍സില്‍ ഉണ്ട്. ഞങ്ങള്‍ക്ക് രണ്ടു മക്കള്‍. മൂത്തമകള്‍ ഹിരണ്യക്ക് നാലര വയസ്സ്. ഇളയ മകന്‍ പാര്‍ത്ഥന് ഒന്നേമുക്കാല്‍ വയസ്സും. ഇവിടെ ഞങ്ങളുടെ ജീവിതം നന്നായിപോകുന്നു. സാരംഗ് ഹില്‍സിലെ മൂന്നാംതലമുറയെ ഞങ്ങള്‍ക്ക് അറിയുന്ന രീതിയില്‍ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കണം. അതാണ് ലക്ഷ്യം. ഹിരണ്യയെയും ഞങ്ങള്‍ വിടില്ല. അക്ഷരമൊന്നും അറിയില്ളെങ്കിലും അവള്‍ സ്വന്തമായി കവിതകള്‍ ഉണ്ടാക്കും. അനു അതൊക്കെ എഴുതിയെടുത്തുവെച്ചിട്ടുണ്ട്. ഞാനും അനുവുംകൂടി ഇവിടെ അടുക്കളക്കായി ഒരു കെട്ടിടം ഉണ്ടാക്കി. മണ്ണും മുളയും ഒക്കെ വെച്ച്. പലരും കണ്ടശേഷം അങ്ങനെ ഒരെണ്ണം അവര്‍ക്കും ഉണ്ടാക്കിക്കൊടുക്കാമോ എന്ന് ചോദിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ക്കും അവ ഉണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ, തങ്ങള്‍ക്കതിന് കഴിയില്ളെന്ന് അവര്‍ തന്നെ വിലയിരുത്തുന്നു. അതുകൊണ്ടാണ് വീട്ടുമുറ്റത്തെ പച്ചക്കറികൃഷിപോലും മാറ്റിവെച്ചശേഷം നാം തമിഴനെ ആശ്രയിക്കുന്നത്.
യഥാര്‍ഥത്തില്‍ ഭക്ഷണമടക്കമുള്ളവക്ക് അന്യസംസ്ഥാനക്കാരെ പരമാവധി ആശ്രയിക്കാതുള്ള ഒരു ജീവിതം സാധ്യമാണ് എന്നിരിക്കെ, നാം എന്തിനാണ് സഹായത്തിനായി ആരുടെയൊക്കെയോ മുന്നില്‍ കൈനീട്ടുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.