സമൂഹത്തില്‍ സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്നത് അവര്‍ക്ക് കഴിവുകള്‍ കുറഞ്ഞതു കൊണ്ടോ ശാരീരിക ക്ഷമതയില്ലാത്തതു കൊണ്ടോ അല്ല, മറിച്ച് സാമ്പത്തിക സ്വയംപ്രര്യാപ്തയില്ലാത്തതു കൊണ്ടാണ്. സ്ത്രീ സംരംഭകര്‍ കൂടുതലായി മുന്നോട്ടു വരാതിരിക്കുന്നതിന്‍റെ കാരണവും മൂലധനം തന്നെ. സര്‍ഗാത്മകതയെ വിപണി മൂല്യമുള്ള വസ്തുക്കളായി മാറ്റാന്‍ കഴിവുള്ള ഒരുപാട് സ്ത്രീകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിരവധി സ്ത്രീകള്‍ സംരംഭക മേഖലയിലുണ്ടെങ്കിലും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ പ്രയാസം നേരിടുന്നുണ്ട്. ഉത്പന്നങ്ങള്‍ക്ക് വിപണനവേദി കണ്ടെത്തുകയും സ്ത്രീകളുടെ കലാവാസന പരിപോഷിപ്പിക്കുകയുമാണ് 'സങ്കല്‍പ്' എന്ന സംഘടന ലക്ഷ്യമിടുന്നത്.
പാലക്കാട് സ്വദേശി പ്രിയ മേനോനാണ് സങ്കല്‍പിന്‍റെ സാരഥി. സ്ത്രീ സംരംഭകരെ ക്ഷണിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെ ത്താന്‍ പ്രദര്‍ശനമേളകള്‍ സംഘടിപ്പിക്കുകയാണ് 'സങ്കല്‍പ്' ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള സ്ത്രീ സംരംഭകര്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ജീവകാരുണ്യ സംഘടനകളുടെ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സങ്കല്‍പ് പ്രദര്‍ശനമേളകള്‍ സംഘടിപ്പിക്കുന്നത്.
വീട്ടുജോലികള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന ഇടവേളകളില്‍ പോലും തനിക്കറിയാവുന്ന കലകള്‍ക്കായി ചലിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. വീട്ടിലിരുന്ന് ചെയ്യുന്ന പെയിന്‍റിങ്ങുകള്‍, ആഭണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഷോ പീസുകള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവക്കുള്ള വിപണന സാധ്യതയാണ് 'സങ്കല്‍പ്' നല്‍കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രദര്‍ശനമേള എന്ന രീതിയില്‍ നടത്താനേ സങ്കല്‍പിനായിട്ടുള്ളൂ. പാലക്കാടും കൊച്ചിയിലുമാണ് പ്രദര്‍ശനങ്ങള്‍ ഇതുവരെ നടത്തിയിട്ടുള്ളത്. മുഴുവനും സ്ത്രീ പങ്കാളിത്തത്തോടെ ഇങ്ങനെ ഒരു ഇവന്‍റ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സ്ത്രീയെന്ന നിലയില്‍ അന്തോഷവും അഭിമാനവുമുണ്ട് ^പ്രിയാ മേനോന്‍ പറയുന്നു. 'സങ്കല്‍പ്' ലാഭം മുന്നില്‍ കണ്ടുള്ള മേളയല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രി വാസത്തിനിടെ കുട്ടികളും അവരുടെ സഹായികളും നിര്‍മിക്കുന്ന ആഭരണങ്ങളും പെയിന്‍റിങ്ങുകളും മറ്റ് കരകൗശല ഉത്പന്നങ്ങളും സങ്കല്‍പ് മേളയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിനായി ആരോഹിന് സ്റ്റാള്‍ സൗജന്യമായാണ് നല്‍കാറുള്ളത്. വിപണനമേളയില്‍ നിന്നും ലഭിക്കുന്ന തുക അവരുടെ ചികിത്സക്കായാണ് ചെലവഴിക്കുന്നത്. മാസങ്ങളോളം ആശുപത്രിയില്‍ തങ്ങുന്ന കുട്ടികളുടെയും അവരോടൊപ്പം നില്‍ക്കുന്ന അമ്മമാരുടെ മാനസികനില മെച്ചപ്പെടുത്തതിനും ഇത് സഹായിക്കുന്നു.
മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നും മേളയില്‍ പങ്കാളിത്തമുണ്ടാകാറുണ്ട്. അവര്‍ക്കും സ്റ്റാളുകള്‍ സൗജന്യമായി നല്‍കാനും അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നതിനും പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ടെന്നും പ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.