ഊരില്‍ മലകേറിയെത്തും ഒരു ഡോക്ടര്‍

ഇന്നലെവരെ കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു ജോഷ്നയുടേത്. ഇന്നവളുടെ മുഖത്ത് പുഞ്ചിരിയുണ്ട്. ഇതിനിടയില്‍ ഇന്നലെകളിലെ കണ്ണീര്‍ച്ചാലുകള്‍ കാണാം. ഇല്ലായ്മകള്‍ക്കും അവഗണനകള്‍ക്കുമൊപ്പം നാടാകെ മാറുമ്പോഴും തന്‍െറ ചുറ്റും ഭീതിയുടെ കാട് അവളറിഞ്ഞിരുന്നു. വഴികള്‍ കല്ലും മുള്ളും നിറഞ്ഞിരുന്നു. പക്ഷേ, തളരാന്‍ കൂട്ടാക്കിയില്ല. ഉള്ളില്‍ ഉറച്ച ചിന്തകളുണ്ടായിരുന്നു. ഈ ജീവിതം തോല്‍ക്കാനുള്ളതല്ളെന്നറിഞ്ഞു. അതിനുള്ള മനക്കരുത്ത് ജന്മസിദ്ധമായിരുന്നു. അറിയില്ളേ ജോഷ്നയെ, ആദിവാസി ഊരിന്‍െറ ഇരുട്ടില്‍ നിന്ന് ആയുര്‍വേദ മെഡിസിന്‍െറ ലോകത്തെത്തുന്ന കൊച്ചുമിടുക്കിയെ.

പുതിയ കാലത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വഴികളിലൂടെയാണ് അവള്‍ കഴുത്തില്‍ അഭിമാനത്തിന്‍െറ സ്റ്റെതസ്കോപ് അണിയാനൊരുങ്ങുന്നത്. പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ മെഡിസിന് ചേരുകയാണീ മിടുക്കി. കോഴിക്കോട് ജില്ലാതിര്‍ത്തിയായ വിലങ്ങാട്-കൂറ്റല്ലൂര്‍ ആദിവാസി കോളനിയിലെ തെനിയാടന്‍ വീട്ടില്‍ ഉഷയുടെ മകളാണ് ജോഷ്ന. വൃത്തിയുള്ള വസ്ത്രം പോലുമില്ലാത്ത കുട്ടിക്കാലം. മഴയത്തും പൊരിവെയിലത്തും ഒരുപോലെ നിന്ന കാലം. വിലങ്ങാട് മലയില്‍ തന്നെയുള്ള പാലൂര് എല്‍.പി സ്കൂളിലാണ് പഠനം തുടങ്ങിയത്. അന്നു വീട്ടില്‍ നിന്ന് മൂന്നു കി.മീ. നടക്കണം. പെരുമഴക്കാലത്ത് ക്ളാസില്‍ നനഞ്ഞിരുന്നതിന്‍െറ നിരവധി ഓര്‍മകളുണ്ട് ജോഷ്നക്ക്. പുസ്തകങ്ങളൊക്കെ പലപ്പോഴും നനഞ്ഞു കുതിര്‍ന്നു. പിന്നീട് പ്ളാസ്റ്റിക്ക് കവറില്‍ പുസ്തകം സംരക്ഷിച്ചു. മണ്ണെണ്ണ വിളക്കിന്‍െറ വെളിച്ചത്തില്‍ പഠനം. 10ാം തരത്തില്‍ പഠിക്കുമ്പോഴാണ് വൈദ്യുതി വെളിച്ചം വീട്ടിലെത്തിയത്.

യു.പി മുതലുള്ള പഠനം കോഴിക്കോട് കാരപ്പറമ്പ് ജി.വി.എച്ച്.എസ്.എസില്‍. ഹോസ്റ്റലില്‍ താമസം. അക്കാലത്താണ് പഠിച്ച് തന്‍െറ സമൂഹത്തിന് ഗുണകരമാവുന്ന തരത്തില്‍ വളരണമെന്ന് മനസ്സിലുറപ്പിച്ചത്. പഠനത്തെക്കുറിച്ചല്ലാതെ തന്‍െറ പ്രയാസത്തെക്കുറിച്ച് ചിന്തിക്കാറില്ളെന്ന് ജോഷ്ന പറയുന്നു. അപ്പോഴൊക്കെ അറിയാതെ ഡോക്ടറാവുകയെന്ന ചിന്ത മുളച്ചു. പുറത്തു പറഞ്ഞില്ല. അതിനുകാരണമുണ്ട്. തന്‍െറ കോളനി നേരിടുന്ന പ്രധാന പ്രശ്നം ഡോക്ടറില്ളെന്നുള്ളതാണ്. മലമുകളില്‍ നിന്ന് രോഗികളെ ചാക്കുകെട്ടി മഞ്ചലുണ്ടാക്കിയാണ് ടൗണിലുള്ള ആശുപത്രിയിലെ ത്തിക്കുക. ഗര്‍ഭിണികള്‍ പലപ്പോഴും ആശുപത്രിയിലേക്കുള്ള വഴിയില്‍ തന്നെ പ്രസവിക്കും. എന്തെങ്കിലുമൊരു പരിക്കുപറ്റിയാല്‍ മരുന്നുവെച്ചുകെട്ടാന്‍ പോലും പ്രയാസപ്പെടുന്നതു കണ്ടു. അപ്പോഴൊക്കെ മനസ്സിലുറപ്പിച്ചു, ഡോക്ടറാവണം. തന്‍െറ കോളനിയിലെ ഉറ്റവര്‍ക്ക് താങ്ങാവണമെന്ന്.

10ാം ക്ളാസ് 75 ശതമാനം മാര്‍ക്കോടെ വിജയിച്ചു. പിന്നെ വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു പഠനം. ഇക്കാലത്താണ് ഏറെ ദുരിതം നേരിട്ടത്. രണ്ടാനച്ഛനെക്കൊണ്ടുള്ള വീട്ടിലെ ശല്യം. രാത്രിയില്‍ മദ്യപിച്ചു വന്ന് പഠിക്കാന്‍ പോലും സമ്മതിക്കില്ല. കരഞ്ഞും ഭയന്നും ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍. ജനമൈത്രി പൊലീസില്‍ പരാതി പറഞ്ഞതോടെയാണ് ശല്യമൊഴിഞ്ഞത്. ഇക്കാലത്താണ് പഠനത്തിനും ഏറെ പ്രയാസം നേരിട്ടത്. രാവിലെ 6.30നും ഏഴിനും ഇടയില്‍ വീട്ടില്‍ നിന്നിറങ്ങണം. എങ്കില്‍ മാത്രമേ ഒമ്പതു മണിയോടെ വിലങ്ങാട് ടൗണിലെത്തൂ. മറ്റൊന്ന് അറിയണം, ജോഷ്നയുടെ വീടിനടുത്തുവരെ എത്തണമെങ്കില്‍ ജീപ്പ് വിളിക്കണം. ഇരുചക്രവാഹനങ്ങള്‍ക്കൊന്നും ഇവിടെ എത്താന്‍ കഴിയില്ല.

ജീപ്പിന് 400 മുതല്‍ 500വരെയാണ് കൂലി. ഇനി വിലങ്ങാട് ടൗണില്‍ നിന്ന് ഈ മലക്കുമുകളില്‍ ഓടിയെത്തണമെങ്കില്‍ ജീപ്പിന് ഒരു മണിക്കൂര്‍ സമയം വേണം. ഈ ദൂരമാണ് രണ്ടു മണിക്കൂര്‍ നടന്ന് ജോഷ്നയും കൂട്ടുകാരികളും പിന്നിടുന്നത്. വൈകീട്ടുള്ള നടത്തമാണ് പ്രയാസമെന്ന് ജോഷ്ന പറയുന്നു. വിലങ്ങാട് ടൗണിലേക്കുള്ള ബസില്ളെങ്കില്‍ രാത്രി എട്ടുമണിവരെയാകും വീട്ടിലെത്താന്‍. പിന്നെ ക്ഷീണത്താല്‍ ഉറങ്ങിപ്പോകും. പലപ്പോഴും ഭയം തോന്നി. തന്‍െറ സ്വപ്നങ്ങള്‍ തകര്‍ന്നുപോകുമെന്നു പോലും കരുതി. ഒരുവേള പ്ളസ്ടു വിജയിക്കുമോയെന്നുപോലും സംശയിച്ചു. ഇതിനിടയില്‍ നാളയുടെ ജീവിതത്തെ ഓര്‍ത്ത് തലയുയര്‍ത്തും. പിന്നെ പഠിക്കും. തളര്‍ന്നിരുന്നാല്‍ നമുക്കു തന്നെയാണ് നഷ്ടമെന്ന് ജോഷ്നയുടെ ജീവിതപാഠം. അങ്ങനെയാണ് പ്ളസ്ടുവിന് 68 ശതമാനം മാര്‍ക്കോടെ വിജയിക്കുന്നത്.

ജോഷ്നയുടെ വീടിനു മുന്നില്‍ വലിയ പാറക്കെട്ടാണ്. പിന്നില്‍ 200 മീറ്റര്‍ അകലെയാണ് കണ്ണൂര്‍ ജില്ലാതിര്‍ത്തിയിലെ കണ്ണവം കാട്. കാട്ടുമൃഗങ്ങള്‍ ഏറെ. സുരക്ഷിതത്വം ഏതുമില്ലാത്ത വീട്ടിലായിരുന്നു കുട്ടിക്കാലം. ഇപ്പോള്‍ ഒറ്റനില ഓടിട്ട വീടുണ്ട്. ജനലുകള്‍ പ്ളാസ്റ്റിക് കവറിട്ട് മൂടിയിരിക്കുകയാണ്. കുരങ്ങിന്‍െറയും കാട്ടുപന്നിയുടെയും ശല്യം കാര്‍ഷിക വിളകള്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍, തന്‍െറ ഇടം ഏറെ മനോഹരമെന്ന് ജോഷ്ന പറയുന്നു. വാഹന സൗകര്യം ലഭ്യമായാല്‍ ഏറെ പുരോഗതിവരും. ഇപ്പോള്‍ മലമുകളിലേക്കുള്ള പാതിവഴിയില്‍ ടാറിട്ട റോഡ് തീരും. പിന്നെ കുണ്ടും കുഴിയും തടഞ്ഞുള്ള യാത്രയാണ്. കാട്ടിലുള്ള അപൂര്‍വ മരുന്നു ചെടികളെ കുറിച്ചുള്ള അറിവ് കുട്ടിക്കാലത്തു തന്നെ ജോഷ്നക്ക് ലഭിച്ചിരുന്നു. ജോഷ്നയുടെ അമ്മയുടെ അച്ഛന്‍ കുഞ്ഞന് പച്ചമരുന്നുകളെക്കുറിച്ച് നല്ല അറിവാണ്. ഇപ്പോള്‍ പ്രായമായി. രണ്ട് കുഞ്ഞു സഹോദരങ്ങളാണ് ജോഷ്നക്കുള്ളത്. സഹോദരന്‍ ജിഷ്ണു മൂന്നാം ക്ളാസിലും സഹോദരി ജിഷ്ണ രണ്ടാം ക്ളാസിലും പഠിക്കുന്നു.

നാടിന്‍െറ അഭിമാനമായി മാറിയ ജോഷ്നയെ പഞ്ചായത്തും മറ്റും ആദരിച്ചുകഴിഞ്ഞു. പഠനച്ചെലവ് വഹിക്കാന്‍ കേരള പൊലീസിന്‍െറ ജനമൈത്രി തന്നെ രംഗത്തെത്തിയിരിക്കയാണ്. ആവശ്യമുള്ള സമയത്ത് പണം നല്‍കുമെന്നറിയിച്ചു. ചെറിയ ജീവിത പ്രതിസന്ധികളില്‍ തളരുന്ന തന്‍െറ സഹോദരങ്ങളോട് ജോഷ്നക്ക് പറയാനുള്ളതിത്ര മാത്രം. ‘കൂലിപ്പണിയെടുത്താണ് അമ്മ എന്നെ വളര്‍ത്തിയത്. അമ്മ തന്നെയാണ് തന്‍െറ വളര്‍ച്ചക്കു പിന്നില്‍. ഇതിനിടയില്‍ ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. നമ്മെ തളര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ക്ക് കഴിയരുത്. എല്ലാറ്റിലും ഉപരിയായി ലക്ഷ്യമുണ്ടാവണം. തന്‍െറ ജീവിതം, ഭാവി എന്നിവയെ കുറിച്ച് ഉറച്ച ബോധ്യം വേണം. അങ്ങനെ വന്നാല്‍ ജീവിത വിജയം പിന്നാലെയുണ്ടാകും.’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.