ഒരുവാക്കും മിണ്ടാതെ...

റിയാലിറ്റിഷോ വഴി സിനിമാ പിന്നണിഗാനത്തേക്കത്തെിയ പാട്ടുകാരി. കൈവന്ന അവസരങ്ങള്‍ക്ക്  നന്ദി  ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും (പ്രത്യേകിച്ച് മീഞ്ചന്ത എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്ക്) സമര്‍പ്പിക്കുന്നു മൃദുല. അതിനാല്‍ ആകുലതകളില്ലാതെയാണ് എല്ലാ മത്സരത്തിലും പങ്കെടുത്തിട്ടുള്ളതെന്ന് പറയുന്ന ഗായികക്ക് ഇപ്പോള്‍ കിട്ടിയതെല്ലാം ബോണസാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
‘ഓരോരുത്തര്‍ക്കും ഓരോ കഴിവുകളുണ്ട്. പലര്‍ക്കും അത് പ്രകടിപ്പിക്കാന്‍ അവസരം കിട്ടാറില്ല. അവനവന്‍െറ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നേറാനുള്ള അവസരമുണ്ടാകട്ടെ എല്ലാവര്‍ക്കും. അതിനായി സമൂഹം പിന്തുണ കൊടുക്കണം.  അവനവന് ശോഭിക്കാന്‍ കഴിയുന്ന മേഖല ഏതാണെന്ന് കണ്ടത്തൊന്‍ കഴിയണം. ഏതു രംഗത്തും തിളങ്ങാന്‍ കഴിയുന്ന  കാഴ്ചപ്പാടുള്ളവരായി മാറട്ടെ നമ്മുടെ സ്ത്രീകള്‍...’ മൃദുല പറയുന്നു.
മൂന്നാം വയസ്സില്‍ ദില്‍ ദീവാനാ, ദില്‍ സജ്നാ കെ  മാനെ നാ... എന്നു തുടങ്ങുന്ന ഹിന്ദി സിനിമാഗാനം മൂളിയപ്പോള്‍ അവളുടെ അച്ഛനും അമ്മയും ആദ്യം അമ്പരന്നു. സപ്തസ്വരങ്ങള്‍ക്കൊപ്പം പിച്ചവെച്ചുനടന്ന കുഞ്ഞിന് പക്ഷേ അത് അസാധ്യമായിരുന്നില്ല. രാവന്തിയോളം അവള്‍ കേള്‍ക്കുന്നതൊക്കെയും  സംഗീതം തന്നെ. ടേപ്റെക്കോഡറില്‍നിന്നും റേഡിയോയില്‍നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ക്കൊപ്പം അറിയാവുന്ന വാക്കുകള്‍ കൂട്ടിപ്പെറുക്കി അവള്‍ പാടി. തന്നേക്കാള്‍ ഏറെ മുതിര്‍ന്ന ചേട്ടന്‍ പാട്ടുപഠിക്കുന്നത് വിസ്മയത്തോടെ നോക്കിനിന്നു. സംഗീതത്തെ മറ്റെന്തിനേക്കാളുമേറെ സ്നേഹിച്ച അച്ഛനുമമ്മയും അവളെയും ആ വഴിക്കുതന്നെ വിട്ടു. അത് വെറുതെയായില്ളെന്ന് കാലം തെളിയിച്ചു. ബ്ളെസിയുടെ ‘കളിമണ്ണി’ലെ ‘ലാലി ലാലി’യെന്ന പാട്ടിലൂടെ മലയാളികളെ പാടിയുറക്കിയ മൃദുലക്ക് ചുരുങ്ങിയ കാലയളവില്‍ ഒരുപിടി ഗാനങ്ങള്‍ പാടാന്‍ അവസരം കിട്ടി.
 എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ രാമായണ പാരായണ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മത്സരരംഗത്തേക്കുള്ള ചുവടുവെപ്പെന്ന് മൃദുല ഓര്‍ക്കുന്നു. ഒന്നാംക്ളാസ് മുതല്‍ പ്ളസ്ടു വരെ അതു തുടര്‍ന്നു. ചാനല്‍ റിയാലിറ്റിഷോകളില്‍ പങ്കെടുത്തതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ബിഗ്ബി എന്ന സിനിമയിലേക്ക് പാടാന്‍ വിളിക്കുന്നതോടെയാണ് പിന്നണിഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ‘ഒരുവാക്കും  മിണ്ടാതെ...’ എന്നു തുടങ്ങുന്ന ഗാനം. പിന്നീട്  ഒരുപിടി ചിത്രങ്ങള്‍ മൃദുലയെ തേടിയത്തെി.

ഒരുപാട് പാട്ടുകാരുണ്ടായിട്ടും കളിമണ്ണിലെ താരാട്ടുപാട്ട് പാടാന്‍ അവസരം തന്നതിന് സംഗീതസംവിധായകന്‍ എം. ജയചന്ദ്രന് നന്ദി പറയുന്നു മൃദുല. ‘ഏതൊരു പാട്ടുകാരിയും പാടാനാഗ്രഹിക്കുന്ന പാട്ടാണത്. വയറ്റില്‍ വളരുന്ന കുഞ്ഞിനുവേണ്ടിയുള്ള താരാട്ട്. എല്ലാറ്റിനുമുപരി ഒ.എന്‍.വി സാറിന്‍െറ വരികള്‍... മഹാഭാഗ്യമായി കരുതുന്നു അത്. അന്ന് പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ നന്നായെന്ന് എല്ലാവരും പറഞ്ഞു. അത് ഹിറ്റാകുമോയെന്ന ടെന്‍ഷനൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല.എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു’ മൃദുല പറയുന്നു. ആ പാട്ടിനുശേഷം ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പുറത്തിറങ്ങാനിരിക്കുന്ന ഒട്ടനവധി സിനിമകളില്‍ മൃദുല പാടിക്കഴിഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ ഇന്‍സ്പെയര്‍ ഫിലിം അവാര്‍ഡ് ഈ ഗായികയെ തേടിയത്തെിയിരുന്നു. മികച്ച ഗായികക്കുള്ള  ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിതാ ഫിലിം അവാര്‍ഡ്, ജയ്ഹിന്ദ് ടി.വി അവാര്‍ഡ്, ബിഗ് എഫ്.എമ്മിന്‍െറ പ്രോമിസിങ് ഫീമെയില്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. ബാബുരാജ് മ്യൂസിക് അക്കാദമി യുവഗായികമാര്‍ക്കായി സംഘടിപ്പിച്ച ഗാനാലാപനമത്സരത്തില്‍ വിജയിയായിരുന്നു. 2001, 02 വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലളിതഗാനമത്സരത്തിലും ഒന്നാമതായിരുന്നു. 2003ല്‍ കഥകളിസംഗീതത്തില്‍ ഒന്നാമതായി.
ജീവിതത്തില്‍ സംഭവിച്ച നന്മകളെല്ലാം അപ്രതീക്ഷിതമായി എത്തിയതാണ്. ഇനിയും നല്ല പാട്ടുകള്‍ പാടാനായാല്‍ സന്തോഷമെന്ന്  മൃദുല. പാട്ടിന്‍െറ വഴിയില്‍ കൂട്ടായി ഇപ്പോള്‍ ഭര്‍ത്താവ് അരുണ്‍ ബി. വാര്യരും  ഉണ്ട്. മൃദുലയുടെ വിജയങ്ങള്‍ക്ക് അരുണിന്‍െറ എല്ലാ പിന്തുണയുമുണ്ട്. പറശ്ശിനിക്കടവ് ആയുര്‍വേദ കോളജിലെ അസി. പ്രഫസറാണ് അരുണ്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.