ഫ്രെയിമുകള്‍ക്ക് പിന്നിലെ പെണ്‍കണ്ണ്

കല്യാണവീട്ടില്‍ പോയാല്‍ ഷമീമയെ ഇപ്പോള്‍ ആരും പഴയതുപോലെ കൗതുകത്തോടെ നോക്കാറില്ല. വധൂവരന്മാര്‍ക്കൊപ്പം ഷമീമ കാമറയുമായി നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 15 കഴിഞ്ഞു. ഫോട്ടോഗ്രഫി മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് സ്വപ്നം കാണാന്‍ കഴിയാത്ത കാലത്താണ് ഇവര്‍ കാമറ കൈയിലെടുക്കുന്നത്. മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ വെള്ളിയഞ്ചേരി സ്വദേശിനിയായ ഷമീമക്ക് സ്കൂള്‍ പഠന കാലത്തുതന്നെ കാമറയും ഫോട്ടോകളും കൗതുകമായിരുന്നു. കാമറക്ക് മുന്നില്‍ നില്‍ക്കാന്‍ കൂട്ടുകാര്‍ മത്സരിച്ചപ്പോള്‍ ഷമീമ ഫോട്ടോഗ്രാഫറുടെ പിന്നില്‍ പോയിനിന്ന് കാമറയിലേക്ക് നോക്കി. കുട്ടിക്കാലത്തെ ‘കാമറക്കമ്പം’ ഷമീമയെ പട്ടിക്കാട് ചുങ്കത്തെ ‘ആവണി’ സ്റ്റുഡിയോയിലെ തിരക്കുള്ള ഫോട്ടോഗ്രാഫറാക്കി. വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കുടുംബശ്രീയുടെ വിവിധ പരിപാടികള്‍ തുടങ്ങി ഷമീമയുടെ കാമറ ഒപ്പിയെടുത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ ഒട്ടേറെ.

ഫോട്ടോഗ്രഫി മോഹം മനസ്സില്‍ നാമ്പിട്ട ഹൈസ്കൂള്‍ പഠനകാലം. ഇന്നത്തേതുപോലെ മൊബൈല്‍ ഫോണ്‍ ജനകീയമായിട്ടില്ലാത്തതിനാല്‍ സ്വന്തമായി ഫോട്ടോയെടുക്കുക എന്നത് വിദൂര സ്വപ്നമായും കാമറ എന്നത് കല്യാണ വീടുകളിലും മറ്റും കാണുന്ന അപൂര്‍വ യന്ത്രമായും തുടര്‍ന്നു. അങ്ങനെയിരിക്കെയാണ് പത്താം ക്ളാസിലെ ഫെയര്‍വെല്‍ ഡേ എത്തിയത്. ഓട്ടോഗ്രാഫ് കൈമാറിയും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും കൂട്ടുകാര്‍ സൗഹൃദം ഊട്ടിയുറപ്പിച്ചു. വേര്‍പിരിയലിന്‍െറ ദിനം കാമറയില്‍ പകര്‍ത്താനായി അധ്യാപകര്‍ ഒരു ഫോട്ടോഗ്രാഫറെ ഒരുക്കിയിട്ടുണ്ടെന്നറിഞ്ഞു. ഷമീമ കൂട്ടുകാരികളെയും കൂട്ടി ക്ളാസില്‍ നിന്ന് പുറത്തിറങ്ങി. തന്‍െറ ക്ളാസിന്‍െറ ഊഴമെത്തുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവള്‍ക്കില്ലായിരുന്നു. ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കുന്ന ക്ളാസ് തേടിപ്പിടിച്ച് അവിടെയെത്തി. അദ്ദേഹത്തിന്‍െറ കാമറാ ക്ളിക്കുകള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ആ പത്താം ക്ളാസുകാരി നോക്കി നിന്നു. അങ്ങനെ തന്‍െറ ജോലി പൂര്‍ത്തിയാക്കി ഫോട്ടോഗ്രാഫര്‍ പോയെങ്കിലും സ്വന്തമായി ഫോട്ടോയെടുക്കുക എന്ന ഷമീമയുടെ സ്വപ്നം ബാക്കിയായി.

പത്താം ക്ളാസോടെ പഠനം അവസാനിപ്പിച്ചെങ്കിലും കാമറയോടുള്ള ഇഷ്ടം ഉപേക്ഷിക്കാന്‍ ഷമീമ തയാറായിരുന്നില്ല. പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം ഷമീമയുടെ കണ്ണുകള്‍ കാമറക്ക് പിന്നാലെ പാഞ്ഞു. അങ്ങനെ, കാമറകളും ഫോട്ടോകളും കൗതുകത്തോടെ നോക്കി നിന്ന് ഒരു വര്‍ഷം പോയതറിഞ്ഞില്ല. കൂട്ടുകാരികളില്‍ ചിലര്‍ ‘എടീ ഇത് നമ്മള്‍ പെണ്‍കുട്ട്യോള്‍ക്ക് പറ്റിയ പണിയല്ല’ എന്ന് പറഞ്ഞെങ്കിലും പൂര്‍ണ പിന്തുണ നല്‍കാനും കൂട്ടുകാരുണ്ടായിരുന്നു. സ്വന്തമായി കാമറ വാങ്ങാനുള്ള ആഗ്രഹം മനസ്സില്‍ വെച്ചെങ്കിലും ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശം ഉപ്പയെ അറിയിച്ചു. ആദ്യം നെറ്റിചുളിച്ചെങ്കിലും ഉപ്പ പിന്നീട് സമ്മതം മൂളി.

മകളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഉപ്പ മുന്നിട്ടിറങ്ങിയതോടെ ഷമീമയുടെ ‘തലവര’ മാറുകയായിരുന്നു. അദ്ദേഹം നാട്ടുകാരനും പ്രദേശത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫറുമായ ഗംഗാധരനോട് ഷമീമയുടെ കാമറക്കമ്പത്തെക്കുറിച്ച് പറഞ്ഞു. പിറ്റേ ദിവസം മുതല്‍ ഷമീമ, ഗംഗാധരന്‍െറ ഉടമസ്ഥതയിലുള്ള പട്ടിക്കാട് ചുങ്കത്തെ ആവണി സ്റ്റുഡിയോയില്‍ പോയിത്തുടങ്ങി. കാമറയുടെ പ്രവര്‍ത്തനങ്ങള്‍ ഗംഗാധരന്‍ പരിശീലിപ്പിച്ചു. അദ്ദേഹത്തിന്‍െറ കൂടെ കല്യാണവീടുകളില്‍ പോയി എല്ലാം കണ്ടുപഠിച്ചു.

അങ്ങനെ ഒരു ദിവസം ഷമീമ കാമറയെടുത്ത് കല്യാണവീട്ടിലെത്തി. ഫോട്ടോഗ്രാഫറായി പുരുഷന്മാരെ മാത്രം കണ്ടുശീലിച്ച നാട്ടുകാര്‍ക്ക് അത് പുതുമയുള്ള കാഴ്ചയായിരുന്നു. പലരും കൗതുകത്തോടെ നോക്കുന്നുണ്ടെങ്കിലും ഷമീമ ധൈര്യമായി ഫോട്ടോകള്‍ പകര്‍ത്തി. ഫോട്ടോഗ്രാഫറായി ഒരു യുവതി എത്തിയത് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമായി. അന്തമാന്‍ മലയാളിയായ ഹുസൈന്‍െറ സഹധര്‍മിണിയായതോടെ ഷമീമ ഫോട്ടോഗ്രഫിയോട് താല്‍ക്കാലികമായി വിടചൊല്ലി. പിന്നീടുള്ള അഞ്ച് വര്‍ഷം അന്തമാനിലായിരുന്നു ജീവിതം. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപുകളുടെ മനോഹാരിത കണ്ടാസ്വദിക്കുമ്പോഴും കൈയില്‍ കാമറയില്ലാത്തതിന്‍െറ വിഷമം ഷമീമയെ അലട്ടിയിരുന്നു. പിന്നീട് ഹുസൈന്‍െറ ബിസിനസ് വിപുലീകരണാര്‍ഥം കേരളത്തിലേക്ക് താമസം മാറ്റി. അങ്ങനെ ഷമീമ വീണ്ടും ആവണി സ്റ്റുഡിയോയിലെ ത്തി, പഴയ ഫോട്ടോഗ്രാഫറായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.