രക്ഷാപാദുകം

തെരുവിലേക്ക് വന്നെത്തുന്നവരുടെ കാലടയാളങ്ങള്‍ ഒരിക്കലും ആരും രേഖപ്പെടുത്തുന്നില്ല. കാരണം, തെരുവ് എന്നത് ആളുകള്‍ക്ക് ഒത്തുകൂടാനുള്ള ഇടം മാത്രമാണ്. തെരുവ് വിലാസമാക്കിയും പണിയിടമാക്കിയും കഴിയുന്നവരോട് സമൂഹത്തിന് ഇന്നുമുണ്ട് ഒരുതരം അയിത്തം. തെരുവിലെ ചെരിപ്പുകുത്തിയോടോ...? ആ കീഴാള ജീവിതത്തെ ഒട്ടുംതന്നെ അടുപ്പിക്കില്ല നമ്മുടെ പരിഷ്കൃത ലോകം. എന്നാല്‍, ഇവിടെയൊരു ചെരിപ്പുകുത്തി പെണ്ണ് ഒരു തെരുവിന്‍െറ ആടയാഭരണമാകുന്നു, നാടിന്‍െറ പ്രിയപ്പെട്ട പേരാകുന്നു. അവള്‍ ആ നാട്ടില്‍ ഒരേസമയം ചെരിപ്പുകുത്തിയും വിശിഷ്ടാതിഥിയും ഉദ്ഘാടകയും സാമൂഹികപ്രവര്‍ത്തകയും ഒക്കെയാകുന്നു. ഡയാന വര്‍ഗീസ് എന്ന ലിസിയുടെ കഥയാണിത്. വിസ്മയിപ്പിക്കുന്ന ജീവിതാനുഭവത്തിന്‍െറ ചോര തുടിക്കുന്ന ഒരേടാണ് അവളുടെ ജീവിതം.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന ചെറുപട്ടണത്തില്‍ എത്തുന്ന യാത്രികരുടെ പാദരക്ഷകള്‍ പൊട്ടിവീണാല്‍ ആരും അവളിരിക്കുന്ന സ്ഥാനത്തേക്ക് വിരല്‍ ചൂണ്ടും.  സഹായഹസ്തം ആവശ്യമുള്ള തെരുവിലെ ദുര്‍ബലര്‍ക്കും  ലിസി ഇരിക്കുന്നിടം ജനം കാട്ടികൊടുക്കും.
ഡയാന വര്‍ഗീസ് എന്ന ലിസി പേരാമ്പ്രയിലെ നിരവധി ചെരിപ്പുകുത്തികളില്‍ ഒരാളാണ്. എന്നാല്‍, മറ്റു പല ചെരിപ്പുകുത്തികള്‍ക്കും ഇല്ലാത്ത ചില പ്രത്യേകതകളാണ് അവളെ ഒരു നാടിന്‍െറ പ്രിയപ്പെട്ടവളാക്കിത്തീര്‍ത്തത്. തെരുവിന്‍െറ പുത്രിയായി കഴിഞ്ഞതിന്‍െറ ഓര്‍മകളാകണം ലിസിയെ തെരുവിലെ അനാഥര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കും രക്ഷകയാക്കിത്തീര്‍ത്തത്.

ജടപിടിച്ചു നടന്ന തെരുവുജീവിതങ്ങളെ ഈ യുവതി സ്നേഹപൂര്‍വം സമീപിച്ചു. അവരുടെ ജടപിടിച്ച തലമുടി വെട്ടിയൊതുക്കി കുളിപ്പിച്ച് മുറിവുകള്‍ വൃത്തിയാക്കി പുതിയ വസ്ത്രം ധരിപ്പിച്ചു. പിന്നെ ആശുപത്രികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നിരവധി മനോരോഗികളെ അവര്‍ ജീവിതത്തിന്‍െറ പുനരധിവാസത്തിലേക്ക് നയിച്ചു. ഒന്നിനും ലിസി കണക്കെഴുതിവെച്ചില്ല. ആരുടെയും എണ്ണവും കുറിച്ചുവെച്ചിട്ടില്ല. ഈശ്വരന്‍ എല്ലാം കുറിച്ചുവെക്കുന്നുണ്ടല്ളോ പിന്നെയാരെ ബോധിപ്പിക്കാന്‍...

ഇതിലൊതുങ്ങുന്നില്ല ലിസിയുടെ പ്രവര്‍ത്തനങ്ങള്‍. ഓരോ വര്‍ഷവും സ്കൂള്‍ തുറക്കുമ്പോള്‍ അവര്‍ പേരാമ്പ്ര വെല്‍ഫെയര്‍ ഗവ. എല്‍.പി സ്കൂളിലെ ത്തും. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടയും വിതരണം ചെയ്യും. പിന്നെ ഇടക്കിടക്ക് സ്കൂളില്‍ സ്നേഹാന്വേഷണങ്ങളുമായി എത്തും. സ്കൂളിന്‍െറ മുന്നില്‍ വൃക്ഷത്തൈ നടും. കുട്ടികള്‍ക്കൊപ്പം പാട്ടുകള്‍ പാടി കൈകോര്‍ക്കും. ചിലപ്പോള്‍ സ്കൂളില്‍ എത്തുമ്പോള്‍ ലിസി കരയും. അതിന്‍െറ കാരണം ചോദിച്ചാല്‍ ലിസി ആരോടും പറയാറില്ളെന്നതാണ് വാസ്തവം.
അഗതികള്‍ക്ക് കൈത്താങ്ങാവുന്ന ലിസി പേരാമ്പ്ര ദയ പാലിയേറ്റിവ് കെയര്‍ വളന്‍റിയറാണ്. പാലിയേറ്റിവ് കെയറിലെ കൈത്തൊഴില്‍ പരിശീലന പദ്ധതിയില്‍ ഇവര്‍ സഹായിയുമാണ്. പാലിയേറ്റിവ് കെയറിലും ക്രിസ്മസിനും ആഘോഷങ്ങള്‍ക്കും ലിസി മധുരമേകും, ഭക്ഷണ സാധനങ്ങളുമായത്തെും. ആഘോഷ നാളുകളില്‍ മാത്രമല്ല ലിസി അന്തേവാസികളെ കാണാനത്തെുന്നത്. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഭക്ഷണവും പച്ചക്കറികളുമായി അവര്‍ വരും.
സ്കൂള്‍ കുട്ടികള്‍ക്ക് ചെരിപ്പും ബാഗും തുന്നിക്കൊടുത്താല്‍ ലിസി പണം വാങ്ങില്ല.

പാവപ്പെട്ടവരില്‍ നിന്നും അവര്‍ പണം വാങ്ങില്ല. തെരുവില്‍ വിയര്‍ത്തൊലിച്ചിരുന്ന് സൗജന്യവും ദയയും പുലര്‍ത്തുന്നതെന്താണെന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. അപ്പോള്‍ അവര്‍ ചിരിക്കും. ചിരിക്കും കരച്ചിലിനും അതിന്‍േറതായ ന്യായവാദങ്ങളുണ്ടെന്ന് ലിസിയില്‍നിന്നും നമുക്ക് പഠിക്കാം. ചെരിപ്പുകുത്തി എന്ന തൊഴിലിന് പുറമെ ലിസി അന്യരുടെ വീട്ടുജോലികളും ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും ലിസിയെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ. നന്മയുടെ ഒരിലയായി മുളച്ചതാണ് ലിസിയുടെ ജീവിതമെന്നും അത് പതിയെപതിയെ ഒരു തണല്‍മരമായി മാറിയെന്നും നാട്ടുകാരും പറയുന്നു. അതുകൊണ്ടാണ് അവര്‍ ഈ മുപ്പത്തെട്ടുകാരിയെ തങ്ങളുടെ നാടിന്‍െറ ‘താര’മായി കാണുന്നത്.

പേരാമ്പ്ര പട്ടണത്തിലെ കാവേരി ഹോട്ടലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത് ചെരിപ്പുകുത്തിയായ ലിസിയായിരുന്നു! ഈയടുത്ത് ഉണ്ണിക്കുന്ന് ചാലില്‍ ഒരു അങ്കണവാടിയുടെയും പേരാമ്പ്രയിലെ മഞ്ചാടി ഫാന്‍സിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചതും ലിസി തന്നെയായിരുന്നു. പേരാമ്പ്രയിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ലിസി ഇന്നൊരു സഹോദരിയെപ്പോലെയാണ്. അവര്‍ അവളിലെ നന്മയെ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു.

ലിസി തന്നെക്കുറിച്ച് ആരോടും പറയാറില്ല. എങ്കിലും ഇടയ്ക്കിടെ അവള്‍ കരഞ്ഞുപോകും. അതിനൊരു കാരണമുണ്ട്. സിനിമയെ വെല്ലുന്ന ട്രാജഡി കഥയാണ് ലിസിയുടെ ഭൂതകാലം. രണ്ടു പതിറ്റാണ്ട് മുമ്പാണ് രാജസ്ഥാനില്‍ നിന്നും ലിസിയും പിതാവും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. അവരുടെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. ശരീരത്തില്‍ ആസിഡ് വീണ് പൊള്ളിയ നിലയിലായിരുന്നു ലിസി പിതാവിനൊപ്പം എത്തിയത്. രാജസ്ഥാനിലെ ഉയര്‍ന്ന കുടുംബത്തിലെ അംഗവും അവിടെ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയും ആയിരുന്നു ലിസി. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അബദ്ധവശാല്‍ ലിസിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ദേഹം പൊള്ളിയടര്‍ന്ന് നിലവിളിക്കുന്ന മകളെയും കൊണ്ട് പിതാവ് നാടുവിടുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ പതിവായി അന്തിയുറങ്ങുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. പിതാവ് തൊട്ടടുത്തുണ്ടെങ്കിലും കുട്ടിക്ക് സാമൂഹികവിരുദ്ധരുടെ ശല്യം ഉണ്ടാകുമോയെന്ന് നാട്ടുകാര്‍ ഭയന്നു. തുടര്‍ന്ന് കോയസ്സന്‍ക്ക എന്ന മനുഷ്യസ്നേഹി ലിസിയെ തന്‍െറ വീട്ടില്‍ പാര്‍പ്പിച്ചു. മകളെപ്പോലെ സ്നേഹിച്ചു. അങ്ങനെ രാജസ്ഥാന്‍കാരി പെണ്‍കുട്ടിക്ക് കേരളം സ്നേഹം നല്‍കാന്‍ തുടങ്ങുകയായിരുന്നു.

കോയസ്സന്‍ക്കയുടെ മരണത്തോടെ ലിസി വീണ്ടും കൊയിലാണ്ടി നഗരത്തിരക്കില്‍ അലിഞ്ഞു. മുന്‍സിപ്പാലിറ്റി ടോയ്ലെറ്റില്‍ ചാവി കൊടുക്കുന്ന ജോലിയും പത്രവിതരണവും ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന്‍െറ കാശ് വാങ്ങിക്കുന്ന ജോലിയുമായി അങ്ങനെ മൂന്നു വര്‍ഷങ്ങള്‍... അച്ഛന്‍െറ ജീവിതം വഴിമാറിയപ്പോള്‍ ലിസി ഒറ്റക്കായി. നഗരവേഗങ്ങളില്‍ ചുറ്റും കഴുകന്‍ കണ്ണുകള്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം കൊയിലാണ്ടിയില്‍ നിന്നും ബസ് കയറി. എങ്ങോട്ടു പോകണമെന്ന ലക്ഷ്യസ്ഥാനം മനസ്സിലില്ലാത്തതിനാല്‍ അടുത്ത തിരക്കുപിടിച്ച കുറ്റ്യാടി നഗരത്തില്‍ ഇറങ്ങി.

അവിടെ കാര്‍ഡ്ബോര്‍ഡ് പെറുക്കിവിറ്റും കടകള്‍ക്കു മുന്നില്‍ അടിച്ചുവാരിയും സമീപത്തെ വീടുകളില്‍ വീട്ടുജോലി ചെയ്തും പിന്നീടുള്ള ദിവസങ്ങള്‍. രാത്രിയില്‍ നഗരത്തിനടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങും. ചെരിപ്പും ബാഗുകളും തുന്നാന്‍ ഇവിടെ നിന്ന് പഠിച്ചെടുത്തു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് പണിയായുധങ്ങള്‍ വാങ്ങി. അതിനിടയില്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലികമായി സ്വീപ്പര്‍ ജോലിയും ചെയ്തു. കുറ്റ്യാടിയില്‍നിന്ന് ലിസി പിന്നീട് പേരാമ്പ്ര നഗരത്തിലത്തെി. എന്നാല്‍, അവള്‍ ഒരിക്കലും രാജസ്ഥാനിലേക്ക് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.

ഇംഗ്ളീഷും ഹിന്ദിയും തമിഴും തെലുങ്കും മലയാളവുമടക്കം അഞ്ചോളം ഭാഷകളില്‍ ആശയവിനിമയം നടത്തുന്ന ലിസി തമിഴും തെലുങ്കും മലയാളവും പഠിച്ചെടുത്തത് തെരുവകങ്ങളിലെ പൊള്ളുന്ന പകലുകളില്‍ നിന്നാണ്. പരിചയമുള്ള ആളുകള്‍ ഇംഗ്ളീഷിലും ഹിന്ദിയിലും ഈ ചെരിപ്പുകുത്തിയോട് സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ അദ്ഭുതത്തോടെ ഇവരെ നോക്കുന്നത് സ്ഥിരം കാഴ്ചയാണ്. പേരാമ്പ്രയില്‍ നടക്കുന്ന പൊതുയോഗങ്ങളിലും സ്ഥിരം സാന്നിധ്യമാണ് ഇവര്‍. തന്‍െറ രാഷ്ട്രീയവും നിലപാടുകളും ലിസി വ്യക്തമാക്കുന്നു. തെരുവോര തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം കൂടിയാണ് ലിസി.

വേദനകൊണ്ട് പിടയുന്നവരുടെയും പട്ടിണികൊണ്ട് തളരുന്നവരുടെയും നിരാശാഭരിതമായ കുഞ്ഞുമനസ്സുകളുടെയും കണ്ണീര് മായ്ച്ചുകളയുന്ന ഈ യുവതിയെ ഇനി നിങ്ങള്‍ വെറുമൊരു ചെരിപ്പുകുത്തി എന്ന് വിളിക്കുമോ?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.