പ്രസംഗിച്ച് വളര്‍ന്ന ടീച്ചര്‍

ഇന്ത്യ സ്വതന്ത്രമാകുന്നതിന്‍െറ തലേന്ന് പള്ളിക്കൂടത്തിലെ പഠനമുറിയില്‍ സഹപാഠികളായ ആണ്‍കുട്ടികളെ ഒരുമിച്ചുകൂട്ടി പതിനാറുകാരിയായ ഒരു പെണ്‍കുട്ടി മുഷ്ടികള്‍ ചുരുട്ടി ഉറക്കെ വിളിച്ചു: ‘ഭാരത് മാതാകീ ജയ്... ഗാന്ധിജി കീ ജയ്...’ ഇതുകേട്ട് രസിക്കാത്ത  പ്രഥമാധ്യാപകന്‍ കോപത്തോടെ വിറച്ചു...‘കുട്ടി  ഇനി ക്ളാസില്‍ കയറുന്നത് രക്ഷാകര്‍ത്താവിനെ കൂട്ടി വന്നശേഷം...’ ഇതുകേട്ട് ഭയത്തോടെ വീട്ടിലേക്ക് ചെന്ന പെണ്‍കുട്ടി മടിച്ചുമടിച്ച് കാര്യം പറഞ്ഞപ്പോള്‍ പൊലീസുകാരനായ പിതാവ് പറഞ്ഞു: ‘മകളെ നീ ചെയ്തതില്‍ ഒട്ടും തെറ്റില്ല.’ ബ്രിട്ടീഷുകാരന്‍ നാട് ഭരിക്കുമ്പോള്‍ പോലും നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെ ഇഷ്ടപ്പെട്ടിരുന്ന ആ പൊലീസുദ്യോഗസ്ഥന്‍ മകളെയുംകൂട്ടി സ്കൂളിലേക്ക് ചെന്നു. മകളുടെ പ്രവൃത്തിയെക്കുറിച്ച് പൊടിപ്പും തൊങ്ങലുംവെച്ച് വിവരിച്ച പ്രഥമാധ്യാപകനോട് ആ പിതാവ് ഇങ്ങനെ മാത്രം പറഞ്ഞു:  അവസരം നല്‍കിയാല്‍ ‘ആരുതാന്‍ ആരായി തീരില്ല’. പിതാവിന്‍െറ വാക്കുകള്‍ കേട്ട്  പ്രഥമാധ്യാപകന് അര്‍ഥം മനസ്സിലായില്ല. എന്നാല്‍, പെണ്‍കുട്ടിക്ക് മനസ്സിലായി. അവള്‍ അവസരങ്ങള്‍ തേടിപ്പിടിച്ചു. ആ പെണ്‍കുട്ടിയുടെ പേര് പിന്നീട് കേരളം പലവട്ടം കേട്ടു- നബീസാ ഉമ്മാള്‍  എന്ന യൂനിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലും കഴക്കൂട്ടം എം.എല്‍.എയും അറിയപ്പെടുന്ന വാഗ്മിയുമൊക്കെയായി അവര്‍.

പ്രസംഗിച്ചു വളര്‍ന്ന പെണ്‍കുട്ടി

1931ല്‍ ആറ്റിങ്ങലിലെ കല്ലന്‍വിള വീട്ടില്‍ തമിഴ്നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോണ്‍സ്റ്റബ്ളായിരുന്ന ഖാദര്‍ മൊയ്തീന്‍െറയും അഞ്ച് മക്കളില്‍ ഇളയവളായാണ് നബീസ ഉമ്മാള്‍ ജനിച്ചത്. പൈതൃകം തമിഴ്നാട് ആണെങ്കിലും മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ആദ്യകാല ഇടത്തരം മുസ്ലിം കുടുംബത്തിലെ വനിതയാണ് പ്രഫസര്‍ നബീസാ ഉമ്മാള്‍. ടീച്ചര്‍ എന്ന വിശേഷണത്തിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായ ഇവരുടെ ബാല്യകാലവിദ്യാഭ്യാസവും അന്നത്തെ പല യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെയും  പെണ്‍കുട്ടികളെപ്പോലെ മദ്റസ പഠനം കൊണ്ട് ഒതുങ്ങിപോകേണ്ടതായിരുന്നു. പെണ്ണുങ്ങള്‍ അടുക്കള വിട്ടിറങ്ങാതിരുന്ന കാലം.  എന്നാല്‍, ആ പെണ്‍കുട്ടി അക്ഷരങ്ങള്‍ക്കായി ദാഹിച്ചു.

പൊലീസുകാരനായ പിതാവ് കൊണ്ടുവരുന്ന കേസുകെട്ടിന്‍െറ കടലാസുതുണ്ടുകളില്‍ നിന്നായിരുന്നു അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയത്. അപ്പോള്‍ അഭിഭാഷകയാകണമെന്നായി ആഗ്രഹം. സ്കൂളില്‍ പഠിച്ച കാലത്ത് പലരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടു. എങ്കിലും വീട്ടുകാര്‍ നബീസക്ക് ഉറച്ച പിന്തുണ നല്‍കി. ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ ഇ.എസ്.എസ്.എല്‍.സിക്ക് പഠിക്കുമ്പോള്‍ ആറ്റിങ്ങലിലെ ഗ്രന്ഥശാല നടത്തിയ പ്രസംഗമത്സരത്തില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി. 52 ല്‍ വിമന്‍സ് കോളജില്‍നിന്ന്  ഇന്‍റര്‍മീഡിയറ്റ് പാസായ നബീസ ഉമ്മാള്‍ ബി.എ ഇക്കണോമിക്സിലും പൊളിറ്റിക്സ് ആന്‍ഡ് ഇന്ത്യന്‍ ഹിസ്റ്ററിയിലും ഡിസ്റ്റിങ്്ഷന്‍ നേടി. എം.എ മലയാളം ലിറ്ററേച്ചറിന് യൂനിവേഴ്സിറ്റി കോളജില്‍  ചേരുമ്പോള്‍ ചെമ്മനം ചാക്കോയും കേരള വര്‍മയുമൊക്കെ സഹപാഠികള്‍. ക്ളാസിലെ ഒമ്പത് ആണുങ്ങള്‍ക്കൊപ്പം ഏക പെണ്‍കുട്ടിയായിരുന്നു ഇവര്‍.

55 മുതല്‍ 12 വര്‍ഷക്കാലം തിരുവനന്തപുരം വിമന്‍സ് കോളജിലെ തേര്‍ഡ് ഗ്രേഡ് ജൂനിയര്‍ ലെക്ചററായി. 72ല്‍ യൂനിവേഴ്സിറ്റി കോളജില്‍ മലയാളം പ്രഫസറായി. 33 വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ പ്രിയങ്കരിയായ അധ്യാപികയായി. നബീസ ടീച്ചറിന്‍െറ ക്ളാസുകള്‍ മറ്റ് ക്ളാസുകളിലെ കുട്ടികള്‍ക്കും ഏറെ ഇഷ്ടമായിരുന്നു. ഫ്രഞ്ച് ഭാഷാ പഠന വിദ്യാര്‍ഥികളായിരുന്ന ഗൗരി ലക്ഷ്മീഭായിയും പാര്‍വതി ലക്ഷ്മീഭായിയും മറ്റ് ഭാഷാ പഠന വിദ്യാര്‍ഥികളും ടീച്ചറുടെ ക്ളാസില്‍ ശ്ളോകങ്ങള്‍ കേള്‍ക്കാന്‍  ഇടംപിടിക്കുമായിരുന്നു. എത്ര കുട്ടികളെ പഠിപ്പിച്ചു എന്ന് ചോദിച്ചാല്‍ ടീച്ചര്‍ ചിരിക്കും. കവി മധുസൂദന്‍ നായരും വേണു നാഗവള്ളിയും ഫാസിലും ജയചന്ദ്രനുമൊക്കെ അവരുടെ ശിഷ്യഗണങ്ങളില്‍പെടുന്നു. എ.ആര്‍. രാജരാജ വര്‍മക്കുശേഷം നിയമിതയായ ആദ്യത്തെ മലയാള പണ്ഡിതയും പ്രഫസര്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ യൂനിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ വര്‍മയുടെ കസേര പങ്കിട്ട ബഹുമതിയും നബീസാ ഉമ്മാളിന് മാത്രം അവകാശപ്പെട്ടതാണ്.

രാഷ്ട്രീയത്തിലേക്ക്

’86ല്‍ യൂനിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലായി വിരമിച്ച പ്രഫസറുടെ മുന്നില്‍ മറ്റൊരു വാതില്‍ തുറക്കുകയായിരുന്നു. ഒരിക്കല്‍ വി.ജെ.ടി ഹാളില്‍ നബീസ ഉമ്മാളിന്‍െറ സാംസ്കാരിക പ്രഭാഷണം കേട്ട സാക്ഷാല്‍ ഇ.എം.എസ് അവരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. അങ്ങനെ അവര്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി 13,000 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ചു. അങ്ങനെ നിയമസഭയിലെ ഉജ്ജ്വല ശബ്ദമായി. ആ പ്രസംഗങ്ങളില്‍ സംസ്കൃതവും ശുദ്ധമലയാളവും സാഹിത്യവും ഒക്കെ കടന്നുവന്നു. അത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒന്നായിരുന്ന് പലപ്പോഴും ആസ്വദിച്ചു. രണ്ടാംതവണ കഴക്കൂട്ടത്ത് തുച്ഛമായ വോട്ടുകള്‍ക്ക് എം.വി. രാഘവനോട് പരാജയപ്പെട്ടു. ’95ല്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സനായപ്പോഴും നാടിന് ഒരു പുതിയ വികസന അനുഭവമായി അവര്‍. തനിക്ക് കിട്ടുന്ന എം.എല്‍.എ പെന്‍ഷന്‍  അനാഥാലയങ്ങള്‍ക്കും അശരണര്‍ക്കും വീതിച്ചുകൊടുക്കുകയാണ് ഇപ്പോള്‍ നബീസ ഉമ്മാള്‍.

വിശ്രമമില്ലാത്ത വാര്‍ധക്യം

നബീസാ ഉമ്മാളിന്‍െറ ദിനചര്യ പുലര്‍ച്ചെ ആരംഭിക്കും. പത്രവായനയും ടി.വി വാര്‍ത്ത കാണലും നോട്ട്  കുറിക്കലും. വൈകുന്നേരങ്ങളില്‍ നിത്യേനയുണ്ടാകാറുള്ള സാംസ്കാരിക പ്രഭാഷണങ്ങള്‍ക്കായാണ് നോട്ട് കുറിക്കുന്നത്. രാത്രി രണ്ടരവരെ നീളും ഈ പ്രായത്തിലെയും  പുസ്തക വായന. അഞ്ച് നേരവും നമസ്കരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാട്ടില്ല. തന്‍െറ പ്രാര്‍ഥനകള്‍ ലോകജനതയുടെ നന്മക്കു വേണ്ടിയാണെന്ന് ഉമ്മാള്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം നാടിന്‍െറ മതസൗഹാര്‍ദം ശക്തിപ്പെടുത്താനും.

കോളജ് പ്രഫസറായി വിരമിച്ച റസ്യ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറായി വിരമിച്ച ഹാഷീം, എക്സൈസ് ഡെപ്യൂട്ടി കമീഷണറായി വിരമിച്ച റഹീം, ബി.എസ്.എന്‍.എല്‍ അക്കൗണ്ട്സ് ഓഫിസറായ ലൈല, എന്‍.എസ്.സി ചാനല്‍ ഉടമ സലീം, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക താര എന്നിവര്‍ മക്കളാണ്. 14 വര്‍ഷം മുമ്പ് അന്തരിച്ച ഭര്‍ത്താവ് ഹുസൈന്‍ കുഞ്ഞിന്‍െറ ഓര്‍മകളുംപേറി നബീസാ ഉമ്മാള്‍ നെടുമങ്ങാട് പത്താംകല്ലിലെ വസതിയില്‍ കഴിയുന്നു. 2000ത്തില്‍ സ്്ത്രീ ശാക്തീകരണത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കിയ പുരസ്കാരം മുതല്‍ നൂറുകണക്കിന് അവാര്‍ഡുകളുടെയും ആയിരക്കണക്കിന് പുസ്തകങ്ങളുടെയും ഇടയില്‍ അവര്‍ കൂടുതല്‍ വിനയം പാലിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.